വീണ്ടും അനിശ്ചിതത്വം; കണക്കുകൂട്ടൽ തെറ്റിച്ച്‌ ഫെഡ്; പലിശനിരക്ക് ഇനിയും കൂടും; ക്രൂഡ് ഓയിൽ കയറ്റത്തിൽ

വീണ്ടും കാര്യങ്ങൾ മാറി മറിയുന്നു. 2023 ലും പലിശ നിരക്ക് ഉയരും.വരുന്നത് മാന്ദ്യമോ സാമ്പത്തിക ക്ഷീണമോ?

Update:2022-12-15 08:54 IST

യുഎസ് ഫെഡ് നിരക്ക് പ്രതീക്ഷ പോലെ 0.5 ശതമാനം വർധിപ്പിച്ചു. എന്നാൽ തുടർന്നുള്ള നിരക്കു വർധനയെയും മറ്റും പറ്റി പറഞ്ഞതു പ്രതീക്ഷയ്ക്കു നിരക്കുന്ന വിധമായില്ല. ഫെഡ് പ്രഖ്യാപനത്തിനു ശേഷം യുഎസിലെ ഡൗ ജോൺസ് സൂചിക 600 പോയിന്റ് ചാഞ്ചാടി. ഒടുവിൽ യുഎസ് സൂചികകൾ 0.42 മുതൽ 0.76 വരെ ശതമാനം താഴ്ന്നു ക്ലോസ് ചെയ്തു. എങ്കിലും ഫ്യൂച്ചേഴ്സ് നല്ല നേട്ടത്തിലാണ്.

ഓസ്ട്രേലിയൻ വിപണി അരശതമാനം താഴ്ചയിലാണ് തുടങ്ങിയത്. പിന്നീടു നഷ്ടം കുറച്ചു. ജപ്പാനിൽ നിക്കൈ ഒരു ശതമാനം ഇടിവിലാണ് തുടങ്ങിയതെങ്കിലും പിന്നീടു നേട്ടത്തിലായി.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്‌ജി എക്സ് നിഫ്റ്റി 18,750-ൽ നിന്ന് 18,695 - ലേക്കു താണു. ഇന്നു രാവിലെ സൂചിക 18,730ലേക്കു കയറിയിട്ടു വീണ്ടും താണു. ഇന്ത്യൻ വിപണി ചെറിയ താഴ്ചയിൽ വ്യാപാരം തുടങ്ങുമെന്നാണ് സൂചന.
ബുധനാഴ്ച ഇന്ത്യൻ വിപണി ഉയർന്നു വ്യാപാരം തുടങ്ങിയെങ്കിലും ആ മുന്നേറ്റം നില നിർത്താനായില്ല. എങ്കിലും നേട്ടത്തോടെ ക്ലോസ് ചെയ്തു. സെൻസെക്സ് 144.61 പോയിന്റ് (0.23%) ഉയർന്ന് 62,677.91-ലും നിഫ്റ്റി 52.3 പോയിന്റ് (0.28%) ഉയർന്ന് 18,660.3 ലും ക്ലോസ് ചെയ്തു. സ്മോൾ ക്യാപ് സൂചിക 0.68 ശതമാനവും മിഡ് ക്യാപ് സൂചിക 0.59 ശതമാനവും ഉയർന്നു.
മെറ്റൽ, ഐടി മേഖലകളാണു കൂടുതൽ നേട്ടമുണ്ടാക്കിയത്. ക്യാപ്പിറ്റൽ ഗുഡ്സ്, കൺസ്യൂമർ ഡ്യുറബിൾസ്, വാഹനങ്ങൾ തുടങ്ങിയവയും നല്ല മുന്നേറ്റം നടത്തി. ഹെൽത്ത് കെയർ, എഫ്എംസിജി കമ്പനികൾക്കു നഷ്ടം നേരിട്ടു.
വിദേശ നിക്ഷേപകർ 372.16 കോടി രൂപ ഇന്നലെ ഓഹരികളിൽ നിക്ഷേപിച്ചു. സ്വദേശി ഫണ്ടുകൾ 926.45 കോടിയുടെ ഓഹരികൾ വാങ്ങി.
വിപണി ചെറിയ മുന്നേറ്റ മനോഭാവത്തിലാണെന്ന് വിശകലന വിദഗ്ധർ കരുതുന്നു. നിഫ്റ്റിക്ക് 18,640-ലും 18,600 - ലും പിന്തുണയുണ്ട്. ഉയരുമ്പോൾ 18,690 - ഉം 18,730 - ഉം തടസങ്ങളാകും.
ക്രൂഡ് ഓയിൽ വീണ്ടും കയറ്റത്തിലാണ്. ബ്രെന്റ് ഇനം ക്രൂഡ് രണ്ടര ശതമാനം ഉയർന്ന് 82.89 ഡോളറിൽ എത്തി. വില ഇനിയും കയറുമെന്നു ചിലർ കണക്കാക്കുന്നു.
ചെമ്പ് ഒഴികെയുള്ള വ്യാവസായിക ലോഹങ്ങൾ ഇന്നലെ രണ്ടു ശതമാനം വരെ താണു. ചെമ്പുവില 0.4 ശതമാനം കയറി.
സ്വർണം ഉയർന്ന വില നിലനിർത്താനാകാതെ താഴോട്ടു നീങ്ങുകയാണ്. 1815 വരെ കയറിയ സ്വർണം 1810 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 1802-1804 ഡോളറിലാണു വ്യാപാരം.
രൂപ ഇന്നലെ ചെറിയ നേട്ടമുണ്ടാക്കി. ഡോളർ 13 പൈസ നഷ്ടത്തിൽ 82.49 രൂപയിൽ ക്ലോസ് ചെയ്തു.
ഡോളർ സൂചിക താഴ താഴോട്ടാണ്. ഇന്നലെ 103.77 ൽ ക്ലോസ് ചെയ്ത ഡോളർ സൂചിക ഇന്ന് 103.64 ലാണ്.
ഫെഡ് കാഴ്ചപ്പാട് വ്യത്യസ്തം
ഓഹരി വിപണിയുടെ ആഗ്രഹം പോലെയല്ല യുഎസ് കേന്ദ്ര ബാങ്കായ ഫെഡ് ചിന്തിക്കുന്നതും പ്രവർത്തിക്കുന്നതും. ഈ വർഷത്തെ അവസാന യോഗത്തിൽ ഫെഡ് ഓപ്പൺ മാർക്കററ്റ് കമ്മിറ്റി ഫെഡ് റേറ്റ് 3.75 - 4.00 ൽ നിന്ന് 4.25-4.50 ശതമാനത്തിലേക്ക്കൂട്ടി. 2008-ൽ ഉണ്ടായിരുന്ന നില. വർധന ഇത്രയേ വരൂ എന്നു നേരത്തേ ഉണ്ടായ പ്രതികരണങ്ങളിൽ നിന്നു വിപണി പ്രതീക്ഷിച്ചിരുന്നു. അതിനപ്പുറം വിപണി ആഗ്രഹിച്ചതു പോലെയായില്ല കാര്യങ്ങൾ. ഫെഡ് ചെയർമാൻ ജെറോം പവൽ പറഞ്ഞത് അടുത്ത വർഷം പല തവണ നിരക്കു കൂട്ടും എന്നാണ്. 5.1 ശതമാനം വരെ നിരക്കു വർധിക്കും. കമ്മിറ്റിയിലെ ചില അംഗങ്ങൾ 5.6 ശതമാനം വരെ കൂട്ടണമെന്നു കരുതുന്നുണ്ട്. 4.6 ശതമാനം കൊണ്ടു വർധന നിർത്തും എന്ന പ്രതീക്ഷ തെറ്റി.
ഉയർന്ന നിരക്ക് 2023 മുഴുവൻ തുടരുമെന്നു പവൽ പറഞ്ഞു. 2024-ലേ വിലക്കയറ്റ നിരക്ക് 2.5 ശതമാനത്തിലേക്കു താഴൂ. അതിനു ശേഷമേ നിരക്കു കുറച്ചു തുടങ്ങൂ.
മാന്ദ്യമില്ല, ക്ഷീണം മാത്രം
സാമ്പത്തിക മാന്ദ്യം ഉണ്ടാകുകയില്ലെന്നാണ് പവലും ഫെഡും പറയുന്നത്. 2023 - ലെ യുഎസ് വളർച്ച 0.5 ശതമാനമായിരിക്കും എന്നു ഫെഡ് പ്രതീക്ഷിക്കുന്നു. 2024-ൽ 1.6 ശതമാനം വളർച്ച കണക്കാക്കുന്നു. തൊഴിലല്ലായ്മ 2023 - ലും 2024 - ലും 4.6 ശതമാനമായിരിക്കും എന്നാണു ഫെഡിന്റെ നിഗമനം. ബ്രോക്കറേജുകൾ ഫെഡ് നിഗമനങ്ങളെ ചോദ്യം ചെയ്യുന്നു. ഉയർന്ന പലിശ മാന്ദ്യം വരുത്തും എന്നാണ് അവരുടെ പക്ഷം.


Tags:    

Similar News