ഇന്ത്യൻ വിപണിക്ക് മുന്നേറ്റം തുടരാൻ അനുകൂലമായ അന്തരീക്ഷം
ആശ്വാസഘടകങ്ങൾ പലത്; ബാഹ്യ സൂചനകൾ നേട്ടത്തിന് അനുകൂലം; ചില്ലറവിലക്കയറ്റം കുറയുമെന്നു സൂചന; ലോഹങ്ങൾ താഴ്ചയിൽ
അമേരിക്കൻ വിലക്കയറ്റത്തിലും കർണാടക എക്സിറ്റ് പോളിലും വിപണി ആശ്വാസം കാണുന്നു. ഇന്ത്യൻ വിപണിക്കു മുന്നേറ്റം തുടരാൻ പറ്റിയ അന്തരീക്ഷമാണുളളത് എന്ന പ്രതീക്ഷയിലാണ് ഇന്നു വ്യാപാരമാരംഭിക്കുക.
സിംഗപ്പുരിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി ബുധൻ രാത്രി ഒന്നാം സെഷനിൽ 18,358.5 ൽ ക്ലോസ് ചെയ്തു. രണ്ടാം സെഷനിൽ 18,395.5 വരെ ഉയർന്നു. ഇന്നു രാവിലെ 18,423 ലേക്കു കയറി, പിന്നീടു 18,400 ലേക്കു താണു. ഇന്ത്യൻ വിപണി നേട്ടത്തിൽ വ്യാപാരം തുടങ്ങുമെന്നാണു ഡെറിവേറ്റീവ് വിപണി നൽകുന്ന സൂചന.
യൂറോപ്യൻ വിപണികൾ ഇന്നലെ നഷ്ടത്തിലായിരുന്നു. യുഎസ് വിപണി ഇന്നലെ ഭിന്ന ദിശകളിൽ നീങ്ങി. ഏപ്രിലിലെ യുഎസ് ചില്ലറ വിലക്കയറ്റം (4.9%) പ്രതീക്ഷയിലും കുറവായിരുന്നു. ഇതു നാസ്ഡാക് ഒരു ശതമാനവും എസ് ആൻഡ് പി 0.45 ശതമാനവും ഉയരാൻ സഹായിച്ചു. ഡൗ ജാേൺസ് നാമമാത്രമായി താണു.
ഡൗ ജോൺസ് 30.48 പോയിന്റ് (0.09 ശതമാനം) താഴ്ന്നപ്പോൾ എസ് ആൻഡ് പി 18.47 പോയിന്റും (0.45%) നാസ്ഡാക് 126.89 പോയിന്റും (1.04%) ഉയർന്നു. യുഎസ് ഫ്യൂച്ചേഴ്സ് ചെറിയ നേട്ടത്തിലാണ്. ഡൗ 0.07 ഉം എസ് ആൻഡ് പി 0.18 ഉം നാസ്ഡാക് 0.17ഉം ശതമാനം ഉയർന്നു.
ഏഷ്യൻ - ഓസ്ട്രേലിയൻ സൂചികകൾ ഇന്നു നഷ്ടത്തിൽ വ്യാപാരമാരംഭിച്ചു. എന്നാൽ കൊറിയൻ വിപണി നല്ല ഉയർച്ചയിലാണ്. ഇന്നലെയും വലിയ താഴ്ചയിലായിരുന്ന ചെെനീസ് വിപണി ഇന്നു തുടക്കത്തിൽ അൽപം താണു, പിന്നീടു കയറ്റത്തിലായി. ചൈനീസ് ചില്ലറ വിലക്കയറ്റം ഏപ്രിലിൽ 0.1 ശതമാനം മാത്രമേ കൂടിയുള്ളൂ. രണ്ടു വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.
ഇന്ത്യൻ വിപണി
ബുധനാഴ്ച ഇന്ത്യൻ വിപണി വലിയ ചാഞ്ചാട്ടം തുടർന്നു. ചെറിയ നേട്ടത്തിൽ തുടങ്ങി ക്രമമായി ഉയർന്നു. പിന്നീടു താഴ്ന്നു. വീണ്ടും സൂചികകൾ കയറിയിറങ്ങി. ഒടുവിൽ നേട്ടത്തിൽ അവസാനിച്ചു. സെൻസെക്സ് 178.87 പോയിന്റ് (0.29%) കയറി 61,940. 20 ലും നിഫ്റ്റി 49.15 പോയിന്റ് (0.27%) ഉയർന്ന് 18,315.10 ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 0.05 ശതമാനം ഉയർന്നപ്പോൾ സ്മോൾ ക്യാപ് സൂചിക 0.14 ശതമാനം കയറി. വാഹന, ധനകാര്യ സേവന, ബാങ്കിംഗ്, എഫ്എംസിജി, മീഡിയ, ഓയിൽ, റിയൽറ്റി മേഖലകൾ നല്ല നേട്ടത്തിലായി. പൊതു മേഖലാ ബാങ്കുകളും മെറ്റൽ, ഐടി കമ്പനികളും നഷ്ടം കുറിച്ചു.
വിപണിയുടെ ഹ്രസ്വകാല കുതിപ്പിനു കാര്യമായ തടസമില്ലെന്നാണു വിശകലന വിദഗ്ധർ പറയുന്നത്. നിഫ്റ്റിക്കു 18,240 ലും 18,170 ലും സപ്പോർട്ട് ഉണ്ട്. 18,330 ലും 18,400 ലും തടസങ്ങൾ നേരിടാം.
വിദേശനിക്ഷേപകർ ഇന്നലെ 1833.13 കോടി രൂപയുടെ ഓഹരികൾ വാങ്ങി. സ്വദേശി ഫണ്ടുകൾ 789.67 കോടിയുടെ ഓഹരികൾ വിറ്റു. ഈ മാസം എല്ലാ ദിവസവും വിദേശ നിക്ഷേപകർ ക്യാഷ് വിപണിയിൽ വാങ്ങലുകാരായിരുന്നു.
ക്രൂഡ് ഓയിലും സ്വർണവും
ക്രൂഡ് ഓയിൽ അൽപം താഴ്ന്നു. ബ്രെന്റ് ഇനം ക്രൂഡ് 76.41 ഡോളറിൽ ക്ലോസ് ചെയ്തു. ഡബ്ള്യുടിഐ ഇനം 72.87 ഡോളർ ആയി. യുഎസ് വിലക്കയറ്റം കുറയുന്ന പ്രവണത കാണിച്ചതു സ്വർണവില താഴാൻ വഴിതെളിച്ചു. ഇന്നലെ 2049 വരെ കയറിയ സ്വർണം 2031 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 2031- 2033 ഡോളറിൽ വ്യാപാരം നടക്കുന്നു.
കേരളത്തിൽ പവൻ വില 200 രൂപ വർധിച്ച് 45,560 രൂപയായി. വ്യാവസായിക ലോഹങ്ങൾ ഇടിഞ്ഞു. ചെമ്പ് 1.47 ശതമാനം താണു ടണ്ണിന് 8346 ഡോളർ ആയി. അലൂമിനിയം 2.24 ശതമാനം ഇടിഞ്ഞു 2267.96 ഡോളറിലെത്തി. നിക്കൽ, സിങ്ക്, ടിൻ തുടങ്ങിയവ ഒന്നു മുക 3.8 ശതമാനം വരെ താഴ്ന്നു.
ക്രിപ്റ്റോ കറൻസികൾ കാര്യമായ വിലമാറ്റമില്ലാതെ തുടരുന്നു. ബിറ്റ്കോയിൻ 27,600 ഡോളറിലാണ്. ഡോളർ ഇന്നലെ 05 പൈസ നഷ്ടത്തിൽ 81.99 രൂപയിലെത്തി. ഡോളർ സൂചിക 101.42 ലേക്കു താണു. ഇന്നു രാവിലെ 101.38 ആയി.
യുഎസ് വിലക്കയറ്റത്തിൽ ആശ്വാസം, പലിശ വർധന മരവിപ്പിക്കും
യുഎസിലെ ചില്ലറവിലക്കയറ്റം ഏപ്രിലിൽ 4.9 ശതമാനമായി കുറഞ്ഞു. ഇതു പ്രതീക്ഷയിലും കുറവായി. 2021 ഏപ്രിലിനു ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. മാർച്ചിൽ അഞ്ചു ശതമാനമായിരുന്നു ചില്ലറവിലക്കയറ്റം. ഭക്ഷ്യ - ഇന്ധന വിലകൾ ഒഴിവാക്കിയുള്ള കാതൽ വിലക്കയറ്റം 5.5 ശതമാനമാണ്. അതേസമയം പാർപ്പിട ചെലവും ഉപയാേഗിച്ച കാറുകളുടെ വിലയും വർധന തുടരുകയാണ്.
യുഎസ് ഫെഡറൽ റിസർവിന്റെ രണ്ടു ശതമാനം ലക്ഷ്യതൽ നിന്ന് ഇപ്പോഴും അകലെയാണു വിലക്കയറ്റം. എങ്കിലും കുറയാനുള്ള പ്രവണത പ്രകടമായിട്ടുണ്ട്. ഫെഡിനു നിരക്കുവർധന മരവിപ്പിക്കാൻ ഇത് അവസരം നൽകുന്നു എന്നാണു ധനകാര്യ വിദഗ്ധർ പറയുന്നത്. ജൂണിലെ യോഗത്തിൽ നിരക്കു കൂട്ടാനുള്ള സാധ്യത 20 ശതമാനമായി ചുരുങ്ങി എന്നാണു നിരീക്ഷണം. പത്തു തവണ നിരക്ക് വർധിപ്പിച്ച് 5.00 - 5.25 ശതമാനത്തിലാണ് ഇപ്പോൾ യുഎസിലെ ഏറ്റവും താഴ്ന്ന ഡിസ്കൗണ്ട് നിരക്ക്.
ഇന്ത്യൻ വിലക്കയറ്റം കുറയുമെന്നു സർവേ
ഏപ്രിലിലെ ചില്ലറ വിലക്കയറ്റ കണക്ക് നാളെ വൈകുന്നേരം പുറത്തുവിടും. 4.8 ശതമാനത്തിലേക്കു വിലക്കയറ്റ നിരക്ക് താഴും എന്നാണു റോയിട്ടേഴ്സ് സർവേയിലെ നിഗമനം. മാർച്ചിൽ 5.66 ശതമാനമായിരുന്നു. ചില്ലറ വിലക്കയറ്റം ഇതു തുടർച്ചയായ രണ്ടാം തവണയാണ് ആറു ശതമാനത്തിൽ താഴെയാകുന്നത്.
ധാന്യങ്ങൾ, പച്ചക്കറികൾ എന്നിവയുടെ വില ഗണ്യമായി കുറയും. പയറുവർഗങ്ങളും പാലും ഉയർന്നിട്ടുണ്ട്. മേയ് മാസത്തിലും വിലക്കയറ്റം കുറവാകുമെന്നാണു വിദഗ്ധരുടെ നിഗമനം. പിന്നീട് അഞ്ചു ശതമാനത്തിനു മുകളിലേക്കു കയറുമെന്ന് അവർ മുന്നറിയിപ്പ് നൽകുന്നു. ഈ ധനകാര്യ വർഷം ശരാശരി 5.3 ശതമാനമാകും ചില്ലറ വിലക്കയറ്റം.
തിങ്കളാഴ്ചയാണു മൊത്തവില ആധാരമാക്കിയുള്ള വിലക്കയറ്റ കണക്കു വരുക. 0.2 ശതമാനം കയറ്റമേ മൊത്തവിലയിൽ പ്രതീക്ഷിക്കുന്നുള്ളു.
വിപണി സൂചനകൾ
(2023 മേയ് 10, ബുധൻ)
സെൻസെക്സ് 30 61,940.20 +0.29%
നിഫ്റ്റി 50 18,315.10 +0.27%
ബാങ്ക് നിഫ്റ്റി 43,301.05 +0.31%
മിഡ് ക്യാപ് 100 32,505.35 +0.05%
സ്മോൾക്യാപ് 100 9829.20 +0.14%
ഡൗ ജോൺസ്30 33,531.30 -0.09%
എസ് ആൻഡ് പി500 4137.64 +0.45%
നാസ്ഡാക് 12,306.44 +1.04%
ഡോളർ ($) ₹81.99 -05 പൈസ
ഡോളർ സൂചിക 101.42 -0.23
സ്വർണം(ഔൺസ്) $2031.70 -$05.30
സ്വർണം(പവൻ ) ₹45,560 +₹ 200.00
ക്രൂഡ് (ബ്രെന്റ്)ഓയിൽ $76.41 -$0.81
മായ