നേട്ടം പ്രതീക്ഷിച്ചു വർഷാന്ത്യത്തിലേക്ക്; വിപണിയിൽ ബുളളിഷ് മനോഭാവം തുടരുമോ? താഴ്ന്ന വിലയിൽ വാങ്ങാൻ തിരക്ക്; കറന്റ് അക്കൗണ്ട് കമ്മിയിൽ ആശങ്ക
ഇന്ന് ഇന്ത്യൻ വിപണി നേട്ടത്തോടെ വ്യാപാരം തുടങ്ങും. അമേരിക്കൻ വിപണിക്ക് ഇത് നഷ്ട വർഷം. ഇന്ത്യൻ വിപണിക്ക് നാമമാത്ര നേട്ടം
അവസാന മണിക്കൂറിൽ താഴ്ന്ന വിലയിൽ വാങ്ങിക്കാനുള്ള ഉത്സാഹം ഇന്നലെ ഇന്ത്യൻ വിപണിയെ നേട്ടത്തിൽ ക്ലോസ് ചെയ്യാൻ സഹായിച്ചു. പാശ്ചാത്യ വിപണികളും ആഴത്തിൽ നിന്നു കോരുന്ന ഈ പ്രവണതയുടെ നേട്ടം കൊയ്തു. യുഎസ് സൂചികകൾ വർഷാന്ത്യത്തലേന്ന് പോസിറ്റീവായി അവസാനിച്ചു. ഡൗ ജോൺസ് 1.05 ശതമാനവും നാസ്ഡാക് 2.59 ശതമാനവും എസ് ആൻഡ് പി 1.75 ശതമാനവും ഉയർന്നു ക്ലോസ് ചെയ്തു. യുഎസ് ഫ്യൂച്ചേഴ്സ് ചെറിയ നേട്ടത്തിലാണ്.
ഇന്നു വിപണികൾ നേട്ടത്തിൽ വ്യാപാരമാരംഭിക്കാൻ ഇതു വഴി തെളിക്കാം. ഏഷ്യൻ വിപണികൾ ഇന്നു നേട്ടത്തോടെ വ്യാപാരം തുടങ്ങി. എന്നാൽ അതത്രയും നിലനിർത്തിയില്ല. ജപ്പാനിൽ നിക്കെെ സൂചിക അര ശതമാനം ഉയർന്നു തുടങ്ങിയിട്ട് നേട്ടം ക്രമേണ കുറച്ചു. ചെെനീസ് വിപണി ഉയർന്നു വ്യാപാരം തുടരുന്നു.
സിംഗപ്പൂർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജി എക്സ് നിഫ്റ്റി ഇന്നലെ 18,403 വരെ കയറി. ഇന്നു രാവിലെ സൂചിക 18,411 വരെ ഉയർന്നിട്ട് 18,345 ലേക്കു താഴ്ന്നു. ഇന്ത്യൻ വിപണി ചെറിയ നേട്ടത്തോടെ വ്യാപാരം തുടങ്ങുമെന്നാണ് ഇതിലെ സൂചന.
വ്യാഴാഴ്ച ഇന്ത്യൻ വിപണി ചാഞ്ചാട്ടങ്ങൾക്കു ശേഷം പ്രതിമാസ സെറ്റിൽമെന്റ് പൂർത്തിയാക്കി ചെറിയ നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. സെൻസെക്സ് 223.6 പോയിന്റ് (0.37%) ഉയർന്ന് 61,133.88 -ലും നിഫ്റ്റി 68.5 പോയിന്റ് (0.38%) ഉയർന്ന് 18, 191 -ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 0.08 ശതമാനവും സ്മോൾ ക്യാപ് സൂചിക 0.21 ശതമാനവും ഉയർന്നു.
വിദേശ നിക്ഷേപകർ ഇന്നലെ 572.78 കോടിയുടെ ഓഹരികൾ വിറ്റഴിച്ചു. സ്വദേശി ഫണ്ടുകൾ 515.83 കോടിയുടെ ഓഹരികൾ വാങ്ങി.
മീഡിയ, കൺസ്യൂമർ ഡ്യുറബിൾസ്, ഹെൽത്ത് കെയർ, എഫ്എംസിജി മേഖലകൾ നഷ്ടത്തിൽ അവസാനിച്ചു. മെറ്റൽ, ബാങ്ക്, ഐടി, ഓയിൽ - ഗ്യാസ്, വാഹന മേഖലകൾ ഉയർന്നു.
വിപണി നീണ്ട ബുള്ളിഷ് തിരി രൂപപ്പെടുത്തിയാണ് ക്ലോസ് ചെയ്തത്. ഇന്നു നിഫ്റ്റിക്ക് 18,045 ലും 17,900 ലും പിന്തുണയുണ്ട്. ഉയരുമ്പോൾ 18,230 ലും 18,375 ലും തടസം ഉണ്ടാകാം.
ക്രൂഡ് ഓയിൽ വില ഇന്നലെ അൽപം താഴ്ന്ന് 82.26 ഡോളറിൽ എത്തി. ഡിമാൻഡ് വർധിക്കുന്നതായി സൂചന ഇല്ലാത്തതാണു കാരണം. വ്യാവസായിക ലോഹങ്ങൾ ചെറിയ കയറ്റിറക്കങ്ങളോടെ തുടർന്നു. അലൂമിനിയം ഒരു ശതമാനം കയറി 2400 ഡോളറിനു മുകളിലെത്തി. ചെമ്പ് നാമമാത്രമായി കുറഞ്ഞ് 8400 ഡോളറിനു താഴെയായി.
സ്വർണം ഇന്നലെ 1821 ഡോളർ വരെ കയറിയിട്ടു താഴ്ന്നു. ഇന്നു രാവിലെ വില വീണ്ടും കയറി 1817 -1819 ഡോളറിലെത്തി.രൂപ ഇന്നലെ ചാഞ്ചാട്ടങ്ങൾക്കു ശേഷം നേട്ടത്തിൽ അവസാനിച്ചു. ഡോളർ നിരക്ക് ആറു പൈസ കുറഞ്ഞ് 82.79 രൂപയായി. ഡോളർ സൂചിക പിന്നീട് 103.84 ലേക്കു താഴ്ന്നു ക്ലോസ് ചെയ്തു.
യുഎസ് വിപണിക്കു നഷ്ടവർഷം
അമേരിക്കൻ വിപണിയിലെ മുഖ്യ സൂചികകൾ ഈ വർഷം വലിയ നഷ്ടത്തിലാണ് അവസാനിപ്പിക്കുന്നത്. ഇന്നലത്തെനില വച്ച് ഡൗ ജോൺസ് 9.2 ശതമാനവും എസ് ആൻഡ് പി 19.75 ശതമാനവും നാസ്ഡാക് 33.82 ശതമാനവും ഇടിവിലാണ്. മറ്റു വികസിത രാജ്യങ്ങളിലും കഥ വ്യത്യസ്തമല്ല.
യുഎസ് വിപണി (എസ് ആൻഡ് പി യിലെ മാറ്റങ്ങൾ ആധാരമാക്കി) കഴിഞ്ഞ മൂന്നു വർഷവും മികച്ച ആദായമുണ്ടാക്കിയതാണ്. 2021-ൽ 26.89%, 2020-ൽ 16.26%, 2019 - ൽ 28.88% എന്നിങ്ങനെയായിരുന്നു നേട്ടം.
2008 -ലെ 38.49 ശതമാനം നഷ്ടത്തിനു ശേഷമുള്ള ഏറ്റവും വലിയ നഷ്ടമായിരിക്കും ഈ വർഷത്തേത്. 2000 -നു ശേഷമുള്ള മൂന്നാമത്തെ വലിയ നഷ്ട വർഷമാകുമിത്. (2002-ൽ 23.37% നഷ്ടം ഉണ്ടായിരുന്നു).
ഇന്ത്യൻ വിപണിക്കു നാമമാത്ര നേട്ടം
ഇന്ത്യൻ വിപണി 2022 അവസാനിപ്പിക്കുന്നതു ചെറിയ നേട്ടത്തോടെയാകും എന്നു പ്രതീക്ഷിക്കാം. ഇന്നലത്തെ ക്ലോസിംഗ് വച്ച് സെൻസെക്സ് 3.3 ശതമാനവും നിഫ്റ്റി 3.21 ശതമാനവും വാർഷിക നേട്ടത്തിലാണ്. എൻഎസ്ഇ മിഡ് ക്യാപ് സൂചികയുടെ 2022 ലെ ഉയർച്ച 2.98 ശതമാനം വരും. അതേ സമയം സ്മോൾ ക്യാപ് സൂചിക 14.44 ശതമാനം ഇടിവിലാണ്.
ഇന്ത്യൻ സൂചികകളുടെ രൂപയിലുള്ളേ നേട്ടമാണു മുകളിൽ പറഞ്ഞിട്ടുള്ളത്. രൂപയ്ക്ക് 11.3 ശതമാനം ഇടിവുണ്ടായ സാഹചര്യത്തിൽ നിക്ഷേപ നഷ്ടമാണ് സംഭവിച്ചത്. സ്മോൾ ക്യാപ്പുകളിലെ നഷ്ടം അപ്പോൾ വളരെ കൂടുതലുമാകും. എങ്കിലും സാങ്കേതികമായി ഓഹരി വിപണി നേട്ടത്തിൽ അവസാനിക്കുന്ന വർഷമാകും 2022.
നിഫ്റ്റിയിലെ ആദായം കഴിഞ്ഞ നാലുവർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലാകും ഇക്കൊല്ലം. 2021-ൽ 24.12%, 2020-ൽ 14.17%, 2019 - ൽ 12.02% എന്നിങ്ങനെ ആദായം നൽകിയതാണ്. 2018 ലെ ആദായം 3.15 ശതമാനം മാത്രമായിരുന്നു.
കറന്റ് അക്കൗണ്ട് കമ്മി കുത്തനേ കൂടി
ജൂലൈ - സെപ്റ്റംബർ ത്രൈമാസത്തിൽ (രണ്ടാം പാദം) ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി (സിഎഡി) 3640 കോടി ഡോളർ. ഏപ്രിൽ - ജൂണിലെ കമ്മിയുടെ ഇരട്ടി. കഴിഞ്ഞ വർഷം ഇതേ ത്രൈമാസത്തിലേതിന്റെ നാലിരട്ടി. 2012-13 ലെ മൂന്നാം പാദത്തിലെ 3177 കോടി ഡോളർ എന്ന റിക്കാർഡ് തകർത്ത കമ്മി.
ഇതു ജിഡിപിയുടെ 4.4 ശതമാനം വരും. ഒന്നാം പാദത്തിൽ 2.2 ശതമാനം കമ്മിയേ ഉണ്ടായിരുന്നുള്ളൂ. അർധ വർഷം മുഴുവൻ എടുത്താൽ 3.3 ശതമാനം വരും.
ഉൽപന്ന വ്യാപാരത്തിലെ കമ്മിയാണ് കറന്റ് അക്കൗണ്ട് ഇത്രയും കമ്മിയിലാകാൻ കാരണം. ഒപ്പം വിദേശ നിക്ഷേപകർ പണം പിൻവലിച്ചതും പ്രശ്നമായി.
രണ്ടാം പാദത്തിൽ വാണിജ്യ കമ്മി 8350 കോടി ഡോളറുണ്ട്. 20,000 കോടി ഡോളറിന്റെ ഇറക്കുമതി വേണ്ടി വന്നപ്പോൾ കയറ്റുമതി 11,650 കോടി ഡോളർ മാത്രം. സേവന കയറ്റുമതിയിലെ മിച്ചം 2560 കോടി ഡോളറിൽ നിന്ന് 3440 കോടി ഡോളർ ആയിട്ടും വാണിജ്യ കമ്മിക്കു ബദലാകാൻ കഴിഞ്ഞില്ല. സേവന കയറ്റുമതി 30.2 ശതമാനം വളർന്നിരുന്നു.
വരും പാദങ്ങളിൽ വാണിജ്യകമ്മി കുറയുമെന്ന പ്രതീക്ഷയുണ്ട്. അതോടൊപ്പം വിദേശ നിക്ഷേപകരുടെ തിരിച്ചുവരവും പ്രതീക്ഷയിലുണ്ട്. രണ്ടും സംഭവിച്ചില്ലെങ്കിൽ അടവുശിഷ്ട നില അപായകരമാകും.