പണനയം ആവേശമായില്ല; വിലക്കയറ്റം വേണ്ടത്ര താണില്ലെന്നു വിലയിരുത്തൽ; വളർച്ച അൽപം കുറയും; വിപണി മനാേഭാവം ബുള്ളിഷ്
വിപണി ബുള്ളിഷ് ആയോ? അദാനിയിൽ മുന്നേറ്റം വിലക്കയറ്റം കുറയും; വളർച്ചയും;
പ്രതീക്ഷിച്ച പോലെ വന്ന പണനയം വിപണിയെ ആവേശം കൊള്ളിച്ചില്ല. വിപണിക്കു ക്ഷീണം വരുത്തിയതുമില്ല. അഡാനി ഗ്രൂപ്പ് ഓഹരികളുടെ കുതിപ്പും നവീന ഫിൻടെക് സ്റ്റാർട്ടപ്പുകളുടെ തിരിച്ചു കയറ്റവും വിപണിയെ ഉയർത്തി. നിർണായക തടസമേഖലകൾ കടന്നുകയറിയ സൂചികകൾ കൂടുതൽ ഉയരങ്ങളിലേക്കു കുതിക്കാനുള്ള ഉത്സാഹം സൂചിപ്പിക്കുന്നു.
യൂറോപ്യൻ വിപണികൾ ഇന്നലെ പൊതുവേ നഷ്ടത്തിലാണ് അവസാനിച്ചത്. യുഎസ് വിപണി താഴ്ചയിൽ തുടങ്ങിയിട്ടു കൂടുതൽ. താഴ്ചയിൽ അവസാനിച്ചു. ഡൗ ജോൺസ് സൂചിക 0.61 ഉം എസ് ആൻഡ് പി 1.11 ഉം നാസ് ഡാക് 1.68 ഉം ശതമാനം ഇടിഞ്ഞു. യുഎസ് ഫ്യൂച്ചേഴ്സ് ഉയർന്നാണു നീങ്ങുന്നത്.
ഏഷ്യൻ വിപണികൾ ഇന്നു രാവിലെ സമ്മിശ്ര ചിത്രമാണു നൽകുന്നത്. ജപ്പാനിൽ നിക്കെെ താഴ്ന്നു വ്യാപാരം തുടങ്ങി. എന്നാൽ കൊറിയൻ വിപണി ഉയരത്തിലാണ്. ചൈനീസ് വിപണികൾ ചെറിയ നേട്ടത്തിലാണ്.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി ഇന്നലെ 17,890 ൽ ക്ലാേസ് ചെയ്തു. രണ്ടാം സെഷനിൽ സൂചിക 17,886 - ലേക്കു താണു. ഇന്നു രാവിലെ സൂചിക വീണ്ടും കയറി 17,928 വരെ എത്തിയിട്ട് 17,910 ലേക്ക് താണു. ഇന്ത്യൻ വിപണി നേട്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.
സെൻസെക്സ് ഇന്നലെ 377.75 പോയിന്റ് (0.63%) ഉയർന്ന് 60,663.79ലും നിഫ്റ്റി 150.2 പോയിന്റ് (0.85%) കയറി 17,871.7ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 0.91 ശതമാനവും സ്മോൾ ക്യാപ് സൂചിക 0.84 ശതമാനവും ഉയർന്നാണു ക്ലോസ് ചെയ്തത്.
വിപണി ബുളളിഷ് ആയി എന്നാണു ചിലർ വിലയിരുത്തുന്നത്. നിഫ്റ്റിക്ക് 17,780 ലും 17,685 ലും സപ്പോർട്ട് ഉണ്ട്. 17,900 ലും 17,995 ലും തടസങ്ങൾ നേരിടും. വിദേശനിക്ഷേപകർ ഇന്നലെ 731.82 കോടി രൂപയുടെ ഓഹരികൾ വിറ്റു. സ്വദേശി ഫണ്ടുകൾ 941.16 കോടിയുടെ ഓഹരികൾ വാങ്ങി.
ക്രൂഡ് ഓയിൽ വില ഇന്നലെ ഉയർന്നു. ബ്രെന്റ് ഇനം 85.15 ഡോളറിൽ എത്തി. വ്യാവസായിക ലോഹങ്ങൾ പൊതുവേ നേട്ടത്തിലായി. ഒരു ശതമാനം താഴ്ന്ന് 2500 ഡോളറിനു താഴെയായ അലൂമിനിയം മാത്രമാണ് അപവാദം. ചെമ്പ് വില തിരികെ 9000 ഡോളറിനു മുകളിലെത്തി. നിക്കലും സിങ്കും ടിന്നും ഒന്നര മുതൽ നാലു വരെ ശതമാനം കയറി.
സ്വർണം ഇന്നലെയും ചെറിയ കയറ്റിറക്കങ്ങളിൽ ഒതുങ്ങി. 1869-1888 ഡോളറിലായിരുന്നു സ്വർണം. ഇന്നു രാവിലെ 1874-1876 ഡോളറിലാണു വ്യാപാരം. കേരളത്തിൽ സ്വർണവില ഇന്നലെ പവന് 42,200 രൂപയിൽ തുടർന്നു.
രൂപയ്ക്ക് ഇന്നലെ ചെറിയ നേട്ടമുണ്ടായി. ഡോളർ നിരക്ക് ഒൻപതു പൈസ കുറഞ്ഞ് 82.54 രൂപയായി. ഡോളർ സൂചിക 103.49 ലേക്കു കയറി.
അദാനിയിൽ മുന്നേറ്റം
അദാനി ഗ്രൂപ്പ് കമ്പനികൾ ഇന്നലെയും നല്ല നേട്ടത്തിലായി. ഗ്രൂപ്പിന്റെ വിപണി മൂല്യം 47,000 കോടി രൂപ വർധിച്ചു. അഡാനി എന്റർപ്രൈസസ് ഓഹരി 23 ശതമാനം ഉയർന്ന് 2220 രൂപയിൽ എത്തി. അദാനി ഗ്രൂപ്പിലെ പോർട്സ്, വിൽമർ, ട്രാൻസ്മിഷൻ, പവർ എന്നിവയും നല്ല ഉയർച്ചയിലാണ്. എന്നാൽ അഡാനി ടോട്ടലും അഡാനി ഗ്രീനും അഞ്ചു ശതമാനം വീതം ഇടിഞ്ഞു. ഇവയിൽ പങ്കാളിയായ ഫ്രഞ്ച് കമ്പനി ടോട്ടൽ നേരത്തേ പ്രഖ്യാപിച്ചിരുന്ന നിക്ഷേപം സംബന്ധിച്ചു കരാർ ആയിട്ടിലെന്നും അദാനി ഗ്രൂപ്പ് നടത്തുന്ന ഓഡിറ്റ് കഴിഞ്ഞേ തീരുമാനം എടുക്കൂ എന്നും പറഞ്ഞത് തിരിച്ചടിയായി.
ഫിൻ ടെക്കുകളും നവയുഗ കമ്പനികളും മുന്നോട്ട്
ഡിജിറ്റൽ പേമെന്റ് - ധനകാര്യ സർവീസ് കമ്പനി പേയ്ടിഎം (വൺ 97 കമ്യൂണിക്കേഷൻസ്) ഇന്നലെയും കുതിച്ചു. ഡിസംബറിൽ അവസാനിച്ച ത്രൈമാസത്തിൽ വരുമാനം 41 ശതമാനം വർധിപ്പിച്ചതും നഷ്ടം 392 കോടിയായി കുറച്ചതും ബ്രോക്കറേജുകളെ ആവേശം കൊള്ളിച്ചു. കമ്പനി പ്രവർത്തന ലാഭം ഉണ്ടാക്കിയെന്നു മാനേജ്മെന്റ് എടുത്തു പറഞ്ഞു. മക്കാറീ അടക്കം ചില ബ്രോക്കറേജുകൾ ഓഹരിയുടെ വില ലക്ഷ്യം 850 രൂപയ്ക്കു മുകളിലാക്കുകയും ചെയ്തു. ഓഹരി ഇന്നലെ 18.5 ശതമാനം ഉയർന്ന് 698 രൂപ വരെ എത്തി.മൂന്നു ദിവസം കൊണ്ട് ഓഹരിവില 29 ശതമാനം കയറി.
സൊമാറ്റോ ലാഭത്തിലേക്കു നീങ്ങുകയാണെന്നു സ്ഥാപകൻ ദീപീന്ദർ ഗോയൽ ട്വീറ്റ് ചെയ്തതും ഓഹരി 24 ശതമാനം കുതിക്കുമെന്ന് മോട്ടിലാൽ ഓസ്വാൾ വിലയിരുത്തിയതും സൊമാറ്റോ ഓഹരിയെ 12 ശതമാനം ഉയരത്തിൽ എത്തിച്ചു. ക്ലോസിംഗിൽ നേട്ടം ഒൻപതു ശതമാനം. ഇവയുടെ ചുവടു പിടിച്ച് നെെക, പിബി ഫിൻടെക് തുടങ്ങിയ നവയുഗ ഓഹരികളും വലിയ നേട്ടം ഉണ്ടാക്കി.
പലിശ ദുസ്സഹ നിലയിലേക്ക്
റിസർവ് ബാങ്ക് റീപോ നിരക്ക് 6.25 ൽ നിന്ന് 6.5 ശതമാനമായി വർധിപ്പിച്ചതോടെ രാജ്യത്തു വായ്പാ പലിശകൾ ഒരു തവണ കൂടി ഉയരാൻ വഴി തുറന്നിരിക്കുകയാണ്. ബാങ്കുകളിലെ നിക്ഷേപ പലിശയും ചിലപ്പോൾ ഉയരാം.
പലിശവർധന ഇതാേടെ അവസാനിക്കും എന്ന സൂചന റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് നൽകുമെന്നു മിക്കവരും പ്രതീക്ഷിച്ചു. പക്ഷേ അതുണ്ടായില്ല. ഇനിയും പലിശ കൂട്ടേണ്ടിവരും എന്ന സൂചന നൽകുകയും ചെയ്തു. അമേരിക്കൻ ഫെഡും യൂറോപ്യൻ കേന്ദ്ര ബാങ്കും പലിശവർധന തുടരും എന്നു സൂചിപ്പിച്ചിട്ടുള്ളതും ഇപ്പോഴത്തേത് ഒടുക്കമല്ല എന്ന് വ്യക്തമാക്കുന്നു.
പലിശനിരക്ക് കൂടിപ്പോകുന്നത് പാർപ്പിടവിൽപനയെ ബാധിക്കുമെന്ന ആശങ്ക റിയൽ എസ്റ്റേറ്റ് മേഖലയ്ക്കുണ്ട്. നിരക്ക് കൂടുന്നതനുസരിച്ച് ഇഎംഐ വർധിച്ചു വരികയാണ്. 20 വർഷ കാലാവധിയിൽ 25 ലക്ഷം രൂപയുടെ ഭവനവായ്പ എടുക്കുന്നവരുടെ ഇഎംഐ ഒൻപതു മാസം കൊണ്ടു വർധിച്ചത് 3800 രൂപയാണ്. തുക 50 ലക്ഷമായാൽ വർധന 7000 രൂപയും 75 ലക്ഷമായാൽ 10,000 രൂപയുമാണ്. പലരെയും വായ്പ എടുക്കലിൽ നിന്നു പിന്തിരിപ്പിക്കുന്ന നിലയിലേക്കു വർധന എത്തി.
വിലക്കയറ്റം കുറയും; വളർച്ചയും
വിലക്കയറ്റത്തിൽ കുറവുണ്ടെങ്കിലും വേണ്ടത്ര ആയിട്ടില്ല. ഇന്ധന-ഭക്ഷ്യവിലകൾ ഒഴിവാക്കിയുള്ള കാതൽ വിലക്കയറ്റം ഇപ്പോഴും വരുതിയിലായിട്ടില്ല. ഇക്കൊല്ലത്തെ ശരാശരി ചില്ലറവിലക്കയറ്റം നേരത്തേ കണക്കാക്കിയ 6.7 ൽ നിന്ന് 6.5 ശതമാനമായി റിസർവ് ബാങ്ക് കുറച്ചു. അടുത്ത ധനകാര്യ വർഷം 5.3 ശതമാനമാണു പ്രതീക്ഷ. ഒന്നാം പാദത്തിൽ അഞ്ചും രണ്ടിലും മൂന്നിലും 5.4 വീതവും നാലാം പാദത്തിൽ 5.6 ശതമാനവുമാണു നിഗമനം. നാലു ശതമാനം വിലക്കയറ്റം എന്ന ലക്ഷ്യം അകലെ എന്നു ചുരുക്കം.
ജിഡിപി വളർച്ച സംബന്ധിച്ച റിസർവ് ബാങ്ക് വിലയിരുത്തൽ യാഥാസ്ഥിതികമാണെന്നു ചിലർ വിമർശിച്ചിട്ടുണ്ട്. 2022-23 ലെ ഏഴു ശതമാനത്തിൽ നിന്ന് അടുത്ത വർഷം വളർച്ച 6.4 ശതമാനമായി കുറയും എന്നാണു ബാങ്ക് നിഗമനം. ഓരോ പാദത്തിലും പ്രതീക്ഷിക്കുന്ന വളർച്ച ഇങ്ങനെ: ഒന്ന് 7.8%, രണ്ട് 6.2%, മൂന്ന് 6%, നാല് 5.8%. ആഗോള സാഹചര്യങ്ങൾ ഈ പ്രതീക്ഷയ്ക്കു മങ്ങൽ ഏൽപിക്കാം എന്നും ബാങ്ക് ആശങ്കപ്പെടുന്നു.