ആവേശത്തുടക്കം കാത്തു വിപണി; ജിഡിപിയും ഫെഡ് നയവും കുതിപ്പിന് അനുകൂലം; വിദേശ നിക്ഷേപകർ ഉത്സാഹത്തിൽ; സ്വർണവും ലോഹങ്ങളും കയറ്റത്തിൽ
തിരിച്ചിറങ്ങുന്ന സൂചനയില്ലാതെവിപണി മുന്നോട്ട്. ജിഡിപി കണക്കിൽ അൽപം ആശ്വാസം. വ്യവസായ മേഖലയിൽ തളർച്ച തുടരുമോ?
ആശങ്കകൾക്കു വിട. കഴിഞ്ഞ ദിവസങ്ങളിലെ നേട്ടങ്ങൾ തുടരാൻ തക്ക സാഹചര്യം ഒരുങ്ങിയിരിക്കുന്നു. അതിൻ്റെ കുതിപ്പ് വിപണിയിൽ പ്രതീക്ഷിക്കാം.
ഇന്ത്യയുടെ രണ്ടാം പാദ ജിഡിപി റിസർവ് ബാങ്ക് പ്രതീക്ഷിച്ചതു പോലെ വന്നു. ഒപ്പം പലിശ വർധനയുടെ തോതും വേഗവും കുറയ്ക്കാവുന്ന സാഹചര്യം വരുന്നതായി യുഎസ് ഫെഡ് ചെയർമാൻ ജെറോം പവലിൻ്റെ പ്രഖ്യാപനവും വന്നു. ഇന്നു വിപണി ഈ ഇരട്ട സന്തോഷത്തിൻ്റെ കുതിപ്പാണു പ്രതീക്ഷിക്കുന്നത്. ഒപ്പം ലാഭമെടുക്കലുകാരുടെ വിൽപന സമ്മർദം ഉണ്ടാകും.അതേസമയം വിദേശ നിക്ഷേപകരുടെ നിക്ഷേപ താൽപര്യം അസാധാരണമായി വർധിച്ചിട്ടുണ്ട്.
തുടർച്ചയായ ഏഴുദിവസം ഇന്ത്യൻ വിപണി നേട്ടത്തിലായിരുന്നു. അഞ്ചു ദിവസം തുടർച്ചയായി സെൻസെക്സും നാലു ദിവസം തുടർച്ചയായി നിഫ്റ്റിയും പുതിയ റിക്കാർഡ് കുറിച്ചു. എങ്കിലും ഒരു തിരുത്തലിനുള്ള മൂഡ് കാണുന്നില്ല.
ഇന്നലെ ഇന്ത്യൻ വിപണി മുക്കാൽ ശതമാനം ഉയർന്ന ശേഷം യൂറോപ്യൻ വിപണികൾ ചെറിയ ഉയർച്ചയേ കാണിച്ചുള്ളൂ. യുഎസ് വിപണി തുടക്കത്തിൽ താഴ്ചയും ചാഞ്ചാട്ടവും കാണിച്ച ശേഷം വ്യാപാരാന്ത്യത്തിൽ നല്ല കുതിപ്പ് നടത്തി. ഡൗ ജോൺസ് 2.18 ശതമാനം ഉയർന്ന് 34,590-ൽ എത്തി. എസ് ആൻഡ് പി 3.09 ശതമാനം കുതിച്ച് 4080 ൽ ക്ലോസ് ചെയ്തു. നാസ്ഡാക് സൂചിക 4.41 ശതമാനം കുതിച്ചു കയറി 11,468-ൽ എത്തി. യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു ചെറിയ നേട്ടത്തിലാണ്.
ഓസ്ട്രേലിയൻ വിപണി ഇന്ന് ഒരു ശതമാനത്തിലേറെ ഉയർന്നാണ് ഓപ്പൺ ചെയ്തത്. ജപ്പാനിലും ദക്ഷിണ കൊറിയയിലും വിപണികൾ നല്ല ഉണർവിലാണ്. ഇന്നലെ തുടക്കത്തിൽ താഴ്ന്നിട്ടു തിരിച്ചു കയറിയ ചൈനീസ് വിപണികൾ ഇന്നും നേട്ടത്തോടെ വ്യാപാരമാരംഭിച്ചു.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി ഇന്നലെ 18,990 വരെ ഉയർന്നിട്ട് 18,961-ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ സൂചിക 19,000 വരെ കയറിയിട്ട് അൽപം താണു. ഇന്ത്യൻ വിപണി ഉയർന്നു വ്യാപാരം തുടങ്ങുമെന്നാണ് ഇതിലെ സൂചന.
ബുധനാഴ്ച സെൻസെക്സ് 63,303 വരെയും നിഫ്റ്റി 18,816 വരെയും ഉയർന്നു പുതിയ റിക്കാർഡ് കുറിച്ച ശേഷം ഗണ്യമായി താഴ്ന്നാണു ക്ലോസ് ചെയ്തത്. ക്ലോസിംഗ് നിരക്കുകളും റിക്കാർഡാണ്. സെൻസെക്സ് 417.83 പോയിൻ്റ് (0.67%) കുതിച്ച് 63,099.65ലും നിഫ്റ്റി 140.3 പോയിൻ്റ് (0.75%) കുതിച്ചു കയറി 18,758.35 ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 1.06 ശതമാനം കുതിച്ചപ്പോൾ സ്മാേൾ ക്യാപ് സൂചിക 0.61 ശതമാനം കയറി.
ഇന്നലെ വിദേശ നിക്ഷേപകർ ക്യാഷ് വിപണിയിൽ 9010.41 കോടി രൂപയുടെ ഓഹരികൾ വാങ്ങി.സമീപമാസ- സ്വദേശി ഫണ്ടുകൾ 4056.4 കോടിയുടെ ഓഹരികൾ വിറ്റു.
വിപണി ബുളളിഷ് സൂചനകളാണു തുടരുന്നത്. തിരിച്ചിറങ്ങുന്നതിൻ്റെ യാതൊരു സൂചനയും ചാർട്ടുകളിൽ ഇല്ല.
നിഫ്റ്റിക്ക് 18,650-ലും 18,530-ലും സപ്പോർട്ട് ഉണ്ട്. ഉയരുമ്പോൾ 18,810-ലും 18,930-ലും പ്രതിരോധം പ്രതീക്ഷിക്കാം.
ക്രൂഡ് ഓയിൽ ഉയർന്നു നീങ്ങി. ബ്രെൻ്റ് ഇനം 86.71 ഡോളർ വരെ ഉയർന്നിട്ട് 85.43-ൽ ക്ലോസ് ചെയ്തു. ഡോളറിൻ്റെ ദൗർബല്യവും ഒപെകിൻ്റെ അപ്രഖ്യാപിത ഉൽപാദനം കുറയ്ക്കലുമാണു കാരണം. വില ഇനിയും ഉയരുമെന്നു വിപണി കരുതുന്നു.ചൈനയിൽ കോവിഡ് നിയന്ത്രണങ്ങൾ ലഘൂകരിക്കുമെന്ന് പ്രതീക്ഷയുണ്ട്.
വ്യാവസായിക ലോഹങ്ങൾ കയറ്റത്തിലാണ്. ചൈനയിൽ നിയന്ത്രണങ്ങൾ ലഘൂകരിക്കാനുള്ള സാധ്യതയും മാന്ദ്യഭീതിയിൽ ശമനമുണ്ടായതുമാണു കാരണം. ചെമ്പ് രണ്ടു ശതമാനം ഉയർന്ന് ടണ്ണിന് 8197 ഡോളർ ആയി. അലൂമിനിയം 4.4 ശതമാനം കുതിച്ച് 2485 ഡോളറിലെത്തി. ലെഡ്, സിങ്ക്, ടിൻ, നിക്കൽ തുടങ്ങിയവയും ഉയർന്നു.
ഫെഡ് ചെയർമാൻ്റെ പരാമർശങ്ങളിൽ സ്വർണം കുതിച്ചു.1750 കളിലായിരുന്ന വില 1770-1772 ഡോളറിലേക്കു കയറി. ഡോളർ സൂചികയിലെ ഇടിവും സ്വർണത്തെ സഹായിച്ചു. ഇന്നു രാവിലെ സ്വർണം 1775-1777 മേഖലയിലാണു സ്വർണം. ഇനിയും കയറുമെന്നു കരുതപ്പെടുന്നു.
കേരളത്തിൽ സ്വർണം പവന് 80 രൂപ വർധിച്ച് 38,840 രൂപയായി. വിദേശ വിപണിയിൽ സ്വർണവില ഒന്നര ശതമാനം ഉയർന്നിട്ടുണ്ട്. എന്നാൽ ഇന്നു ഡോളർ നിരക്കിൽ വരുന്ന താഴ്ച അനുസരിച്ചു കേരളത്തിലെ വില വർധനയുടെ തോത് കുറയാം.
ഡോളർവില ഇന്നലെ 42 പൈസ കുറഞ്ഞ് 81.30 രൂപയായി. ഇന്നും ഡോളർ താഴ്ന്നേക്കാം.
ഡോളർ സൂചിക ഇന്നലെ 105.95-ൽ ക്ലാേസ് ചെയ്തു. ഇന്നു രാവിലെ സൂചിക 105.67-ലേക്കു താണു.
ജിഡിപി കണക്കിൽ അൽപം ആശ്വാസം
സെപ്റ്റംബർ 30-നവസാനിച്ച പാദത്തിൽ ഇന്ത്യയുടെ ജിഡിപി വളർച്ച 6.3 ശതമാനമാണ്. തലേ പാദത്തിലെ 13.5 ശതമാനത്തിൻ്റെ പകുതിയിൽ താഴെ. കഴിഞ്ഞ വർഷം രണ്ടാം പാദത്തിലെ 8.4 ശതമാനം വളർച്ചയെക്കാളും താഴെ. എങ്കിലും റിസർവ് ബാങ്ക് ഒന്നര മാസം മുൻപു കണക്കാക്കിയ തോതിൽ വളർച്ച വന്നത് ആശ്വാസകരമാണ്. റിസർവ് ബാങ്ക് പ്രതീക്ഷിക്കുന്ന ഏഴു ശതമാനം വാർഷിക വളർച്ച സാധ്യമായേക്കും എന്ന് ഇതു പ്രതീക്ഷ പകരുന്നു.
രണ്ടാം പാദ ജിഡിപി സ്ഥിരവിലയിൽ 38.17 ലക്ഷം കോടി രൂപയാണ്. കോവിഡിനു മുൻപുള്ള 2019 ജൂലൈ - സെപ്റ്റംബറിൽ 35.62 ലക്ഷം കോടി ഉണ്ടായിരുന്നു. അവിടെ നിന്നു മൂന്നു വർഷം കൊണ്ടുള്ള വർധന 7.1 ശതമാനം മാത്രമാണ്. അതായതു കഴിഞ്ഞ മൂന്നു വർഷങ്ങളിലെ പ്രതിവർഷ ശരാശരി വളർച്ച 233 ശതമാനം മാത്രം. ഒന്നാം പാദത്തിലെ 1.09 ശതമാനം ശരാശരി വളർച്ചയേക്കാൾ മെച്ചം എന്നു മാത്രം. കോവിഡ് മഹാമാരി സമ്പദ്ഘടനയിൽ വരുത്തിയ ക്ഷതത്തിൻ്റെ നഷ്ടം നികത്താൻ ഇനിയുമേറെ ദൂരം പോകണമെന്നു ചുരുക്കം.
തന്നാണ്ടു വിലയിൽ രണ്ടാം പാദ ജിഡിപി 65.31 ലക്ഷം കോടി രൂപയാണ്. കഴിഞ്ഞ വർഷം 56.2 ലക്ഷം കോടിയായിരുന്നു. 16.2 ശതമാനം വളർച്ച. ഒന്നാം പാദത്തിൽ 26.7 ശതമാനം ഉണ്ടായിരുന്നു. വിലക്കയറ്റത്തോത് കുറഞ്ഞതാണു വലിയ വ്യത്യാസത്തിനു കാരണം.
വ്യവസായ മേഖലയിൽ തളർച്ച തുടരുമോ?
രണ്ടാം പാദത്തിൽ വ്യവസായ മേഖല 0.8 ശതമാനം ഇടിഞ്ഞു. മൂല്യവർധന (ജിവിഎ-ഗ്രോസ് വാല്യു ആഡഡ്) കണക്കിൽ വ്യവസായ മേഖല 4.3 ശതമാനം ചുരുങ്ങി.
ഇന്നലെ പുറത്തു വന്ന കാതൽ മേഖലയിലെ വ്യവസായ ഉത്പാദന കണക്ക് ഒട്ടും ആശ്വാസകരമല്ല. ഒക്ടോബറിൽ കാതൽ മേഖലയിലെ എട്ടു വ്യവസായങ്ങളിലെ ഉൽപാദന വർധന വെറും 0.1 ശതമാനമായി ഇടിഞ്ഞു. സെപ്റ്റംബറിൽ 7.8 ശതമാനം വളർച്ച ഉണ്ടായിരുന്നു. വ്യവസായ ഉൽപാദന സൂചികയുടെ 40 ശതമാനം കാതൽ മേഖലയുടേതാണ്. വരുന്ന മാസങ്ങളിലെ വ്യവസായ ഉൽപാദന വളർച്ചയുടെ മേൽ കരിനിഴൽ വീഴ്ത്തുത്തുന്നതാണ് ഈ കണക്ക്. രണ്ടാം പാദത്തിലെ തളർച്ച വ്യവസായ മേഖല തുടരുമോ എന്ന ആശങ്ക ജനിപ്പിക്കുന്നതാണ് ഈ കണക്കുകൾ.