തകര്‍ച്ചയ്ക്കു ശേഷം വീണ്ടും ഉയരാമെന്നു പ്രതീക്ഷ, ഏഷ്യന്‍ വിപണികള്‍ ഇടിവില്‍; ക്രൂഡ് ഓയില്‍ വീണ്ടും കയറുന്നു

വ്യാഴാഴ്ച ഇന്ത്യയിലും യു.എസിലും ചില്ലറ വിലക്കയറ്റ കണക്ക് പുറത്തുവിടും

Update:2024-09-09 07:58 IST

വെള്ളിയാഴ്ച വലിയ തകര്‍ച്ച നേരിട്ട വിപണികള്‍ കൂടുതല്‍ താഴേക്കു നീങ്ങും എന്ന ആശങ്ക വിപണിയില്‍ പരക്കെ ഉണ്ട്. എന്നാല്‍ യു.എസ് സമ്പദ്ഘടന മാന്ദ്യഭീഷണി നേരിടുന്നില്ലെന്ന ട്രഷറി സെക്രട്ടറിയുടെ പ്രസ്താവനയും മറ്റും വിപണി മനാേഭാവം മാറ്റാന്‍ സഹായിക്കും എന്നു വിലയിരുന്നലുണ്ട്. ഇന്നു രാവിലെ യു.എസ് ഫ്യൂച്ചേഴ്‌സ് ഗണ്യമായി ഉയര്‍ന്നത് പ്രതീക്ഷ പകരുന്ന കാര്യമാണ്.

ഇന്ത്യന്‍ വിപണി കഴിഞ്ഞയാഴ്ച നഷ്ടത്തില്‍ ആയെങ്കിലും മറ്റു രാജ്യങ്ങളെ അപേക്ഷിച്ചു കുറഞ്ഞ തോതിലേ താഴ്ന്നുള്ളു. ഇന്നു താഴ്ന്ന തുടക്കത്തിനു ശേഷം തിരിച്ചു കയറുകയാേ നഷ്ടം കുറയ്ക്കുകയോ ചെയ്യാന്‍ വിപണിക്കു കഴിയും എന്നാണു ബുള്ളുകള്‍ കരുതുന്നത്.
വ്യാഴാഴ്ച ഇന്ത്യയിലും യു.എസിലും ചില്ലറ വിലക്കയറ്റ കണക്ക് പുറത്തുവിടും. ഇന്ത്യന്‍ വിലക്കയറ്റം ഓഗസ്റ്റില്‍ നാലു ശതമാനമായി കുറയും എന്നാണു പ്രതീക്ഷ. യു.എസിലും ഗണ്യമായ കുറവ് പ്രതീക്ഷിക്കുന്നുണ്ട്.
ഡെറിവേറ്റീവ് വിപണിയില്‍ ഗിഫ്റ്റ് നിഫ്റ്റി വെള്ളിയാഴ്ച രാത്രി 24,773 ല്‍ ക്ലാേസ്‌ചെയ്തു. ഇന്നു രാവിലെ  24,848 ലേക്കു കയറി. ഇന്ത്യന്‍ വിപണി ഇന്ന് അല്‍പം താഴ്ന്നു വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.

വിദേശ വിപണി 

യൂറോപ്യന്‍ വിപണികള്‍ വെള്ളിയാഴ്ചയും ഇടിഞ്ഞു. കഴിഞ്ഞ ആഴ്ചയില്‍ രണ്ടര ശതമാനമാണു തകര്‍ച്ച.
യു.എസ് വിപണി വെള്ളിയാഴ്ചയും തളര്‍ന്നു. ഓഗസ്റ്റില്‍ കാര്‍ഷികേതര തൊഴിലുകള്‍ 1.42 ലക്ഷം മാത്രമേ വര്‍ധിച്ചുള്ളു. ഇതു പ്രതീക്ഷയിലും കുറവായി. എന്നാല്‍ തൊഴിലില്ലായ്മ നിരക്ക് 4.2 ശതമാനമായി താഴ്ന്നു. ഇതു പ്രതീക്ഷിച്ചതാണ്. ഇതോടെ സെപ്റ്റംബറിലെ പലിശ കുറയ്ക്കല്‍ 0.25 ശതമാനത്തില്‍ ഒതുങ്ങും എന്ന നിഗമനത്തിലേക്കു വിപണി മാറി. ഓഹരികള്‍ ഇടിഞ്ഞു. ഈയാഴ്ച ചില്ലറ, മാെത്തവില സൂചികകള്‍ പുറത്തു വരും. 17, 18 തീയതികളില്‍ നടക്കുന്ന ഫെഡ് ഓപ്പണ്‍ മാര്‍ക്കറ്റ്‌സ് കമ്മിറ്റി (എഫ്ഒഎംസി) യോഗം അവ കൂടി കണക്കിലെടുത്താകും തീരുമാനം എടുക്കുക. മാന്ദ്യസാധ്യത ഇല്ലെന്നും യുഎസ് സമ്പദ്ഘടന തിരിച്ചു കയറ്റത്തിലാണെന്നും യുഎസ് ട്രഷറി സെക്രട്ടറി (ധനമന്ത്രി) ശനിയാഴ്ച പ്രസ്താവിച്ചു.
കഴിഞ്ഞയാഴ്ച ഡൗ ജോണ്‍സ് സൂചിക 2.9 ശതമാനവും  നാസ്ഡാക് 5.8 ശതമാനവും എസ് ആന്‍ഡ് പി 4.3 ശതമാനവും ഇടിഞ്ഞു. 2022 നു ശേഷമുള്ള ഏറ്റവും വലിയ പ്രതിവാര ഇടിവാണു നാസ്ഡാക് കോംപസിറ്റ് സൂചികയുടേത്.
വെള്ളിയാഴ്ച ഡൗ ജോണ്‍സ് സൂചിക 410.34 പോയിന്റ് (1.01%) താഴ്ന്ന് 40,345.41 ല്‍ ക്ലോസ് ചെയ്തു. എസ് ആന്‍ഡ് പി 94.99 പോയിന്റ് (1.73%) ഇടിഞ്ഞ് 5408.42 ല്‍ അവസാനിച്ചു. നാസ്ഡാക് സൂചിക 436.83 പോയിന്റ് (2.55%) തകര്‍ന്ന് 16,690.83 ല്‍ ക്ലോസ് ചെയ്തു.
യു.എസ് ഫ്യൂച്ചേഴ്‌സ് ഇന്നു നേരിയ കയറ്റത്തിലാണ്. ഡൗ 0.16 
ശതമാനവും
 എസ് ആന്‍ഡ് പി 0.20 ശതമാനവും നാസ്ഡാക് 0.30  ശതമാനവും  ഉയര്‍ന്നു നില്‍ക്കുന്നു.
യു.എസ് 10 വര്‍ഷ കടപ്പത്രങ്ങളുടെ വില 3.742 ശതമാനം നിക്ഷേപനേട്ടം കിട്ടുന്ന നിലയിലേക്കു താഴ്ന്നു.
ഏഷ്യന്‍ വിപണികള്‍ ഇന്നു വലിയ താഴ്ചയിലാണ്. ജപ്പാനില്‍ നിക്കൈ തുടക്കത്തില്‍ മൂന്നു ശതമാനത്താേളം ഇടിഞ്ഞു. കാെറിയയിലും ഓസ്‌ട്രേലിയയിലും സൂചികകള്‍ ഓരോ ശതമാനം താഴ്ന്നു.

ഇന്ത്യന്‍ വിപണി

ഇന്ത്യന്‍ വിപണി വെള്ളിയാഴ്ച ആഗോള ആശങ്കകള്‍ ഏറ്റുവാങ്ങി ഇടിഞ്ഞു. അതോടൊപ്പം പൊതുമേഖലയിലേതടക്കം ഇന്ത്യന്‍ ബാങ്കുകളുടെ ലാഭക്ഷമതയില്‍ ആശങ്ക ഉയര്‍ത്തി ബ്രോക്കറേജുകള്‍ റിപ്പോര്‍ട്ട് തയാറാക്കിയതും വിപണിക്ക് ആച്ചാരമായി. പി എസ് യു ബാങ്ക് സൂചിക 3.57 ശതമാനവും സ്വകാര്യ ബാങ്ക് സൂചിക 1.54 ശതമാനവും ഇടിഞ്ഞു.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ റേറ്റിംഗും ലാഭ- വില പ്രതീക്ഷകളും ഗണ്യമായി താഴ്ത്തിയ ഗോള്‍ഡ്മാന്‍ സാക്‌സിന്റെ റിപ്പോര്‍ട്ട് വിപണിയെ ഉലയ്ക്കുന്നതില്‍ വലിയ പങ്കു വഹിച്ചു. എസ്ബിഐയുടെ പ്രതി ഓഹരി വരുമാനം ഈ ധനകാര്യ വര്‍ഷം മൂന്നും അടുത്ത വര്‍ഷം ഒന്‍പതും ശതമാനം കുറയുമെന്നാണ് അവര്‍ വിലയിരുത്തിയത്. ഓഹരിയുടെ ലക്ഷ്യവില 818.60 രൂപയായി താഴ്ത്തി. എസ്ബിഐ ഓഹരി 4.26 ശതമാനം താഴ്ന്ന് 783.90 രൂപയിലാണു ക്ലോസ് ചെയ്തത്.
എന്‍എസ്ഇയില്‍ 846 ഓഹരികള്‍ ഉയര്‍ന്നപ്പോള്‍ 1902 ഓഹരികള്‍ താണു. ബിഎസ്ഇയില്‍ 1307 എണ്ണം കയറി, 2649 എണ്ണം താഴ്ന്നു.
വെള്ളിയാഴ്ച സെന്‍സെക്‌സ് 1017.23 പാേയിന്റ് (1.24%) താഴ്ന്ന് 81,183.93 ല്‍ ക്ലാേസ് ചെയ്തു. നിഫ്റ്റി 292.95 പോയിന്റ് (1.17%) നഷ്ടത്താേടെ 24,852.15 ല്‍ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 1.74% (896.20 പോയിന്റ്) ഇടിഞ്ഞ് 50,576.85 ല്‍ ക്ലാേസ് ചെയ്തു.
മിഡ് ക്യാപ് സൂചിക 1.59 ശതമാനം താഴ്ന്ന് 58,501.95 ലും സ്‌മോള്‍ ക്യാപ് സൂചിക 1.25% കുതിച്ച് 19,276.05 ലും വ്യാപാരം അവസാനിപ്പിച്ചു.
വിദേശനിക്ഷേപകര്‍ വ്യാഴാഴ്ച ക്യാഷ് വിപണിയില്‍ 620.95 കോടി രൂപയുടെ ഓഹരികള്‍ വിറ്റു. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 2121.53 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി.
വിപണിയുടെ പ്രസ്വകാല ട്രെന്‍ഡ് നെഗറ്റീവ് ആയി മാറി എന്നാണു നിക്ഷേപ വിദഗ്ധര്‍ പറയുന്നത്. 50 ദിവസ എക്‌സ്‌പൊണെന്‍ഷ്യല്‍ മൂവിംഗ് ആവരേജ് ആയ 24,500 ആകും ഇനി നിഫ്റ്റിയുടെ ഹ്രസ്വകാല പിന്തുണ എന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.
ഇന്നു നിഫ്റ്റി സൂചികയ്ക്ക് 24,800 ലും 24,715 ലും പിന്തുണ ഉണ്ട്. 25,080 ലും 25,170 ലും തടസം ഉണ്ടാകാം.

സ്വര്‍ണം താഴ്ന്നു, ക്രൂഡ് കയറുന്നു

സ്വര്‍ണം വീണ്ടും 2,500 ഡോളറിനു താഴെയായി. വെള്ളിയാഴ്ച ഔണ്‍സിന് 2,497.20 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 2,496 ഡോളറിലാണ്. ഡിസംബര്‍ അവധിവില ഔണ്‍സിന് 2,526 ഡോളറിലേക്കു കുറഞ്ഞു.
ഈ മാസം പലിശ കാല്‍ ശതമാനം മാത്രമേ കുറയ്ക്കൂ എന്നാണു വിപണി ഇപ്പോള്‍ കണക്കാക്കുന്നത്.
കേരളത്തില്‍ സ്വര്‍ണവില വെള്ളിയാഴ്ച 400 രൂപ കൂടി പവന് 53,760 രൂപയില്‍ എത്തി. ശനിയാഴ്ച വില 53,440 രൂപയിലേക്കു താഴ്ന്നു.
വെള്ളിവില ഔണ്‍സിന് 27.92 ഡോളറിലേക്ക് താണു.

രൂപ, ക്രൂഡ് 

ഡോളര്‍ സൂചിക വെള്ളിയാഴ്ച 101.18 ല്‍ ക്ലാേസ് ചെയ്തു. ഇന്നു രാവിലെ 101.22 ലേക്കു കയറി.
ഡോളര്‍ സൂചിക താഴ്ന്നതു രൂപയ്ക്കു സഹായമായി. വെള്ളിയാഴ്ച ഡോളര്‍ മൂന്നു പൈസ കുറഞ്ഞ് 83.95 രൂപയില്‍ റെക്കോര്‍ഡില്‍ ക്ലോസ് ചെയ്തു.
ക്രൂഡ് ഓയില്‍ താഴ്ന്നിട്ടു തിരിച്ചു കയറുന്നു. ബ്രെന്റ് ഇനം വെള്ളിയാഴ്ച 70.86 ഡോളറില്‍ ക്ലാേസ് ചെയ്തു. ഇന്നു രാവിലെ വില 72.06 ഡോളറിലേക്ക് കയറി. ഡബ്ല്യുടിഐ ഇനം 68.62 ഉം യുഎഇയുടെ മര്‍ബന്‍ ക്രൂഡ് 72.28 ഉം ഡോളറിലാണ്.
ക്രിപ്റ്റാേ കറന്‍സികള്‍ വീണ്ടും താഴ്ന്നു. ബിറ്റ്‌കോയിന്‍ 54,000 ഡോളര്‍ വരെ താഴ്ന്നിട്ട് ഇന്നു രാവിലെ 55,100 ഡോളറിലേക്കു കയറി. ഈഥര്‍ 2,310 ഡോളറിലായി.
വ്യാവസായിക ലോഹങ്ങള്‍ ഭിന്ന ദിശകളിലായി. ചെമ്പ് 0.38 ശതമാനം കയറി ടണ്ണിന് 9,012.65 ഡോളറില്‍ എത്തി. അലൂമിനിയം 1.72 ശതമാനം ഇടിഞ്ഞ് ടണ്ണിന് 2,340.35 ഡോളര്‍ ആയി. നിക്കല്‍ 0.40 ഉം സിങ്ക് 1.00 ഉം ടിന്‍ 3.98 ഉം ശതമാനം കയറി. ലെഡ് 1.22 ശതമാനം ഇടിഞ്ഞു.

വിപണിസൂചനകള്‍

(2024 സെപ്റ്റംബര്‍ 06, വെള്ളി)
സെന്‍സെക്‌സ് 30 81,183.93 -1.24%
നിഫ്റ്റി50 24,852.15 -1.17%
ബാങ്ക് നിഫ്റ്റി 50,576.85 -1.74%
മിഡ് ക്യാപ് 100 58,501.95 -1.59%
സ്‌മോള്‍ ക്യാപ് 100 19,276.05 -1.25%
ഡൗ ജോണ്‍സ് 30 40,345.41-1.01%
എസ് ആന്‍ഡ് പി 500 5408.42 -1.73%
നാസ്ഡാക് 16,690.83 -2.55%
ഡോളര്‍($) ₹83.95 -₹0.03
ഡോളര്‍ സൂചിക 101.18 +0.07
സ്വര്‍ണം (ഔണ്‍സ്) $2497.20 -$20.00
സ്വര്‍ണം (പവന്‍) ₹53,440 -₹320
ക്രൂഡ് (ബ്രെന്റ്) ഓയില്‍ $70.86 -$01.99


Tags:    

Similar News