അനിശ്ചിതത്വം മുന്നിൽ; തിരിച്ചു കയറാൻ ബുള്ളുകൾ; ക്രൂഡ് ഓയിൽ വീണ്ടും കയറ്റത്തിൽ; റിലയൻസിനു ലാഭം കുറയാൻ സാധ്യത

ഇന്നു ഓഹരി വിപണി നഷ്ടത്തിൽ ക്ലോസ് ചെയ്യുമോ? ഹിന്ദുസ്ഥാൻ യൂണി ലീവറിനു മികച്ച ഫലം; റിലയൻസിന്റെ റിസൾട്ട് ഇന്ന്. കേരളത്തിൽ ഇന്ന് സ്വർണ്ണ വില കൂടിയേക്കും

Update: 2023-01-20 03:35 GMT

അനിശ്ചിതത്വം കാണിച്ചു കൊണ്ട് ഇന്ത്യൻ വിപണി ഇന്നലെ വ്യാപാരം അവസാനിപ്പിച്ചു. ആശങ്ക കാണിച്ചു കൊണ്ടു പാശ്ചാത്യ വിപണികളും. ആഴ്ച നഷ്ടത്തിൽ അവസാനിക്കും എന്നു സൂചിപ്പിച്ചു കൊണ്ടാണ് ഇന്നു വിപണി വ്യാപാരം തുടങ്ങുന്നത്.

പലിശനിരക്ക് വർധിപ്പിക്കുന്ന നയത്തിൽ നിന്നു യുഎസ് ഫെഡ് ഉടനെ പിന്മാറില്ല എന്ന ആശങ്ക വിപണിയിൽ ശക്തമായി വരികയാണ്. യുഎസിലെ പുതിയ സാമ്പത്തിക സൂചകങ്ങൾ അതിലേക്കാണു വിരൽ ചൂണ്ടുന്നത്. തൊഴിലില്ലായ്മാ ആനുകൂല്യങ്ങൾക്ക് അപേക്ഷിക്കുന്നവരുടെ എണ്ണം പ്രതീക്ഷിച്ചത്ര വർധിച്ചില്ല. പുതിയ പാർപ്പിട നിർമാണങ്ങൾ ആശങ്കപ്പെട്ടത്ര കുറഞ്ഞുമില്ല.

തൊഴിൽ വിപണിയുടെ കരുത്ത് വിലക്കയറ്റത്തിന്റെ താഴ്ച വെെകിക്കും എന്നാണു ധാരണ. ഇതെല്ലാം ചേർന്ന് യുഎസ്‌ ഓഹരി സൂചികകളെ താഴ്ത്തി. ഡൗ ജോൺസും എസ് ആൻഡ് പിയും 0.76 ശതമാനം വീതവും നാസ്ഡാക് 0.96 ശതമാനവും ഇടിഞ്ഞു. തുടർച്ചയായ മൂന്നു താഴ്ചകൾ കഴിഞ്ഞപ്പോൾ ഡൗ 3.67 ശതമാനം പ്രതിവാര നഷ്ടത്തിലാണ്. നാസ് ഡാകും എസ് ആൻഡ് പിയും രണ്ടു ശതമാനം വീതവും.

ഇന്നു യുഎസ് ഫ്യൂച്ചേഴ്സ് ചെറിയ നേട്ടത്തിലാണ്. ഓസ്ട്രേലിയൻ വിപണി ചെറിയ താഴ്ചയിലാണു വ്യാപാരം തുടങ്ങിയത്. ഏഷ്യൻ വിപണികളും താഴ്ന്ന തുടക്കം കുറിച്ചിട്ടു കയറ്റത്തിലായി. ചെെനീസ് വിപണി നല്ല നേട്ടത്താേടെ വ്യാപാരം ആരംഭിച്ചു. അടുത്തയാഴ്ച ചെെനീസ് വിപണികൾക്കു നവവത്സര അവധിയാണ്.

സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജി എക്സ് നിഫ്റ്റി ഇന്നലെ 18,118-ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ സൂചിക 18,140 ലേക്കു കയറി. ഇന്ത്യൻ വിപണി നേട്ടത്തോടെയാകും വ്യാപാരം തുടങ്ങുക എന്നാണ് ഇതു നൽകുന്ന സൂചന.

ഇന്നലെ ഇന്ത്യൻ വിപണി താഴ്ചയിൽ തുടങ്ങി താഴ്ചയിൽ അവസാനിക്കുകയായിരുന്നു. സെൻസെക്സ്‌ 187.31 പോയിന്റ് (0.31%) താഴ്ന്ന് 60,858.43 ലും നിഫ്റ്റി 57.5 പോയിന്റ് (0.32%) കുറഞ്ഞ് 18,107.85 ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 0.11 ശതമാനവും സ്മോൾ ക്യാപ് സൂചിക 0.49 ശതമാനവും ഇടിഞ്ഞു..

ഓയിൽ - ഗ്യാസ്, പൊതുമേഖലാ ബാങ്കുകൾ, ഐടി എന്നിവ മാത്രമാണ് ഇന്നലെ ഉയർന്നത്. എഫ്എംസിജി, മീഡിയ, ബാങ്ക്, വാഹന, ഫാർമ, ഹെൽത്ത് കെയർ, കൺസ്യൂമർ ഡ്യുറബിൾസ് തുടങ്ങിയവ വലിയ നഷ്ടം കാണിച്ചു.

വിദേശ നിക്ഷേപകർ ഇന്നലെ വാങ്ങുകയായിരുന്നു. 399.98 കോടി രൂപയുടെ ഓഹരികളാണ് അവർ വാങ്ങിയത്. സ്വദേശി ഫണ്ടുകൾ 128.96 കോടിയുടെ ഓഹരികൾ വിറ്റഴിച്ചു..

വിപണി അനിശ്ചിതത്വം കാണിക്കുന്ന ഡോജി പാറ്റേൺ രൂപപ്പെടുത്തിയാണു ക്ലാേസ് ചെയ്തത്. നിഫ്റ്റിക്ക് ഇന്ന് 18,075 ലും 18,010 ലും പിന്തുണയുണ്ട്. ഉയരുമ്പോൾ 18,195 ലും 18,200 ലും തടസങ്ങൾ ഉണ്ടാകാം.

ക്രൂഡ് ഓയിൽ വില ഇന്നലെ തിരിച്ചു കയറി. ബ്രെന്റ് ഇനം ക്രൂഡ് 84 ഡോളറിൽ നിന്ന് 86.42 ഡോളർ വരെ ഉയർന്നു. ഇന്നു രാവിലെ വില 86.74 ഡോളറിലാണ്.

വ്യാവസായിക ലോഹങ്ങൾ താഴ്ചയിലായി. കഴിഞ്ഞ ദിവസം. മൂന്നര ശതമാനത്തിലധികം കയറി 9435 ലെത്തിയ ചെമ്പ് ഇന്നലെ 2.6 ശതമാനം കുറഞ്ഞ് 9189 ഡോളറിലായി. അലൂമിനിയം വില ഒരു ശതമാനം താഴ്ന്ന് 2587 ഡോളർ ആയി. ലെഡും സിങ്കും താഴ്ന്നു.

സ്വർണം ഇന്നലെ വലിയ കുതിപ്പ് നടത്തി. 1906 ഡോളറിൽ നിന്ന് 1936 ഡോളറിലേക്കു കുതിച്ചു കയറി. പിന്നീട് അൽപം താഴ്ന്ന് 1932-1934 മേഖലയിൽ ക്ലോസ് ചെയ്തു. രാവിലെ 1933-1934 ഡോളറിലാണു വ്യാപാരം. ഡോളർ സൂചിക താഴ്ന്നതാണ് സ്വർണത്തെ കുതിപ്പിനു പ്രേരിപ്പിച്ചത്.

കേരളത്തിൽ സ്വർണം പവനു 41,600 രൂപയിൽ തുടർന്നു. ഇന്നു വില ഗണ്യമായി കയറുമെന്നാണു സൂചന. രൂപ ഇന്നലെ നഷ്ടത്തിലായി. ഡോളർ 12 പൈസ ഉയർന്ന് 81.36 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ഡോളർ സൂചിക 102.06 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ സൂചിക 102.12 ലേക്കു കയറി.

ഹിന്ദുസ്ഥാൻ യൂണി ലീവറിനു മികച്ച ഫലം

ഹിന്ദുസ്ഥാൻ യൂണിലീവറിന്റെ മൂന്നാം പാദ റിസൽട്ട് പ്രതീക്ഷയേക്കാൾ മികച്ചതായി. വിറ്റുവരവ് 16 ശതമാനം വർധിച്ചു. അറ്റാദായ വർധന 12 ശതമാനമാണ്. കമ്പനിയുടെ പ്രവർത്തനലാഭ (ഇബിഐടിഡിഎ) മാർജിൻ 25.4 ൽ നിന്ന് 23.6 ശതമാനമായി കുറഞ്ഞതു ശ്രദ്ധേയമായി.

കമ്പനി മാതൃകമ്പനിയായ യൂണിലീവറിനു നൽകുന്ന റോയൽറ്റി ടേണോവറിന്റെ 2.65 ശതമാനത്തിൽ നിന്ന് 3.45 ശതമാനമാക്കി.ഇതു മൂന്നു വർഷം കൊണ്ടാണ് നടപ്പാക്കുക. ഗ്രാമമേഖലയിലെ വിൽപനമാന്ദ്യം നീങ്ങിത്തുടങ്ങിയതായി കമ്പനി കരുതുന്നു. കമ്പനിയുടെ വിൽപന വ്യാപ്തം അഞ്ചു ശതമാനമാണു വർധിച്ചത്. വിറ്റുവരവിലെ വർധന പ്രധാനമായും വിലക്കയറ്റത്തിന്റെ ഫലമാണെന്ന് ഇതു സൂചിപിക്കുന്നു.

റിലയൻസിനു ലാഭം കുറയും

റിലയൻസ് ഇൻഡസ്ട്രീസ് ഇന്നു മൂന്നാം പാദ റിസൽട്ട് പുറത്തുവിടും. കമ്പനിയുടെ ലാഭത്തിൽ ഗണ്യമായ ഇടിവാണ് വിപണി കണക്കാക്കുന്നത്. 2.29 ലക്ഷം കോടി രൂപ വിറ്റുവരവിൽ 16,337 കോടി രൂപ അറ്റാദായമാണു ബ്ലൂംബർഗ് സർവേയിലെ നിഗമനം. മറ്റു ചിലർ 2.23 ലക്ഷം കോടി വിറ്റുവരവിൽ 15,382 കോടി രൂപ അറ്റാദായം പ്രതീക്ഷിക്കുന്നു. അറ്റാദായത്തിൽ 15 മുതൽ 17 വരെ ശതമാനം ഇടിവാണു കണക്കാക്കുന്നത്. ഇപ്പോഴും കമ്പനിയുടെ മുഖ്യ വരുമാന-ലാഭമേഖലയായ ഓയിൽ-പെട്രോ കെമിക്കൽ വിഭാഗത്തിന് അമിതലാഭ നികുതി മൂലം ചെലവ് വർധിച്ചതാണു ലാഭം കുറയാൻ കാരണം. എന്നാൽ കഴിഞ്ഞ പാദത്തെ അപേക്ഷിച്ചു നികുതി ബാധ്യതയിൽ കുറവുണ്ട്.

Tags:    

Similar News