കൊച്ചിന്‍ ഷിപ്‌യാര്‍ഡ്, കിറ്റെക്‌സ് മുന്നേറ്റം അപ്പര്‍ സര്‍ക്യൂട്ടില്‍; പുതിയ വാരത്തിന് മിന്നും തുടക്കം
കേന്ദ്ര പൊതുമേഖല സൂചിക കസറി; നിക്ഷേപകരുടെ സമ്പത്തില്‍ ഏഴ് ലക്ഷം കോടിയുടെ വര്‍ധന
മഹാരാഷ്ട്രയില്‍ ഭരണസഖ്യമായ മഹായുതിയുടെ വമ്പന്‍ വിജയം വിപണിയിലെ കാറും കോളും പൂര്‍ണമായും നീക്കിയ സൂചനയാണ് നല്‍കുന്നത്. വെള്ളിയാഴ്ച മികച്ച നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ച വിപണി പുതിയ വാരവും പോസിറ്റീവ് ട്രെന്‍ഡ് തുടര്‍ന്നു.
വിവിധ സൂചികകളുടെ പ്രകടനം
നിഫ്റ്റി മിഡ്ക്യാപ് സൂചിക 1.61 ശതമാനം ഉയര്‍ന്ന് 55,902ലെത്തി. സ്‌മോള്‍ ക്യാപ് സൂചികയും 2.09 ശതമാനം നേട്ടത്തോടെ 18,127 പോയിന്റിലെത്തി.
എല്ലാ സെക്ടറുകളും ഇന്ന് നേട്ടത്തിലായിരുന്നു. പി.എസ്.യു സൂചികയാണ് നേട്ടത്തിന് ചുക്കാന്‍ പിടിച്ചത്. 4.09 ശതമാനമാണ് സൂചികയുടെ ഉയര്‍ച്ച. ഓയില്‍ ആന്‍ഡ് ഗ്യാസ്, റിയല്‍റ്റി, ബാങ്ക് സൂചികകള്‍ രണ്ട് ശതമാനത്തിലധികം ഉയര്‍ന്നു.
നിഫ്റ്റി ഐ.ടി സൂചികയിന്ന് പുതിയ റെക്കോഡിട്ടു. നവംബറില്‍ ഇതു വരെ ഏഴ് ശതമാനമാണ് സൂചികയുടെ നേട്ടം. കഴിഞ്ഞ വാരം വലിയ നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ച ഐ.ടി സൂചിക ഇന്നും ശുഭസൂചനയുമായാണ് തുടങ്ങിയത്. ഒരു ശതമാനം ഉയര്‍ന്ന് 43,751 പോയിന്റ് തൊട്ടു. ഡൊണാള്‍ഡ് ട്രംപിന്റെ വിജയം ഐ.ടി കമ്പനികള്‍ക്ക് ഗുണമാകുമെന്ന വിലയിരുത്തലുകളാണ് കുറച്ചു ദിവസങ്ങളായി ഐ.ടി സൂചികയെ ഉയര്‍ത്തിയത്.
അമേരിക്കന്‍ കോടതി അഴിമതി കുറ്റം ചുമത്തിയ അദാനി ഗ്രീന്‍ എനര്‍ജി ഓഹരികളിന്ന് പത്ത് ശതമാനത്തോളം ഇടിഞ്ഞു. നിലവിലെ സാഹചര്യത്തില്‍ ടോട്ടല്‍ എനര്‍ജീസ് പുതിയ ഫിനാന്‍ഷ്യല്‍ കോണ്‍ട്രിബ്യൂഷന്‍സ് നടത്തില്ലെന്ന പ്രഖ്യാപനമാണ് ഓഹരിയെ വലച്ചത്. അദാനി എന്‍ർജി സൊല്യൂഷന്‍സും ഇന്ന് 4.15 ശതമാനം ഇടിഞ്ഞു. ജെ.എസ്.ഡബ്ല്യു എനര്‍ജി, മാക്‌സ് ഹെല്‍ത്ത്‌കെയര്‍, ബി.എസ്.ഇ ഓഹരികളാണ് ഇന്ന് കൂടുതല്‍ നഷ്ടം നേരിട്ട മറ്റ് നിഫ്റ്റി 200 ഓഹരികള്‍.
മഹാരാഷ്ട്രയിലെ ഭരണത്തുടര്‍ച്ച ഐ.ആര്‍.ബി ഇന്‍ഫ്രാസ്ട്രക്ചര്‍ ഓഹരി വില 7 ശതമാനത്തിലധികം ഉയര്‍ത്തി. സീമെന്‍സ്, വോഡഫോണ്‍ ഐഡിയ, കുമ്മിന്‍സ്, ഭാരത് ഡൈനാമിക്‌സ് എന്നിവയും ഇന്ന് ആറ് ശതമാനത്തിലധികം നേട്ടത്തിലാണ്.
ഡിസംബര്‍ 23 മുതല്‍ ജെ.എസ്.ഡബ്ല്യു സ്റ്റീലിനു പകരം ഫുഡ് ഡെലിവറി കമ്പനിയായ സൊമാറ്റോ സെന്‍സെക്‌സില്‍ ഉള്‍പ്പെടുമെന്ന വാര്‍ത്ത ഓഹരിയെ നാല് ശതമാനം ഉയർത്തി. സെന്‍സെക്‌സില്‍ ഉള്‍പ്പെടുന്ന ആദ്യ ന്യൂഏജ് ടെക് ഓഹരിയാണ് സൊമാറ്റോ. കഴിഞ്ഞ ആറു മാസം കൊണ്ട് 142 ശതമാനമാണ് സൊമാറ്റോ ഓഹരി വില ഉയര്‍ന്നത്.
ഉയരെ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡും കിറ്റെക്‌സും
കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഓഹരി ഇന്ന് അഞ്ച് ശതമാനം അപ്പര്‍സര്‍ക്യൂട്ടിലെത്തി. യു.എസ് കമ്പനിയായ സിയാട്രിയം ലെറ്റൂര്‍നോയുമായി ജാക്ക്-അപ് റിംഗ്‌സ് നിര്‍മാക്കാന്‍ സഹകരണത്തിലേര്‍പ്പെടുമെന്ന പ്രഖ്യാപനമാണ് ഓഹരിയെ ഉയര്‍ത്തിയത്. അഞ്ച് ശതമാനം അപ്പര്‍സര്‍ക്യൂട്ടായ 1,364.25 രൂപയിലാണ് ഓഹരിയുള്ളത്.
കഴിഞ്ഞയാഴ്ച ബോണസ് ഇഷ്യു പ്രഖ്യാപനം നടത്തിയ കിറ്റെക്‌സ് ഓഹരികളും ഇന്ന് ഉയര്‍ന്നു. വ്യാപാരാന്ത്യത്തില്‍ 4.99 ശതമാനമാണ് ഓഹരിയുടെ നേട്ടം.
മുത്തൂറ്റ് മൈക്രോഫിന്‍ ഓഹരികളും ഇന്ന് നേട്ടത്തിലായിരുന്നു. എസ്.ബി.ഐയുമായി ചേര്‍ന്ന് കോ-ലെന്‍ഡിംഗ് പങ്കാളിത്തത്തിലേര്‍പ്പെട്ടതാണ് ഓഹരിയെ ഉയര്‍ത്തിയത്.
പാറ്റ്‌സ്പിന്‍ (6.38 ശതമാനം), ബി.പി.എല്‍ (4 ശതമാനം), സഫ സിസ്റ്റംസ് (4.95 ശതമാനം), വെസ്റ്റേണ്‍ പ്ലൈവുഡ്‌സ് (4.21 ശതമാനം), വെര്‍ട്ടെക്‌സ് (4.15 ശതമാനം), കെ.എസ്.ഇ (3.91 ശതമാനം), പ്രൈമ ഇന്‍ഡസ്ട്രീസ് (3.82 ശതമാനം) എന്നിവയും നേട്ടത്തിലായിരുന്നു.
ആറ് ശതമാനം ഇടിഞ്ഞ പ്രൈമ അഗ്രോയാണ് ഇന്ന് കേരളക്കമ്പനികളില്‍ നഷ്ടത്തില്‍ മുന്നില്‍. ടി.സി.എം മൂന്നര ശതമാനത്തിലധികം ഇടിവിലാണ്.