ആഗോള വിപണി വീണ്ടും പലിശപ്പേടിയിൽ
റിസൽട്ടുകൾ നിർണായകം; ബാങ്കുകളിൽ വിൽപന സമ്മർദം; പാശ്ചാത്യ സൂചനകൾ നെഗറ്റീവ്; ക്രൂഡ് ഓയിൽ ഇടിഞ്ഞു.
പലിശപ്പേടിയും ചില വലിയ കമ്പനികളുടെ നഷ്ടവും പാശ്ചാത്യ വിപണികളെ താഴ്ത്തി. ഇതേ ആശങ്കകൾ ഇന്ത്യൻ വിപണിയിൽ നിന്ന് അകന്നു പോകുന്നില്ല. അനിശ്ചിതത്വമാണു വിപണിയെ കാത്തിരിക്കുന്നത്. ഈയാഴ്ചയിലെ അവസാന വ്യാപാര ദിവസമായ ഇന്ന് ഇന്ത്യൻ വിപണി ആവേശം കുറഞ്ഞ വ്യാപാരത്തുടക്കമാകും കാണുക. പ്രമുഖ കമ്പനികളുടെ റിസൽട്ട് ഈ ദിവസങ്ങളിൽ വരാനുണ്ട്. അവ പ്രതീക്ഷ പോലെ വന്നില്ലെങ്കിൽ വിപണി പ്രതികൂലമായി പ്രതികരിക്കാം.
സിംഗപ്പുരിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി ബുധനാഴ്ച രാത്രി ഒന്നാം സെഷനിൽ 17,653.5 ൽ ക്ലോസ് ചെയ്തു. രണ്ടാം സെഷനിൽ 17,695.5 ലേക്കു കയറി.
ഇന്നു രാവിലെ സൂചിക 17,705 ലേക്കു കയറിയിട്ടു 17,670 ലേക്കു താഴ്ന്നു. ഇന്ത്യൻ വിപണി ഇന്നും ദുർബലമായി വ്യാപാരം തുടങ്ങുമെന്നാണു സൂചന.
യൂറോപ്യൻ വിപണികൾ ഇന്നലെ ഭിന്ന ദിശകളിൽ നീങ്ങി. യൂറോ മേഖലയിലെയും യുകെയിലെയും വിലക്കയറ്റം പ്രതീക്ഷയിലും കൂടുതലായതു വിപണിയുടെ ഉയർച്ച തടഞ്ഞു. യുഎസ് വിപണി താഴ്ന്നു തുടങ്ങിയിട്ടു താഴ്ന്നു തന്നെ ക്ലോസ് ചെയ്തു. ഡൗ ജോൺസ് 0.23 ശതമാനം താഴ്ന്നപ്പോൾ എസ് ആൻഡ് പി 0.0084% താഴ്ന്നു. നാസ്ഡാക് 0.031% ഉയർന്നാണ് അവസാനിച്ചത്.
യുഎസ് ഫ്യൂച്ചേഴ്സ് താഴ്ചയിൽ
ടെസ്ലയുടെ ലാഭം കുത്തനെ ഇടിഞ്ഞതിനെ തുടർന്ന് ഇന്നു യുഎസ് ഫ്യൂച്ചേഴ്സ് താഴ്ചയിലാണ്. ഡൗ 0.15 ഉം എസ് ആൻഡ് പി 0.25 ഉം നാസ്ഡാക് 0.35 ഉം ശതമാനം താഴെയാണ്. ടെസ്ല ഒരു വർഷത്തിനുള്ളിൽ ആറു തവണ കാറുകളുടെ വില താഴ്ത്തിയതാണു നഷ്ടത്തിനു കാരണം. വില കുറച്ചെങ്കിലും വിൽപന കാര്യമായി വർധിച്ചില്ല.
ജപ്പാനിൽ നിക്കെെ നഷ്ടത്തിൽ വ്യാപാരം തുടങ്ങി. കൊറിയയിലും ഓസ്ട്രേലിയയിലും ഓഹരികൾ ഇടിവിലാണ്. ചെെനീസ് വിപണി ഇന്നും നഷ്ടത്തിൽ വ്യാപാരം ആരംഭിച്ചു.
ഇന്ത്യൻ വിപണി
ഇന്ത്യൻ വിപണി ബുധനാഴ്ചയും ചാഞ്ചാട്ടങ്ങൾക്കു ശേഷം ചെറിയ നഷ്ടത്തിൽ അവസാനിച്ചു. സെൻസെക്സ് 300 പോയിന്റ് കയറിയിറങ്ങി; നിഫ്റ്റി 90 പോയിന്റും. സെൻസെക്സ് 159.2 പോയിന്റ് (0.27%) നഷ്ടത്തിൽ 59,567.8 ലും നിഫ്റ്റി 41.4 പോയിന്റ് (0.23%) താഴ്ന്ന് 17,618.75ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 0.09 ശതമാനവും സ്മോൾ ക്യാപ് സൂചിക 0.1 ശതമാനവും താഴ്ന്നാണു വ്യാപാരം അവസാനിപ്പിച്ചത്.
യുഎസിലും യൂറോപ്പിലും പലിശ വർധന തുടരും എന്ന ആശങ്കയാണ് ഇന്നലെ വിപണിയെ താഴ്ത്തിയത്. കൂടിയ പലിശ ബാങ്കുകൾക്കും അനുബന്ധ മേഖലകൾക്കും തിരിച്ചടിയാകും എന്നതുകൊണ്ട് ബാങ്ക്, ഐടി സേവന കമ്പനികൾ താഴ്ചയിലായി. തലേന്നു ലണ്ടൻ മെറ്റൽ എക്സ്ചേഞ്ചിൽ ലോഹങ്ങൾക്കു വില വർധിച്ചത് മെറ്റൽ, സ്റ്റീൽ ഓഹരികളെ ഉയർത്തി. ബാങ്ക് ഓഹരികളിൽ വിൽപന സമ്മർദവും പ്രശ്നമായി.
ആഗോള തലത്തിലെ അരിക്ഷാമത്തെപ്പറ്റിയുള്ള റിപ്പോർട്ടുകൾ അരി കയറ്റുമതിക്കാരായ കോഹിനൂർ, കെആർബിഎൽ, എൽടി ഫുഡ്സ് തുടങ്ങിയവയുടെ ഓഹരി വില കൂടാൻ കാരണമായി.
ബാബാ കല്യാണിയും സഹോദരി സുഗന്ധ ഹിരേമഠും ഹികൽ ലിമിറ്റഡിന്റെ ഉടമസ്ഥത സംബന്ധിച്ച തർക്കം നിയമ യുദ്ധത്തിലേക്കു മാറി. ഹികലിൽ കല്യാണിയുടെ ഓഹരി തനിക്കു നൽകാനുള്ള കരാർ സഹോദരൻ പാലിക്കുന്നില്ല എന്നാണു സുഗന്ധയുടെ പരാതി. ബാബാ കല്യാണി ഗ്രൂപ്പിനും ഹികൽ ലിമിറ്റഡിനും നിയമയുദ്ധം പ്രതിഛായ നഷ്ടമാക്കും.
200 ദിന മൂവിംഗ് ശരാശരിയായ 17,587 ലെ സപ്പോർട്ടിലാണു രണ്ടു ദിവസമായി നിഫ്റ്റി നിൽക്കുന്നത്. അതിനു താഴെപ്പോയാൽ 17,400 വരെ വീഴാം. നിഫ്റ്റിക്ക് 17,590ലും 17,535 ലും സപ്പോർട്ട് ഉണ്ട്. 17,655 ലും 17,710 ലും തടസങ്ങൾ ഉണ്ടാകാം എന്നാണു ചാർട്ടുകൾ സൂചിപ്പിക്കുന്നത്.
വിദേശനിക്ഷേപകർ ഇന്നലെ നാമമാത്ര വിൽപനക്കാരായി. അവർ 13.17 കോടി രൂപയുടെ ഓഹരികൾ വിറ്റു. സ്വദേശി ഫണ്ടുകൾ 110.42 കോടിയുടെ ഓഹരികൾ വാങ്ങി.
ക്രൂഡ് ഓയിൽ വില തിരിച്ചിറങ്ങി; സ്വർണം ചാഞ്ചാട്ടത്തിൽ
ക്രൂഡ് ഓയിൽ വില താഴ്ന്നു. ബ്രെന്റ് ഇനം ക്രൂഡ് ഇന്നലെ 82 ഡോളറിനടുത്തു വന്നിട്ട് 83.12 ഡോളറിൽ ക്ലോസ് ചെയ്തു. രണ്ടു ശതമാനത്താേളം ഇടിവ്. ഇന്നു രാവിലെ 82.64 ലേക്കു താഴ്ന്നു. ഡോളറിന്റെ കരുത്തും പലിശവർധനയെപ്പറ്റിയുള്ള ഭീതിയും ചേർന്നപ്പോൾ ഉൽപാദനം കുറയ്ക്കാനുള്ള ഒപെക് പ്ലസ് തീരുമാനത്തെ തുടർന്നുണ്ടായ വിലക്കയറ്റം അപ്പാടെ തിരിച്ചിറങ്ങി.
പലിശപ്പേടിയിൽ സ്വർണവില ഇന്നലെ കുത്തനേ ഇടിഞ്ഞിട്ട് തിരിച്ചു കയറി. 1968 ഡോളർ വരെ സ്വർണം താഴ്ന്നതാണ്. പിന്നീട് 1994.6 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 1996- 1998 ഡോളറിൽ വ്യാപാരം നടക്കുന്നു.
കേരളത്തിൽ പവൻവില ഇന്നലെ രാവിലെ 160 രൂപ കൂടി 44,840 രൂപയായി. ഉച്ചയ്ക്കു ശേഷം ആഗാേള വിലയിടിവിനെ തുടർന്നു 320 രൂപ കുറഞ്ഞ് 44,520 രൂപയിലെത്തി.
പലിശ വർധനയെപ്പറ്റിയുള്ള ഭയം ഇന്നലെ വ്യാവസായിക ലോഹങ്ങളെ വലിച്ചു താഴ്ത്തി. ചെമ്പ് 1.44 ശതമാനം ഇടിഞ്ഞ് 8875 ഡോളറിലായി. അലൂമിനിയം 2441.65 ഡോളറിൽ ക്ലാേസ് ചെയ്തു. നിക്കൽ രണ്ടു ശതമാനം ഇടിഞ്ഞപ്പാേൾ സിങ്ക് 304 ശതമാനവും ടിൻ 3.37 ശതമാനവും താഴ്ന്നു.
ക്രിപ്റ്റോ കറൻസികൾ കയറിയിറങ്ങി.. ബിറ്റ്കോയിൻ 29,300 ഡോളറിനു താഴെയാണ്. ഡോളർ ബുധനാഴ്ച 23 പെെസ നേട്ടത്തിൽ 82.23 രൂപയിൽ ക്ലോസ് ചെയ്തു. രാജ്യാന്തര വിപണിയിൽ ഡോളർ കയറിയതിനെ തുടർന്നാണിത്. ഡോളർ സൂചിക ബുധനാഴ്ച 101.66 മുതൽ 102.23വരെ കയറിയിറങ്ങി. പിന്നീടു 101.97ൽ അവസാനിച്ചു. ഇന്നു രാവിലെ 101.86 ലേക്കു താണു.
പലിശപ്പേടി വീണ്ടും വരുമ്പോൾ...
പലിശപ്പേടി വീണ്ടും വിപണികളെ ഉലയ്ക്കുകയാണ്. യൂറോ മേഖലയിലെ ചില്ലറ വിലക്കയറ്റം മാർച്ചിൽ 6.9 ശതമാനമായി. ഫെബ്രുവരിയിലെ 8.5 ൽ നിന്നു ഗണ്യമായി കുറവാണെങ്കിലും കാതൽവിലക്കയറ്റം 7.4 ൽ നിന്ന് 7.5 ശതമാനമായി ഉയർന്നു. യുകെയിൽ വിലക്കയറ്റം 10.1 ശതമാനമായി.
മേയ് ആദ്യം യൂറോപ്യൻ കേന്ദ്ര ബാങ്കും ബാങ്ക് ഓഫ് ഇംഗ്ലണ്ടും പലിശ നിരക്ക് കൂട്ടുമെന്ന നിഗമനം ശക്തിപ്പെടാൻ ഇതു വഴി തെളിച്ചു. മൂന്നു ശതമാനമാണ് യൂറോപ്യൻ കേന്ദ്ര ബാങ്കിന്റെ കുറഞ്ഞ നിരക്ക്. ഇതു രണ്ടു 3.75 ശതമാനമായിട്ടേ വർധനയ്ക്ക് അവസാനമാകൂ എന്നു ഗോൾഡ്മാൻ സാക്സ് ഇന്നലെ വിലയിരുത്തി.
അമേരിക്കൻ കേന്ദ്ര ബാങ്ക് ഫെഡറൽ റിസർവ് ബോർഡും മേയ് ആദ്യം നിരക്ക് കൂട്ടുമെന്ന അഭ്യൂഹം പ്രബലമായിട്ടുണ്ട്. ഫെഡിലെ പ്രമുഖ അംഗമായ ജയിംസ് ബള്ളാർഡ് നിരക്ക് വർധന തുടരാതെ മാർഗമില്ലെന്ന് ചൊവ്വാഴ്ച ഒരു പ്രസംഗത്തിൽ എടുത്തു പറഞ്ഞു.
പലിശ നിരക്ക് കൂടുക മാത്രമല്ല കൂടുതൽ കാലം ഉയർന്നു നിൽക്കുകയും ചെയ്യുമെന്ന് ജെപി മോർഗൻ ചേയ്സിന്റെ ജേമീ ഡിമൻ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകി. ഉയർന്ന പലിശ ബാങ്കുകളുടെയും ഇൻഷ്വറൻസ് കമ്പനികളുടെയും കടപ്പത്ര നിക്ഷേപങ്ങളിൽ നഷ്ടം വരുത്തും. ഇതാണ് അവയുടെ സേവന കരാറുകൾ തേടുന്ന ഇന്ത്യൻ ഐടി കമ്പനികളെ പ്രശ്നത്തിലാക്കുന്നത്.
വിപണി സൂചനകൾ
(2023 ഏപ്രിൽ 19, ബുധൻ .)
സെൻസെക്സ് 30 59,567.80 -0.27%
നിഫ്റ്റി 50 17,618.75 - 0.23%
ബാങ്ക് നിഫ്റ്റി 42,154.00 -0.26%
മിഡ് ക്യാപ് 100 31,211.25 -0.09%
സ്മോൾ ക്യാപ് 100 9386.80 -0.1%
ഡൗ ജോൺസ് 30 33,897.00 -0.23%
എസ്. ആൻഡ് പി 500 4154.52 -0.01%
നാസ്ഡാക് 12,157.20 +0.03%
ഡോളർ ($) ₹82.23 +23 പൈസ
ഡോളർ സൂചിക 101.97 +0.22
സ്വർണം(ഔൺസ്) $1994.60 -$11.20
സ്വർണം(പവൻ) ₹44,520 -₹160.00
ക്രൂഡ്(ബ്രെന്റ്)ഓയിൽ $83.12 -$01.65