വിലക്കയറ്റത്തിൽ ആശ്വാസം, വ്യവസായ ഉൽപാദനത്തിൽ അപ്രതീക്ഷിത തളർച്ച; വിദേശ വിപണികൾ നേട്ടത്തിൽ; ക്രൂഡ് ഓയിൽ കയറുന്നു

ആ കണക്കുകൾ പറയുന്നത് എന്താണ്? വിലക്കയറ്റത്തിൽ ചില്ലറ ആശ്വാസം. ആശങ്ക നൽകി വ്യവസായ ഉൽപാദനത്തിലെ ഇടിവ്

Update:2022-12-13 08:45 IST

ചില്ലറ വിലക്കയറ്റത്തിൽ ആശ്വാസം. വ്യവസായ ഉൽപാദനത്തിൽ ആശങ്ക. ആഴ്‌ചയിലെ ആദ്യ ദിവസം പുറത്തുവന്ന സാമ്പത്തിക സൂചകങ്ങൾ ഭിന്ന സൂചനകളാണു നൽകിയത്. നവംബറിലെ വിലക്കയറ്റം ആറു ശതമാനത്തിൽ താഴെയായത് വരും മാസങ്ങളിലും തുടരുമോ എന്നാണറിയേണ്ടത്. അതേ സമയം വ്യവസായ ഉൽപാദനത്തിലെ ഇടിവ് തുടർന്നാൽ രാജ്യം അവിചാരിതമായ മാന്ദ്യത്തിലേക്കു നീങ്ങും. ജനങ്ങളുടെ ഉപഭോഗം കുറയുന്നതാണ് വ്യവസായ ഉൽപാദനം കുറയാൻ കാരണം. കയറ്റുമതിയിലും കുറവ് വന്നിട്ടുണ്ട്. ഒട്ടും ഭദ്രമല്ല കാര്യങ്ങൾ എന്നർഥം.

അമേരിക്കയിലെ ചില്ലറ വിലക്കയറ്റ കണക്ക് ഇന്നു രാത്രിയാണു വരിക. വിലക്കയറ്റത്തോതു കുറയുമെന്ന പ്രതീക്ഷയിൽ യുഎസ് ഓഹരികൾ ഇന്നലെ നല്ല കുതിപ്പ് നടത്തി. ഡൗ ജോൺസ് 1.58 ശതമാനവും നാസ്ഡാക് 1.26 ശതമാനവും കയറി. യൂറോപ്യൻ ഓഹരികൾ ഇന്നലെ നഷ്ടത്തിലാണ് അവസാനിച്ചത്.
ഇന്നലെ ഇന്ത്യൻ വിപണി മറ്റ് ഏഷ്യൻ വിപണികളെ പിന്തുടർന്ന് നഷ്ടത്തിൽ വ്യാപാരം തുടങ്ങി. എന്നാൽ ക്ലോസിംഗ് കാര്യമായ നഷ്ടം ഇല്ലാതെയായിരുന്നുയുഎസ് വിപണിയുടെ ഫ്യൂച്ചേഴ്സ് ഇന്നു രാവിലെ ചെറിയ നേട്ടത്തിലാണ്. ഡോളർ സൂചികയും ഉയർന്നു നിൽക്കുന്നു.
ഏഷ്യൻ വിപണികൾ രാവിലെ നേട്ടത്തിലാണ്. ചൈനീസ് വിപണികളും ഉയർന്നാണു വ്യാപാരം തുടങ്ങിയത്. സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്‌ജി എക്സ് നിഫ്റ്റി ഇന്നലെ 18,647-ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ സൂചിക 18,620 -ലേക്കു താഴ്ന്നു. ഇന്ത്യൻ വിപണി ഇന്നു ചെറിയ നേട്ടത്തോടെ വ്യാപാരം തുടങ്ങുമെന്നാണ് ഇതു നൽകുന്ന സൂചന.
തിങ്കളാഴ്ച സെൻസെക്സ് 665 പോയിന്റും നിഫ്റ്റി 178 പോയിന്റും ചാഞ്ചാടി. ഭൂരിഭാഗം സമയവും നഷ്ടത്തിലായിരുന്നു സൂചികകൾ. സെൻസെക്സ് 51.1പോയിന്റ് (0.08%) നഷ്ടത്തിൽ 62,130.57-ലും നിഫ്റ്റി 0.55 പോയിന്റ് നേട്ടത്തിൽ 18,497.15 ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 0.36 ശതമാനവും സ്മോൾ ക്യാപ് സൂചിക 0.55 ശതമാനവും ഉയർന്നു. കൺസ്യൂമർ ഡ്യുറബിൾസ്, ഐടി, ഫാർമ മേഖലകൾ നഷ്ടത്തിലായി. പൊതുമേഖലാ ബാങ്കുകളും ഓയിൽ - ഗ്യാസ് മേഖലയും നല്ല നേട്ടം ഉണ്ടാക്കി.
വിദേശ നിക്ഷേപകർ ഇന്നലെ 138.81 കോടി രൂപയുടെ ഓഹരികൾ വിറ്റു. സ്വദേശി ഫണ്ടുകൾ 695.6 കോടിയുടെ ഓഹരികൾ വാങ്ങി. ക്രൂഡ് ഓയിൽ വീണ്ടും ഉയരുകയാണ്. ബ്രെന്റ് ഇനം ക്രൂഡ് 78.60 ഡോളർ ആയി. ചൈന കോവിഡ് നിയന്ത്രണങ്ങൾ നീക്കം ചെയ്തതിന്റെ പേരിലാണു വിപണി ഉയർന്നത്.
വ്യാവസായിക ലോഹങ്ങൾ താഴ്ചയിലാണ്. ചെമ്പ്, അലൂമിനിയം, നിക്കൽ, ടിൻ, ലെഡ് തുടങ്ങിയവ മൂന്നു ശതമാനം വരെ താണു.
സ്വർണം വീണ്ടും താഴ്ചയിലായി. ഇന്നലെ 1797 ഡോളർ വരെ കയറിയിട്ട് 1783 - ലേക്കു താണു. ഇന്നു രാവിലെ 1783 - 1785 ഡോളറിലാണു വ്യാപാരം. 
കേരളത്തിൽ സ്വർണം പവന് 80 രൂപ കുറഞ്ഞ് 39,840 രൂപയായി. ഡോളർ ഇന്നലെ 26 പൈസ നേട്ടത്തോടെ 82.53 രൂപയായി.
ഡോളർ സൂചിക ഇന്നലെ 105.13 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ സൂചിക 104.96 ലേക്കു താഴ്ന്നു.
വിലക്കയറ്റത്തിൽ ചില്ലറ ആശ്വാസം
ചില്ലറ വിലക്കയറ്റം നവംബറിൽ 11 മാസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. എന്നാൽ ഇന്ധന-ഭക്ഷ്യ വിലകൾ ഒഴിവാക്കിയുള്ള കാതൽ വിലക്കയറ്റം വർധിച്ചു. ഇതേ സമയം വ്യവസായ ഉൽപാദനം ഒക്ടോബറിൽ കുത്തനെ താണു.
ചില്ലറ വിലക്കയറ്റം 5.88 ശതമാനമായി. ഒക്ടോബറിൽ 6.77 ശതമാനമായിരുന്നു. 11 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നില. കാതൽ വിലക്കയറ്റം ഒക്ടോബറിലെ 6.2-ൽ നിന്നു നവംബറിൽ 6.3 ശതമാനമായി കൂടി.
പച്ചക്കറികൾക് 8.08 ശതമാനവും പഴങ്ക 2.62 ശതമാനവും വിലക്കുറവുണ്ടായതാണ് പൊതുവിലക്കയറത്തിലെ
കുറവിനു കാരണം. സുഗന്ധവ്യഞ്ജനങ്ങൾ (+19.52%), ധാന്യങ്ങൾ (+12.08%), മുട്ട (4.86%) തുടങ്ങിയവയുടെ കയറ്റം തുടർന്നു.
വിലക്കയറ്റം ഒര വർഷത്തിനു ശേഷമാണു റിസർവ് ബാങ്കിന്റെ സഹന പരിധിയായ ആറു ശതമാനത്തിനു താഴെയാകുന്നത്. എങ്കിലും കാതൽവില ഉയർന്നു നിൽക്കുന്നത് ആശങ്കകൾ അകന്നിട്ടില്ലെന്നു കാണിക്കുന്നു.
ഇനി ബജറ്റ് അവതരണം കഴിഞ്ഞിട്ടു ഫെബ്രുവരി എട്ടിനേ റിസർവ് ബാങ്കിന്റെ പണനയ കമ്മിറ്റി ചേരുന്നുള്ളു. അപ്പോഴേക്ക് ഡിസംബർ വിലക്കയറ്റവും ബജറ്റും വരും. ആ കാര്യങ്ങളാകും അന്നു നയത്തെ സ്വാധീനിക്കുക.
ആശങ്ക നൽകി വ്യവസായ ഉൽപാദനത്തിലെ ഇടിവ്
വ്യവസായ ഉൽപാദന സൂചിക ഒക്ടോബറിൽ നാലു ശതമാനം ചങ്ങി. ഫാക്ടറി ഉൽപാദനം 5.6 ശതമാനം കുറഞ്ഞതാണു പ്രധാന കാരണം. കൺസ്യൂമർ ഡ്യൂറബിൾസ് (ഗൃഹോപകരണങ്ങൾ) ഉൽപാദനം ഒക്ടോബറിൽ 15.3 ശതമാനം ഇടിഞ്ഞു. തുടർച്ചയായ മൂന്നാം മാസമാണ് ഇവയുടെ ഉൽപാദനം കുറഞ്ഞത്.
കൺസ്യൂമർ നോൺ ഡ്യുറബിൾസ് ഉൽപാദനം 13.4 ശതമാനം ഇടിഞ്ഞു. ഇവ തുടർച്ചയായ നാലാം മാസമാണു കുറയുന്നത്. സമ്പദ്ഘടനയിൽ ഉപഭോഗ ആവശ്യം കുറഞ്ഞു നിൽക്കുന്നു എന്നാണ് ഇതു കാണിക്കുന്നത്. വളർച്ചയെപ്പറ്റി ആശങ്ക ജനിപ്പിക്കുന്നതാണ് ഈ കണക്കുകൾ.
യന്ത്ര നിർമാണം 2.3 ശതമാനം കുറഞ്ഞു. നിർമാണ സാമഗ്രികളുടെ ഉൽപാദനം ഒരു ശതമാനം ഉയർന്നെങ്കിലും സെപ്റ്റംബറിനെ അപേക്ഷിച്ചു കുറവായിരുന്നു.

Tags:    

Similar News