ബജറ്റിൽ കണ്ണും നട്ട് വിപണി; ബജറ്റ് സൗഹൃദപരം ആകുമെന്നു പ്രതീക്ഷ; ഫെഡ് തീരുമാനം നിർണ്ണായകം; ഡോളർ താഴ്ചയിൽ
ബജറ്റിനെ ഉറ്റുനോക്കി ഓഹരി വിപണി. സ്വർണ്ണം ഉയർന്നു തന്നെ. മൂന്നാം പാദ ഫലങ്ങളിൽ ആവേശമില്ല
ഒരാഴ്ചയ്ക്കു ശേഷം പൊതു ബജറ്റ് അവതരിപ്പിക്കും. അതിലേക്കാണ് എല്ലാ കണ്ണുകളും. കമ്മി എങ്ങനെ നീങ്ങും എന്നതാണു പ്രധാന ചിന്താവിഷയം. നികുതി മേഖലയിൽ വരാവുന്ന മാറ്റങ്ങൾ പരിമിതമാണെന്നു വിപണിക്കറിയാം. പൊതുവേ വിപണിസൗഹൃദമായ ഒരു ബജറ്റ് ഉണ്ടാകും എന്ന വിശ്വാസത്തിലാണു വിപണി പ്രവർത്തകർ.
ഈയാഴ്ച കമ്പനി റിസൽട്ടുകളാണ് ആഭ്യന്തര രംഗത്തു പ്രതീക്ഷിക്കാനുള്ളത്. വിദേശത്തു നിന്ന് യുഎസിലെയും യൂറോ മേഖലയിലെയും ഫാക്ടറി ഉൽപാദന സൂചികകൾ വരാനുണ്ട്. 2022 ലെ യുഎസ് ജിഡിപി സംബന്ധിച്ച പ്രാഥമിക വിലയിരുത്തലും ഈ ആഴ്ചയിൽ വരാനുണ്ട്.
വെള്ളിയാഴ്ച ഇന്ത്യൻ വിപണി തുടർച്ചയായ രണ്ടാം ദിവസവും നഷ്ടത്തിലായി. ആഴ്ചക്കണക്കിൽ നേരിയ ഉയർച്ച ഉണ്ടായെങ്കിലും വെള്ളിയാഴ്ച ക്ലോസിംഗ് ബെയറിഷ് സൂചനകളോടയൊയിരുന്നു. മറ്റ് ഏഷ്യൻ രാജ്യങ്ങൾ നല്ല നേട്ടത്തോടെ വാരാന്ത്യത്തിലേക്കു കടന്നു. യൂറോപ്യൻ വിപണിയും നേട്ടത്തിലായിരുന്നു.
യുഎസ് വിപണി വെള്ളിയാഴ്ച നല്ല നേട്ടത്തിൽ അവസാനിച്ചു. ഡൗ ജോൺസ് സൂചിക ഒരു ശതമാനം ഉയർന്നപ്പാേൾ നാസ്ഡാക് സൂചിക 2.66 ശതമാനം കുതിച്ചു. ജീവനക്കാരുടെ എണ്ണം കുറയ്ക്കുമെന്ന ആൽഫബെറ്റിന്റെ അറിയിപ്പും നല്ല വരുമാന വർധനയുള്ള നെറ്റ്ഫ്ലിക്സ് റിസൽട്ടുമാണ് നാസ് ഡാക്കിന് ഉത്തേജകമായത്. ടെക്നോളജി മേഖലയുടെ നാലാം പാദ റിസൽട്ടുകൾ അത്ര മെച്ചമാകുകയില്ലെന്ന വിലയിരുത്തൽ മാറ്റാൻ പ്രമുഖ ബ്രോക്കറേജുകൾ തയാറായിട്ടില്ല. പലിശവർധനയുടെ തോതു കുറയാനിടയുണ്ടെന്ന മട്ടിൽ ഫെഡ് അധികൃതർ പലരും പ്രസ്താവിച്ചതും വിപണിയുടെ കയറ്റത്തിനു സഹായിച്ചു. ഫെബ്രുവരി ഒന്നിനാണു ഫെഡ് സമിതിയുടെ യോഗം. ഫെഡ് റേറ്റ് 4.25-4.5 ശതമാനത്തിൽ നിന്ന് 4.5-4.75 ശതമാനത്തിലേക്കു കൂട്ടാൻ യോഗം തീരുമാനിക്കും എന്നാണു നിഗമനം. നേരത്തേ കരുതിയിരുന്ന അരശതമാനം വർധന ഉണ്ടാകില്ലെന്ന ആശ്വാസമാണു വിപണിക്ക്.
പലിശ സംബന്ധിച്ച ശുഭപ്രതീക്ഷ ഡോളർ സൂചികയെ 102-നു താഴെയാക്കി, സ്വർണത്തെ ഉയർത്തി, ക്രൂഡ് ഓയിലിനെ വീണ്ടും 87 ഡോളറിനു മുകളിലാക്കി, ബിറ്റ്കോയിനെ 22,600 ഡോളറിനു മുകളിലെത്തിച്ചു.
യുഎസ് ഫ്യൂച്ചേഴ്സ് ചെറിയ നഷ്ടത്തിലാണു വ്യാപാരം തുടങ്ങിയത്. ഓസ്ട്രേലിയൻ വിപണി ഇന്നു തുടക്കത്തിൽ നേട്ടത്തിൽ നിന്നു നഷ്ടത്തിലേക്കു മാറി. ജപ്പാനിൽ നിക്കെെ സൂചിക തുടക്കത്തിൽ ഒരു ശതമാനത്തിലധികം കുതിച്ചു. ചൈനയിൽ വിപണികൾ ഈയാഴ്ച അവധിയിലാണ്.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജി എക്സ് നിഫ്റ്റി 18,127-ൽ നിന്ന് 18,145 ലേക്കു കയറി. ഇന്ത്യൻ വിപണി നേട്ടത്തോടെ വ്യാപാരം തുടങ്ങുമെന്നാണ് ഇതിലെ സൂചന.
വെള്ളിയാഴ്ച ഇന്ത്യൻ വിപണി ചാഞ്ചാട്ടങ്ങൾക്കു ശേഷം നഷ്ടത്തിലേക്കു വീഴുകയായിരുന്നു. സെൻസെക്സ് 236.66 പോയിന്റ് (0.39%) താഴ്ന്ന് 60,621.8 ലും നിഫ്റ്റി 80.2 പോയിന്റ് (0.44%) താഴ്ന്ന് 18,027.65 ലും ക്ലാേസ് ചെയ്തു. പ്രതിവാര കണക്കിൽ സെൻസെക്സ് 0.6-ഉം നിഫ്റ്റി 0.4 ഉം ശതമാനം ഉയർച്ചയാണു കാണിച്ചത്.
വെള്ളിയാഴ്ച മിഡ് ക്യാപ് സൂചിക 0.8 ഉം സ്മോൾ ക്യാപ് സൂചിക 0.6 ഉം ശതമാനം താഴ്ന്നു. ബാങ്കുകളും ഓയിൽ - ഗ്യാസും ഒഴികെ എല്ലാ മേഖലകളും നഷ്ടത്തിലായിരുന്നു. എഫ്എംസിജി, മെറ്റൽ, ഹെൽത്ത് കെയർ, വാഹന മേഖലകൾ വലിയ നഷ്ടത്തിലായി.
വിപണി ബെയറിഷ് തിരി രൂപപ്പെടുത്തിയാണു ക്ലോസ് ചെയ്തത്. എങ്കിലും വിപണി തകർച്ചയിലേക്കു നീങ്ങുമെന്നു നിക്ഷേപ വിദഗ്‌ധർ കരുതുന്നു. നിഫ്റ്റിക്ക് 18,010 -ലും 17,935-ലും സപ്പോർട്ട് ഉണ്ട്. ഉയരുമ്പോൾ 18,115-ലും 18,195 -ലും തടസങ്ങൾ ഉണ്ടാകാം.
വിദേശ നിക്ഷേപകർ വെള്ളിയാഴ്ച 2002.25 കോടി രൂപയുടെ ഓഹരികൾ വിറ്റു. ജനുവരിയിൽ വിദേശികളുടെ വിൽപന ഇതിനകം 15,000 കോടി രൂപയിലധികമായി. സ്വദേശി ഫണ്ടുകൾ വെള്ളിയാഴ്ച 1509.95 കോടിയുടെ ഓഹരികൾ വാങ്ങി.
ക്രൂഡ് ഓയിൽ വാരാന്ത്യത്തിൽ ഉയർന്നാണു ക്ലോസ് ചെയ്തത്. ബ്രെന്റ് ഇനം 87.63 ഡോളറിൽ വ്യാപാരം അവസാനിപ്പിച്ചു. ഇന്നു ബ്രെന്റ് അൽപം താഴ്ന്ന് 87.28 ഡോളറിലാണ്. ഡോളർ സൂചിക താഴ്ന്നതാണു ക്രൂഡിന്റെ കയറ്റത്തിനു പിന്നിൽ.
വ്യാവസായിക ലോഹങ്ങൾ വെള്ളിയാഴ്ച ചെറിയ നേട്ടത്തോടെ ക്ലാേസ് ചെയ്തു. അലൂമിനിയം ഒന്നും ചെമ്പ് അരയും ശതമാനം ഉയർന്നു.
സ്വർണം ഉയർന്നു നിൽക്കുകയാണ്. വെള്ളിയാഴ്ച 1934 ഡോളറിനടുത്തായിരുന്ന സ്വർണം 1926 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വില 1930-1932 ഡോളർ ആയി ഉയർന്നു. ഡോളർ സൂചികയുടെ ഗതിക്കു വിപരീതമാകും സ്വർണ വിലയുടെ ഗതി.
കേരളത്തിൽ ശനിയാഴ്ച സ്വർണം പവന് 80 രൂപ കുറഞ്ഞ് 41,800 രൂപയായി. ഡോളർ സൂചിക വെള്ളിയാഴ്ച 102.01 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ സൂചിക 101.64 ലേക്കു താണു. സൂചിക വീണ്ടും താഴുമെന്നു വിപണി കരുതുന്നു.
മൂന്നാം പാദ ഫലങ്ങളിൽ ആവേശമില്ല
ഡിസംബറിൽ അവസനിച്ച മൂന്നാം പാദത്തിൽ കമ്പനികൾ അത്ര മികച്ച പ്രകടനമല്ല നടത്തിയതെന്ന് രണ്ടാഴ്ചത്തെ ഫലങ്ങളുടെ വിലയിരുത്തൽ കാണിക്കുന്നു. 240 കമ്പനികളുടെ ഫലം വിശകലനം ചെയ്തപ്പോൾ വിറ്റുവരവിൽ 18 ശതമാനവും അറ്റാദായത്തിൽ 0.8 ശതമാനവും വളർച്ചയേ കണ്ടുള്ളു. ഉത്സവസീസൺ കഴിഞ്ഞതോടെ വ്യാപാരത്തിൽ കുറവ് വന്നു എന്നാണു നിഗമനം. 165 കമ്പനികളുടെ റിസൽട്ടു വിലയിരുത്തിയപ്പോൾ പ്രവർത്തന ലാഭ മാർജിൻ 1.86 ശതമാനം കുറഞ്ഞതായി കണ്ടെത്തി.
ഹിന്ദുസ്ഥാൻ യൂണി ലീവർ, റിലയൻസ് ഇൻഡസ്ട്രീസ്, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ കമ്പനികളുടെ പ്രകടനം മോശമായി. റിലയൻസിന് അമിതലാഭ നികുതിക്കു പുറമേ ജിയോയിലെ വരുമാനക്കുറവും പ്രശ്നമായി. ഹിന്ദുസ്ഥാൻ യൂണിലിവറിന്റെ മൊത്ത ലാഭ മാർജിൻ 4.64 ശതമാനം ഇടിഞ്ഞു. ഏഷ്യൻ പെയിന്റ്സ് വിൽപനയിൽ കാര്യമായ ഉയർച്ച ഉണ്ടായില്ല.