ഐടിയില്‍ ആശങ്ക അകലുന്നു, ഫാര്‍മ ഓഹരികളില്‍ പുതിയ പ്രതീക്ഷ

ക്യാപിറ്റല്‍ ഗെയ്ന്‍ ടാക്‌സ് വര്‍ധിക്കുന്നില്ല; അരി ലഭ്യത കുറയുന്നു, ഭക്ഷ്യവില കൂടുന്നു

Update:2023-04-19 08:40 IST

ചാഞ്ചാട്ടങ്ങൾക്കു ശേഷം ഇന്ത്യൻ വിപണി ഇന്നലെ നഷ്ടത്തിൽ ക്ലോസ് ചെയ്തെങ്കിലും അന്തർധാര ബുള്ളിഷ് ആയിരുന്നു. ദീർഘകാല മൂലധന നേട്ട നികുതി(Capital Gain Tax) വർധിപ്പിക്കും എന്ന റിപ്പോർട്ടാണു മുഖ്യ സൂചികകളെ താഴ്ത്തിയത്. നികുതിവർധന ആലോചിച്ചിട്ടില്ലെന്ന് ഗവണ്മെന്റ് വിശദീകരിക്കുകയും ചെയ്തു. ഇന്നു വിപണി ആശ്വാസത്തോടെയാകും വ്യാപാരം തുടങ്ങുക.

സിംഗപ്പുരിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി ചൊവ്വാഴ്ച രാത്രി 17,698.5 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ സൂചിക 17,710 ലേക്കു കയറിയിട്ടു വീണ്ടും 17,690 ലേക്കു താഴ്ന്നു. ഇന്ത്യൻ വിപണി ഇന്നും ദുർബലമായി വ്യാപാരം തുടങ്ങുമെന്നാണു സൂചന.

യൂറോപ്യൻ വിപണികൾ ഇന്നലെ മികച്ച നേട്ടത്തിലായിരുന്നു. യുഎസ് വിപണി താഴ്ന്നു തുടങ്ങിയിട്ടു ചാഞ്ചാട്ടങ്ങൾക്കു ശേഷം ചെറിയ മാറ്റത്തിലാണ് ഇന്നലെ ക്ലോസ് ചെയ്തത്. ഡൗ ജോൺസ് 0.03 ശതമാനം താഴ്ന്നപ്പോൾ എസ് ആൻഡ് പി 0.086% ഉയർന്നു. നാസ്ഡാക് 0.04% താഴ്ന്നു. .

ഇന്നു യുഎസ് ഫ്യൂച്ചേഴ്സ് താഴ്ചയിലാണ്. ഡൗ 0.09 ഉം എസ് ആൻഡ് പി 0.08 ഉം നാസ്ഡാക് 0.12 ഉം ശതമാനം താഴെയാണ്. ജപ്പാനിൽ നിക്കെെ നഷ്ടത്തിൽ വ്യാപാരം തുടങ്ങി. കൊറിയയിലും ഓസ്ട്രേലിയയിലും ഓഹരികൾ ഉയർച്ചയിലാണ്. എന്നാൽ ചെെനീസ് വിപണി ഇന്നും നഷ്ടത്തിൽ വ്യാപാരം ആരംഭിച്ചു.

ഇന്ത്യൻ വിപണി ഇന്നലെ 

ഇന്ത്യൻ വിപണി ചൊവ്വാഴ്ച ചാഞ്ചാട്ടങ്ങൾക്കു ശേഷം ചെറിയ നഷ്ടത്തിൽ അവസാനിച്ചു. സെൻസെക്സ് 59,442 വരെയും നിഫ്റ്റി 17,574 വരെയും താഴ്ന്ന ശേഷമാണു കുറഞ്ഞ നഷ്ടത്തിൽ ക്ലോസ് ചെയ്തത്. സെൻസെക്സ് . 520.25 പോയിന്റ് (0.86%) നഷ്ടത്തിൽ 59,910.75 ലും നിഫ്റ്റി 121.15 പോയിന്റ് (0.68%) താഴ്ന്ന് 17,706.82ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 0.39 ശതമാനവും സ്മോൾ ക്യാപ് സൂചിക 0.33 ശതമാനവും കയറിയാണ് വ്യാപാരം അവസാനിപ്പിച്ചത്.

നിഫ്റ്റിക്ക് 17,620ലും 17,525 ലും സപ്പോർട്ട് ഉണ്ട്. 17,740 ലും 17,835 ലും തടസങ്ങൾ ഉണ്ടാകാം എന്നാണു ചാർട്ടുകൾ സൂചിപ്പിക്കുന്നത്. വിദേശനിക്ഷേപകർ ഇന്നലെയും വിൽപനക്കാരായി. അവർ 810.6 കോടി രൂപയുടെ ഓഹരികൾ വിറ്റു. സ്വദേശി ഫണ്ടുകൾ 401.66 കോടിയുടെ ഓഹരികൾ വാങ്ങി.

ക്രൂഡ് ഓയിൽ വില കാര്യമായി മാറിയില്ല. ബ്രെന്റ് ഇനം ക്രൂഡ് 84.77 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 84.79 ലേക്കു കയറി. സ്വർണവില 2000 ഡോളറിനു ചുറ്റും കയറിയിറങ്ങി. ഡോളർ സൂചിക ചാഞ്ചാട്ടത്തിലായതാണു കാരണം. ചാെവ്വാഴ്ച ഔൺസിന് 2012 ഡോളർ വരെ കയറിയ ശേഷം വില 1990 ഡോളറിലേക്ക് ഇടിഞ്ഞു. ഇന്നു രാവിലെ 2002- 2004 ൽ വ്യാപാരം നടക്കുന്നു.

കേരളത്തിൽ പവൻവില 80 രൂപ കുറഞ്ഞ് 44,680 രൂപയായി. വ്യാവസായിക ലോഹങ്ങൾ ചാെവ്വാഴ്ച ഉയർന്നു. ചൈനീസ് ജിഡിപി മികച്ച തോതിൽ ഉയർന്നതാണു കയറ്റത്തിനു കാരണം. ചെമ്പ് 0.46 ശതമാനം വർധിച്ച് 9004 ഡോളറിലും അലൂമിനിയം 2.83 ശതമാനം കുതിച്ച് 2440 ഡോളറിലുമെത്തി. നിക്കൽ രണ്ടു ശതമാനം ഉയർന്നപ്പാേൾ സിങ്ക് 0.32 ശതമാനമേ കയറിയുള്ളൂ. ടിൻ 1.68 ശതമാനം കയറി.

ക്രിപ്റ്റോ കറൻസികൾ ഉയർന്നു. ബിറ്റ് കോയിൻ 30,500 ഡോളറിനു മുകളിലായി. ഡോളർ ചാെവ്വാഴ്ച മൂന്നു പെെസ നേട്ടത്തിൽ 82 രൂപയിൽ ക്ലോസ് ചെയ്തു. ഡോളർ സൂചിക ചാെവ്വാഴ്ച 35 പോയിന്റ് താഴ്ന്ന് 101.75ൽ അവസാനിച്ചു. ഇന്നു രാവിലെ 101.86 ലേക്കു താണു. 

ഐടി സേവനമേഖല തെളിയുന്നു 

രണ്ടു ദിവസത്തെ ഇടിവിനു ശേഷം ഐടി മേഖല ഇന്നലെ ചെറിയ നേട്ടം ഉണ്ടാക്കി. ഇൻഫോസിസ് ചാഞ്ചാടിയ ശേഷം നാമമാത്ര നേട്ടത്തിൽ ക്ലോസ് ചെയ്തു. ടിസിഎസ് 0.28 ശതമാനം താണു. വിപ്രാേ 1.56 ഉം എച്ച്സിഎൽ 2.27 ഉം ശതമാനം ഉയരത്തിൽ വ്യാപാരം അവസാനിപ്പിച്ചു.

കോഫോർജ്, പെർസിസ്റ്റന്റ്, എംഫസിസ്, സിയന്റ് തുടങ്ങിയവ നല്ല ഉയർച്ച കാണിച്ചപ്പോൾ ടെക് മഹീന്ദ്രയും എൽ ആൻഡ് ടി മെെൻഡ് ട്രീയും പിന്നാക്കം പോയി. ഇന്ത്യൻ കമ്പനികൾക്കു യുഎസിലെ ബാങ്ക്, ധനകാര്യ, ഇൻഷ്വറൻസ് മേഖലകളിൽ നിന്നാണു കൂടുതൽ ബിസിനസ് കിട്ടാറ്. ആ മേഖലകൾ ആദ്യം കരുതിയത്ര ദുർബലമല്ലെന്ന് കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്ന ഒന്നാം പാദ ഫലങ്ങൾ കാണിച്ചു. ഇന്ത്യൻ ഐടി സേവന കമ്പനികളുടെ ബിസിനസ് താമസിയാതെ തിരിച്ചു കയറുമെന്ന് ഇതു സൂചിപ്പിക്കുന്നു. നിക്ഷേപകർക്കു സ്വീകാര്യമായ നിലവാരത്തിലേക്ക് ഓഹരി വിലകൾ എത്തിയതും അനുകൂലമായ ഘടകമാണ്.

ഫാർമയിൽ പ്രതീക്ഷ 

ഐടി മേഖലയിൽ നിന്നു പിന്മാറുന്ന നിക്ഷേപകർ കയറ്റുമതി രംഗത്തു സജീവമായ ഫാർമ കമ്പനികളിലാണു നോട്ടമിടുന്നത്. ഡിവിസ് ലാബ്, ലൂപിൻ, ബയോകോൺ, അരബിന്ദോ, ഗ്ലെൻമാർക്ക് തുടങ്ങിയവ ഇന്നലെ ഗണ്യമായി ഉയർന്നു. ഫാർമ നിഫ്റ്റി 1.5 ശതമാനം കയറിയപ്പോൾ ലൂപിൻ ആറു ശതമാനത്തിലധികം കുതിച്ചു. വിദേശ ബ്രാേക്കറേജ് ഇൻവെസ്റ്റെക് ലൂപിന് ഉയർന്ന റേറ്റിംഗ് നൽകിയതും തുണച്ചു. 

ഭക്ഷ്യവില കുതിക്കുന്നു

കാലാവസ്ഥപ്പിഴവ് ഭക്ഷ്യവില വർധനയ്ക്കു കാരണമാകുമെന്നു ഭീതി. അരിവില ആഗാേള വിപണിയിൽ കുതിച്ചു കയറുകയാണ്. ഗോതമ്പുവില ഉയർന്നു നിൽക്കുന്നു. പഞ്ചസാര, കാപ്പി, കൊക്കോ വിലകളും ഉയർന്നു നീങ്ങുകയാണ്.

ഇക്കൊല്ലം അരി ഉൽപാദനം ലോകമെങ്ങും കുറവാണ്. രണ്ടു ദശകത്തിനുള്ളിലെ ഏറ്റവും വലിയ കുറവാണ് അരി ലഭ്യതയിൽ വരാൻ പോകുന്നതെന്ന് നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നത്. ഈ വർഷം പ്രതീക്ഷിക്കുന്ന കുറവ് 87 ലക്ഷം ടൺ ആണ്. 2003 - 04 ലെ 186 ലക്ഷം ടൺ കമ്മിക്കു ശേഷമുള്ള ഏറ്റവും വലിയ കുറവ്. ചെെനയിലും പാക്കിസ്ഥാനിലും

വെള്ളപ്പാെക്കം ഉൽപാദനത്തെ ബാധിച്ചു. പാക് ഉൽപാദനത്തിൽ 31 ശതമാനം കുറവുണ്ട്. ചൈനയിൽ  ചില പ്രവിശ്യകളിൽ ഉഷ്ണക്കാറ്റും ഉൽപാദനം കുറച്ചു.

ഇന്ത്യയിൽ കഴിഞ്ഞ സീസണിലെ ഉൽപാദനം റിക്കാർഡ് നിലവാരത്തിലാണ്. എന്നാൽ എൽ നിനോ പ്രതിഭാസം കാലവർഷ മഴയിൽ കുറവു വരുത്തിയാൽ ഈ വർഷം ഉൽപാദനം കുറയും. 

ഇന്ത്യയിൽ കഴിഞ്ഞ വർഷവും ഈ വർഷവും ഉഷ്ണ തരംഗം ഗോതമ്പ് ഉൽപാദനത്തെ ബാധിച്ചു. കഴിഞ്ഞ വർഷം ഉദ്ദേശിച്ചത് സംഭരണം സാധിച്ചില്ല. അതിനാൽ ഫുഡ് കോർപറേഷന്റെ പക്കൽ സ്റ്റാേക്ക് കുറവാണ്. ഇക്കൊല്ലവും ഉഷ്ണതരംഗം ശക്തമാണ്. സംഭരണം ഇനിയും ലക്ഷ്യമിട്ട വേഗത്തിലായിട്ടില്ല. വിപണിയിൽ ഗോതമ്പ് വില ഉയർന്നു നിൽക്കുകയാണ്. കഴിഞ്ഞ വർഷങ്ങളിൽ ഇന്ത്യ ധാരാളം അരി കയറ്റുമതി നടത്തിയിരുന്നു. ഈ വർഷം അതു സാധിക്കുമോ എന്നു വ്യക്തമല്ല.

ഉയരുന്ന ഭക്ഷ്യ വില 

പഞ്ചസാരയുടെ ആഗാേള ലഭ്യത കുറഞ്ഞു. വില പത്തു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലായി. ഇന്ത്യ കയറ്റുമതി ക്വോട്ട വർധിപ്പിക്കാത്തതാണു വിലക്കയറ്റത്തിനു ശമനം വരാത്തതിനു കാരണം. അടുത്ത കാലവർഷത്തെപ്പറ്റിയുള്ള ആശങ്കയിലാണ് ഇന്ത്യ കയറ്റുമതി കൂട്ടാത്തത്.

കാപ്പിവില 2012-നു ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലായിരുന്നു കഴിഞ്ഞ വർഷം. ഈ വർഷം വില കുറയുമെന്നു കരുതിയെങ്കിലും ദക്ഷിണ അമേരിക്കയിൽ നിന്നുള്ള സൂചന ഉൽപാദനം കാര്യമായി വർധിക്കുകയില്ലെന്നാണ്. ഇതാേടെ വില വീണ്ടും കയറി. കൊക്കോവില 2017 നു ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലായി. ഉൽപാദനം കുറയുമെന്ന ഭീതിയാണു കാരണം.

ഉൽപന്ന വിലകളിലെ ഈ കയറ്റം ആഗാേള വിലക്കയറ്റം ഉയർന്നു നിൽക്കാൻ കാരണമാകും. ഈ വർഷം വിലക്കയറ്റം കുറയുമെന്ന പ്രതീക്ഷ സഫലമാകാതെ വരാം.

വിപണി സൂചനകൾ

(2023 ഏപ്രിൽ 18, ചൊവ്വ)

സെൻസെക്സ് 30 59,727.01 -0.31%

നിഫ്റ്റി 50 17,660.15 - 0.26%

ബാങ്ക് നിഫ്റ്റി 42,265.20 +0.01%

മിഡ് ക്യാപ് 100 31,240.75 +0.76%

സ്മോൾ ക്യാപ് 100 9396.00 +0.29%

ഡൗ ജോൺസ് 30 33,976.60 -0.03%

എസ്. ആൻഡ് പി 500 4154.87 +0.09%

നാസ്ഡാക് 12,153.40 -0.04%

ഡോളർ ($) ₹82.00 + 03 പൈസ

ഡോളർ സൂചിക 101.75 -0.35

സ്വർണം(ഔൺസ്) $ 2005.80 +$01.80

സ്വർണം(പവൻ) ₹44,680 -₹80.00

ക്രൂഡ്(ബ്രെന്റ്)ഓയിൽ $84.77 +$0.01

Tags:    

Similar News