അനിശ്ചിതത്വം വീണ്ടും; കമ്പനികളുടെ ലാഭവളർച്ച ഇനിയും കുറയാം; ഉത്സവ സീസൺ പ്രതീക്ഷിച്ച കുതിപ്പ് നൽകിയില്ല; അദാനിക്കു വീണ്ടും താഴ്ച
സ്വർണം പിടിച്ചു നിൽക്കുന്നു; ക്രിപ്റ്റോകൾ താഴോട്ട്
വിപണി വീണ്ടും അനിശ്ചിതത്വത്തിലായി. ലാഭവളർച്ച കുറഞ്ഞ രണ്ടാം പാദത്തിൽ നിന്നു വ്യത്യസ്തമായിരിക്കില്ല മൂന്നാം പാദത്തിലെ കമ്പനി റിസൽട്ടുകൾ എന്ന സൂചന പല ബ്രോക്കറേജുകളും നൽകുന്നുണ്ട്. ഉത്സവകാല വിൽപന വാഹനമേഖലയ്ക്ക് അത്ര മെച്ചമായില്ല. ഇന്നലെ നാമമാത്ര മാറ്റത്തിൽ ക്ലോസ് ചെയ്ത വിപണി ഇന്നും കാര്യമായ കയറ്റത്തിൻ്റെ സൂചനകൾ നൽകുന്നില്ല.
നിയുക്ത യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് കാനഡയിലും മെക്സിക്കോയിലും ചൈനയിലും നിന്നുള്ള ഇറക്കുമതിക്ക് ജനുവരി 20 നു താൻ സ്ഥാനമേൽക്കുന്ന ദിവസം തന്നെ ചുങ്കം കൂട്ടും എന്നു പ്രഖ്യാപിച്ചു. ഈ പട്ടികയിൽ ഇന്ത്യ പെടാത്തതിൽ ഔദ്യോഗിക കേന്ദ്രങ്ങൾ ആശ്വാസം പ്രകടിപ്പിച്ചു. പക്ഷേ ട്രംപ് എപ്പോഴും തീരുമാനം മാറ്റാം എന്നതിനാൽ ആ ആശ്വാസം വൃഥാവിലാകാനാണു സാധ്യത. ട്രംപിൻ്റെ പ്രഖ്യാപനം കറൻസി വിപണികളിൽ ഡോളറിനെ വീണ്ടും ഉയർത്തി.
ഇസ്രയേൽ - ഹിസ്ബുള്ള വെടി നിർത്തൽ വിപണി നേരത്തേ തന്നെ കണക്കിലെടുത്തിരുന്നതാണ്. പുതിയ സാഹചര്യം മാറ്റമൊന്നും വരുത്തുന്നില്ല.
ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി ചൊവ്വാഴ്ച രാത്രി 24,255 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 24,244 ലേക്കു താണു. ഇന്ത്യൻ വിപണി ഇന്നു ചെറിയ നേട്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.
വിദേശ വിപണി
യുഎസ് വിപണി ചാെവ്വാഴ്ച ചെറിയ നേട്ടത്തിൽ അവസാനിച്ചു. ഡൗവും എസ് ആൻഡ് പിയും റെക്കോർഡ് തിരുത്തി. ഇന്ന് ഒക്ടോബറിലെ പേഴ്സണൽ കൺസംഷൻ എക്സ്പെൻഡിച്ചർ സൂചിക വരും. ഫെഡറൽ റിസർവിൻ്റെ ഡിസംബർ ആദ്യ ആഴ്ചയിലെ പലിശ തീരുമാനം അതിനെ ആധാരമാക്കിയാകും. ഇന്നലെ വന്ന ഫെഡ് മീറ്റിംഗ് മിനിറ്റ്സ് പലിശ സാവധാനം കുറയ്ക്കും എന്ന സൂചന നൽകി. അധികാരമേൽക്കുന്ന ദിവസം തന്നെ തൻ്റെ ചുങ്കം വർധന നടപ്പാക്കുമെന്ന ഡോണൾഡ് ട്രംപിൻ്റെ പ്രസ്താവന വിപണിയിൽ ചലനം സൃഷ്ടിച്ചു.
ചൊവ്വാഴ്ച ഡൗ ജോൺസ് സൂചിക 123.74 പോയിൻ്റ് (0.28%) ഉയർന്ന് 44,860.31 ൽ ക്ലോസ് ചെയ്തു.എസ് ആൻഡ് പി 34.26 പോയിൻ്റ് (0.57%) കയറി 6021.63 ൽ അവസാനിച്ചു. നാസ്ഡാക് സൂചിക 119.46 പോയിൻ്റ് (0.63%) നേട്ടത്തിൽ 19,174.30 ൽ ക്ലോസ് ചെയ്തു.
യുഎസ് സൂചികകൾ ഫ്യൂച്ചേഴ്സിൽ കയറി. ഡൗ 0.08 ഉം എസ് ആൻഡ് പി 0.03 ഉം ശതമാനം ഉയർന്നു. നാസ്ഡാക് 0.03 ശതമാനം താഴ്ന്നു നിൽക്കുന്നു.
യുഎസ് 10 വർഷ കടപ്പത്രങ്ങളുടെ വില 4.304 ശതമാനം നിക്ഷേപനേട്ടം കിട്ടുന്ന നിലയിലേക്ക് താഴ്ന്നു. സാവധാനമേ പലിശ കുറയ്ക്കൂ എന്ന സൂചനയാണു കാരണം.
യൂറോപ്യൻ വിപണികൾ ചൊവ്വാഴ്ച അര ശതമാനത്തിലധികം താഴ്ന്നു ക്ലോസ് ചെയ്തു. ട്രംപിൻ്റെ ചുങ്കം ഭീഷണിയെപ്പറ്റി വിപണിയിൽ ആശങ്ക ഉണ്ട്. വാഹന കമ്പനികളാണു കൂടുതൽ താഴ്ന്നത്.
ഏഷ്യൻ വിപണികൾ ഇന്നു ഭിന്ന ദിശകളിലാണ്. ജപ്പാനിൽ നിക്കൈ അര ശതമാനം ഇടിഞ്ഞു. കൊറിയൻ സൂചികയും താണു. ഓസ്ട്രേലിയൻ സൂചിക അര ശതമാനം ഉയർന്നു.
ഇന്ത്യൻ വിപണി
ചൊവ്വാഴ്ച ഇന്ത്യൻ വിപണി നല്ല നേട്ടത്തിൽ വ്യാപാരം തുടങ്ങിയിട്ടു കുത്തനേ നഷ്ടത്തിലേക്കു വീണു. പിന്നീടു തിരിച്ചു കയറി നേരിയ താഴ്ചയിൽ മുഖ്യ സൂചികകൾ അവസാനിച്ചു. മിഡ് ക്യാപ് സൂചിക അവസാന മണിക്കൂറിൽ നേട്ടങ്ങൾ നഷ്ടപ്പെടുത്തി വ്യാപാരം അവസാനിപ്പിച്ചു. സ്മോൾ ക്യാപ് സൂചിക നല്ല ഉയരത്തിൽ ക്ലോസ് ചെയ്തു.
വിശാലവിപണിയിലെ കയറ്റ - ഇറക്ക അനുപാതം കയറ്റത്തിന് അനുകൂലമായി തുടരുന്നു. ബിഎസ്ഇയിൽ 2224 ഓഹരികൾ ഉയർന്നപ്പോൾ 1705 ഓഹരികൾ താഴ്ന്നു. എൻഎസ്ഇയിൽ 1638 എണ്ണം ഉയർന്നു, താഴ്ന്നത് 1168 എണ്ണം.
നിഫ്റ്റി 27.40 പോയിൻ്റ് (0.11%) താഴ്ന്ന് 24,194.50 ൽ അവസാനിച്ചു. സെൻസെക്സ് 105.79 പോയിൻ്റ് (0.13%) കുറഞ്ഞ് 80,004.06 ൽ ക്ലോസ് ചെയ്തു. ബാങ്ക് നിഫ്റ്റി 0.03 ശതമാനം (16.00 പോയിൻ്റ്) താഴ്ന്ന് 52,191.50 ൽ അവസാനിച്ചു. മിഡ് ക്യാപ് സൂചിക 0.02 ശതമാനം കയറി 55,914.40 ലും സ്മോൾ ക്യാപ് സൂചിക 0.82 ശതമാനം ഉയർന്ന് 18,265.30 ലും ക്ലോസ് ചെയ്തു.
വാഹനങ്ങൾ, ഫാർമ, ഹെൽത്ത് കെയർ, ഓയിൽ - ഗ്യാസ് മേഖലകൾ ഇന്നലെ താഴ്ചയിലായി. ഐടി, എഫ്എംസിജി, മീഡിയ, മെറ്റൽ 6 മേഖലകൾ ഉയർന്നു. രാവിലെയും മുൻ ദിവസങ്ങളിലും കുതിച്ചു കയറിയ റിയൽറ്റി ഉച്ചയ്ക്കു ശേഷം തുടിഞ്ഞ് ഫ്ലാറ്റ് ആയി ക്ലോസ് ചെയ്തു.
വിദേശ നിക്ഷേപകർ ഇന്നലെ ക്യാഷ് വിപണിയിൽ 1157.70 കോടി രൂപയുടെ അറ്റ വാങ്ങൽ നടത്തി. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 1910.86 കോടി രൂപയുടെ ഓഹരികൾ വിറ്റു.
വിപണി കുതിപ്പിനു സജ്ജമായിട്ടില്ല എന്നാണു ചാർട്ടിസ്റ്റുകൾ കരുതുന്നത്. നിഫ്റ്റി 24,000-24,350 മേഖലയിൽ സമാഹരണം തുടരും എന്ന് അവർ കണക്കാക്കുന്നു. 24,350 ലെ തടസം മറികടന്നാലും 24,450നു മുകളിലേക്കു കരുത്തോടെ കടന്നാലേ മുന്നേറ്റം പ്രതീക്ഷിക്കാനാവൂ. നിഫ്റ്റിക്ക് ഇന്ന് 24,135 ലും 24,085 ലും പിന്തുണ കിട്ടാം. 24,305 ഉം 24,360 ഉം തടസങ്ങൾ ആകാം.
ഫെഡറൽ ബാങ്ക് ഓഹരി ഇന്നലെ 214 രൂപ വരെ കയറിയിട്ട് ചെറിയ നേട്ടത്തോടെ 213.50 രൂപയിൽ ക്ലോസ് ചെയ്തു. സൗത്ത് ഇന്ത്യൻ ബാങ്ക് 1.40 ഉം സിഎസ്ബി ബാങ്ക് 1.17 ഉം ധനലക്ഷ്മി ബാങ്ക് 1.63 ഉം ശതമാനം ഉയർന്നു.
റിഗ്ഗുകൾ നിർമിക്കാൻ യു എസ് കമ്പനി കരാർ നൽകിയതിനെ തുടർന്ന് തിങ്കളാഴ്ച അഞ്ചു ശതമാനം കുതിച്ച കൊച്ചിൻ ഷിപ്പ് യാർഡ് ഇന്നലെയും അഞ്ചു ശതമാനം കയറി. ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്സ് രണ്ടു ദിവസം കൊണ്ട് 13 ശതമാനം ഉയർന്നു.
ഭാരത് ഇലക്ട്രോണിക്സ്, ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ്, മസഗാേൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്സ് എന്നീ പ്രതിരോധ ഓഹരികൾക്കു ജെപി മോർഗൻ വാങ്ങൽ ശിപാർശയുമായി വിശകലനം ആരംഭിച്ചിട്ടുണ്ട്. 16 മുതൽ 20 വരെ ശതമാനം നേട്ടം കണക്കാക്കി ലക്ഷ്യവിലയും നിശ്ചയിച്ചു.
ബോണസ് ഇഷ്യു പ്രഖ്യാപിച്ച കിറ്റെക്സ് ഗാർമെൻ്റ്സ് ഓഹരി ഇന്നലെയും 4.99 ശതമാനം കയറി 702.15 രൂപയിൽ ക്ലോസ് ചെയ്തു.
റെയിൽവേ കമ്പനികളും ഭാരത് ഇലക്ട്രോണിക്സ്, ഭെൽ തുടങ്ങിയ പൊതുമേഖലാ കമ്പനികളും ഇന്നലെ കയറി. റെയിൽവേ പൊതുമേഖലാ കമ്പനികളും ഉണർവിലാണ്
അദാനി ഗ്രൂപ്പ് വീണ്ടും താഴ്ന്നു
അദാനി ഗ്രൂപ്പ് ഓഹരികൾ ഇന്നലെയും ഇടിഞ്ഞു. മൂന്നു പ്രമുഖ അന്താരാഷ്ട്ര റേറ്റിംഗ് ഏജൻസികളും ഗ്രൂപ്പ് കമ്പനികളുടെ റേറ്റിംഗ് താഴ്ത്തിയതാണ് പ്രധാന കാരണം.
വിവാദത്തിലായ അദാനി ഗ്രീൻ എനർജി ഓഹരി ഇന്നലെ 7.26 ശതമാനം താഴ്ന്നു ക്ലോസ് ചെയ്തു. അഞ്ചു ദിവസം കൊണ്ട് ഓഹരി 23 ശതമാനം ഇടിവിലാണ്. അദാനി എൻ്റർപ്രൈസസ് 4.02 ശതമാനം നഷ്ടത്തിൽ ക്ലോസ് ചെയ്തു. അദാനി എനർജി 3.99 ഉം ടോട്ടൽ 3.06 ഉം പോർട്സ് 3.03 ഉം ശതമാനം താണു.
കഴിഞ്ഞ വർഷം അദാനി ഗ്രൂപ്പ് ഓഹരികൾ വാങ്ങി രക്ഷകരായി മാറിയ ജിക്യുജി പാർട്ട്നേഴ്സ് ഓഹരികൾ ഇന്നു രാവിലെ മൂന്നു ശതമാനത്തിലധികം ഇടിഞ്ഞു. ഇന്നലെ ഒരു ശതമാനം താണതാണ്. ഓസ്ട്രേലിയയിലെ സിഡ്നി എക്സചേഞ്ചിലാണ് ഇതിൻ്റെ വ്യാപാരം. അഞ്ചു ദിവസം കൊണ്ട് 16 ശതമാനം നഷ്ടത്തിലാണ് ജിക്യുജി.
സ്വർണം പിടിച്ചു നിൽക്കുന്നു
സ്വർണവില താഴ്ചയിൽ നിന്ന് അൽപം കയറി. ഇതിനെ തിരിച്ചു കയറ്റം എന്നതിനേക്കാൾ പിടിച്ചു നിൽപ്പ് എന്നു കാണുന്നതാണ് ശരി. നിയുക്ത പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്, അധികാരമേൽക്കുന്ന ദിവസം തന്നെ കാനഡയിലും മെക്സിക്കോയിലും നിന്നുള്ള ഉൽപന്നങ്ങൾക്ക് 25 ശതമാനം ചുങ്കം ചുമത്തും എന്ന് ഇന്നലെ പറഞ്ഞു. ചൈനയിൽ നിന്നുള്ളവയ്ക്ക് 10 ശതമാനം അധികച്ചുങ്കം ഉണ്ടാകും. ഇതു ഡോളർ സൂചികയെ താഴ്ത്തി. അതിൻ്റെ ഫലമായാണു സ്വർണം 0.33 ശതമാനം കയറിയത്.
ഇന്നലെ സ്വർണം ഔൺസിന് 8.70 ഡോളർ കയറി 2634.00 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നുരാവിലെ 2628 ഡോളറിലേക്കു താഴ്ന്നു.
കേരളത്തിൽ ചൊവ്വാഴ്ച സ്വർണവില പവന് 960 രൂപ ഇടിഞ്ഞ് 56,640 രൂപയായി.
വെള്ളിവില ഔൺസിന് 30.38 ഡോളറിലേക്കു കയറി.
കറൻസി വിപണിയിൽ ഡോളർ ഇന്നലെ ശക്തിപ്പെട്ടു. ട്രംപിൻ്റെ ചുങ്കം ചുമത്തൽ പ്രഖ്യാപനത്തെ തുടർന്നു മറ്റു കറൻസികൾ താണു. ഡോളർ സൂചിക 107.01 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 106.83 ലേക്കു താഴ്ന്നു.
ഡോളർ സമ്മർദം രൂപയെ വീണ്ടും താഴ്ത്തി. രാവിലെ 84.22 രൂപ വരെ താഴ്ന്ന ഡോളർ ക്ലോസ് ചെയ്തത് നാലു പൈസ കയറി 84.34 രൂപയിൽ.
ക്രൂഡ് ഓയിൽ വില നാമമാത്രമായി താഴ്ന്നു. ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ ഇന്നലെ 72.98 ഡോളറിൽ ക്ലാേസ് ചെയ്തു. ഇന്നു രാവിലെ വില 72.81 ഡോളർ ആയി താണു. ഡബ്ല്യുടിഐ ഇനം 68.83 ഉം യുഎഇയുടെ മർബൻ ക്രൂഡ് 72.28 ഉം ഡോളറിൽ നിൽക്കുന്നു.
ക്രിപ്റ്റോകൾ താഴോട്ട്
ക്രിപ്റ്റോ കറൻസികൾ ഇടിവ് തുടരുന്നു. മിക്ക ക്രിപ്റ്റോകളും നാലു മുതൽ ഏഴുവരെ ശതമാനം ഇടിഞ്ഞു.
ബിറ്റ്കോയിൻ 91,000 ഡോളറിനു തൊട്ടു മുകളിലെത്തി. ഇടിവ് തുടരും എന്നാണു പ്രവചനം. ബിറ്റ്കോയിൻ ഇന്നു രാവിലെ 92,000 നടുത്താണ്. ഈഥർ ഇന്നലെ അഞ്ചു ശതമാനം ഇടിഞ്ഞ് 3300 ഡോളറിനു മുകളിൽ എത്തി.
വ്യാവസായിക ലോഹങ്ങൾ ഭിന്ന ദിശകളിലായി. ചെമ്പ് 0.44 ശതമാനം താഴ്ന് ടണ്ണിന് 8883.96 ഡോളറിൽ എത്തി. അലൂമിനിയം 1.49 ശതമാനം ഇടിഞ്ഞു ടണ്ണിന് 2612.35 ഡോളർ ആയി. സിങ്ക് 2.02 ഉം ടിൻ 0.02 ഉം നിക്കൽ 0.52 ഉം ശതമാനം ഉയർന്നു. ലെഡ് 0.85 ശതമാനം താഴ്ന്നു.
വിപണിസൂചനകൾ
(2024 നവംബർ 26, ചൊവ്വ)
സെൻസെക്സ് 30 80,004.06 -0.13%
നിഫ്റ്റി50 24,194.50 -0.11%
ബാങ്ക് നിഫ്റ്റി 52,191.50 -0.03%
മിഡ് ക്യാപ് 100 55,914.40 +0.02%
സ്മോൾ ക്യാപ് 100 18,265.30 +0.82%
ഡൗ ജോൺസ് 44,860.31 +0.28%
എസ് ആൻഡ് പി 6021.63 +0.57%
നാസ്ഡാക് 19,174.30 +0.63%
ഡോളർ($) ₹84.33 +₹0.04
ഡോളർ സൂചിക 106.89 +0.07
സ്വർണം (ഔൺസ്) $2633.00 +$08.70
സ്വർണം(പവൻ) ₹56,640 -₹960
ക്രൂഡ് (ബ്രെൻ്റ്) ഓയിൽ $72.98 -$00.08