ആഗോള ആവേശം വിപണിക്ക് തുണയാകുമോ?
കമ്പനി റിസൽട്ടുകളും കർണാടകവും വിപണിയെ സ്വാധീനിക്കും. മണപ്പുറം ഓഹരികളിൽ ഇനി എന്ത്?
ആഗോള വിപണികൾ ആവേശത്തിലാണ്. യുഎസ് വിപണിയുടെ വാരാന്ത്യത്തിലെ വൻ കുതിപ്പിന്റെ തുടർച്ചയിലാണ് ഇന്നു രാവിലെ ഏഷ്യൻ വിപണികൾ. വെളളിയാഴ്ചത്തെ തകർച്ചയിൽ നിന്നു തിരിച്ചു കയറാൻ ഇന്ത്യൻ വിപണി ശ്രമിക്കുമോ എന്നാണു നിക്ഷേപകർ നോക്കുന്നത്.
സിംഗപ്പുരിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി വെള്ളിയാഴ്ച രാത്രി ഒന്നാം സെഷനിൽ 18,124 ൽ ക്ലോസ് ചെയ്തു. രണ്ടാം സെഷനിൽ 18,178.5 ലേക്ക് കയറി. ഇന്നു രാവിലെ 18,176 - ൽ വ്യാപാരം തുടങ്ങിയിട്ട് 18,155 ലേക്കു താണു. ഇന്ത്യൻ വിപണി ചെറിയ നേട്ടത്തിൽ വ്യാപാരം തുടങ്ങുമെന്നാണു ഡെറിവേറ്റീവ് വിപണി നൽകുന്ന സൂചന.
ഈയാഴ്ച കമ്പനി റിസൽട്ടുകളും യുഎസ് ചില്ലറ വിലക്കയറ്റവും വിപണി ഗതിയെ സ്വാധീനിക്കും. ഇന്ത്യയിലെ ചില്ലറ വിലക്കയറ്റ കണക്ക് വെള്ളിയാഴ്ച വെെകുന്നേരമാണു പുറത്തുവിടുന്നത്. അതിനാൽ ഈയാഴ്ചത്തെ വ്യാപാരത്തെ സ്വാധീനിക്കില്ല. കർണാടക തെരഞ്ഞെടുപ്പിന്റെ എക്സിറ്റ് ഫലം വ്യാഴാഴ്ച വിപണിയിൽ ചലനമുണ്ടാക്കും. ബിജെപിക്കു ക്ഷീണം ഉണ്ടാകുമെങ്കിൽ വിപണി ഇടിയും.
യൂറോപ്യൻ വിപണികൾ വെള്ളിയാഴ്ച നല്ല നേട്ടത്തോടെ ക്ലോസ് ചെയ്തു. അഡിഡാസ് ഓഹരി ഒൻപതു ശതമാനം ഉയർന്നു. പൗണ്ട് സ്റ്റെർലിംഗ് ഒരു വർഷത്തിനിടയിലെ ഉയർന്ന നിലയിൽ (1.26 ഡോളർ) എത്തി.
യുഎസ് വിപണി ശക്തി പ്രാപിച്ചു
നാലു ദിവസത്തെ തകർച്ചയ്ക്കു ശേഷം യുഎസ് വിപണി വെള്ളിയാഴ്ച വലിയ കുതിപ്പ് നടത്തി. അതോടെ ആഴ്ചയും നേട്ടത്തിലായി. ബാങ്കിംഗ് ആശങ്കകൾ ഒട്ടൊക്കെ മാറി. പസഫിക് വെസ്റ്റിലും മറ്റും ഷോർട്ട് സെല്ലർമാരുടെ കളിയാണു നടക്കുന്നതെന്ന അനാലിസ്റ്റ് വിലയിരുത്തൽ വിപണി സ്വീകരിച്ചതായി തോന്നി. പസഫിക് വെസ്റ്റിന്റെ ഓഹരി 80 ശതമാനം ഉയർന്നു.
ഡൗ ജോൺസ് 546.64 പോയിന്റും (1.65 ശതമാനം) എസ് ആൻഡ് പി 75.03 പോയിന്റും (1.85%) നാസ്ഡാക് 269.01 പോയിന്റും (2.25%) കുതിച്ചു കയറി. വാരാന്ത്യത്തിൽ നിക്ഷേപ ഇതിഹാസം വാറൻ ബഫറ്റിന്റെ ബെർക് ഷയർ ഹാഥവേയുടെ വാർഷിക പൊതുയോഗം നടന്നു. ബാങ്കിംഗ് മേഖല ഭദ്രമാണെന്നും കൊമേഴ്സ്യൽ
റിയൽ എസ്റ്റേറ്റ് പ്രശ്നത്തിലേക്കു നീങ്ങുകയാണെന്നും ബഫറ്റ് പറഞ്ഞത് ഇന്നു വിപണിയെ സ്വാധീനിക്കാം. യുഎസ് ഫ്യൂച്ചേഴ്സ് നേരിയ താഴ്ചയിലാണ്. ഡൗ 0.08 ഉം എസ് ആൻഡ് പി 0.11 ഉം നാസ്ഡാക് 0.10 ഉം ശതമാനം താഴ്ന്നു.
പൊതുവേ ഏഷ്യൻ - ഓസ്ട്രേലിയൻ സൂചികകൾ ഇന്നു കയറ്റത്തിലാണ്. അവധികൾക്കു ശേഷം തുറന്ന ജപ്പാനിൽ വിപണി ഇന്ന് താഴ്ചയിലായി. ചെെനീസ് വിപണി തുടക്കത്തിൽ ഉയർന്നു.
വെള്ളിയാഴ്ച തുടക്കം മുതൽ ദുർബലമായിരുന്ന ഇന്ത്യൻ വിപണി വലിയ നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. തലേ ദിവസത്തെ നേട്ടം മുഴുവൻ നഷ്ടപ്പെടുത്തി. എച്ച്ഡിഎഫ്സി ദ്വയങ്ങളുടെ വൻ തകർച്ചയാണു പ്രധാന കാരണം. അവ ലയിച്ചു കഴിയുമ്പോൾ എംഎസ് സിഐ സൂചികയിൽ സ്ഥാനം കുറയുമെന്നും അതനുസരിച്ച് അവയിൽ നിന്ന് 20 കോടി ഡോളറിന്റെ നിക്ഷേപം ഫണ്ടുകൾ പിൻവലിക്കുമെന്നും ബ്രാേക്കറേജുകൾ കണക്കാക്കി. ഇതേ തുടർന്നു ഫണ്ടുകൾ വലിയ വിൽപന നടത്തി. എച്ച്ഡിഎഫ്സിയും എച്ച്ഡിഎഫ്സി ബാങ്കും ആറു ശതമാനത്തിനടുത്തു നഷ്ടത്തിലാണു ക്ലോസ് ചെയ്തത്.
സെൻസെക്സ് വെള്ളിയാഴ്ച 694.96 പോയിന്റ് (1.13%) ഇടിഞ്ഞ് 61,054.29 ലും നിഫ്റ്റി 188.05 പോയിന്റ് (1.03%) താഴ്ന്ന് 18,067.75 ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 0.7 ശതമാനവും സ്മോൾ ക്യാപ് സൂചിക 0.8 ശതമാനവും താഴ്ന്നു. സെൻസെക്സ് കഴിഞ്ഞയാഴ്ച 0.1 ശതമാനം (58 പോയിന്റ്) താഴ്ന്നപ്പാേൾ നിഫ്റ്റി 0.02 ശതമാനം (4 പോയിന്റ്) ഉയർന്നു.
നിഫ്റ്റിക്കു 18,050 ലും 17,955 ലും സപ്പോർട്ട് ഉണ്ട്. 18,175 ലും 18,275 ലും തടസങ്ങൾ നേരിടാം. വിദേശനിക്ഷേപകർ വെള്ളിയാഴ്ച 777.68 കോടി രൂപയുടെ ഓഹരികൾ വാങ്ങിയപ്പോൾ സ്വദേശി ഫണ്ടുകൾ 2198.77 കോടിയുടെ ഓഹരികൾ വിറ്റു. ഈ മാസത്തിലെ ആദ്യ നാലു ദിവസം കൊണ്ടു വിദേശ നിക്ഷേപകർ 10,850 കോടി രൂപ ഇന്ത്യൻ ഓഹരികളിൽ നിക്ഷേപിച്ചിട്ടുണ്ട്. അതേസമയം കടപ്പത്രങ്ങളിൽ നിന്ന് 2460 കോടി രൂപ പിൻവലിച്ചു.
ക്രൂഡ് ഓയിലും സ്വർണവും
ക്രൂഡ് ഓയിൽ വെള്ളിയാഴ്ച ഉയർന്നു. ബ്രെന്റ് ഇനം ക്രൂഡ് 75.30 ഡോളറിൽ ക്ലോസ് ചെയ്തു. ഡബ്ള്യുടിഐ ഇനം 71.34 ഡോളർ ആയി. ബാങ്കിംഗ് പ്രതിസന്ധിയെപ്പറ്റിയുള്ള ആശങ്ക മാറിയതും യുഎസ് തൊഴിൽ വർധന പ്രതീക്ഷയിലധികം കൂടിയതും കണക്കുകൂട്ടലുകൾ തെറ്റിച്ചതോടെ സ്വർണക്കുതിപ്പിനു വിരാമമായി. സ്വർണം 2018.60 ഡോളർ വരെ താഴ്ന്നു. ഇന്നു രാവിലെ 2015 വരെ താണിട്ട് 2017- 2019 ഡോളറിലേക്കു കയറി വ്യാപാരം നടക്കുന്നു.
കേരളത്തിൽ പവൻവില വെള്ളിയാഴ്ച 160 രൂപ വർധിച്ച് 45,760 രൂപ എന്ന പുതിയ റിക്കാർഡ് കുറിച്ചു. ശനിയാഴ്ച 560 രൂപ കുറഞ്ഞ് 45,200 രൂപയിൽ ആഴ്ചയിലെ വില ക്ലോസ് ചെയ്തു.
പ്രധാന വ്യാവസായിക ലോഹങ്ങൾ വെള്ളിയാഴ്ച ഭിന്ന ദിശകളിൽ നീങ്ങി. ചെമ്പ് 0.14 ശതമാനം കയറി ടണ്ണിന് 8487 ഡോളറിലായി. അലൂമിനിയം 1.02 ശതമാനം കയറി 2319 ഡോളറിൽ ക്ലാേസ് ചെയ്തു. ലെഡും നിക്കലും ടിന്നും അഞ്ചു ശതമാനം വരെ താഴ്ന്നു. സിങ്ക് 0.74 ശതമാനം കയറി.
ക്രിപ്റ്റോ കറൻസികൾ അൽപം ഉയർന്നു. ബിറ്റ്കോയിൻ 28,400 ലായി. ഡോളർ സൂചിക വെള്ളിയാഴ്ച 101.28 ലേക്കു താഴ്ന്നു. രാവിലെ 101.24 ആയി കുറഞ്ഞു.
ഫെഡറൽ ബാങ്കിൽ സംഭവിച്ചത്
ഫെഡറൽ ബാങ്ക് ചരിത്രത്തിലെ ഏറ്റവും മികച്ചത് എന്നു പറയാവുന്ന റിസൽട്ട് വെള്ളിയാഴ്ച പ്രസിദ്ധീകരിച്ചു. ഓഹരി ചരിത്രത്തിലെ ഏറ്റവും വലിയ ഏകദിന തകർച്ച നേരിട്ടു.
നാലാം പാദത്തിൽ 67 ശതമാനം വർധനയോടെ അറ്റാദായം 902.61 കോടി രൂപയിലെത്തി. വായ്പകൾ 20.14 ശതമാനം കൂടി 1.77 ലക്ഷം കോടി രൂപയായി. ബാങ്കിലെ നിക്ഷേപങ്ങൾ 17.44 ശതമാനം വർധിച്ച് 2.14 ലക്ഷം കോടി രൂപയായി. മൊത്തം നിഷ്ക്രിയ ആസ്തി 2.36 ശതമാനവും അറ്റ നിഷ്ക്രിയ ആസ്തി 0.69 ശതമാനവും ആയി കുറഞ്ഞു.
ഇതെല്ലാം മികച്ചതായിട്ടും ഓഹരി എട്ടര ശതമാനം ഇടിഞ്ഞത് രണ്ടു കാരണങ്ങളാലാണ്. അറ്റ പലിശ വരുമാന മാർജിൻ കുറഞ്ഞു. മാർജിൻ 3.49 ശതമാനത്തിൽ നിന്ന് 3.31 ശതമാനമായി കുറഞ്ഞു. ബാങ്കിലെ നിക്ഷേപങ്ങൾക്കു നൽകുന്ന പലിശ വർധിച്ചതനുസരിച്ചു വായ്പകൾക്കു കിട്ടുന്ന പലിശ കൂടിയില്ലെന്നു ചുരുക്കം.
ഇതോടൊപ്പം നിക്ഷേപ വർധനയ്ക്കു വെല്ലുവിളികൾ വർധിച്ചു വരികയാണെന്നു ബാങ്ക് സിഇഒ പറഞ്ഞതു കൂട്ടി വായിച്ചു. ഭാവിയിൽ പലിശ മാർജിൻ കൂട്ടാൻ എളുപ്പമല്ലെന്ന വ്യാഖ്യാനമാണ് ഇതിനു വിപണി നൽകിയത്.
എന്നാൽ ഓഹരിവില ഇത്രയും താഴ്ത്താനുള്ള കാര്യമൊന്നും പലിശമാർജിൻ വിഷയത്തിൽ വിദഗ്ധ അനാലിസ്റ്റുകൾ കാണുന്നില്ല. കുറേ ദിവസങ്ങളായി വിപണിയിൽ പ്രവർത്തിച്ചിരുന്ന ഷോർട്ട് സെല്ലർമാരുടെ കളിയാണ് അവർ വിലത്തകർച്ചയിൽ കാണുന്നത്.
മണപ്പുറം ഓഹരികളിൽ ഇനി എന്ത്?
മെയ് രണ്ടാം തീയതി 130 രൂപയിൽ വ്യാപാരം നടന്ന മണപ്പുറം ജനറൽ ഫിനാൻസ് ഓഹരി വെള്ളിയാഴ്ച 102 രൂപ വരെ താണു. നഷ്ടം 24 ശതമാനം. ആഴ്ച ക്ലോസ് ചെയ്തത് 18.3 ശതമാനം നഷ്ടത്തിൽ. സ്ഥാപനത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തിയ പരിശോധനയും അക്കൗണ്ട് മരവിപ്പിക്കലും ഒക്കെയാണു വിഷയം. മണപ്പുറം ജനറൽ ഫിനാൻസ് എന്ന ലിസ്റ്റഡ് കമ്പനിയുമായി ബന്ധം ഇല്ലാത്ത മണപ്പുറം അഗ്രാേ ഫാംസ് എന്ന കമ്പനിയിൽ നിന്നു തിരിച്ചു നൽകാത്ത ഒരു നിക്ഷേപത്തെച്ചൊല്ലിയുള്ള പരാതിയാണു വലിയ വിഷയമാക്കി ഇഡി തെരച്ചിലും മരവിപ്പിക്കലും നടത്തിയതെന്ന് സിഇഒ വി.പി.നന്ദകുമാർ പറയുന്നു. ഇഡിയുടെ അടുത്ത നീക്കങ്ങളെ ആശ്രയിച്ചാകും ഓഹരിയുടെ തുടർന്നുള്ള നീക്കങ്ങൾ. മണപ്പുറം ജനറൽ ഫിനാൻസിനെതിരേ ഒരു പരാതിയുമില്ല. പ്രാെമോട്ടർക്ക് എതിരെയാണ് പരാതിയും അന്വേഷണവും.
ഇഡി റെയിഡിന്റെ വിവാദം അടങ്ങും വരെ മണപ്പുറം ഓഹരി കുറേക്കൂടി താഴ്ന്നാലും പിന്നീടു 120 രൂപയ്ക്കു മുകളിലേക്കു തിരിച്ചു കയറുമെന്നു മിക്ക അനാലിസ്റ്റുകളും പറയുന്നു. എന്നാൽ തൽക്കാലം ഓഹരിയിൽ നിക്ഷേപം നടത്താതിരിക്കുന്നതാണ് വിവേകമെന്നും അവർ ഉപദേശിക്കുന്നു.
വിപണി സൂചനകൾ
(2023 മേയ് 05, വെള്ളി.)
സെൻസെക്സ് 30 61,054.29 -1.13%
നിഫ്റ്റി 50 18,069.00 - 1.02%
ബാങ്ക് നിഫ്റ്റി 42,661.20 -2.34%
മിഡ് ക്യാപ് 100 32,148.85 -0.70%
സ്മോൾക്യാപ് 100 9729.75 -0.82%
ഡൗ ജോൺസ്30 33,674.38 +1.65%
എസ് ആൻഡ് പി500 4136.25 +1.85%
നാസ്ഡാക് 12,235.41 +2.25%
ഡോളർ ($) ₹81.80 -02 പൈസ
ഡോളർ സൂചിക 101.28 -0.17
സ്വർണം(ഔൺസ്) $2018.60 -$32.10
സ്വർണം(പവൻ ) ₹45,200 -₹560.00
ക്രൂഡ്(ബ്രെന്റ്)ഓയിൽ $75.30 +$2.80