കമ്പനി റിസൽട്ടുകൾ ഈ ആഴ്ച വിപണിയുടെ ഗതി നിർണയിക്കും
ആശങ്കകൾക്കു മാറ്റമില്ലെങ്കിലും വിപണി പ്രതീക്ഷയിൽ; വിദേശികൾ വീണ്ടും വിൽപനയിൽ; ലോഹങ്ങൾക്ക് ഇടിവ്
കമ്പനി റിസൽട്ടുകൾ ഗതി നിർണയിക്കുന്ന ഒരാഴ്ചയുടെ തുടക്കമാണ് ഇന്ന്. മാന്ദ്യം, പലിശ വർധന തുടങ്ങിയ ഭീതികൾ മാറ്റമില്ലാതെ തുടരുന്നു. വ്യാഴാഴ്ച അമേരിക്കയിലെ ജിഡിപി കണക്ക് വരുന്നതാണു പ്രധാന സാമ്പത്തിക സൂചകം.
ഏഷ്യൻ വിപണികൾ ഇന്നു പൊതുവേ ദുർബലമാണ്. യുഎസ് ഫ്യൂച്ചേഴ്സും താഴ്ചയിൽ. എങ്കിലും ഇന്ത്യൻ വിപണി ചെറിയ മുന്നേറ്റം പ്രതീക്ഷിക്കുന്നുണ്ട്.
സിംഗപ്പുരിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി വെള്ളിയാഴ്ച രാത്രി ഒന്നാം സെഷനിൽ 17,639.5 ൽ ക്ലോസ് ചെയ്തു. രണ്ടാം സെഷനിൽ 17,660-ലെത്തി. ഇന്നു രാവിലെ സൂചിക 17,678ലേക്കു കയറി.ഇന്ത്യൻ വിപണി ഇന്നു നേട്ടത്തോടെ വ്യാപാരം തുടങ്ങുമെന്നാണു സൂചന.
യൂറോപ്യൻ വിപണികൾ വെളളിയാഴ്ച നേട്ടത്തിൽ അവസാനിച്ചു. യുഎസ് വിപണി ചെറിയ നേട്ടത്തിൽ തുടങ്ങിയിട്ടു ചാഞ്ചാട്ടങ്ങൾക്കു ശേഷം കൂടുതൽ ഉയർന്നു ക്ലോസ് ചെയ്തു. ഡൗ ജോൺസ് 0.07 ശതമാനം കയറിയപ്പോൾ എസ് ആൻഡ് പി 0.09% ഉയർന്നു. നാസ്ഡാക് 0.11% നേട്ടത്തിലാണ് അവസാനിച്ചത്. കഴിഞ്ഞ ആഴ്ചയിൽ ഡൗ 0.23 ശതമാനം താഴ്ന്നു, ടെക് കമ്പനികൾ നയിക്കുന്ന നാസ്ഡാക് 0.42 ശതമാനവും.
യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു താഴ്ചയിലാണ്. ഡൗ 0.26 ശതമാനം താണു. എസ് ആൻഡ് പി 0.25 ഉം നാസ്ഡാക് 0.31 ഉം ശതമാനം താഴ്ചയിലായി. ആൽഫബെറ്റ്, മെെക്രാേസാേഫ്റ്റ്, ആമസാേൺ, മെറ്റ തുടങ്ങിയ വമ്പൻ ടെക് കമ്പനികൾ ഈയാഴ്ച റിസൽട്ട് പുറത്തുവിടും. ചില കമ്പനികൾ വിപണിയെ വിസ്മയിപ്പിക്കുന്ന റിസൽട്ടുകൾ അവതരിപ്പിച്ചേക്കാമെന്ന് ന്യൂയാേർക്ക് യൂണിവേഴ്സിറ്റിയിലെ പ്രഫ. അശ്വഥ് ദാമോദരൻ പറയുന്നു.
ജപ്പാനിൽ നിക്കെെ നേട്ടത്തിൽ വ്യാപാരം തുടങ്ങി. ഉപതെരഞ്ഞെടുപ്പിൽ ഭരണകക്ഷി വിജയിച്ചതാണു കാരണം. കൊറിയയിലും ഓസ്ട്രേലിയയിലും ഓഹരികൾ ഇടിവിലാണ്. ചെെനീസ് വിപണി ഇന്ന് ചെറിയ നഷ്ടത്തിൽ വ്യാപാരം ആരംഭിച്ചു. വെള്ളിയാഴ്ച ചെെനീസ് സൂചികകൾ രണ്ടു ശതമാനം ഇടിഞ്ഞതാണ്.
ഇന്ത്യൻ വിപണി
ഇന്ത്യൻ വിപണി വെള്ളിയാഴ്ച ചെറിയ മേഖലയിൽ ചാഞ്ചാടിയ ശേഷം കാര്യമായ മാറ്റമില്ലാതെ അവസാനിച്ചു. സെൻസെക്സ് 22.71 പോയിന്റ് (0.038%) കയറി 59,655.06 ലും നിഫ്റ്റി 0.40 പോയിന്റ് (0.0023%) താഴ്ന്ന് 17,624.05ലും ക്ലോസ് ചെയ്തു. കഴിഞ്ഞയാഴ്ച സെൻസെക്സ് 1.28 ശതമാനവും നിഫ്റ്റി 1.14 ശതമാനവും താഴ്ന്നു.
ഐടി മേഖലയാണു കഴിഞ്ഞയാഴ്ച വലിയ നഷ്ടം കാണിച്ചത്. ഐടി സൂചിക 5.5 ശതമാനം താഴ്ന്നു. മുൻ ആഴ്ചകളിൽ നേട്ടത്തിലായിരുന്ന റിയൽറ്റി കഴിഞ്ഞയാഴ്ച 0.4 ശതമാനം താഴ്ചയിലായി. എഫ്എംസിജി കമ്പനികൾ കഴിഞ്ഞയാഴ്ച 1.1 ശതമാനം കയറി.
മിഡ് ക്യാപ് സൂചിക 0.42 ശതമാനവും സ്മോൾ ക്യാപ് സൂചിക 0.34 ശതമാനവും താഴ്ന്നാണു വ്യാപാരം അവസാനിപ്പിച്ചത്.
ഒരു പുൾബായ്ക്ക് റാലിയുടെ തുടക്കം പ്രഖ്യാപിക്കാവുന്ന നിലയിലല്ല നിഫ്റ്റി നിൽക്കുന്നത്. 17,650 - നപ്പുറം കരുത്താേടെ കടക്കുന്നതിനു സാധിച്ചാലേ മുന്നേറ്റം തുടരാനാകൂ. നിഫ്റ്റിക്കു 17,570 ലും 17,500 ലും സപ്പോർട്ട് ഉണ്ട്. 17,655 ലും 1,720 ലും തടസങ്ങൾ നേരിടാം. ബാങ്ക് നിഫ്റ്റി 42,000 ലെ സപ്പാേർട്ട് നിലനിർത്തിയില്ലെങ്കിൽ കൂടുതൽ താഴാം.
വിദേശനിക്ഷേപകർ വെള്ളിയാഴ്ചയും വലിയ തോതിൽ വിൽപനക്കാരായി. അവർ 2116.76 കോടി രൂപയുടെ ഓഹരികൾ വിറ്റു. സ്വദേശി ഫണ്ടുകൾ 1632.66 കോടിയുടെ ഓഹരികൾ വാങ്ങി.
വിപ്രോ ഡയറക്ടർ ബോർഡ് വ്യാഴാഴ്ച ചേർന്ന് ഓഹരികൾ തിരിച്ചു വാങ്ങുന്നതിനെപ്പറ്റി ആലോചിക്കും. എത്ര രൂപയ്ക്ക് എത്ര മാത്രം ഓഹരികൾ വാങ്ങുമെന്ന് അന്നറിയാം. അന്നു തന്നെ നാലാം പാദ റിസൽട്ടും പ്രഖ്യാപിക്കും.
ക്രൂഡ് ഓയിലും സ്വർണവും
ക്രൂഡ് ഓയിൽ വില അൽപം കയറി. ബ്രെന്റ് ഇനം ക്രൂഡ് ഇന്നലെ 81.66 ഡോളറിൽ ക്ലോസ് ചെയ്തു. ഒരു ശതമാനത്താേളം ഉയർച്ച. ഇന്നു രാവിലെ 81.18 ലേക്കു താണു.
സ്വർണവില 2000 ഡോളറിനു താഴെയായി. ഡോളറിനു കരുത്തുകൂടിയതും ഉയർന്ന വിലയിൽ വിറ്റു ലാഭമെടുക്കാനുള്ള തിടുക്കവും ചേർന്നു സ്വർണത്തെ 1985 ഡോളറിനടുത്താക്കി. ഇന്നു രാവിലെ 1984-1986 ഡോളറിൽ വ്യാപാരം നടക്കുന്നു.
കേരളത്തിൽ പവൻവില വെള്ളിയാഴ്ച160 രൂപ കൂടി 44,840 രൂപയായി. അക്ഷയതൃതീയ ദിനമായ ശനിയാഴ്ച 240 രൂപ കുറഞ്ഞ് 44,600 രൂപയിലെത്തി.
പ്രധാന വ്യാവസായിക ലോഹങ്ങൾ കൂടുതൽ ഇടിവിലാണു വാരാന്ത്യത്തിലേക്കു കടന്നത്. ചെമ്പ് 60 ഡോളർ താണ് ടണ്ണിന് 8859 ഡോളറിലായി. അലൂമിനിയം 2396 ഡോളറിൽ ക്ലാേസ് ചെയ്തു. നിക്കൽ 4.72 ഉം ടിൻ 1.01 ഉം സിങ്ക് 0.58 ഉം ശതമാനം താഴ്ന്നു. ക്രിപ്റ്റോ കറൻസികൾ താഴ്ന്നു. ബിറ്റ്കോയിൻ 27,000 ഡോളറിനടുത്തെത്തിയിട്ട് ഇന്നു രാവിലെ കയറി 27,800 നു മുകളിലായി.
ഡോളർ വെള്ളിയാഴ്ച നാലു പെെസ താണ് 82.10 രൂപയിൽ ക്ലോസ് ചെയ്തു. ഡോളർ സൂചിക 101.82ൽ അവസാനിച്ചു. ഇന്നു രാവിലെ 101.69 ലേക്കു താണു.
റിലയൻസ് വരുമാനവും ലാഭവും ഉയർന്നു
റിലയൻസ് ഇൻഡസ്ട്രീസിന്റെ നാലാം പാദ അറ്റാദായം (19,299 കോടി രൂപ) 19.1 ശതമാനം വർധിച്ചു. മൂന്നാം പാദത്തിലേക്കാൾ 22 ശതമാനം അധികം. നികുതി ബാധ്യതയിൽ 36.5 ശതമാനം കുറവ് വന്നതാണു വളർച്ചയ്ക്കു പ്രധാന കാരണം. നാലാം പാദ വരുമാന (2.13 ലക്ഷം കോടി) ത്തിൽ 2.9 ശതമാനം വർധനയേ ഉള്ളൂ. മൂന്നാം പാദ വരുമാനത്തേക്കാൾ 1.9 ശതമാനം കുറവുമാണത്. വാർഷിക വരുമാനം 25.6 ശതമാനം കൂടി 8.8 ലക്ഷം കോടി രൂപയിലെത്തി. അറ്റാദായം 9.9 ശതമാനം വർധിച്ച് 66,702 കോടിയിലും.
ക്രൂഡ് ഓയിൽ വില കുറഞ്ഞത് അസംസ്കൃത പദാർഥത്തിനുള്ള ചെലവ് കുറച്ചെങ്കിലും ഇന്ധനവില കുറഞ്ഞതു വരുമാനം താഴ്ത്തി. എങ്കിലും കമ്പനിയുടെ വരുമാനത്തിൽ പെട്രോ കെമിക്കലിന്റെ പങ്ക് കൂടിയതേ ഉള്ളൂ.
റിലയൻസ് റീട്ടെയിൽ വിറ്റു വരവ് 2022 -23 ൽ 30 ശതമാനത്തിലധികം വർധിച്ച് 2.6 ലക്ഷം കോടി രൂപയായി. റിലയൻസ് റീട്ടെയിൽ സ്റ്റോറുകളിൽ 21.9 കോടി ഉപയോക്താക്കൾ കഴിഞ്ഞ പാദത്തിൽ പ്രവേശിച്ചു. ഇതു റിക്കാർഡാണ്. റിലയൻസ് ജിയോയുടെ വരുമാനം 14.4 ശതമാനം വർധിച്ച് 25,465 കോടി രൂപയിൽ എത്തിയപ്പോൾ അറ്റാദായം 15.6 ശതമാനം കൂടി 4984 കോടി രൂപയായി.
വിപണിയുടെ പ്രതീക്ഷയേക്കാൾ മികച്ചതായി റിലയൻസ് റിസൽട്ട്. റീട്ടെയിൽ ബിസിനസ് കൂടുതൽ മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും വിപണിയുടെ പ്രതീക്ഷയ്ക്കാെപ്പം എത്തിയില്ല. ജിയോയിൽ പ്രതീക്ഷയ്ക്കാെത്ത വളർച്ച മാത്രം ഉണ്ടായി. വരിക്കാരുടെ. എണ്ണത്തിലെ വർധന നാമമാത്രമാണ്. ഓയിൽ-ടു- കെമിക്കൽ ബിസിനസിലെ വളർച്ചയാണ് മൊത്തം പ്രകടനം മെച്ചപ്പെട്ടാൻ സഹായിച്ചത്.
മൊത്തം കടം 18 ശതമാനം വർധിച്ച് 3.14 ലക്ഷം കോടി രൂപയിലെത്തി. കൈയിലുള്ള പണവും തത്തുല്യമായവയും കിഴിച്ച് അറ്റ കടം 1.1 ലക്ഷം കോടി വരും. ഇത് പ്രവർത്തന ലാഭത്തിന്റെ 70 ശതമാനമേ വരൂ.
റീട്ടെയിൽ ബിസിനസ് ലിസ്റ്റ് ചെയ്യുന്നതും ജിയോ ലിസ്റ്റിംഗ് സംബന്ധിച്ച പ്രഖ്യാപനവും ആണു വിപണി കാത്തിരിക്കുന്നത്. ഓഹരിയിൽ ചലനം ഉണ്ടാകാനും അതിലേതെങ്കിലും സംഭവിക്കണം.
ഐസിഐസിഐ ബാങ്ക് കുതിച്ചു, യെസ് ബാങ്ക് കിതച്ചു
ഐസിഐസിഐ ബാങ്കിന്റെ നാലാം പാദ ലാഭം 30 ശതമാനം കുതിച്ച് 9122 കോടി രൂപ എന്ന സർവകാല റിക്കാർഡ് ആയി. വാർഷിക ലാഭം 37 ശതമാനം വർധിച്ച് 31,896 കോടി രൂപയിലെത്തി. വായ്പാ വിതരണത്തിൽ 19 ശതമാനം വളർച്ച ഉണ്ട്.
അറ്റ പലിശ വരുമാനം തലേവർഷത്തെ നാലു ശതമാനത്തിൽ നിന്ന് 4.9 ശതമാനമായി. തലേ പാദത്തിൽ 4.65 ശതമാനമായിരുന്നു. നിക്ഷേപങ്ങൾക്കുള്ള ശരാശരി പലിശ 3.65 ശതമാനത്തിൽ നിന്ന് 3.98 ശതമാനമായി. അതേസമയം വായ്പാ പലിശ 9.13 ൽ നിന്ന് 9.75 ശതമാനമായി.
മൊത്ത നിഷ്ക്രിയ ആസ്തി 3.1 ൽ നിന്ന് 2.8 ശതമാനമായി. അറ്റ നിഷ്ക്രിയ ആസ്തി 0.8-ൽ നിന്ന് 0.5 ശതമാനമായി.
യെസ് ബാങ്കിന്റെ നാലാം പാദ അറ്റാദായം 45 ശതമാനം ഇടിഞ്ഞ് 202 കോടി രൂപയായി. വാർഷിക ലാഭം 33 ശതമാനം കുറവാണ്. കിട്ടാക്കടങ്ങൾക്കു വകയിരുത്തൽ വർധിച്ചതാണു കാരണം.
വിപണി സൂചനകൾ
(2023 ഏപ്രിൽ 21, വെള്ളി)
സെൻസെക്സ് 30 59,655.06 +0.04%
നിഫ്റ്റി 50 17,624.05 -0.00%
ബാങ്ക് നിഫ്റ്റി 42,118.00 -0.36%
മിഡ് ക്യാപ് 100 31,087.35 -0.42%
സ്മോൾക്യാപ് 100 9369.40 -0.34%
ഡൗ ജോൺസ് 30 33,809.00 +0.07%
എസ് ആൻഡ് പി500 4133.52 +0.09%
നാസ്ഡാക് 12,072.50 +0.11%
ഡോളർ ($) ₹82.14 -09 പൈസ
ഡോളർ സൂചിക 101.82 -0.02
സ്വർണം(ഔൺസ്) $1984.90 -$17.10
സ്വർണം(പവൻ - ശനി) ₹44,600 -₹240.00
ക്രൂഡ്(ബ്രെന്റ്)ഓയിൽ $81.66 +$00.74