വിപണി ആശ്വാസത്തില്‍; ക്രൂഡ് ഓയില്‍ വില കുതിച്ചു; ക്രിപ്റ്റോ വിപണിയില്‍ പ്രശ്‌നങ്ങള്‍

ഇന്ത്യന്‍ വിപണി തിങ്കളാഴ്ച നേരിയ ഉയര്‍ച്ചയില്‍ തുടങ്ങി. സെന്‍സെക്‌സ് 58,000 നു മുകളില്‍ എത്തിയ ശേഷം ക്ലോസിംഗിനു മുന്‍പ് താഴ്ചയിലായി.

Update:2023-03-28 08:17 IST

യുഎസ്, യൂറോപ്യന്‍ ബാങ്കു പ്രതിസന്ധികള്‍  പരിഹരിക്കപ്പെട്ടു എന്നതിന്റെ ആശ്വാസത്തിലാണ് ഇന്നു വിപണി വ്യാപാരം തുടങ്ങുന്നത്. ഏഷ്യന്‍ വിപണികള്‍ പൊതുവേ ഉയരുകയും ചെയ്തു.

വിപണികൾ 

യൂറോപ്യന്‍ സൂചികകള്‍ ഇന്നലെ നല്ല നേട്ടത്തില്‍ ക്ലോസ് ചെയ്തു. യുഎസ് വിപണി സൂചികകള്‍ ഇന്നലെ ഭിന്നദിശകളില്‍ നീങ്ങി. ബാങ്കിംഗിലെ ആശ്വാസ വാര്‍ത്തകളുടെ ബലത്തില്‍ ഡൗ ജോണ്‍സ് 0.60 ശതമാനവും. എസ് ആന്‍ഡ് പി 0.16 ശതമാനവും ഉയര്‍ന്നു ക്ലോസ് ചെയ്തു. അതേസമയം ടെക് ഓഹരികളുടെ ദൗര്‍ബല്യത്തില്‍ നാസ്ഡാക് 0.47 ശതമാനം താഴ്ന്നു.

ഇന്നു യുഎസ് ഫ്യൂച്ചേഴ്‌സ് ചെറിയ നേട്ടത്തിലാണ്. ഡൗ 0.15 ഉം എസ് ആന്‍ഡ് പി 0.16 ഉം നാസ്ഡാക് 0.23 ഉം ശതമാനം ഉയര്‍ന്നു നില്‍ക്കുന്നു.

ഓസ്‌ട്രേലിയന്‍ വിപണി ഇന്ന് ചെറിയ നേട്ടത്തില്‍ തുടങ്ങി ഒരു ശതമാനം ഉയരത്തിലേക്കു കയറി. മിക്ക ഏഷ്യന്‍ രാജ്യങ്ങളിലും വിപണികള്‍ ഉയര്‍ന്നു വ്യാപാരമാരംഭിച്ചു. ജാപ്പനീസ് വിപണി സൂചിക സാവധാനം ഉയര്‍ന്നു. കൊറിയന്‍ വിപണി തുടക്കത്തില്‍ അര ശതമാനം കയറി.

ഹോങ് കോങ്ങിലെ ഹാങ് സെങ് സൂചിക 0.6 ശതമാനവും ഷാങ്ഹായ് സൂചിക 0.15 ശതമാനവും ഉയര്‍ന്നാണു വ്യാപാരം ആരംഭിച്ചത്. സിംഗപ്പുര്‍ എക്‌സ്‌ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തില്‍ എസ്ജിഎക്‌സ് നിഫ്റ്റി തിങ്കളാഴ്ച ആദ്യ സെഷനില്‍ 17,013 ല്‍ ക്ലോസ് ചെയ്തു. രണ്ടാം സെഷനില്‍ 17,072 ലേക്ക് കയറി. ഇന്നു രാവിലെ സൂചിക 17,070 ലാണ്. ഇന്ത്യന്‍ വിപണി ഇന്ന് ഉയര്‍ന്ന നിലയില്‍ വ്യാപാരം തുടങ്ങുമെന്നാണു സൂചന.


ഇന്ത്യന്‍ വിപണി

ഇന്ത്യന്‍ വിപണി തിങ്കളാഴ്ച നേരിയ ഉയര്‍ച്ചയില്‍ തുടങ്ങിയിട്ടു ചാഞ്ചാട്ടങ്ങള്‍ക്കു ശേഷം നല്ല നേട്ടത്തിലായി. സെന്‍സെക്‌സ് 58,000 നു മുകളില്‍ എത്തിയേ ശേഷം ക്ലോസിംഗിനു മുന്‍പ് വിപണി താഴ്ചയിലായി. പകലത്തെ നേട്ടം മുഴുവന്‍ തന്നെ നഷ്ടപ്പെടുത്തി. സെന്‍സെക്‌സ് 126.76 പോയിന്റ് (0.22%) ഉയര്‍ന്ന് 57,653.86ലും നിഫ്റ്റി 40.65 പോയിന്റ് (0.24%) കയറി 16,985.70 ലും ക്ലോസ് ചെയ്തു. എന്നാല്‍ മിഡ് ക്യാപ് സൂചിക 0.47 ശതമാനവും സ്‌മോള്‍ ക്യാപ് സൂചിക 1.59 ശതമാനവും താഴ്ന്നാണു വ്യാപാരം അവസാനിച്ചത്.

വിപണി ബെയറിഷ് മനാേഭാവത്തില്‍ നിന്നു കരകയറിയിട്ടില്ല. നിഫ്റ്റി ഇപ്പാേഴും നിര്‍ണായക മൂവിംഗ് ആവരേജുകള്‍ക്കു താഴെയാണ്. 17,250 മേഖലയില്‍ നിഫ്റ്റിക്കു വലിയ വില്‍പനസമ്മര്‍ദം നേരിടും. നിഫ്റ്റിക്ക് 16,935 ലും 16,825 ലും ആണു സപ്പോര്‍ട്ട്. 17,065 ലും 17,170 ലും തടസങ്ങള്‍ ഉണ്ടാകാം.

വിദേശനിക്ഷേപകര്‍ തിങ്കളാഴ്ച 890.64 കോടിയുടെ ഓഹരികള്‍ വിറ്റു. സ്വദേശി ഫണ്ടുകള്‍ 1808.94 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി.

ക്രൂഡ് ഓയിലും സ്വർണവും 

ക്രൂഡ് ഓയില്‍ വില കുതിച്ചു കയറി. ബ്രെന്റ് ഇനം ക്രൂഡ് അഞ്ചു ശതമാനം ഉയര്‍ന്ന 78.12 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വീണ്ടും താഴ്ന്ന് 78.02 ഡോളറിലെത്തി. യൂറോപ്പിലും അമേരിക്കയിലും ബാങ്കുകളെപ്പറ്റിയുള്ള ആശങ്കകള്‍ നീങ്ങിയതാണ് ഇന്ധനവില ഉയരാന്‍ സഹായിച്ചത്. സാമ്പത്തിക മാന്ദ്യത്തെപ്പറ്റിയുള്ള ആശങ്കയും വിപണി മാറ്റിവച്ചു.

വ്യാവസായിക ലോഹങ്ങള്‍ ഭിന്നദിശകളില്‍ നീങ്ങി. ചെമ്പ് 0.58 ശതമാനം താഴ്ന്ന് 8875 ഡോളറില്‍ എത്തി. അലൂമിനിയം 1.15 ശതമാനം ഉയര്‍ന്ന് 2364 ഡോളറിലായി. നിക്കല്‍ 4.78 ഉം ടിന്‍ 5.14 ഉം ശതമാനം കുതിച്ചു.

സ്വര്‍ണവില താഴ്ന്നു. 1976 ല്‍ നിന്ന് 1943 ഡോളര്‍ വരെ ഇടിഞ്ഞ ശേഷം 1957-1959-ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 1958-1960 ഡോളറില്‍ വ്യാപാരം നടക്കുന്നു. വെള്ളി 23 ഡോളറിനു മുകളില്‍ തുടരുന്നു. കേരളത്തില്‍ പവന് 80 രൂപ കുറഞ്ഞ് 43,800 രൂപയായി.

ക്രിപ്‌റ്റോ കറന്‍സികള്‍ താഴ്ന്നിട്ടു കയറി

ബിറ്റ് കോയിന്‍ 27,000 ഡോളറിനു തൊട്ടു മുകളിലാണ്. ബിനാന്‍സിനെതിരായ യുഎസ് നടപടി ക്രിപ്‌റ്റോ വിപണിയില്‍ പരക്കെ ആശങ്ക ഉളവാക്കിയിട്ടുണ്ട്. ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകളില്‍ ഏറ്റവും വലുതായി വളര്‍ന്നതാണു ബിനാന്‍സ്. ചാങ് പെങ് ചൗ എന്ന ചൈനാക്കാരനാണു ബിനാന്‍സ് സിഇഒ. യുഎസിലെ ഉല്‍പന്ന വ്യാപാര നിയമങ്ങള്‍ പാലിച്ചില്ല എന്ന കുറ്റത്തിനാണു കമ്മാേഡിറ്റി ഫ്യൂച്ചേഴ്‌സ് ട്രേഡിംഗ് കമ്മീഷന്‍ (സിഎഫ്ടിസി) കുറ്റപത്രം തയാറാക്കിയത്.

2021-ല്‍ 34 ലക്ഷം കോടി ഡോളറിനുള്ള വ്യാപാരം ബിനാന്‍സില്‍ നടന്നിരുന്നു. കഴിഞ്ഞ ദിവസം ആറു ശതമാനം വിലയിടിഞ്ഞ ബിനാന്‍സ് കോയിന് ഇന്നു രാവിലെ 25,400 രൂപ വിലയുണ്ട്.

തിങ്കളാഴ്ച രൂപ ഉയര്‍ന്നു. ഡോളര്‍ 11 പൈസ താഴ്ന്ന് 82.37 രൂപയില്‍ ക്ലോസ് ചെയ്തു. ഡോളര്‍ സൂചിക കയറ്റിറക്കങ്ങള്‍ക്കു ശേഷം വെള്ളിയാഴ്ച 102.86 ല്‍ അവസാനിച്ചു. ഇന്ന് 102.63 ലാണ് സൂചിക.


ബാങ്കിംഗില്‍ ആശ്വാസ സൂചനകള്‍

അമേരിക്കയില്‍ തകര്‍ന്ന സിലിക്കണ്‍വാലി ബാങ്കിന്റെ 7200 കോടി ഡോളര്‍ ആസ്തികള്‍ ഫസ്റ്റ് സിറ്റിസണ്‍സ് ബാങ്ക് ഏറ്റെടുത്തതോടെ ഇടത്തരം ബാങ്കുകളെപ്പറ്റിയുള്ള ആശങ്ക ഗണ്യമായി കുറഞ്ഞു.

25 ശതമാനത്തോളം ഡിസ്‌കൗണ്ടിലാണു വ്യാപാരം. സിലിക്കണ്‍വാലി ബാങ്ക് ശാഖകള്‍ ഇന്നലെ ഫസ്റ്റ് സിറ്റിസണ്‍സ് ശാഖകളായി. 9000 കോടി ഡോളര്‍ ആസ്തികള്‍ ഏറ്റെടുക്കാന്‍ ആരും തയാറായിട്ടില്ല.

ബാങ്കുകള്‍

പ്രശ്‌നത്തില്‍ കഴിയുന്ന ഫസ്റ്റ് റിപ്പബ്ലിക് ബാങ്കിന്റെ ഓഹരി ഇന്നലെ 12 ശതമാനം ഉയര്‍ന്നു. മറ്റു പ്രാദേശിക ബാങ്കുകളുടെ ഓഹരികളും കയറി. ജര്‍മനിയിലെ ഡോയിച്ച് ബാങ്കിന്റെ ഓഹരികള്‍ ഇന്നലെ ആറു ശതമാനം ഉയര്‍ന്നു. വെള്ളിയാഴ്ച ആദ്യം 15 ശതമാനം ഇടിഞ്ഞിട്ട് എട്ടു ശതമാനം താഴ്ചയിലാണു ക്ലോസ് ചെയ്തത്. കഴിഞ്ഞ വാരാന്ത്യത്തിലെ ആശങ്കകള്‍ മിക്കതും നീങ്ങിയെങ്കിലും ഡോയിച്ച് ബാങ്കിന്റെ കാര്യത്തില്‍ സംശയങ്ങള്‍ ശേഷിക്കുന്നുണ്ട്.

അമേരിക്കയിലെ റിയല്‍ എസ്റ്റേറ്റ് മേഖലയിലെ നിക്ഷേപങ്ങളുടെ ഭദ്രതയിലാണു പ്രധാന സംശയം. ബാങ്ക് മൊത്തം നല്‍കിയിട്ടുള്ള 52,600 കോടി ഡോളര്‍ വായ്പകളില്‍ ഏഴു ശതമാനമേ യുഎസിലെ വാണിജ്യ റിയല്‍ എസ്റ്റേറ്റില്‍ ഉള്ളൂ എന്നു ബാങ്ക് വിശദീകരിക്കുന്നു. ജെപി മോര്‍ഗനിലെ അനാലിസ്റ്റുകള്‍ ഈ വായ്പകള്‍ തികച്ചും ഭദ്രമാണെന്നു വിലയിരുത്തി. വന്‍ നഗരങ്ങളിലാണു വസ്തുക്കള്‍ എന്നതും മതിപ്പുവില വായ്പത്തുകയേക്കാള്‍ വളരെ കൂടുതല്‍ ആണെന്നതും ഭദ്രതയുടെ ഘടകങ്ങളായി ചൂണ്ടിക്കാട്ടി.

കുറേ വര്‍ഷം മുമ്പ് നഷ്ടത്തിലായിരുന്ന ഡോയിച്ച് നാലു വര്‍ഷം നീണ്ട അഴിച്ചു പണിയും മറ്റും നടപ്പാക്കി ഇപ്പോള്‍ ലാഭ പാതയിലാണ്. കഴിഞ്ഞ 10 ത്രൈമാസങ്ങളില്‍ തുടര്‍ച്ചയായി ലാഭം ഉണ്ടാക്കി. 2022 ലെ ലാഭം തലേ വര്‍ഷത്തേതിന്റെ ഇരട്ടിയാണ്. എങ്കിലും വിപണി ആശങ്കകള്‍ ഉപേക്ഷിക്കുന്നില്ല.



Tags:    

Similar News