കോവിഡ് മുന്നറിയിപ്പുകൾ ആശങ്ക കൂട്ടുന്നു; വിദേശ സൂചനകൾ നെഗറ്റീവ്; ക്രൂഡ് ഓയിൽ വില കുറയുന്നു
ടെസ്ലയും ആപ്പിളും ടെക്നോളജി മേഖലയെ ഉലയ്ക്കുമ്പോൾ. വിൽപ്പന തുടർന്ന് വിദേശ നിക്ഷേപകർ. സ്വർണവില താഴ്ന്നു
വീണ്ടും ചുവപ്പണിഞ്ഞു വിപണികൾ. കോവിഡ് ഭീതിയാണ് വർഷാന്ത്യ ദിനങ്ങളെ താഴോട്ടു വലിക്കുന്നത്. ടെസ്‌ലയുടെയും ആപ്പിളിന്റെയും ഉൽപാദനം ചൈനയിലെ കോവിഡ് വ്യാപനം മൂലം ഇടിഞ്ഞതു ടെക്നോളജി മേഖലയെ മൊത്തം ഉലയ്ക്കുന്ന കാര്യമായി വളർന്നു. ഒക്ടോബർ പകുതിക്കു ശേഷം ഓഹരി വിപണികളിൽ ഉണ്ടായ കയറ്റമപ്പാടേ നഷ്ടപ്പെടുന്ന നിലയിലാണ് കാര്യങ്ങൾ പോകുന്നത്. ജനുവരിയിൽ കോവിഡ് വ്യാപനം വർധിക്കുമെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വ്യാപനം തരംഗമാകില്ലെന്നു മന്ത്രാലയം പറയുന്നുണ്ടെങ്കിലും ആശങ്ക വർധിക്കുകയാണ്. അതു വിപണിയിൽ പ്രതിഫലിക്കും.
ഇന്നലെ ചാഞ്ചാട്ടങ്ങൾക്കു ശേഷം ചെറിയ നഷ്ടത്തിൽ അവസാനിച്ച ഇന്ത്യൻ വിപണിക്കു പിന്നാലെ യൂറോപ്യൻ വിപണിയും ചാഞ്ചാട്ടം കാണിച്ചു. യുഎസ് വിപണി ചെറിയ നേട്ടത്തിൽ തുടങ്ങിയിട്ടു താഴാേട്ടു നീങ്ങുകയായിരുന്നു. ഡൗ ജോൺസ് 1.1ഉം എസ് ആൻഡ് പി 1.2 ഉം നാസ് ഡാക് 1.35 - ഉം ശതമാനം ഇടിഞ്ഞു ക്ലാേസ് ചെയ്തു. യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു നേരിയ താഴ്ചയിലാണ്.
ഏഷ്യൻ വിപണികൾ ഇന്നും നഷ്ടത്തിലാണു വ്യാപാരം. ജപ്പാനിൽ നിക്കൈ സൂചിക ഒരു ശതമാനത്തിലധികം ഇടിവിലാണു തുടങ്ങിയത്. ദക്ഷിണ കൊറിയൻ വിപണിയും താഴ്ചയിലാണ്. എന്നാൽ ചൈനീസ് വിപണി നേട്ടത്തോടെ ആരംഭിച്ചു.
സിംഗപ്പുർ എക്‌സ്‌ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജി എക്സ് നിഫ്റ്റി ഇന്നലെ 18,137-ൽ
ക്ലോസ് ചെയ്തു. ഇന്നു രാവിലെ സൂചിക 18,052- ലേക്കു താഴ്ന്നു. പിന്നീട് അൽപം കയറി. ഇന്ത്യൻ വിപണി താഴ്ന്നു വ്യാപാരം തുടങ്ങുമെന്നാണ് ഇതിലെ സൂചന.
ബുധനാഴ്ച സെൻസെക്സ് 60,730 -നും 61,075 നുമിടയിൽ ഇറങ്ങിക്കയറി. നിഫ്റ്റിയും സമാനമായ ചാഞ്ചാട്ടം കാണിച്ചു. ഒടവിൽ കാര്യമായ നഷ്ടമില്ലാതെ വ്യാപാരം അവസാനിപ്പിച്ചു. സെൻസെക്സ് 17.15 പോയിന്റ് (0.03%) നഷ്ടത്തിൽ 60,910.28 ലും നിഫ്റ്റി 9.8 പോയിന്റ് (0.05%) നഷ്ടത്തിൽ 18,122.5 ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 0.13 ശതമാനം ഉയർന്നപ്പോൾ സ്മോൾ ക്യാപ് സൂചിക 0.07 ശതമാനം താഴ്ന്നു.
ഹെൽത്ത് കെയർ, ഫാർമ, മെറ്റൽ, ബാങ്കിംഗ്, ധനകാര്യ സേവന, ഐടി മേഖലകൾ ഇന്നലെ നഷ്ടത്തിലായി. ഓയിൽ - ഗ്യാസ്, കൺസ്യൂമർ ഡുറബിൾസ്, റിയൽറ്റി, മീഡിയ, എഫ്എംസിജി, വാഹന മേഖലകൾ നേട്ടമുണ്ടാക്കി. രാസവള കമ്പനികൾ ഇന്നലെ വലിയ നേട്ടമുണ്ടാക്കി. എഫ്എസിടി, ആർസിഎഫ്, ജിഎസ്എഫ്സി തുടങ്ങിയവയുടെ ഓഹരികൾ 10 ശതമാനം ഉയർന്നു.
വിദേശ നിക്ഷേപകർ ഇന്നലെ 872.59 കോടി രൂപയുടെ ഓഹരികൾ വിറ്റു. സ്വദേശി ഫണ്ടുകൾ 372.87 കോടി രൂപ ഓഹരികളിൽ നിക്ഷേപിച്ചു.
രണ്ടു ദിവസത്തെ നേട്ടങ്ങൾക്കു ശേഷം ഇന്നലെ ചെറിയ നഷ്ടത്തിലാണു വിപണി അവസാനിച്ചതെങ്കിലും അന്തർധാര ബുള്ളിഷ് ആണെന്നു സാങ്കേതിക വിശകലന വിദഗ്ധർ പറയുന്നു. നിഫ്റ്റി 18,200 കടന്നാൽ 18,350 ലേക്കാകും ലക്ഷ്യമിടുക. മറിച്ചു 18,000 നു താഴേക്കു നീങ്ങിയാൽ കുടുതൽ താഴ്ചകളിലേക്കാകും യാത്ര. നിഫ്റ്റിക്കു 18,080 - ലും 18,015-ലും സപ്പാേർട്ട് ഉണ്ട്. ഉയരുമ്പോൾ 18,160 - ലും 18,225-ലും തടസങ്ങൾ നേരിടും.
ക്രൂഡ് ഓയിൽ വില അൽപം താഴ്ന്നു. ചൈനീസ് ഡിമാൻഡിൽ വർധന ഉണ്ടാകില്ല എന്ന നിഗമനത്തിലാണിത്. ബ്രെന്റ് ഇനം ക്രൂഡിന്റെ വില ഇന്നലെ 83.11 ഡോളറിലേക്കു താണു. ഇന്ന് വീണ്ടും താഴ്ന്ന് 82.84 ഡോളർ ആയി.
വ്യാവസായിക ലോഹങ്ങൾ ഉയർന്നു. എന്നാൽ മുൻ ദിവസങ്ങളിൽ ഷാങ്ഹായ് വിപണിയിൽ ഉണ്ടായ കയറ്റം ലണ്ടൻ മെറ്റൽ എക്സ്ചേഞ്ചിൽ ഉണ്ടായില്ല. ചെമ്പ് ഒന്നര ശതമാനം ഉയർന്ന് 8450 ഡോളറിലെത്തി. അലൂമിനിയത്തിനു വില നേരിയ തോതിൽ കുറഞ്ഞു. നിക്കൽ 30,000 ഡോളറിനും സിങ്ക് 3000 ഡോളറിനും മുകളിലായി.
സ്വർണം വീണ്ടും താഴ്ന്നു. ചൊവ്വാഴ്ച 1830 ഡോളറിനു മുകളിൽ എത്തിയിട്ട് കുത്തനേ വീണ സ്വർണം ഇന്നലെ 1813 ഡോളർ വരെ കയറിയിട്ട് 1796 ലേക്കു താഴ്ന്നു. ഇന്ന് 1804-1806 ഡോളറിലാണു വ്യാപാരം.
രൂപ ഇന്നലെ ചാഞ്ചാടിയ ശേഷം നേരിയ വ്യത്യാസത്തിൽ ക്ലോസ് ചെയ്തു. 82.86 രൂപയിലാണു ഡോളർ വ്യാപാരം അവസാനിപിച്ചത്. ഡോളർ സൂചിക ഇന്നലെ 104.18 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ സൂചിക 104.5 ലേക്കു കയറി.
കോവിഡ്, ടെസ്‌ല, ആപ്പിൾ
ചൈനയിലെ കോവിഡ് വ്യാപനം മറ്റു രാജ്യങ്ങളിൽ കരുതൽ നടപടികൾക്കു വഴിതെളിച്ചു. ചൈനയിൽ നിന്നുള്ള യാത്രക്കാർക്ക് കോവിഡ് പരിശോധനയും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും നിർബന്ധമാക്കുകയാണു പല രാജ്യങ്ങളും. നിയന്ത്രണങ്ങൾ നീക്കിയതോടെ വിദേശയാത്രയ്ക്ക് ചൈനയിൽ തിരക്ക് കൂടി. സിംഗപ്പുർ, ജപ്പാൻ, ദക്ഷിണ കൊറിയ, തായ്ലൻഡ് എന്നിവിടങ്ങളാണു പ്രധാന ലക്ഷ്യങ്ങൾ. യാത്രകൾ രോഗം പടർത്തുമെന്നാണു ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്.
കോവിഡ് മൂലം ഷാങ്ഹായിയിലെ ഫാക്ടറിയിൽ ജോലിക്കാർ കുറഞ്ഞത് ടെസ്‌ലയുടെ ഇലക്ട്രിക് കാർ നിർമാണം വെട്ടിക്കുറയ്ക്കാൻ കാരണമായി. ഫാക്ടറി കുറേക്കാലം അടച്ചിടാനും ആലോചനയുണ്ട്. ടെസ്‌ല കാറുകളുടെ ഡിമാൻഡ് മറ്റു കാരണങ്ങളാൽ കുറയുന്ന അവസരത്തിലാണിത് എന്നതു കമ്പനിക്കു വലിയ ആഘാതമായി. അമേരിക്കയിൽ ടെസ്‌ല കാറുകൾക്ക് 7500 ഡോളർ വരെ ഡിസ്കൗണ്ട് നൽകിയാണ് വിൽപന. ടെസ്‌ല ഓഹരി ഇക്കൊല്ലം ഇതുവരെ 71.82 ശതമാനം ഇടിഞ്ഞിട്ടുണ്ട്. 2020 മുതൽ എസ് ആൻഡ് പി യിലെ ഏറ്റവും വിലയുള്ള പത്ത് ഓഹരികളിൽ പെട്ടിരുന്ന ടെസ്‌ല ഇന്നലെ അതിൽ നിന്നു പുറത്തായി. സ്ഥാപകൻ ഇലോൺ മസ്ക് ട്വിറ്റർ വാങ്ങാൻ വേണ്ടി ഓഹരി വിറ്റപ്പോൾ തുടങ്ങിയ തകർച്ചയിൽ നിന്ന് ടെസ്‌ല കരകയറിയിട്ടില്ല
ആപ്പിളിന്റെ ഐ ഫോൺ നിർമാണവും കോവിഡ് മൂലം വെട്ടിക്കുറയ്ക്കേണ്ടി വന്നു. ചൈനയിലെ ഉൽപാദനം കുറഞ്ഞതു വിൽപനയിൽ വലിയ ഇടിവാണു വരുത്തുന്നത്. ഇതേ തുടർന്ന് ദിവസങ്ങളായി ആപ്പിൾ ഓഹരികൾ താഴ്ചയിലാണ്. ഈ വർഷം ഇതുവരെ ആപ്പിൾ ഓഹരി 27 ശതമാനം ഇടിഞ്ഞു. നാസ് ഡാക് 35 ശതമാനത്തോളം ഇടിഞ്ഞ സ്ഥാനത്താണിത്.