റിസർവ് ബാങ്ക് പണനയം ഇന്ന് കാലത്തു പത്തുമണിക്ക് പ്രഖ്യാപിക്കും. റിപോ നിരക്ക് 6.5 ൽ നിന്ന് 6.75 ശതമാനമാക്കുന്നതാകും പണനയം എന്നാണു പൊതുവേ കരുതുന്നത്. നിരക്കു വർധന ഇവിടം കൊണ്ട് അവസാനിക്കുന്നു എന്ന പ്രഖ്യാപനമാണ് ഗവർണർ ശക്തികാന്ത ദാസിൽ നിന്നു വിപണി കേൾക്കാൻ ആഗഹിക്കുന്നത്. എന്നാൽ ഗവർണർ അങ്ങനെ ഖണ്ഡിതമായ പ്രഖ്യാപനം നടത്തില്ല. ഒപെകും റഷ്യയും ഉൽപാദനം കുറച്ച് വിലക്കയറ്റം നീണ്ടു പോകാൻ വഴി തെളിച്ച സാഹചര്യത്തിൽ പലിശ ഇനിയും കൂട്ടേണ്ടി വരാം. അതേ സമയം വളർച്ച കുറയുന്നത് റിസർവ് ബാങ്ക് പരിഗണിക്കുകയും ചെയ്യണം.
ആഗോള മാന്ദ്യം ഉണ്ടാകാമെന്നും അതു കമ്പനികളുടെ ലാഭം കുറയ്ക്കുമെന്നും ഭീതി പടരുന്നു. ഇന്നലെ പാശ്ചാത്യ വിപണികൾ ഈ ആശങ്കയിൽ താഴ്ചയിലായി. ഏഷ്യൻ വിപണികളും ഇന്ന് ആ വഴിക്കാണ്. ഇന്ത്യൻ വിപണി റിസർവ് ബാങ്കിന്റെ പണനയ പ്രഖ്യാപനമാണ് ഉറ്റുനോക്കുന്നത്.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ്, വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി ബുധനാഴ്ച ആദ്യ സെഷനിൽ 17,625 ൽ ക്ലോസ് ചെയ്തു. രണ്ടാം സെഷനിൽ 17,590 ലേക്ക് താഴ്ന്നു. ഇന്ത്യൻ വിപണി ഇന്ന് കാര്യമായ നേട്ടമില്ലാതെ വ്യാപാരം തുടങ്ങുമെന്നാണു സൂചന.
ബുധനാഴ്ച യൂറോപ്യൻ വിപണികൾ ആശങ്കയിലായി. മിക്ക സൂചികകളും താഴ്ന്നു. യുഎസ് വിപണിയിൽ ഡൗ ജോൺസ് ചെറിയ നേട്ടത്തിൽ അവസാനിച്ചെങ്കിലും എസ് ആൻഡ് പിയും നാസ്ഡാകും നഷ്ടത്തിലായി. ഇന്നു യുഎസ് ഫ്യൂച്ചേഴ്സ് വീണ്ടും താഴ്ചയിലാണ്. ഡൗ 0.04 ശതമാനം താഴ്ന്നപ്പോൾ എസ് ആൻഡ് പി 0.09 ഉം നാസ്ഡാക് 0.13 ഉം ശതമാനം താണു.
ജപ്പാനിൽ നിക്കെെ 0.8 ശതമാനം താഴ്ന്നാണു വ്യാപാരം തുടങ്ങിയത്. പിന്നീടു കൂടുതൽ താണു. മറ്റു മിക്ക ഏഷ്യൻ രാജ്യങ്ങളിലും വിപണികൾ താഴ്ചയിൽ വ്യാപാരമാരംഭിച്ചു.
വിപണി ബുള്ളിഷ്
ഇന്ത്യൻ വിപണി ബുധനാഴ്ച ക്രമമായി ഉയർന്നു മികച്ച നേട്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 582.87 പോയിന്റ് (0.99%) നേട്ടത്തിൽ 59,689. 31ലും നിഫ്റ്റി 159 പോയിന്റ് (0.91%) കയറി 17,557.05 ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 0.02 ശതമാനം താഴ്ന്നപ്പാേൾ സ്മോൾ ക്യാപ് സൂചിക 0.72 ശതമാനം കയറിയാണ് വ്യാപാരം അവസാനിച്ചത്. ഐടി, എഫ്എംസിജി, സ്വകാര്യ ബാങ്ക്, ഫിനാൻസ് മേഖലകൾ നല്ല നേട്ടമുണ്ടാക്കി.
വിപണി ബുള്ളിഷ് പ്രവണതയാണു കാണിക്കുന്നത്. നിഫ്റ്റി 17,600 നു മുകളിൽ ആയാൽ 17,850 വരെ കുതിപ്പ് തുടരുമെന്നു വിശകലനവിദഗ്ധർ പറയുന്നു. നിഫ്റ്റിക്ക് 17,445 ലും 17,345 ലും സപ്പോർട്ട് ഉണ്ട്. 17,575 ലും 17,675 ലും തടസങ്ങൾ ഉണ്ടാകാം.
ബുധനാഴ്ചയും വിദേശനിക്ഷേപകർ വാങ്ങലുകാരായപ്പോൾ സ്വദേശി ഫണ്ടുകൾ വിൽപനക്കാരായി. വിദേശികൾ 806.82 കോടി രൂപയുടെ ഓഹരികൾ വാങ്ങി. സ്വദേശികൾ 947.21 കോടിയുടെ ഓഹരികൾ വിറ്റു.
വാരാന്ത്യത്തിൽ കുതിച്ചു കയറിയ ക്രൂഡ് ഓയിൽ വില പിടിച്ചു നിൽക്കുന്നു. ബുധനാഴ്ച ബ്രെന്റ് ഇനം ക്രൂഡ് 84.99 ഡോളറിൽ ക്ലോസ് ചെയ്തു.
വ്യാവസായിക ലോഹങ്ങൾ വീണ്ടും താഴുകയാണ്. മാന്ദ്യ ഭീതിയാണു കാരണം. ചെമ്പ് 1.7 ശതമാനം താഴ്ന്ന് 8776 ഡോളറിലായി. അലൂമിനിയം 1.4 ശതമാനം ഇടിഞ്ഞ് 2333.5 ഡോളറിലെത്തി. നിക്കലും സിങ്കും ലെഡും ടിനും ഒന്നു മുതൽ 4.5 വരെ ശതമാനം താഴ്ന്നു. ഇരുമ്പയിര് വില 120 ഡോളറിനു താഴോട്ടു വന്നു.
മാന്ദ്യം ഭയന്നു ബിർലാ ഗ്രൂപ്പിലെ ഹിൻഡാൽകോ അടുത്ത അഞ്ചു വർഷത്തെ മൂലധന നിക്ഷേപത്തിൽ 43 ശതമാനം കുറവു വരുത്താൻ തീരുമാനിച്ചു.
സ്വർണം
സ്വർണവില ബുധനാഴ്ച ഉയർന്ന നിലവാരത്തിൽ തുടർന്നു. ലാഭമെടുക്കലുകാരുടെ വിൽപനയിൽ നാമമാത്ര വിലയിടിവേ ഉണ്ടായുള്ളൂ. കേരളത്തിൽ ഇന്നലെ പവന് 760 രൂപ വർധിച്ച് 45,000 രൂപയിലെത്തി. ഇതു റിക്കാർഡ് വിലയാണ്. ക്രിപ്റ്റോ കറൻസികൾ ഉയർന്ന നിലയിൽ തുടരുന്നു. ബിറ്റ് കോയിൻ വീണ്ടും 28,500 ഡോളറിനു സമീപമാണ്. ഡോളർ ബുധനാഴ്ച 32 പെെസ നഷ്ടത്തിൽ 82 രൂപയിൽ ക്ലോസ് ചെയ്തു. ഡോളർ സൂചിക ഇന്നലെ 101.88 ൽ അവസാനിച്ചു. ഇന്നു രാവിലെ 101.85 ലാണ് സൂചിക.
വിപണി സൂചനകൾ
(2023 ഏപ്രിൽ 05, ബുധൻ)
സെൻസെക്സ് 30 59,689.31 +0.99%
നിഫ്റ്റി 50 17,557.05 +0.91%
ബാങ്ക് നിഫ്റ്റി 40,999.20 +0.46%
മിഡ് ക്യാപ് 100 30,160.15 -0.02%
സ്മോൾ ക്യാപ് 100 9126.85 + 0.72%
ഡൗ ജോൺസ് 30 33,482.70 +0.24%
എസ് ആൻഡ് പി 500 4090.38 -0.25%
നാസ്ഡാക് 11,996.90 -1.07%
ഡോളർ ($) ₹82.00 - 32 പൈസ
ഡോളർ സൂചിക 101.88 +0.29
സ്വർണം (ഔൺസ്) $2020.30 -$04.40
സ്വർണം ( പവൻ) ₹45,000 + ₹760
ക്രൂഡ് (ബ്രെന്റ്) ഓയിൽ $84.99 -0.47