ആശങ്കകള്‍ മാറ്റിവയ്ക്കുന്നു; കുതിപ്പ് കാത്ത് വിപണി; ഹ്രസ്വകാല മുന്നേറ്റത്തിനു ബുള്ളുകള്‍; ഡോളര്‍ താഴ്ചയില്‍

വിപണി ബുള്ളിഷ് ആണെന്നു വിശകലന വിദഗ്ധര്‍. ഹ്രസ്വകാല മുന്നേറ്റം തുടരുമെന്നാണു പ്രതീക്ഷ. വിദേശനിക്ഷേപകര്‍ വില്‍പന തുടര്‍ന്നു. ഡോളര്‍ - രൂപ നിരക്ക് കാര്യമായി താഴുന്നില്ലെങ്കില്‍ സ്വര്‍ണത്തിന് ഇന്ന് കയറ്റമുണ്ടാകും.

Update:2022-12-09 08:28 IST

ആശങ്കകള്‍ക്ക് അവധി നല്‍കി കുതിപ്പിന് ഒരുങ്ങിയാണു വാരാന്ത്യത്തിലേക്കു വിപ കടക്കുന്നത്. ഇന്നലെ ഏഷ്യന്‍ വിപണികള്‍ക്കു പിന്നാലെ യൂറോപ്പും പൊതുവേ നേട്ടമുണ്ടാക്കി. യുഎസ് വിപണി ഏതാനും ദിവസത്തെ ആലസ്യം വെടിഞ്ഞു നല്ല ഉയരത്തിലേക്കു കയറി. എന്നാല്‍ യുഎസില്‍ ഡൗ ഫ്യൂച്ചേഴ്‌സ് നേരിയ താഴ്ചയിലാണ്. നാസ്ഡാക് ഫ്യൂച്ചേഴ്‌സ് ഉയര്‍ന്നു. ദിവസങ്ങളായി ഇടിവിലായിരുന്ന ടെക്‌നോളജി ഓഹരികള്‍ ഇന്നലെ തിരിച്ചു കയറി.

ഡോളര്‍ സൂചികയും ക്രൂഡ് ഓയില്‍ വിലയും താഴ്ന്നു. സ്വര്‍ണം ഉയര്‍ന്നു. അമേരിക്കയില്‍ തൊഴിലില്ലായ്മാ ആനുകൂല്യങ്ങള്‍ക്ക് അപേക്ഷിക്കുന്നവരുടെ എണ്ണവും തൊഴിലില്ലായ്മയുടെ തോതും ചെറിയ തോതില്‍ കൂടിയതാണു സൂചികകളെ ഉയര്‍ത്തിയത്. ഇന്ന് മൊത്തവിലക്കയറ്റ കണക്കു വരുന്നതു വിപണി പ്രതീക്ഷിക്കും പോലെ കുറവായിരുന്നാല്‍ വീണ്ടും വിപണി കുതിക്കാം. പലിശവര്‍ധന സമീപഭാവിയില്‍ കുറയുമെന്ന പ്രതീക്ഷ ഉണ്ടാകുന്നതിന് തൊഴില്‍ കണക്കുകളും കുറയുന്ന വിലക്കയറ്റവും സഹായിക്കും. അതിന്റെ ഇളം കാറ്റ് ഇന്ത്യന്‍ വിപണിയിലും വീശാം.

ഏഷ്യന്‍ വിപണികള്‍ ഇന്നു നേട്ടത്തോടെയാണു വ്യാപാരം തുടങ്ങിയത്. ജപ്പാനിലെ നിക്കൈ ഒരു ശതമാനം ഉയര്‍ന്നു. ദക്ഷിണ കൊറിയയിലെ കോസ്പി - ശതമാനം കയറി. ഹോങ്കോങ്ങില്‍ ഹാങ് സെങ് സൂചിക നല്ല ഉയര്‍ച്ചയില്‍ വ്യാപാരം തുടങ്ങി. എന്നാല്‍ ഷാങ് ഹായ് വിപണിയുടെ തുടക്കം ചെറിയ താഴ്ചയിലാണ്.

സിംഗപ്പുര്‍ എക്‌സ്‌ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തില്‍ എസ്ജി എക്‌സ് നിഫ്റ്റി ഇന്നലെ 18,769 ലേക്കു കയറി. ഇന്നു രാവിലെ ഉയര്‍ന്ന് 18,801 ലെത്തി. ഇന്ത്യന്‍ വിപണി ഇന്നു നല്ല നേട്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.

വ്യാഴാഴ്ച ഇന്ത്യന്‍ വിപണി കയറ്റിറക്കങ്ങള്‍ക്കു ശേഷം ഉയര്‍ന്ന നിലവാരത്തിലാണു ക്ലോസ് ചെയ്തത്. നാലു ദിവസത്തെ നഷ്ടക്കഥ തിരുത്തി സെന്‍സെക്‌സ് നേട്ടത്തിലായി. സെന്‍സെക്‌സ് 160 പോയിന്റ് (0.26%) ഉയര്‍ന്ന് 62,570-ലും നിഫ്റ്റി 48.85 പോയിന്റ് (0.26%) ഉയര്‍ന്ന് 18,609.35ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 0.61 ശതമാനം കയറിയപ്പോള്‍ സ്‌മോള്‍ ക്യാപ് സൂചിക 0.33 ശതമാനമേ ഉയര്‍ന്നുള്ളു.

റിയല്‍ എസ്റ്റേറ്റ്, ഹെല്‍ത്ത് കെയര്‍ മേഖലകള്‍ക്കായിരുന്നു വലിയ ക്ഷീണം. ഫാര്‍മസ്യൂട്ടിക്കല്‍സ്, ഐടി, കണ്‍സ്യൂമര്‍ ഡ്യുറബിള്‍സ് തുടങ്ങിയവയും താഴ്ന്നു. പി എസ് യു ബാങ്കുകള്‍ ഇന്നലെയും താരങ്ങളായി. ബാങ്ക്, ധനകാര്യ സേവനങ്ങള്‍, ലോഹങ്ങള്‍, വാഹനങ്ങള്‍ തുടങ്ങിയ ഉയര്‍ന്നു.


വിപണി ബുള്ളിഷ് ആണെന്നു വിശകലന വിദഗ്ധര്‍


വിദേശനിക്ഷേപകര്‍ വില്‍പന തുടര്‍ന്നു. 1131.67 കോടിയുടെ ഓഹരികളാണ് അവര്‍ ഇന്നലെ വിറ്റത്. സ്വദേശി ഫണ്ടുകള്‍ 772.29 കോടി ഓഹരികളില്‍ നിക്ഷേപിച്ചു.

വിപണി ബുള്ളിഷ് ആണെന്നു വിശകലന വിദഗ്ധര്‍ പറയുന്നു. ഹ്രസ്വകാല മുന്നേറ്റം തുടരുമെന്നാണു പ്രതീക്ഷ.18,550 - 18,500 മേഖലയില്‍ നിഫ്റ്റിക്കു ശക്തമായ പിന്തുണയാണ് അവര്‍ കാണുന്നത്. ഉയരുമ്പോള്‍ 18, 625 - 18,675 മേഖല തടസമാകും.

ക്രൂഡ് ഓയില്‍ വില സാവധാനം താഴോട്ടു നീങ്ങുകയാണ്. തലേന്ന് 77 ഡോളറിനു മുകളിലായിരുന്ന ബ്രെന്റ് ഇനം ക്രൂഡ് ഇന്നലെ 76.45 ഡോളറില്‍ ക്ലാേസ് ചെയ്തു. ഇന്ന് 76.15 ലേക്കു താഴ്ന്നു. പിന്നീടു കയറി 76.9 ഡോളറായി.

വ്യാവസായിക ലോഹങ്ങള്‍ ഉയര്‍ന്നു. ചെമ്പ് രണ്ടര ശതമാനം കുതിപ്പോടെ 8537 ഡോളറിലെത്തി. അലൂമിനിയം 2500 ഭേദിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. നിക്കല്‍ 8.23 ശതമാനവും സിങ്ക് 4.15 ശതമാനവും കുതിച്ചു.

സ്വര്‍ണം വീണ്ടും നേട്ടത്തിലായി. പലിശ വര്‍ധന സാവധാനമാകും എന്ന വിലയിരുത്തല്‍ ഡോളര്‍ സൂചികയെ താഴ്ത്തുന്നതാണു സ്വര്‍ണത്തിനു കരുത്തായത്. ഇന്നലെ 1782 ഡോളറില്‍ നിന്ന് 1795 ലേക്കു കയറിയ സ്വര്‍ണം 1791-ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 1794-1796 ഡോളറിലാണു വ്യാപാരം.

കേരളത്തില്‍ സ്വര്‍ണവില ഇന്നലെ മാറിയില്ല. ഇന്ന് ഡോളര്‍ - രൂപ നിരക്ക് കാര്യമായി താഴുന്നില്ലെങ്കില്‍ സ്വര്‍ണത്തിനു കയറ്റമുണ്ടാകും. രൂപ ഇന്നലെ ചെറിയ നേട്ടം കുറിച്ചു. ഡോളറിന് അഞ്ചു പൈസ കുറഞ്ഞ് 82.42 രൂപയായി. ഡോളര്‍ സൂചിക താഴുകയാണ്. ഇന്നലെ 104.77-ല്‍ ക്ലാേസ് ചെയ്ത സൂചിക ഇന്നു രാവിലെ 104.87ലേക്കു കയറിയെങ്കിലും പിന്നീടു താണു 104.54 ലായി.

Tags:    

Similar News