വിപണി കുതിച്ചു; പൊതുമേഖലാ ബാങ്കുകള്‍ ഉയരത്തില്‍; അദാനി ഓഹരികള്‍ക്കും കുതിപ്പ്

നോര്‍ത്ത് ഈസ്റ്റേണ്‍ റെയില്‍വേയില്‍ നിന്നു വലിയ കരാര്‍ കിട്ടിയത് റൈറ്റ്‌സ് ഓഹരിയെ 11 ശതമാനം ഉയര്‍ത്തി

Update:2024-11-25 10:45 IST
രാവിലെ ഉയര്‍ന്നു വ്യാപാരം തുടങ്ങിയ വിപണി പിന്നീടു കൂടുതല്‍ കയറിയെങ്കിലും ആ നേട്ടം മിക്കവാറും നഷ്ടമാക്കി. 24,253.55 ല്‍ വ്യാപാരം തുടങ്ങിയ നിഫ്റ്റി 24,330.70 വരെ കയറിയിട്ട് തിരികെ 24,253 വരെ എത്തി. പിന്നീട് വീണ്ടും ഉയര്‍ന്നു. സെന്‍സെക്‌സ് 80,193 ല്‍ വ്യാപാരം തുടങ്ങി 80,452.94 വരെ കയറിയിട്ട് 80,056 വരെ താണു. പിന്നീട് 80,250 വരെ കയറി.
മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് ഓഹരികളും ഇന്നു നല്ല കയറ്റത്തിലാണ്. ഐടി ഒഴികെ എല്ലാ മേഖലകളും രാവിലെ നല്ല കയറ്റത്തിലാണ്. പൊതുമേഖലാ ബാങ്കുകളുടെ സൂചിക 4.66 ശതമാനം കയറ്റം കാണിച്ചപ്പോള്‍ സ്വകാര്യ ബാങ്കുകള്‍ ഒന്നര ശതമാനം കയറി. റിയല്‍റ്റി, ഓയില്‍-ഗ്യാസ്, ഓട്ടോ, ധനകാര്യ മേഖലകളും നല്ല കയറ്റത്തിലാണ്.
റിലയന്‍സ് ഇന്‍ഡസ്ട്രീസ് രണ്ടര ശതമാനത്തിലധികം ഉയര്‍ന്നു. അദാനി ഗ്രൂപ്പ് കമ്പനികള്‍ രാവിലെ നല്ല തോതില്‍ ഉയര്‍ന്നു. പിന്നീട് അദാനി ഗ്രീന്‍ എനര്‍ജിയും അദാനി എനര്‍ജി സൊലൂഷന്‍സും രാവിലെ ഏഴു ശതമാനം വരെ കയറിയെങ്കിലും പിന്നീടു നേട്ടം ഒരു ശതമാനത്തിലേക്കു ചുരുങ്ങി.
ഒരു അമേരിക്കന്‍ കമ്പനി ജായ്ക്ക് റിഗ്ഗുകള്‍ നിര്‍മിക്കുന്നതിനുള്ള കരാര്‍ നല്‍കിയത് കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ഓഹരിയെ എട്ടു ശതമാനം ഉയര്‍ത്തി. ഈസ്റ്റേണ്‍ റെയില്‍വേയില്‍ നിന്ന് 853 കോടി രൂപയുടെ ഓര്‍ഡര്‍ ലഭിച്ചതിനെ തുടര്‍ന്ന് ആര്‍വിഎന്‍എല്‍ 10 ശതമാനം കയറി.
നോര്‍ത്ത് ഈസ്റ്റേണ്‍ റെയില്‍വേയില്‍ നിന്നു വലിയ കരാര്‍ കിട്ടിയത് റൈറ്റ്‌സ് ഓഹരിയെ 11 ശതമാനം ഉയര്‍ത്തി. ഡിസംബര്‍ 23 ന് ബിഎസ്ഇ സെന്‍സെക്‌സ് സൂചികയില്‍ പെടുത്തും എന്ന അറിയിപ്പ് സൊമാറ്റോ ഓഹരിയെ ഏഴു ശതമാനം വരെ കയറ്റി. സൂചികയില്‍ നിന്നു പുറത്താകുന്ന ജെഎസ്ഡബ്ല്യു സ്റ്റീല്‍ നാലു ശതമാനം താഴ്ന്നു.
ഫെഡറല്‍ ബാങ്ക് ഓഹരി രാവിലെ 212 രൂപ വരെ കയറി റെക്കോര്‍ഡ് കുറിച്ചിട്ട് 210 രൂപയ്ക്കു താഴെയായി. 2:1 ബോണസ് പ്രഖ്യാപിച്ച കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് ഓഹരി രാവിലെ 656 രൂപ വരെ ഉയര്‍ന്നിട്ട് 645 രൂപയിലേക്കു താഴ്ന്നു.
ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഓഹരി രാവിലെ 124.85 രൂപ വരെ കയറിയിട്ട് 118.85 രൂപയിലേക്കു താഴ്ന്നു. രൂപ ഇന്നു നല്ല നേട്ടത്തോടെ തുടങ്ങി. ഡോളര്‍ എട്ടു പൈസ താണ് 84.37 രൂപയിലാണ് ഓപ്പണ്‍ ചെയ്തത്. ഡോളര്‍ സൂചികയിലെ ഇടിവാണ് രൂപയെ സഹായിച്ചത്. പിന്നീടു ഡോളര്‍ 84.33 രൂപയായി.
സ്വര്‍ണം ലോക വിപണിയില്‍ കുത്തനേ താഴുകയാണ്. രാവിലെ ഔണ്‍സിന് 42 ഡോളര്‍ കുറഞ്ഞ് 2671 ഡോളര്‍ ആയി. കേരളത്തില്‍ ആഭരണ സ്വര്‍ണം പവന് 800 രൂപ കുറഞ്ഞ് 57,600 രൂപയായി. ക്രൂഡ് ഓയില്‍ വില താഴ്ചയിലാണ്. ബ്രെന്റ് ഇനം 74.82 ഡോളറിലേക്കു താഴ്ന്നു. പിന്നീട് 75 ഡോളര്‍ ആയി.
Tags:    

Similar News