ഐടി മേഖലയുടെ വളർച്ചയിൽ ആശങ്ക

ഏഷ്യൻ വിപണികൾ ഭിന്ന ദിശകളിൽ; ചെെന മികച്ച വളർച്ചയിൽ

Update:2023-04-18 08:39 IST

ഐടി സേവന മേഖലയിലെ കമ്പനികളുടെ വരുമാനവും ലാഭമാർജിനും കുറയുന്നതിന്റെ പേരിൽ വിപണി ഇന്നലെ വലിയ വീഴ്ചയിലായി. രാവിലെ കുത്തനെ ഇടിഞ്ഞെങ്കിലും ഉച്ചയ്ക്കു ശേഷം നഷ്ടം ഗണ്യമായി കുറച്ചാണു വിപണി ക്ലോസ് ചെയ്തത്. ഇന്നലെ യുഎസ് വിപണിയിൽ ഇൻഫി അടക്കം ഇന്ത്യൻ കമ്പനികളുടെ എഡിആറുകൾ ചെറിയ നേട്ടത്തിൽ ക്ലോസ് ചെയ്തു. ഇത് ഇന്ന് ഐടി സേവന കമ്പനികളെപ്പറ്റി പ്രതീക്ഷ വളർത്തുന്നു. എങ്കിലും വിശാല വിപണി അത്ര ആവേശത്തിലല്ല.

സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി തിങ്കളാഴ്ച ഒന്നാം സെഷനിൽ 17,764-ൽ അവസാനിച്ചു. രണ്ടാം സെഷനിൽ 17,755-ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ സൂചിക വീണ്ടും താണ് 17,710 ലായി. പിന്നീട് 17,740 ലേക്കു കയറി. ഇന്ത്യൻ വിപണി ഇന്നു ദുർബലമായ തുടക്കം കുറിക്കുമെന്ന സൂചനയാണ് ഇതു നൽകുന്നത്.

ചെെനയുടെ ജിഡിപി ജനുവരി - മാർച്ചിൽ 4.5 ശതമാനം വളർന്നു. വിപണിയുടെ കണക്കുകൂട്ടൽ നാലു ശതമാനമായിരുന്നു. ഡിസംബർ പാദത്തിൽ 2.9 ശതമാനമായിരുന്നു വളർച്ച. ഈ വർഷം അഞ്ചു ശതമാനം വളർച്ചയാണു ചെെനീസ് ഭരണകൂടം ലക്ഷ്യമിട്ടിട്ടുള്ളത്. ഒന്നാം പാദത്തിലെ മികച്ച വളർച്ച ചെെനയുടെ വളർച്ച ലക്ഷ്യമിട്ടതിലും മികച്ചതാകാമെന്നു സൂചിപ്പിക്കുന്നു. ലോഹങ്ങൾക്കു വില ഉയരുമെന്നു നിരീക്ഷകർ കരുതുന്നു.

വിപണികൾ 

യൂറോപ്യൻ വിപണികൾ പൊതുവേ താഴ്ചയിലായിരുന്നു. യുഎസ് വിപണി ചാഞ്ചാട്ടങ്ങൾക്കു ശേഷം ചെറിയ നേട്ടത്തിലാണ് ഇന്നലെ ക്ലോസ് ചെയ്തത്. ഡൗ ജോൺസ് 0.3%, എസ് ആൻഡ് പി 0.33%, നാസ്ഡാക് 0.28% എന്നിങ്ങനെ നേട്ടമുണ്ടാക്കി.

ഇന്നു യുഎസ് ഫ്യൂച്ചേഴ്സ് ഭിന്ന ദിശകളിലാണ്. ഡൗ 0.05 ഉം എസ് ആൻഡ് പി 0.04 ഉം ശതമാനം ഉയർന്നപ്പോൾ നാസ്ഡാക് 0.14 ശതമാനം താഴ്ചയിലായി..

ജപ്പാനിൽ നിക്കെെ നേട്ടത്തിൽ വ്യാപാരം തുടങ്ങി. കൊറിയയിലും ഓസ്ട്രേലിയയിലും ഓഹരികൾ താഴ്ചയിലാണ്. ചെെനീസ് വിപണിയും ഇന്നു നഷ്ടത്തിൽ വ്യാപാരം ആരംഭിച്ചു. പിന്നീടു കയറി.

ഇന്ത്യൻ വിപണി തിങ്കളാഴ്ച ചെറിയ താഴ്ചയിൽ വ്യാപാരം തുടങ്ങിയിട്ട് കൂടുതൽ ഇടിഞ്ഞു. ഒടുവിൽ വ്യാപാരം അവസാനിക്കുന്ന ഘട്ടത്തിൽ നഷ്ടം കുറച്ചു.

തുടർച്ചയായ ഒൻപതു ദിവസത്തെ മുന്നേറ്റത്തിന് ഇത് അന്ത്യം കുറിച്ചു. സെൻസെക്സ് 59,442 വരെയും നിഫ്റ്റി 17,574 വരെയും താഴ്ന്ന ശേഷമാണു കുറഞ്ഞ നഷ്ടത്തിൽ ക്ലോസ് ചെയ്തത്. സെൻസെക്സ് . 520.25 പോയിന്റ് (0.86%) നഷ്ടത്തിൽ 59,910.75 ലും നിഫ്റ്റി 121.15 പോയിന്റ് (0.68%) താഴ്ന്ന് 17,706.82ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 0.39 ശതമാനവും സ്മോൾ ക്യാപ് സൂചിക 0.33 ശതമാനവും കയറിയാണ് വ്യാപാരം അവസാനിപ്പിച്ചത്.

നിഫ്റ്റി ഐടി സൂചിക 4.7 ശതമാനം ഇടിഞ്ഞു. പൊതുമേഖലാ ബാങ്ക് സൂചിക 3.13 ശതമാനം ഉയർന്നു. നിഫ്റ്റിക്ക് 17,600ലും 17,425 ലും സപ്പോർട്ട് ഉണ്ട്. 17,825 ലും 18,005 ലും തടസങ്ങൾ ഉണ്ടാകാം എന്നാണു ചാർട്ടുകൾ സൂചിപ്പിക്കുന്നത്.

വിദേശനിക്ഷേപകർ ഇന്നലെ വിൽപനക്കാരായി. കഴിഞ്ഞയാഴ്ച അവർ എല്ലാ ദിവസവും വാങ്ങലുകാരായിരുന്നു. ഇന്നലെ അവർ 533.2കോടി രൂപയുടെ ഓഹരികൾ വിറ്റു. സ്വദേശി ഫണ്ടുകൾ 269.65 കോടിയുടെ ഓഹരികൾ വാങ്ങി.

ക്രൂഡ് ഓയിലും സ്വർണവും 

ക്രൂഡ് ഓയിൽ വില താണു. ബ്രെന്റ് ഇനം ക്രൂഡ് 1.8 ശതമാനം കുറഞ്ഞ് 84.76 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 85.4 ലേക്കു കയറി. ചെെനയുടെ ജിഡിപി വളർച്ച കുതിച്ചതാണു കാരണം.

സ്വർണവില 2000 ഡോളറിൽ നിന്നു താഴെയായി. ഡോളർ സൂചിക നേട്ടത്തിലായതാണു കാരണം. തിങ്കളാഴ്ച ഔൺസിന് 2015 ഡോളർ വരെ കയറിയ ശേഷം വില 1979 ഡോളറിലേക്ക് ഇടിഞ്ഞു. ഇന്നു രാവിലെ 1998- 2000 ൽ വ്യാപാരം നടക്കുന്നു.

കേരളത്തിൽ പവൻവില മാറ്റമില്ലാതെ 44,760 രൂപയിൽ തുടർന്നു. ഇന്നു വില കുറയാം.

വ്യാവസായിക ലോഹങ്ങൾ തിങ്കളാഴ്ച അൽപം താഴ്ന്നു. ചെമ്പ് മുക്കാൽ ശതമാനം താഴ്ന്ന് 8963 ഡോളറിലും അലൂമിനിയം അര ശതമാനം കുറഞ്ഞ് 2373 ഡോളറിലുമാണ്. നിക്കൽ ഉയർന്നപ്പാേൾ സിങ്ക് താഴ്ന്നു. മ്യാൻമറിൽ ഉൽപാദനം നിർത്തിവയ്ക്കുമെന്ന അഭ്യൂഹത്തെ തുടർന്നു ടിൻ അവധി വില 11 ശതമാനം കയറി. പിന്നീട് 9.8 ശതമാനം നേട്ടത്തിൽ 27,199 ഡോളറിൽ ക്ലോസ് ചെയ്തു.

ക്രിപ്റ്റോ കറൻസികൾ അൽപം താഴ്ന്നു. ബിറ്റ് കോയിൻ മൂന്നു ശതമാനം താണ് 29,500 ഡോളറിനു താഴെയായി. ഡോളർ തിങ്കളാഴ്ച 12 പെെസ നേട്ടത്തിൽ 81.97 രൂപയിൽ ക്ലോസ് ചെയ്തു. ഡോളർ സൂചിക തിങ്കളാഴ്ച 55 പോയിന്റ് കയറി 102.10 ൽ അവസാനിച്ചു. ഇന്നു രാവിലെ 102.06 ലേക്കു താണു.

ഐടി സേവന മേഖല


ഇൻഫോസിസ് ടെക്നോളജീസിന്റെ നാലാം പാദം മോശമായതും വരുന്ന പാദങ്ങളിൽ ക്ഷീണം തുടരാം എന്നതും ഇന്നലെ ഇന്ത്യൻ വിപണിയെ വല്ലാതെ ഉലച്ചു. ഐടി സേവനമേഖലയിലെ കമ്പനികൾക്കെല്ലാം ഇന്നലെ വിപണിയിൽ തിരിച്ചടിയായിരുന്നു. നിഫ്റ്റിയിൽ 138 പോയിന്റും സെൻസെക്സിൽ 414 പോയിന്റും നഷ്ടമാണ് ഇൻഫിയുടെ 9.4 ശതമാനം ഇടിവ് വരുത്തിയത്. ഒരു ഘട്ടത്തിൽ ഇൻഫി ഓഹരി 14 ശതമാനം വരെ താഴ്ന്നതാണ്. കഴിഞ്ഞ വ്യാഴം, വെള്ളി ദിവസങ്ങളിലായി ഇൻഫി എഡിആർ യുഎസ് വിപണിയിൽ 12 ശതമാനം ഇടിഞ്ഞിരുന്നു.

വരുന്ന പാദങ്ങളിലും വരുമാനവും ലാഭവും കുറയുമെന്ന ഇൻഫിയുടെ മുന്നറിയിപ്പിനെ തുടർന്നു ബ്രാേക്കറേജുകളും വിശകലനക്കാരും ഓഹരിവില താഴുന്നതിനെപ്പറ്റി മത്സരിച്ചു പ്രവചനമായിരുന്നു.

25 ശതമാനം ഇടിവു വരെ പ്രവചിച്ചവരുണ്ട്. കമ്പനിയുടെ പി ഇ അനുപാതം 24 - ൽ നിന്ന് 21 ആകും എന്നു പലരും വിലയിരുത്തി. ഇപിഎസിൽ ഏഴു ശതമാനം ഇടിവ് പലരും പ്രവചിച്ചു.

മറ്റ് ഐടി സേവന കമ്പനികളുടെ ഓഹരികളും ഇന്നലെ തകർച്ചയിലായി. പാശ്ചാത്യ രാജ്യങ്ങളിൽ മാന്ദ്യം വരുന്ന പക്ഷം ഐടി സേവന മേഖലയ്ക്കു വലിയ തിരിച്ചടി കിട്ടുമെന്നു പൊതുവേ വിലയിരുത്തുന്നു. ബാങ്ക്, ഇൻഷ്വറൻസ്, ധനകാര്യ സേവന കമ്പനികളാണ് ഇൻഫി മുതൽ മിക്ക ഐടി സേവന കമ്പനികളുടെയും മുഖ്യ വരുമാന സ്രോതസ്.

നിക്ഷേപകർ പിന്മാറേണ്ട സാഹചര്യമില്ല

യുഎസിലെ പ്രമുഖ ബാങ്കിംഗ് സ്ഥാപനങ്ങളുടെ റിസൽട്ട് വന്നു തുടങ്ങി. ജെപി മോർഗൻ ചേയ്സും വെൽസ് ഫാർഗോയും സിറ്റി ഗ്രൂപ്പും വിപണി പ്രതീക്ഷിച്ചതിലും മികച്ച റിസൽട്ടാണു പുറത്തുവിട്ടത്. ഇടത്തരം ബാങ്കുകളിൽപെട്ട ചാൾസ് ഷ്വാബും ഇന്നലെ മികച്ച റിസൽട്ട് പ്രസിദ്ധീകരിച്ചു. ഇതെല്ലാം യുഎസ് ബാങ്കുകൾ പ്രതീക്ഷയിലും ശക്തവും ലാഭകരവുമാണെന്നു കാണിക്കുന്നു. ഐടി സേവന കമ്പനികളുടെ വരുമാനത്തെപ്പറ്റി വലിയ ആശങ്കയ്ക്കു കാരണമില്ലെന്നാണ് ഇതു സൂചിപ്പിക്കുന്നത്. ക്ഷീണം അധികം നീണ്ടു നിൽക്കുകയില്ലെന്നും കണക്കാക്കാം.

ഇടത്തരം ബാങ്കുകളിൽ നിന്നു നിക്ഷേപങ്ങൾ പിൻവലിക്കുന്ന പ്രവണത ഇപ്പോഴും ഉണ്ട്. പക്ഷേ അത് ബാങ്കുകളുടെ ഭദ്രതയിൽ സംശയം വളർന്നിട്ടല്ല. കൂടുതൽ ആദായകരമായ നിക്ഷേപാവസരം നോക്കിയാണ്. ആപ്പിളും ഗോൾഡ്മാൻ സാക്സും കൂടി 4.15 ശതമാനം പലിശ വാഗ്ദാനം ചെയ്ത് അവതരിപ്പിച്ച പുതിയ നിക്ഷേപ പദ്ധതിക്കു വലിയ സ്വാഗതം ലഭിച്ചത് ഇക്കാര്യം സൂചിപ്പിക്കുന്നു.

ഐടി കമ്പനികളിൽ നിന്നു കുറേ നിക്ഷേപകർ വിട്ടു മാറുന്നതായാണു സൂചന. ഫാർമസ്യൂട്ടിക്കൽ കമ്പനികളിലേക്കാണ് അവർ പോകുന്നത്. മികച്ച മാനേജ്മെന്റും നല്ല ഇടപാടുകാരും ഉള്ള ഐടി കമ്പനികളെ കെെയൊഴിയാൻ കാര്യമില്ലെന്നു പരിചയ സമ്പന്നരായ നിക്ഷേപ വിദഗ്ധർ പറയുന്നു. ഒന്നോ രണ്ടോ പാദത്തിലെ വരുമാന - ലാഭ ഇടിവ് നല്ല കമ്പനികളിൽ നിന്നു വിട്ടു പോകാൻ തക്ക കാരണമല്ല എന്നാണ് അവർ പറയുന്നത്. മികച്ച മാനേജ്മെന്റും നല്ല പാരമ്പര്യവുമാണ് അവയിൽ നിക്ഷേപിക്കാനുള്ള പ്രേരകങ്ങൾ. താൽക്കാലിക ലാഭ-നഷ്ടങ്ങളല്ല അവയിലെ നിക്ഷേപത്തെ ആകർഷകമാക്കുന്നത്.


വിപണി സൂചനകൾ

(2023 ഏപ്രിൽ 17, തിങ്കൾ)

സെൻസെക്സ് 30 59,910.75 -0.86%

നിഫ്റ്റി 50 17,706.82 - 0.68%

ബാങ്ക് നിഫ്റ്റി 42,262.60 +0.31%

മിഡ് ക്യാപ് 100 31,006.50 +0.39%

സ്മോൾ ക്യാപ് 100 9368.50 +0.33%

ഡൗ ജോൺസ് 30 33,987.18 +0.30%

എസ്. ആൻഡ് പി 500 4151.32 +0.33%

നാസ്ഡാക് 12,157.72 +0.28%

ഡോളർ ($) ₹81.97 +12 പൈസ

ഡോളർ സൂചിക 102.10 +0.55

സ്വർണം(ഔൺസ്) $ 2004.00 -$00.00

സ്വർണം(പവൻ) ₹44,760 +₹0.00

ക്രൂഡ്(ബ്രെന്റ്)ഓയിൽ $84.76 -$1.55

Tags:    

Similar News