ആശങ്കകൾ വർധിപ്പിച്ചു റിസർവ് ബാങ്ക്; കുറഞ്ഞ വളർച്ചയും കൂടിയ വിലയും തുടരും; തെരഞ്ഞെടുപ്പു ഫലം വിപണിയുടെ മൂഡ് നിർണയിക്കും; ക്രൂഡ് ഓയിൽ വിലയിൽ ആശ്വാസം
ഇന്നത്തെ തെരഞ്ഞെടുപ്പ് ഫലം എന്തുകൊണ്ട് വിപണി ഉറ്റുനോക്കുന്നു. വിൽപന തുടർന്ന് വിദേശികൾ. റിസർവ് ബാങ്ക് വെളിപ്പെടുത്തിയ അപ്രിയ സത്യങ്ങൾ
റിസർവ് ബാങ്കിന്റെ പണനയം വിപണിയെ സഹായിച്ചില്ല. കുറേക്കൂടി ഉയർന്ന പലിശനിരക്ക് സഹിക്കേണ്ടി വരും, വിലക്കയറ്റം ശരിയായ താഴ്ച തുടങ്ങാൻ കാത്തിരിക്കണം, ഇനി വരുന്നതു സാമ്പത്തിക വളർച്ച കുറഞ്ഞ കാലമാണ് - ഇക്കാര്യങ്ങളാണ് ഇന്നലെ റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് വിശദീകരിച്ചത്. വിപണി പാഠങ്ങൾ മനസിലാക്കി തിരുത്തൽ തുടർന്നു.
ഇന്നു ഗുജറാത്ത്, ഹിമാചൽ പ്രദേശ് നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ വരും. ഡൽഹിയിലേതു പോലെ ബിജെപിക്കു തിരിച്ചടി ഉണ്ടായാൽ വിപണിയിൽ വല്ലാത്ത തകർച്ച ഉണ്ടാകാം. മറിച്ചു രണ്ടിടത്തും ബിജെപി മികച്ച വിജയം കുറിച്ചാൽ പണനയത്തിന്റെ ആഘാതം മറികടക്കാനുള്ള ബൂസ്റ്റർ ആകും അത്.
ബുധനാഴ്ച ഇന്ത്യൻ വിപണി ചെറിയ നേട്ടത്തോടെ തുടങ്ങിയിട്ടു പെട്ടെന്നു തന്നെ താഴ്ചയിലായി. എന്നാൽ പണനയം വരുന്നതിനു മുൻപ് നേട്ടത്തിലായി. പണനയപ്രഖ്യാപനം കഴിയുമ്പോഴും നേട്ടത്തിലായിരുന്നു. അതിനു ശേഷം താഴോട്ടു പോയി. ഒടുവിൽ ക്ലോസിംഗിനു മുൻപു കൂടുതൽ ഇടിവിലായി.
ഏഷ്യൻ വിപണികളിലെ തകർച്ചയ്ക്കു പിന്നാലെ യൂറോപ്യൻ വിപണികളും താഴ്ന്നു ക്ലാേസ് ചെയ്തു. യുഎസ് വിപണി താഴ്ന്നു വ്യാപാരം തുടങ്ങിയിട്ട് ചാഞ്ചാട്ടങ്ങൾക്കു ശേഷം നഷ്ടത്തിൽ അവസാനിച്ചു. മൊത്തത്തിൽ അനിശ്ചിതത്വമാണു വിപണി കാണിച്ചത്. ഡൗ ജോൺസ് സൂചിക നാമമാത്രമായി ഉയർന്നു. എസ് ആൻഡ് പി നാമമാത്ര നഷ്ടത്തിലുമായി. എന്നാൽ ടെക് ഓഹരികൾ ദൗർബല്യം തുടരുന്നതു വ്യക്തമാക്കിക്കൊണ്ട് നാസ്ഡാക് അര ശതമാനം താഴ്ന്നു ക്ലാേസ് ചെയ്തു. യുഎസ് ഫ്യൂച്ചേഴ്സ് ഗണ്യമായ താഴ്ചയിലാണ്. ടെക് ഓഹരികളാണു കൂടുതൽ ദുർബലം.
ഇന്നു രാവിലെ ഓസ്ട്രേലിയൻ വിപണി ഇടിവിലാണ്. ഏഷ്യൻ വിപണികളും ഗണ്യമായ നഷ്ടത്തിലാണു വ്യാപാരം നടത്തുന്നത്. ചൈനീസ് വിപണികളുടെ തുടക്കം നഷ്ടത്തിലായിരുന്നു.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജി എക്സ് നിഫ്റ്റി ഇന്നലെ 18,764 വരെ ഉയർന്നിട്ട് 18,683 -ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വിപണി 18,642 ലേക്കു താഴ്ന്നു. ഇന്ത്യൻ വിപണി ചെറിയ താഴ്ചയോടെ വ്യാപാരം തുടങ്ങുമെന്നാണ് ഇതു നൽകുന്ന സൂചന.
ബുധനാഴ്ച സെൻസെക്സ് 215.68 പോയിന്റ് (0.34%) താണ് 62,410.68 ലും നിഫ്റ്റി 82.3 പോയിന്റ് (0.44%) താണ് 18,560.5 ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ 0.6 ശതമാനം താഴ്ന്നു.
പലിശനിരക്കു കുറേക്കാലത്തേക്കു വർധിക്കും എന്ന സൂചന റിയൽ എസ്റ്റേറ്റ് ഓഹരികളെ ഇടിച്ചു താഴ്ത്തി. പാർപ്പിടവിൽപന കുറയുമെന്നാണ് ആശങ്ക. വാഹനങ്ങൾ, കൺസ്യൂമർ ഡ്യുറബിൾസ്, ലോഹങ്ങൾ, ഐടി, മീഡിയ, ഹെൽത്ത് സർവീസ്, ഫാർമ തുടങ്ങിയവയും നഷ്ടത്തിലായി. എഫ്എംസിജിയും പൊതുമേഖലാ ബാങ്കുകളും മാത്രമാണ് നേട്ടം കുറിച്ചത്. റിയൽ എസ്റ്റേറ്റും ഐടിയും താഴ്ച തുടരുമെന്നാണു സൂചന.
വിദേശികൾ വിൽപന തുടരുന്നു
വിദേശ നിക്ഷേപക സ്ഥാപനങ്ങൾ ഇന്നലെ 1241.87 കോടി രൂപയുടെ ഓഹരികൾ വിറ്റു. സ്വദേശി ഫണ്ടുകൾ 388.85 കോടിയുടെ ഓഹരികൾ വാങ്ങി. വിദേശികൾ ഈ മാസം ഇതുവരെ 4367.46 കോടിയുടെ ഓഹരികൾ വിറ്റഴിച്ചു. അവരുടെ വിൽപന പ്രവണത തുടരുമെന്നാണു സൂചന.
വിപണി ബെയറിഷ് കാൻഡിൽ രൂപപ്പെടുത്തിയാണു ക്ലാേസ് ചെയ്തത്. എന്നാൽ നിഫ്റ്റി 18,500 -നു മുകളിൽ നിന്നതിനാൽ ബുള്ളുകൾക്കു വിപണിയെ ഉയർത്താൻ സാഹചര്യമുണ്ടെന്നു ചിലർ ചൂണ്ടിക്കാട്ടുന്നു. 18,530-ലും 18,445-ലും നിഫ്റ്റിക്കു സപ്പോർട്ട് ഉണ്ട്. ഉയരുമ്പോൾ 18,640 -ഉം 18,725- ഉം പ്രതിരോധമാകാം.
ക്രൂഡ് ഓയിൽ താഴോട്ട്, സ്വർണം മേലോട്ട്
ക്രൂഡ് ഓയിൽ വില താഴോട്ടു നീങ്ങുകയാണ്. ബ്രെന്റ് ഇനം ക്രൂഡ് ഇന്നലെ രാവിലെ 79.7 ഡോളറിലായിരുന്നു. എന്നാൽ ക്ലോസിംഗിൽ വില 77.17-ൽ എത്തി. മൂന്നു ശതമാനത്തോളം താഴ്ച. ചൈന സീറോ കോവിഡ് നിയന്ത്രണങ്ങൾ മിക്കതും നീക്കിയെങ്കിലും ഡിമാൻഡ് വർധിച്ചിട്ടില്ല എന്നതാണു കാരണം. റഷ്യൻ ക്രൂഡ് വിൽപനയിൽ മാന്ദ്യം വരുന്നതായി റിപ്പോർട്ടുണ്ട്. സൗദി അറേബ്യ ഏഷ്യൻ രാജ്യങ്ങൾക്കു വീണ്ടും വില കുറച്ചാണു ക്രൂഡ് നൽകുന്നത്. ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗ് ഈ ദിവസങ്ങളിൽ സൗദി സന്ദർശിക്കുന്നുണ്ട്. അമേരിക്ക അതിനെ വിമർശിക്കുകയും ചെയ്തു.
വ്യാവസായിക ലോഹങ്ങൾ വീണ്ടും താഴ്ചയിലാണ്. അലൂമിനിയം 2500 ഡോളറിനു താഴെയായി. നിക്കൽ ഒഴികെ എല്ലാ ലോഹങ്ങൾക്കും ഇന്നലെ വില കുറഞ്ഞു.
സ്വർണം നല്ല നേട്ടത്തിലേക്കു കയറി. പലിശ വർധന വലിയ തോതിലാകില്ല എന്ന പ്രതീക്ഷയാണു സ്വർണ ബുള്ളുകളെ നയിക്കുന്നത്. ഇന്നലെ 1769 ഡോളറിൽ നിന്ന് 1792 ഡോളർ വരെ കയറി. പിന്നീടു താണു. ഇന്നു രാവിലെ 1781-1783 ഡോളറിലാണു വ്യാപാരം.
ഇന്നലെ കേരളത്തിൽ സ്വർണം പവന് 160 രൂപ കൂടി 39,600 രൂപ ആയി. ഇന്നു വില വീണ്ടും ഉയരുമെന്നാണു സൂചന. രൂപ ഇന്നലെ അൽപം നേട്ടമുണ്ടാക്കി. ഡോളർ 14 പൈസ നഷ്ടത്തിൽ 82.47 രൂപയിൽ ക്ലോസ് ചെയ്തു. ഡോളർ സൂചിക ചെറിയേ മേഖലയിൽ കയറിയിറങ്ങി. 104.88 നും 105.82 നും ഇടയിൽ ആയിരുന്ന സൂചിക 105.58 ൽ ക്ലാേസ് ചെയ്തു. ഇന്നു രാവിലെ 105.18 ലേക്കു താഴ്ന്നു.
റിസർവ് ബാങ്ക് വെളിപ്പെടുത്തിയ അപ്രിയ സത്യങ്ങൾ
റിസർവ് ബാങ്കിന്റെ പണനയം റീപോ നിരക്കിന്റെ കാര്യത്തിൽ വിപണിയുടെ പ്രതീക്ഷകൾ സംരക്ഷിച്ചു. 5.9 -ൽ നിന്ന് 6.25 ശതമാനത്തിലേക്കു റീപോ നിരക്ക് ഉയർത്തി. എന്നാൽ ഇനിയും ഒന്നിലേറെ തവണ നിരക്കു കൂട്ടേണ്ടി വരും എന്നു ഗവർണർ ശക്തികാന്ത ദാസ് വ്യക്തമാക്കി. ഇതു വിപണിയുടെ നിഗമനത്തിനു വിരുദ്ധമായി. ഒരു തവണ കൂടി ഉയർത്തി 6.5 ശതമാനത്തിൽ റീപോ നിരക്ക് നിലനിർത്തും എന്നായിരുന്നു നിഗമനം. ഇപ്പോൾ അവസാന നിരക്ക് 6.75 - 7.00 ശതമാനം എന്ന നിഗമനത്തിലേക്കു വിപണി നീങ്ങേണ്ടി വരുന്നു.
വളർച്ച നിഗമനം കുറയ്ക്കുമെന്നു സൂചന ഉണ്ടായിരുന്നെങ്കിലും 6.9 ശതമാനത്തിനു താഴേക്കു പോകുമെന്നു കരുതിയതല്ല. ധനകാര്യ വർഷം തുടങ്ങുമ്പോൾ 7.8 ശതമാനം ജിഡിപി വളർച്ചയാണു പ്രതീക്ഷിച്ചത്. അതു രണ്ടു തവണ കുറച്ച് ഏഴ് ആക്കിയിരുന്നു. അതാണ് 6.8 ആക്കിയത്. മൂന്നാം പാദ വളർച്ച 4.6-ൽ നിന്ന് 4.4 ഉം നാലാം പാദത്തിലേതു 4.6-ൽ നിന്നു 4.2 ഉം ആക്കിയതു നൽകുന്ന സൂചന അത്ര നല്ലതല്ല. 2023-24-ൽ വളർച്ച വീണ്ടും കുറയുമെന്ന മറ്റ് ഏജൻസികളുടെ വിലയിരുത്തൽ ശരിവയ്ക്കുന്ന വിധമാണു റിസർവ് ബാങ്കിന്റെ നിഗമനവും.
അതേ സമയം വിലക്കയറ്റം നിയത്രണത്തിലായില്ല എന്നു റിസർവ് ബാങ്ക് സമ്മതിക്കുന്നു. ഇന്ധന-ഭക്ഷ്യ വിലകൾ ഒഴിവാക്കിയുള്ള കാതൽ വിലക്കയറ്റം ഇപ്പോഴും ഉയർന്നു നിൽക്കുന്നു. ചില്ലറ വിലക്കയറ്റം 7.89-ൽ നിന്ന് 6.77 ശതമാനമായി താണപ്പോൾ കാതൽ വിലക്കയറ്റം 6.4 - ൽ നിന്ന് 6.42 ശതമാനമായി കൂടുകയാണു ചെയ്തത്. നാലു ശതമാനം ലക്ഷ്യത്തിലേക്ക് 2024 - ൽ മാത്രമേ എത്താനാകൂ എന്ന സൂചനയാണ് ഇതിലുള്ളത്.