വിപണികളിൽ വീണ്ടും ചോരപ്പുഴ; തിരുത്തലിന്റെ വഴിയിൽ ഓഹരികൾ; വിദേശ സൂചനകൾ നെഗറ്റീവ്
ഓഹരി വിപണിയിലെ ഇടിവ് ദീർഘകാല പ്രതിഭാസമാകുമോ? മിന്നി തിളങ്ങി കേരള കമ്പനികൾ വരാനിരിക്കുന്നത് മാന്ദ്യമോ മുരടിപ്പോ?
തിരുത്തലിലേക്ക് നീങ്ങുകയാണു വിപണി. അതു ഹ്രസ്വകാല തിരുത്തലാണോ ദീർഘകാല തിരുത്തലാണോ എന്നേ അറിയാനുള്ളു. ലോകമെങ്ങും ഉയരുന്ന പലിശയും കുറയുന്ന പണലഭ്യതയും വിപണികളെ തിരുത്തലിലേക്കു തിരിച്ചു വിട്ടു. ഒരു സാമ്പത്തിക മാന്ദ്യം അനിവാര്യമാണെന്ന വിലയിരുത്തലിലാണു വിപണികൾ. ഇതിനു വഴി തെളിക്കുന്ന കേന്ദ്ര ബാങ്കുകളാകട്ടെ മാന്ദ്യം വരില്ല, മുരടിപ്പേ വരൂ എന്നാണു പറയുന്നത്. ആ വിശ്വാസം വിപണിക്കില്ലെന്നാണ് മിനിയാന്നും ഇന്നലെയുമായി പാശ്ചാത്യ വിപണികൾ കാണിച്ചത്. ഇതിന്റെതുടർച്ചയായ ക്ഷീണത്തിലേക്കാണ് ഇന്നു വിപണികൾ നീങ്ങുന്നത്.
ഇന്ത്യയടക്കമുളള ഏഷ്യൻ വിപണികൾ ഇന്നലെ ഇടിവിലായിരുന്നു. പിന്നീടു യൂറോപ്യൻ വിപണിയും ഇടിഞ്ഞു. യുഎസ് മാർക്കറ്റ് താഴ്ചയിൽ തുടങ്ങി കൂടുതൽ താഴ്ചയിൽ ക്ലോസ് ചെയ്തു. ഡൗ ജോൺസ് സൂചിക 950 പോയിന്റ് താഴ്ന്നിട്ട് 764 പോയിന്റ് (2.25%) നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. നാസ്ഡാക് സൂചിക 3.23 ശതമാനം ഇടിഞ്ഞു. യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു നേരിയ ഉയർച്ചയിലാണ്.
ഏഷ്യൻ വിപണികൾ ഇന്നു കുത്തനേ താഴ്ന്നാണ് വ്യാപാരം തുടങ്ങിയത്. ജപ്പാനിലെ നിക്കൈ സൂചിക ഒന്നര ശതമാനം താഴ്ചയിലാണ് വ്യാപാരം ആരംഭിച്ചത്. ചെെനീസ് വിപണികളും തുടക്കത്തിൽ താഴ്ന്നു.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജി എക്സ് നിഫ്റ്റി ഇന്നലെ 18,358 - ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ
സൂചിക 18,400ലെത്തി. ഇന്ത്യൻ വിപണി താഴ്ചയോടെ തുടങ്ങുമെന്നാണ് ഇതിലെ സൂചന.
ഇന്നലെ ഇന്ത്യൻ വിപണി താഴ്ചയിൽ തുടങ്ങി വലിയ ഇടിവിൽ അവസാനിച്ചു. എല്ലാ മേഖലകളും നഷ്ടത്തിലായി. അഞ്ചു ദിവസം തയാർച്ചയായി കുതിച്ച ബാങ്ക് നിഫ്റ്റിയും ഇടിഞ്ഞു. സെൻസെക്സ് ഇന്നലെ 878.88 പോയിന്റ് (1.4%) നഷ്ടത്തിൽ 61,799.03 ലും നിഫ്റ്റി 245.4 പോയിന്റ് (1.32%) ഇടവിൽ 18,414.9 ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 1.01 ശതമാനം താഴ്ന്നപ്പോൾ സ്മോൾ ക്യാപ് സൂചിക 0.57 ശതമാനമേ താഴ്ന്നുള്ളു.
വിപണി ബെയറിഷ് മനോഭാവത്തിലാണെന്ന് വിശകലന വിദഗ്ധർ പറയുന്നു. നിഫ്റ്റി 18,350 - നു താഴേക്കു പോയാൽ 18,100 നു താഴേക്കു വഴി തുറക്കും എന്നാണു മുന്നറിയിപ്പ്. ഇപ്പോൾ നിഫ്റ്റിക്ക് 18,380 - ലും 18, 210-ലും പിന്തുണയുണ്ട്. ഉയരുമ്പോൾ 18,585-ലും 18,750 -ലും തടസങ്ങൾ നേരിടും.
വിദേശ നിക്ഷേപകർ ഇന്നലെ 710.74 കോടി രൂപയുടെ ഓഹരികൾ വിറ്റു. സ്വദേശി ഫണ്ടുകൾ 260.92 കോടിയുടെ ഓഹരികൾ വാങ്ങി.
ക്രൂഡ് ഓയിൽ വില താഴ്ചയിലാണ്. ഡോളർ നിരക്ക് കൂടുന്നതും മാന്ദ്യ ഭീതിയുമാണു കാരണങ്ങൾ. ബ്രെന്റ് ഇനം വില 81.21 ഡോളർ ആയി.
വ്യാവസായിക ലോഹങ്ങൾ താഴ്ചയിലാണ്. നിക്കൽ ഒഴിച്ചുള്ള ലോഹങ്ങൾക്ക് 0.4 മുതൽ മൂന്നു വരെ ശതമാനം വിലയിടിഞ്ഞു.
സ്വർണം 1800-നു താഴേക്കു വീണു. ഇന്നു രാവിലെ സ്വർണം 1777 -1779 ഡോളറിലാണ്.
രൂപയ്ക്ക് ഇന്നലെ നഷ്ട ദിനമായിരുന്നു. ഡോളർ 30 പൈസ നേട്ടത്തിൽ 82.76 രൂപയിലെത്തി.
ഡോളർ സൂചിക ഉയരുകയാണ്. ഇന്നലെ 104.56 ലാണു സൂചിക ക്ലോസ് ചെയ്തത്. ഇന്നു രാവിലെ സൂചിക 104.44 ലേക്കു താണു.
ധനലക്ഷ്മിയും എഫ്എസിടിയും
ഇന്നലെ ധനലക്ഷ്മി ബാങ്ക് ഓഹരികൾ 7.25 ശതമാനം ഉയർന്ന് 25.1 രൂപയായി. ഫെഡറൽ ബാങ്ക് ഓഹരി 142.2 രൂപ വരെ കയറി റിക്കാർഡ് കുറിച്ചെങ്കിലും 137.7 രൂപയിലാണു ക്ലാേസ് ചെയ്തത്. സൗത്ത് ഇന്ത്യൻ ബാങ്ക് 20.6 രൂപയിലേക്ക് ഉയർന്നു.
എഫ്എസിടി ഓഹരി ഇന്നലെ കുതിച്ചു. 20 ശതമാനം നേട്ടത്തോടെ 223.9 രൂപയായി വില. രണ്ടു ദിവസം കൊണ്ട് 30 ശതമാനം നേട്ടം ഓഹരിക്കുണ്ടായി. ഇതോടെ ആറു മാസത്തെ ഉയർച്ച 103 ശതമാനമായി.
വരാനിരിക്കുന്നത് മാന്ദ്യമോ മുരടിപ്പോ?
യുഎസ് ഫെഡിന്റെ ചുവടു പിടിച്ച് യൂറോപ്യൻ കേന്ദ്ര ബാങ്കും ബാങ്ക് ഓഫ് ഇംഗ്ലണ്ടും സ്വിസ് നാഷണൽ ബാങ്കും ഇന്നലെ പലിശ നിരക്ക് 50 ബേസിസ് പോയിന്റ് വീതം വർധിപ്പിച്ചു. പ്രധാനപ്പെട്ട കേന്ദ്ര ബാങ്കുകൾ ഏകോപിച്ചു നടത്തുന്ന നിരക്കു വർധനയാണ് ഈ വർഷം കണ്ടത്. വർധന തുടരും. ഒപ്പം വിപണിയിലെ പണലഭ്യത കുറയ്ക്കുന്നുമുണ്ട്.
2008-ലെ ആഗോള ധനകാര്യ പ്രതിസന്ധി - മാന്ദ്യകാലത്തും 2020 ൽ കോവിഡ് മഹാമാരിയുടെ കാലത്തും കേന്ദ്രബാങ്കുകൾ ചെയ്ത കാര്യങ്ങൾ തിരിച്ചു വയ്ക്കുകയാണ് ഇപ്പോൾ. അന്നു പലിശ നിരക്ക് തീരെ കുറഞ്ഞ നിലയിലാക്കി.
യൂറോപ്പിലും മറ്റും നെഗറ്റീവ് പലിശ വർഷങ്ങളോളം തുടർന്നു. കേന്ദ്ര ബാങ്കുകൾ കറൻസികൾ അടിച്ചിറക്കി വിപണിയിൽ പണമൊഴുക്കി. കുറഞ്ഞ പലിശയും ഉദാരമായ പണലഭ്യതയും ഒരു ദശകത്തിലേറെ നീണ്ട ബുൾ തരംഗമാണു വിപണികളിൽ ഉണ്ടാക്കിയത്. ഇതു തന്നെ കുതിച്ചു പായുന്ന വിലക്കയറ്റത്തിനും കാരണമായെന്നു ധനശാസ്ത്രജ്ഞ കരുതുന്നു.
പലിശ കൂട്ടിയും പണലഭ്യത കുറച്ചും കാര്യങ്ങൾ സാധാരണ നിലയിലാക്കാനാണു കേന്ദ്രബാങ്കുകൾ ഇപ്പോൾ ഏകോപിച്ചു നീങ്ങുന്നത്. മുൻപൊന്നും ഇങ്ങനെയൊരു ധനകാര്യ പരീക്ഷണം ആഗോള തലത്തിൽ നടന്നിട്ടില്ല. അതുകൊണ്ടു തന്നെ ഇതിന്റെ ഗതിയും പര്യവസാനവും ആകാംക്ഷയോടെ ശ്രദ്ധിക്കപ്പെടുന്നു.
പലിശ കൂട്ടുന്നതു 2023 -ലും തുടരുമെന്നാണു കേന്ദ്ര ബാങ്കുകൾ പറയുന്നത്. അതു സാമ്പത്തിക മാന്ദ്യം ഉണ്ടാക്കുമെന്നു വിപണിയുമായി ബന്ധപ്പെട്ടവരും കുറേ ധനശാസ്ത്രജ്ഞരും പറയുന്നു. കേന്ദ്ര ബാങ്കുകൾ മാന്ദ്യം വരില്ല, വളർച്ച തീരെ കുറവാകുകയേ ഉള്ളൂ എന്നാണു വാദിക്കുന്നത്. യുഎസ് 2022-ലും 2023 - ലും 0.5 ശതമാനം വീതവും 2024-ൽ 1.6 ശതമാനവും വളരും എന്നാണു ഫെഡ് ചെയർമാൻ ജെറോം പവലിന്റെ നിഗമനം.
അമേരിക്കയിലെ എസ് ആൻഡ് പി സൂചിക 15 - 20 ശതമാനം കൂടി താഴുമെന്നും അപ്പോഴേ ഓഹരികൾ വാങ്ങാറാകൂ എന്നും മോർഗൻ സ്റ്റാൻലി ഇന്നലെ വിലയിരുത്തി.