വീണ്ടും നിലപാടു മാറ്റം; പലിശപ്പേടി തിരിച്ചു വരുന്നു; എക്സിറ്റ് പോളിൽ ആവേശം; പണനയപ്രഖ്യാപനം നാളെ

ശക്തി കാന്ത ദാസ് എന്ത് പറയും? ഗുജറാത്ത് കുതിപ്പിന് ഊർജ്ജം പകരുമോ? ഒറ്റ നോട്ടത്തിൽ കാര്യങ്ങൾ ഗണിക്കുന്നതിലുള്ള അപകടം

Update:2022-12-06 08:59 IST

വിപണി വീണ്ടും കാഴ്ചപ്പാട് മാറ്റുന്നതായി സൂചന. അമേരിക്കയിൽ തൊഴിലവസരങ്ങളും വേതനവും വർധിച്ചതും സേവനമേഖല പ്രതീക്ഷയിലധികം വളർച്ച കൈവരിക്കുന്നതും സാമ്പത്തിക രംഗത്തെപ്പറ്റിയുള്ള നിഗമനം മാറ്റുന്നു. യുഎസ് ഫെഡ് അടുത്തയാഴ്ച ഫെഡ് നിരക്ക് അര ശതമാനം വർധിപ്പിച്ച ശേഷം പലിശ വർധനയിൽ ചെറിയ വിരാമം ഉണ്ടാകുമെന്ന പ്രതീക്ഷ മാറുന്നു. പലിശ ഇത്രയും വർധിപ്പിച്ചിട്ടും ജനങ്ങളുടെ ഉപഭോഗം കുറയുകയോ തൊഴിൽ മേഖലയിൽ ക്ഷീണം ഉണ്ടാകുകയോ ചെയ്തിട്ടില്ല എന്നു പുതിയ കണക്കുകൾ കാണിച്ചു.അതിനർഥം പലിശ വർധന ഇനിയും തുടരുമെന്നാണെന്നു വിപണി കരുതുന്നു.

ഇതേ തുടർന്നു യുഎസ് ഓഹരി വിപണി ഇന്നലെ ഇടിഞ്ഞു. ഇന്ന് ഏഷ്യൻ വിപണികളും ഈ ചുവടുപിടിച്ചു താഴോട്ടു നീങ്ങുന്നതായാണു രാവിലത്തെ വ്യാപാരത്തുടക്കം കാണിച്ചത്. അവ പിന്നീടു നേട്ടത്തിലായി. ഇന്ത്യൻ വിപണിയും ഈ വഴി നീങ്ങുമെന്നാണു സൂചന. ഗുജറാത്തിൽ ബിജെപിക്കു നല്ല വിജയം കിട്ടുമെന്ന എക്സിറ്റ് പോൾ ഫലം ബുള്ളുകളെ സന്താേഷിപ്പിക്കും. റിസർവ് ബാങ്ക് നാളെ രാവിലെ പണനയ കമ്മിറ്റിയുടെ തീരുമാനം വെളിപ്പെടുത്തും. റീപോ നിരക്ക് 6.25 ശതമാനത്തിലേക്കു വർധിപ്പിക്കുന്നതാണു വിപണിയുടെ പ്രതീക്ഷ. അതിൽ താഴേക്കാണു വർധനയെങ്കിൽ വിപണി അത്യാവേശത്തിലാകും.

ഭാവി വർധന സംബന്ധിച്ചു ഗവർണർ ശക്തികാന്ത ദാസ് എന്തു പറയും എന്നാണു വിപണി ഉറ്റുനോക്കുന്നത്.

ഇന്ത്യയിൽ ഇന്നലെ വലിയ ചാഞ്ചാട്ടത്തിനു ശേഷം കാര്യമായ മാറ്റമില്ലാതെയാണ് വ്യാപാരം അവസാനിച്ചത്. ലാഭമെടുക്കലിൻ്റെ സമ്മർദമാണു വിപണിയെ കയറ്റിറക്കങ്ങളിലേക്കു നയിച്ചത്. യൂറോപ്യൻ വിപണികൾ വിഭിന്ന സമീപനങ്ങൾ കാണിച്ചു.

യുഎസ് വിപണിയിൽ ഇന്നലെ ഡൗജോൺസ് സൂചിക 1.4 ശതമാനവും എസ് ആൻഡ് പി 1.79 ശതമാനവും നാസ്ഡാക് 1.93 ശതമാനവും ഇടിഞ്ഞു. ജനുവരി മുതൽ നോക്കിയാൽ നാസ്ഡാക് 29-ഉം എസ് ആൻഡ് പി 16.6 - ഉം ഡൗ 7.2-ഉം ശതമാനം താഴ്ചയിലാണ്. സെപ്റ്റംബറിനു ശേഷം ഈ സൂചികകൾ ഒൻപതു മുതൽ 17 വരെ ശതമാനം കയറിയിട്ടുണ്ട്. പലിശ കൂടുതൽ വർധിപ്പിച്ചാൽ മാന്ദ്യം വരുമെന്നും അത് വിപണിയെ ബെയറിഷ് ആക്കുമെന്നും പലരും പ്രവചിക്കുന്നുണ്ട്.

ഇന്നു രാവിലെ ഓസ്ട്രേലിയൻ വിപണി താഴ്ചയിലാണ്. ഏഷ്യൻ വിപണികൾ താഴ്ചയിൽ തുടങ്ങിയിട്ടു തിരിച്ചു കയറി. എന്നാൽ ചൈനീസ് വിപണിയിൽ നിന്നുള്ള വാർത്തകൾ അത്ര മെച്ചമല്ല. ഹാങ് സെങ്, ഷാങ്ഹായ് സൂചികകൾ താഴ്ന്നു തുടങ്ങി.

സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി ഇന്നലെ 18,741 ലാണു ക്ലോസ് ചെയ്തത്. ഇന്നു രാവിലെ സൂചിക 18,750 ലാണ്. ഇന്ത്യൻ വിപണി ചെറിയ താഴ്ചയോടെ വ്യാപാരം തുടങ്ങുമെന്നാണു സൂചന.

തിങ്കളാഴ്ച ഇന്ത്യൻ വിപണി തുടക്കത്തിൽ തന്നെ താഴ്ചയിലായി. പിന്നീടു രണ്ടു തവണ മുഖ്യസൂചികകൾ നേട്ടത്തിലേക്കു കയറി. എങ്കിലും ക്ലോസിംഗിൽ ആ നേട്ടം നിലനിർത്താനായില്ല. സെൻസെക്സ് 33.9 പോയിൻ്റ് (0.05%) നഷ്ടത്തിൽ 62,834.6-ലും നിഫ്റ്റി 4.95 പോയിൻ്റ് (0.03%) നേട്ടത്തിൽ 18,701.05ലും ക്ലോസ് ചെയ്തു. എന്നാൽ വിശാല വിപണി നേട്ടത്തിലായിരുന്നു. മിഡ് ക്യാപ് സൂചിക 0.25 ശതമാനവും സ്മോൾ ക്യാപ് സൂചിക 0.43 ശതമാനവും ഉയർന്നു.

ഐടി, ഹെൽത്ത് കെയർ, ഫാർമ, ഓയിൽ - ഗ്യാസ്, വാഹനമേഖലകളാണ് ഇന്നലെ നഷ്ടത്തിലായത്. മെറ്റൽ, ബാങ്ക്, ധനകാര്യ, റിയൽറ്റി, മീഡിയ മേഖലകൾ നേട്ടമുണ്ടാക്കി.

വിദേശ നിക്ഷേപകർ ഇന്നലെ 1139.07 കോടി രൂപയുടെ ഓഹരികൾ വിറ്റു. സ്വദേശി ഫണ്ടുകൾ 2607.98 കോടിയുടെ ഓഹരികൾ വാങ്ങി.

ക്രൂഡ് ഓയിൽ വില ഇന്നലെ രാവിലെ ഉയർച്ചയിലായിരുന്നതു പിന്നീടു താഴ്ചയിലേക്കു മാറി. ബ്രെൻ്റ് ഇനം 83.3 ഡോളറിൽ ക്ലോസ് ചെയ്തു.

വ്യാവസായിക ലോഹങ്ങൾ ഇന്നലെ നേട്ടമുണ്ടാക്കി. ഒന്നര മുതൽ നാലുവരെ ശതമാനം കയറ്റമാണ് ചെമ്പ് മുതൽ ലെഡ് വരെയുള്ള ലോഹങ്ങൾക്കുണ്ടായത്. അലൂമിനിയം വില 2500 ഡോളർ കടന്നു. ഇരുമ്പയിരു വിലയും കയറി.

സ്വർണത്തിന് വലിയ തിരിച്ചടിയായി. യുഎസ് സാമ്പത്തിക സൂചകങ്ങൾ പലിശ വർധന തുടരുമെന്നു കാണിച്ചതാേടെ സ്വർണം കുത്തനേ ഇടിഞ്ഞു. 1809.9 ഡോളർ വരെ എത്തിയ സ്വർണം 1865-ലേക്കാണു വീണത്. ഇന്നു രാവിലെ സ്വർണ വില 1774-1776 ഡോളറിലേക്കു കയറി.

കേരളത്തിൽ ഇന്നലെ സ്വർണം പവന് 120 രൂപ വർധിച്ച് 39,680 രൂപയായി. ഇന്നു വില അൽപം കുറഞ്ഞേക്കാം.

രൂപയ്ക്ക് ഇന്നലെ തിരിച്ചടി നേരിട്ടു. ക്രൂഡ് ഓയിൽ ഇറക്കുമതിക്കാർ കൂടുതൽ ഡോളർ വാങ്ങാനെത്തിയതാണു കാരണം. ഡോളർ 47 പൈസ നേട്ടത്തിൽ 81.79 രൂപയിലേക്കു കയറി.

ഡോളർ സൂചിക ഇന്നലെ 104.55 വരെ താഴ്ന്നിട്ട് 105.29 ലേക്കു കയറിയാണു ക്ലോസ് ചെയ്തത്. ഇന്നു രാവിലെ സൂചിക 105.02 വരെ താഴ്ന്നിട്ട് അൽപം കയറി.


തിടുക്കത്തിലുള്ള നിഗമനങ്ങളിലെ ചതിക്കുഴികൾ


ഓരോ വാക്കിലും ഓരോ ചെറിയ കണക്കിലും നോക്കി ഭാവിയെപ്പറ്റി നിഗമനത്തിലെത്തുന്നതാണ് ഇപ്പോഴത്തെ രീതി. അതിലെ അപായങ്ങൾ ചില്ലറയല്ല. ഒറ്റയൊറ്റ കണക്കുകളോ ഒറ്റയൊറ്റ പ്രസ്താവനകളോ പലപ്പോഴും മുഴുവൻ കാര്യങ്ങളെയും പ്രതിഫലിപ്പിക്കില്ല. തിടുക്കത്തിൽ എടുക്കുന്ന നിഗമനം തെറ്റാനുള്ള സാധ്യത വളരെ കൂടുതലാണ്. പണം വർധിപ്പിക്കാൻ എല്ലാ വഴിയും നോക്കുന്ന ഓഹരി വിപണിയാണ് ഇങ്ങനെ തിടുക്കപ്പെട്ട് നിഗമനങ്ങളിൽ എത്താറ് - അതിലെ നഷ്ടടസാധ്യത വളരെ കൂടുതലാണെങ്കിലും.

അമേരിക്കയിലെ പലിശയുടെ ഗതി സംബന്ധിച്ച സമീപ ആഴ്ചകളിലെ നിഗമനങ്ങൾ ഇതിന് ഏറ്റവും നല്ല ഉദാഹരണമാണ്. ഫെഡ് ചെയർമാൻ പറഞ്ഞു, വിലക്കയറ്റം നിയന്ത്രിക്കും വരെ പലിശ കൂട്ടും. ഉടനെ വിപണി ഉയർന്ന പലിശ മൂലം വരാവുന്ന സാമ്പത്തിക മാന്ദ്യമടക്കമുള്ള കാര്യങ്ങൾ ചിന്തിച്ചു. വിപണി ഇടിഞ്ഞു. പിന്നീടു ചെയർമാൻ പറഞ്ഞു, അനിശ്ചിതമായി പലിശ കൂട്ടിക്കൊണ്ടു പോകില്ല. ഉടനെ മറിച്ചായി നിഗമനം. ഡിസംബർ മുതൽ കുറഞ്ഞ തോതിലേ പലിശ കൂട്ടൂ. വിപണി കുതിച്ചു കയറി.

ഒരാഴ്ച തൊഴിലില്ലായ്മാ ആനുകൂല്യത്തിനുള്ള അപേക്ഷ കുറഞ്ഞാൽ ഓഹരികൾ താഴും, അടുത്തയാഴ്ച അപേക്ഷ കൂടിയാൽ ഓഹരികൾ ഉയരും. തൊഴിലില്ലായ്മ കുറഞ്ഞാൽ പലിശ വർധന ഇനിയും ഉയർന്ന തോതിൽ തുടരുമെന്നും മറിച്ചായാൽ പലിശ വർധനയുടെ തോതു കുറയുമെന്നും കണക്കാക്കിയാണ് ഈ മാറ്റങ്ങൾ. ഇത്തരം എടുത്തു ചാട്ടങ്ങൾ ഊഹക്കച്ചവടത്തിലേക്കാണു നയിക്കുന്നതെന്ന് വിപത്തി പ്രവർത്തകർ സമ്മതിക്കില്ല. തങ്ങൾ കണക്കുകളും ആധികാരിക പ്രസ്താവനകളും ശാസ്ത്രീയമായി വിലയിരുത്തി നീങ്ങുന്നു എന്നാണ് അവർ അവകാശപ്പെടുക. അവകാശവാദം എന്തായാലും ഫലം ഊഹക്കച്ചവടം ആണെന്നതു യാഥാർഥ്യം.

Tags:    

Similar News