ഐടി ഫലങ്ങളിൽ ആശങ്ക; അടുത്ത പാദത്തിലും ക്ഷീണം തുടരാം
നിർണായക കണക്കുകൾ കാത്തു വിപണി; ഐ.ഡി.ബി.ഐ ബാങ്ക് വിൽപന നീക്കം വേഗത്തിൽ
ടിസിഎസിനു പിന്നാലെ ഇൻഫോസിസ് ടെക്നോളജീസും ടെക് മേഖലയുടെ നില മോശമാണെന്നു കാണിച്ചതോടെ വിപണി ചെറുതല്ലാത്ത ആശങ്കയിലാണ്. വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമായി ഇൻഫോസിസിന്റെ എ.ഡി.ആർ., യു.എസ് വിപണിയിൽ 12 ശതമാനത്താേളം ഇടിഞ്ഞു. ഒരു മാസം കൊണ്ട് 1,000 പോയിന്റ് കുതിച്ചു കയറിയ നിഫ്റ്റിയുടെ മുന്നേറ്റത്തിന്റെ ഭാവി ഐടി ഓഹരികളുടെ ഗതിയെ ആശ്രയിച്ചിരിക്കുന്നു. എച്.ഡി.എഫ്. സി ബാങ്കിന്റെ റിസൽട്ടിനോടും വിപണി ഇന്നു പ്രതികരിക്കും.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി വെള്ളിയാഴ്ച ഒന്നാം സെഷനിൽ 17,871-ൽ അവസാനിച്ചു. രണ്ടാം സെഷനിൽ താഴ്ന്ന് 17,813 -ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ സൂചിക വീണ്ടും താണ് 17,784 ലായി. ഇന്ത്യൻ വിപണി ഇന്നു ദുർബലമായ തുടക്കം കുറിക്കുമെന്ന സൂചനയാണ് ഇതു നൽകുന്നത്.
യൂറോപ്യൻ വിപണികൾ കഴിഞ്ഞയാഴ്ച നേട്ടത്തിൽ അവസാനിച്ചു. യു.എസ് വിപണി വ്യാഴാഴ്ച ഗണ്യമായി കയറിയിട്ടു വെള്ളിയാഴ്ച ചെറിയ നഷ്ടത്തിലായി. മാന്ദ്യഭീതി ഒഴിവാക്കിയാണു വിപണി ആഴ്ച ക്ലോസ് ചെയ്തത്. കഴിഞ്ഞയാഴ്ച ഡൗ ജോൺസ് 1.2%, എസ് ആൻഡ് പി 0.8%, നാസ്ഡാക് 0.3% എന്നിങ്ങനെ നേട്ടമുണ്ടാക്കി.
ഇന്നു യുഎസ് ഫ്യൂച്ചേഴ്സ് നേട്ടത്തിലാണ്. ഡൗവും എസ് ആൻഡ് പിയും 0.16 ശതമാനം വീതം കയറി. എന്നാൽ നാസ്ഡാക് 0.05 ശതമാനം താഴ്ചയിലായി. ജപ്പാനിൽ നിക്കെെ നേട്ടത്തിൽ വ്യാപാരം തുടങ്ങിയിട്ട് കാൽ ശതമാനം താഴ്ചയിലേക്കു മാറി. കൊറിയയിലും ഓഹരികൾ താഴ്ചയിലാണ്. മിക്ക ഏഷ്യൻ രാജ്യങ്ങളിലും വിപണികൾ താഴ്ന്നു. ചെെനീസ് വിപണി ഇന്നും ദുർബലമാണ്.
ഇന്ത്യൻ വിപണി വ്യാഴാഴ്ച നേരിയ നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചതോടെ തുടർച്ചയായ ഒൻപതു ദിവസത്തെ നേട്ടം കുറിച്ചു. 2020 ഒക്ടോബറിനു ശേഷം ആദ്യമായാണ് ഇങ്ങനെയൊരു നേട്ടം. കഴിഞ്ഞയാഴ്ച സെൻസെക്സ് 598 പോയിന്റ് (1.0%) നേട്ടത്തിൽ 60,431.00ലും നിഫ്റ്റി 229 പോയിന്റ് (1.3%) കയറി 17,828.00 ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 1.75 ശതമാനവും സ്മോൾ ക്യാപ് സൂചിക 1.5 ശതമാനവും കയറിയാണ് വ്യാപാരം അവസാനിപ്പിച്ചത്.
കഴിഞ്ഞയാഴ്ച റിയൽറ്റി ഓഹരി സൂചിക 5.3 ശതമാനം കുതിച്ചു. വാഹനങ്ങൾ, ബാങ്ക്, ധനകാ കമ്പനികൾ, മെറ്റൽ എന്നിവയും നല്ല നേട്ടം ഉണ്ടാക്കി. ഐടി മേഖലയാണു കാര്യമായി ഇടിഞ്ഞത്.
ഏപ്രിലിലെ ആദ്യ രണ്ടാഴ്ച കൊണ്ട് ഇന്ത്യൻ ഓഹരികളുടെ വിപണിമൂല്യം 14 ലക്ഷം കോടി രൂപ കണ്ടു വർധിച്ച് 266 ലക്ഷം കോടി രൂപയിലെത്തി.
നിഫ്റ്റി 17,800 നു മുകളിൽ ക്ലോസ് ചെയ്തതോടെ മുഖ്യ തടസമേഖല മറികടന്നെന്നും ഇനി 18,000 - 18,200 ആണു തടസമേഖലയെന്നും സാങ്കേതിക വിശകലന വിദഗ്ധർ പറയുന്നു. എന്നാൽ ഇൻഫോസിസിന്റെ മോശം റിസൽട്ട് ഇന്നും തുടർന്നുള്ള ദിവസങ്ങളിലും വിപണിയെ ബാധിക്കാം.
നിഫ്റ്റിക്ക് 17,760ലും 17,690 ലും സപ്പോർട്ട് ഉണ്ട്. 17,845 ലും 17,915 ലും തടസങ്ങൾ ഉണ്ടാകാം എന്നാണു ചാർട്ടുകൾ സൂചിപ്പിക്കുന്നത്. വിദേശനിക്ഷേപകർ ആവേശത്തോടെയാണ് പുതിയ സാമ്പത്തിക വർഷം ഇന്ത്യൻ ഓഹരികളെ സമീപിക്കുന്നത്. ഏപ്രിൽ മൂന്നു മുതൽ 13 വരെ തീയതികളിൽ അവർ മൊത്തം 8,767കോടി രൂപ ഓഹരികളിൽ നിക്ഷേപിച്ചു. മാർച്ചിൽ 7936 കോടി അവർ നിക്ഷേപിച്ചു. എന്നാൽ 2022 - 23 ൽ മൊത്തം 37,631 കോടി അവർ ഇന്ത്യൻ വിപണിയിൽ നിന്നു പിൻവലിച്ചു. 2021-22-ൽ 1.22 ലക്ഷം കോടി ഇന്ത്യയിൽ നിന്നു പിൻവലിച്ചിരുന്നു.
ക്രൂഡ് ഓയിലും സ്വർണവും
ക്രൂഡ് ഓയിൽ വില നേരിയ തോതിൽ താണു. ബ്രെന്റ് ഇനം ക്രൂഡ് 86.31 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 86.2 ലേക്കു താണു. സ്വർണവില 2000 ഡോളറിനു സമീപം ചാഞ്ചാടി. ഡോളറിന്റെ ദൗർബല്യവും പലിശക്കാര്യത്തിലെ അനിശ്ചിതത്വവും ആണു കാരണം. വെള്ളിയാഴ്ച ഔൺസിന് 2047 ഡോളർ വരെ കയറിയ ശേഷം വില 2004 ഡോളറിലേക്കു താഴ്ന്നു ക്ലോസ് ചെയ്തു. ഇന്നു രാവിലെ 1994 വരെ താണിട്ട് 2001- 2003 ൽ വ്യാപാരം നടക്കുന്നു.
കേരളത്തിൽ പവൻ വില വെളളിയാഴ്ച 440 രൂപ വർധിച്ച് 45,320 രൂപ എന്ന പുതിയ റെക്കോർഡിലെത്തിയിരുന്നു. ശനിയാഴ്ച 560 രൂപ കുറഞ്ഞ് 44,760 രൂപയായി. വ്യാവസായിക ലോഹങ്ങൾ കഴിഞ്ഞയാഴ്ച താഴ്ന്നിട്ടു കയറി. ചെമ്പ് 9,030 ഡോളറിലും അലൂമിനിയം 2,385 ഡോളറിലുമാണ്. നിക്കൽ, സിങ്ക് തുടങ്ങിയവയും ഉയർന്നു ക്ലോസ് ചെയ്തു.
ക്രിപ്റ്റോ കറൻസികൾ ഉയർന്നു നിൽക്കുന്നു. ബിറ്റ് കോയിൻ 30,000 ഡോളറിനു താഴെയായി. ഡോളർ വ്യാഴാഴ്ച 22 പെെസ നഷ്ടത്തിൽ 81.85 രൂപയിൽ ക്ലോസ് ചെയ്തു. ഡോളർ സൂചിക വെള്ളിയാഴ്ച 55 പോയിന്റ് കയറി 101.55 ൽ അവസാനിച്ചു. ഇന്നു രാവിലെ 101.8 ലേക്കു കയറി.
ഐ.ടി സേവന മേഖലയിലെ ക്ഷീണം രണ്ടു പാദം കൂടി തുടരാം
ടി.സി.എസിനു പിന്നാലെ ഇൻഫോസിസ് ടെക്‌നോളജീസും പ്രതീക്ഷയിലും മോശമായ റിസൽട്ട് പുറത്തുവിട്ടു. അമേരിക്കയിലും മറ്റും ബാങ്ക്, ധനകാര്യ, ഇൻഷ്വറൻസ് കമ്പനികൾ നേരിടുന്ന പ്രശ്നങ്ങളുടെ ഫലമാണ് ഐ.ടി സേവന കമ്പനികളുടെ വരുമാനവും ലാഭ മാർജിനും കുറഞ്ഞത്. യു.എസ് കമ്പനികൾ മുന്നറിയിപ്പില്ലാതെ കോൺട്രാക്ടുകൾ കുറയ്ക്കുകയും റദ്ദാക്കുകയും ചെയ്യുന്നു.
നാലാം പാദത്തിലെ റിസൽട്ടുകൾ പുറത്തുവിടാനുള്ള മറ്റു കമ്പനികൾക്കും ഇതു തന്നെയാണ് അവസ്ഥയെന്ന് ഈ രംഗത്തു പരിചയസമ്പന്നരായ വിദഗ്‌ധർ പറയുന്നു. ഏപ്രിൽ - ജൂൺ പാദത്തിലും ഈ പ്രശ്നം തുടരുമെന്നും അതിനു ശേഷമേ വളർച്ച പ്രതീക്ഷിക്കേണ്ടതുള്ളൂ എന്നുമാണ് ഇൻഫാേസിസിന്റെ മുൻ ഡയറക്ടർ ടി. വി. മോഹൻദാസ് പെെ കരുതുന്നത്. എങ്കിലും ഒക്ടോബർ-ഡിസംബർ പാദത്തിലേ വളർച്ച തിരിച്ചു കയറൂ എന്നാണ് മിക്കവരും കണക്കുകൂട്ടുന്നത്.
യു.എസ് ധനകാര്യ മേഖലയിലടക്കം വ്യവസായങ്ങളിൽ കാര്യമായ അഴിച്ചു പണി ഈ വർഷം നടക്കുമെന്നും അതിനു ശേഷമേ ഇന്ത്യൻ ഐ.ടി കമ്പനികൾ പഴയവളർച്ച തിരിച്ചു വരുമെന്നു പ്രതീക്ഷിക്കേണ്ടതുള്ളൂ എന്നും ജെൻപാക്റ്റിന്റെ സ്ഥാപകൻ പ്രമോദ് ഭാസിൻ പറയുന്നു.
മാന്ദ്യം സംബന്ധിച്ച ആശങ്കകൾ പർവതീകരിച്ചതാണെന്നു നിരീക്ഷകർ അഭിപ്രായപ്പെടുന്നു. യുഎസിലെ ബാങ്കിംഗ് ഭീമന്മാരായ ജെ.പി മാേർഗൻ ചെയ്‌സ്, വെൽസ് ഫാർഗാേയും കഴിഞ്ഞ വെള്ളിയാഴ്ച മികച്ച റിസൽട്ടുകളാണു പ്രസിദ്ധീകരിച്ചത്. യുഎസ് സമ്പദ്ഘടന ഇപ്പോഴും നല്ല കരുത്തോടെയാണു മുന്നേറുന്നത്. ഉയർന്ന പലിശയും ദുർബലമായ പ്രാദേശിക ബാങ്കുകളും മൂലം സാമ്പത്തിക രംഗത്തു പ്രശനങ്ങൾ ഉണ്ടാകുമെങ്കിലും വലിയ നീണ്ട മാന്ദ്യം വരില്ലെന്നു തന്നെയാണ് വിലയിരുത്തൽ. അതായതു യുഎസ് കമ്പനികൾ ഒന്നുരണ്ടു പാദങ്ങൾ കൊണ്ടു തിരിച്ചു കയറ്റത്തിലാകും. അവരുടെ ഐടി സേവനങ്ങൾ നടത്തുന്ന ഇന്ത്യൻ കമ്പനികളും തിരിച്ചു കയറും എന്നാണു വിപണിയിലെ പൊതു ധാരണ.
ഈയാഴ്ച നിർണായക സാമ്പത്തിക കണക്കുകൾ
ഈയാഴ്ച നിർണായകമായ പല സാമ്പത്തിക കണക്കുകളും പുറത്തുവരും. ഇന്ത്യയുടെ മാർച്ചിലെ മൊത്തവില ആധാരമാക്കിയുള്ള വിലക്കയറ്റ കണക്ക് ഇന്നു പ്രസിദ്ധീകരിക്കും. ജനുവരിയിൽ 4.73 ഉം ഫെബ്രുവരിയിൽ 3.85 ഉം ശതമാനമായിരുന്നു മൊത്ത വിലക്കയറ്റം.
ചൈനയുടെ ജനുവരി-മാർച്ച് ജിഡിപി കണക്കും മാർച്ചിലെ വ്യവസായ ഉൽപാദന കണക്കും അറിവാകും. ഡിസംബറിൽ ലവസാനിച്ച പാദത്തിൽ ചെെന 2.9 ശതമാനം വളർന്നതാണ്. അന്നു കോവിഡ് നിയന്ത്രണങ്ങൾ മുഴുവൻ നീക്കിയിരുന്നില്ല. ഡിസംബറാേടെ നിയന്ത്രണങ്ങൾ ഒഴിവായി. ഈ സാഹചര്യത്തിലെ വളർച്ചയുടെ ഗതി എല്ലാവരും ഉറ്റുനോക്കുന്നതാണ്. ഇക്കൊല്ലം 5.5 ശതമാനം വളർച്ച ലക്ഷ്യമിട്ടാണു ചൈന പ്രവർത്തിക്കുന്നത്. ഐഎംഎഫും മറ്റും കണക്കാക്കുന്നത് 5.2 ശതമാനം വളർച്ചയാണ്.
ചൈനയുടെ വ്യവസായ ഉൽപാദന വളർച്ച ജനുവരി - ഫെബ്രുവരിയിൽ 2.4 ശതമാനമായിരുന്നു. നില മെച്ചപ്പെട്ടോ എന്ന് ഇന്നറിയാം.ബുധനാഴ്ച യൂറോ മേഖലയിലെയും യുകെയിലെയും ചില്ലറവിലക്കയറ്റ കണക്ക് വരും. യൂറോ മേഖലയിൽ മാർച്ചിലെ വിലക്കയറ്റം 6.9 ശതമാനമായിരുന്നു. യുകെയിലേത് 10.4 ശതമാനവും.
കമ്പനികൾ
ഐഡിബിഐ ബാങ്കിന്റെ വിൽപന നീക്കം വീണ്ടും ചൂടായി. ബാങ്കിൽ താൽപര്യം കാണിച്ചിട്ടുള്ളവരുടെ ഓഫറുകൾ റിസർവ് ബാങ്ക് പരിശേധിച്ചു തുടങ്ങി. കൊട്ടക് മഹീന്ദ്ര ബാങ്ക്, തൃശൂർ ആസ്ഥാനമായുള്ള സിഎസ്ബി ബാങ്ക്, യുഎഇയിലെ എമിറേറ്റ്സ് എൻബിഡി തുടങ്ങിയവയാണു താൽപര്യം അറിയിച്ചിട്ടുള്ളത്. സിഎസ്ബിയിലെ വലിയ ഓഹരി ഉടമയായ പ്രേം വൽസയുടെ ഫെയർ ഫാക്സ് ഗ്രൂപ്പ് ഒരു കൺസോർഷ്യം രൂപീകരിച്ച് പണം സമാഹരിച്ചിട്ടുണ്ട് എന്നാണു റിപ്പോർട്ട്.
ഗവണ്മെന്റിനു 45.48 ശതമാനവും എൽഐസിക്ക് 49.24 ശതമാനവും ഓഹരി ഐഡിബിഐയിൽ ഉണ്ട്. ഇവർ 30.48 ഉം 30.24 ഉം ശതമാനം ഓഹരി വിൽക്കും. പിന്നീടു ഗവണ്മെന്റിന് 15 - ഉം എൽഐസി ക്ക് 19 ഉം ശതമാനം ഓഹരി ശേഷിക്കും.
ഐഡിബിഐ ബാങ്ക് ഓഹരി വെള്ളിയാഴ്ച 12.2 ശതമാനം ഉയർന്നു. കഴിഞ്ഞയാഴ്ച രാസവള കമ്പനികൾ വലിയ കുതിപ്പ് നടത്തി. പ്രകൃതിവാതക വില ഗണ്യമായി കുറച്ച കേന്ദ്ര സർക്കാർ നടപടിയാണു കാരണം. എഫ്എസിടി ഓഹരി കഴിഞ്ഞയാഴ്ച 38 ശതമാനം കയറി 320 രൂപയ്ക്കു മുകളിലായി.
എയു സ്മോൾ ഫിനാൻസ് ബാങ്ക് ഓഹരി കഴിഞ്ഞ ദിവസം 17 ശതമാനം ഉയർന്നു. എംഡിയും സിഇഒയുമായ ശ്യാമൾ ചക്രവർത്തിക്കു മൂന്നു വർഷത്തേക്കു പുനർ നിയമനം റിസർവ് ബാങ്ക് അംഗീകരിച്ചതാണു കാരണം.
വിപണി സൂചനകൾ
(2023 ഏപ്രിൽ 13, വ്യാഴം)
സെൻസെക്സ് 30 60,431.00 +0.06%
നിഫ്റ്റി 50 17,828.00 +0.09%
ബാങ്ക് നിഫ്റ്റി 41,132.60 +1.38%
മിഡ് ക്യാപ് 100 30,884.65 +0.36%
സ്മോൾ ക്യാപ് 100 9337.30 +0.29%
(2023 ഏപ്രിൽ 14, വെള്ളി)
ഡൗ ജോൺസ് 30 33,886.50 -0.42%
എസ്. ആൻഡ് പി 500 4137.64 -0.21%
നാസ്ഡാക് 12,123.50 -0.35%
ഡോളർ ($) ₹81.85 - 22 പൈസ
ഡോളർ സൂചിക 101.58 +0.57
സ്വർണം(ഔൺസ്) $ 2004.00 -$40.10
സ്വർണം(പവൻ) ₹45, 3200 +₹440
ക്രൂഡ്(ബ്രെന്റ്)ഓയിൽ $86.31 -$1.02