വീണ്ടും അനിശ്ചിതത്വം ; വിലക്കയറ്റക്കണക്കിൽ നോട്ടം; ഫെഡ് തീരുമാനം നിർണായകം; മാന്ദ്യം വന്നാൽ ഐടിക്കു തിരിച്ചടിയെന്നു വിലയിരുത്തൽ

ഈയാഴ്ച വിപണിയെ സ്വാധീനിക്കുന്ന കണക്കുകൾ. ഐ ടി ക്ക് ഇനി ക്ഷീണ കാലമോ? ക്രൂഡ് താഴ്ചയിൽ, ലോഹങ്ങൾ ഭിന്ന ദിശകളിൽ

Update:2022-12-12 08:41 IST

ചില്ലറവിലക്കയറ്റ കണക്കുകളും യുഎസ് ഫെഡിന്റെ പലിശ തീരുമാനവും കാത്താണ് ഈയാഴ്ച വിപണി പ്രവർത്തനമാരംഭിക്കുന്നത്. കഴിഞ്ഞ വാരത്തിലെ തളർച്ച തുടരുമോ അതോ ഉയർച്ചയിലേക്കു തിരിയുമോ എന്ന തീരുമാനം ഈ കണക്കുകളെയും ഫെഡ് നടപടിയെയും ആശ്രയിച്ചാണിരിക്കുന്നത്.

കാളകളെ കരടികൾ തോൽപിച്ച ഒരാഴ്ചയാണു കടന്നുപോയത്. തലേ രണ്ട് ആഴ്ചകളിലും ഉയർന്നു ക്ലോസ് ചെയ്ത വിപണിയെ സർവകാല റിക്കാർഡിൽ നിന്നു വലിച്ചു താഴ്ത്തി. ലാഭമെടുക്കാനുള്ള വിൽപന സമ്മർദവും ലോഹ വിലയിലെ ചാഞ്ചാട്ടവും ഐടി മേഖലയെ പറ്റിയുള്ള നെഗറ്റീവ് കാഴ്ചപ്പാടും ക്ഷീണമായി.

ഇന്നു രാവിലെ ഏഷ്യൻ വിപണികൾ താഴ്ചയിലാണ്. ചൈനീസ് വിപണിയും താഴ്ന്നാണു വ്യാപാരം തുടങ്ങിയത്. യുഎസ് ഫ്യൂച്ചേഴ്സും താഴ്ചയിലായി.

സിംഗപ്പുർ എക്സ്ചേചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജി എക്സ് നിഫ്റ്റി രാവിലെ 18,543 ലാണ്. ഇന്ത്യൻ വിപണി രാവിലെ താഴ്ന്ന നിലയിൽ വ്യാപാരം തുടങ്ങുമെന്നാണ് ഇതു സൂചിപ്പിക്കുന്നത്.

സെൻസെക്സ് കഴിഞ്ഞ വാരം 686.83 പോയിന്റ് (1.09%) ഇടിഞ്ഞ് 62,181.67ലും നിഫ്റ്റി 199.50 പോയിന്റ് (1.06%) താഴ്ന്ന് 18,496.6 -ലും അവസാനിച്ചു. ഐടി മേഖല ആറു ശതമാനം ഇടിഞ്ഞു , റിയൽറ്റി 3.4 ശതമാനവും. ഫാർമ, മീഡിയ, എനർജി സൂചികകൾ രണ്ടു ശതമാനം വീതം താഴ്ചയിലായി. പി എസ് യു ബാങ്ക് സൂചിക 4.7 ശതമാനവും എഫ്എംസിജി സൂചിക 2.2 ശതമാനവും ഉയർന്നു.

വെള്ളിയാഴ്ച യൂറോപ്യൻ വിപണികൾ ഒരു ശതമാനത്തിൽ താഴെ നേട്ടത്തിൽ ക്ലോസ് ചെയ്തു. യുഎസ് സൂചികകൾ ഒരു ശതമാനത്തിൽ താഴെ നഷ്ടത്തിൽ ആണ് അവസാനിച്ചത്. മൊത്തവില സൂചിക പ്രതീക്ഷിച്ചത്ര താഴാതിരുന്നതു പലിശ വർധനയുടെ തോത് കാര്യമായി കുറയില്ല എന്ന ആശങ്ക വളർത്തി. ബുധനാഴ്ച ഫെഡ് നിരക്ക് 3.75-4.00ൽ നിന്ന് 4.25 - 4.50 ശതമാനത്തിലേക്കു വർധിപ്പിക്കും എന്നാണു പൊതുനിഗമനം. പ്രതിവാര കണക്കിൽ ഡൗ ജോൺസ് സൂചിക 2.77- ഉം എസ് ആൻഡ് പി 3.37-ഉം നാസ്ഡാക് 3.99 - ഉം ശതമാനം ഇടിഞ്ഞു.

വെള്ളിയാഴ്ച ഇന്ത്യൻ വിപണി ഉയർന്നു വ്യാപാരം തുടങ്ങിയിട്ട് നഷ്ടത്തിൽ ക്ലോസ് ചെയ്തു. ഐടി ഓഹരികളിലെ വൻ തകർച്ചയും പലിശവർധന സംബന്ധിച്ച പുതിയ ആശങ്കകളുമാണു കാരണം. മുഖ്യ സൂചികകൾ 1.2 ശതമാനം വരെ താണെങ്കിലും അവസാന മണിക്കൂറിലെ കുതിപ്പ് മൂലം നഷ്ടം കുറച്ചു. സെൻസെക്സ് 846 പോയിന്റും നിഫ്റ്റി 255 പോയിന്റും ചാഞ്ചാടി. സെൻ

സെക്സ് 389.01 പോയിന്റ് (0.62%) താഴ്ന്ന് 62,181.07ലും നിഫ്റ്റി 112.75 പോയിന്റ് (0.61%) താഴ്ന്ന് 18, 496.6 - ലും ക്ലാേസ് ചെയ്തു. മിഡ് ക്യാപ് സൂചിക 0.4% താണപ്പോൾ സ്മോൾ ക്യാപ് സൂചിക 1.1 ശതമാനം ഇടിഞ്ഞു.

എഫ് എംസിജി, ഫാർമസ്യൂട്ടിക്കൽസ്, ഹെൽത്ത് കെയർ, ബാങ്കിംഗ് മേഖലകൾ മാത്രമേ വെള്ളിയാഴ്ച നേട്ടമുണ്ടാക്കി


ഐടിയിൽ തിരിച്ചടി

ഐടി മേഖലയാണു വലിയ ഇടിവിലായത്. അടുത്ത വർഷം രണ്ടാം പകുതിയിൽ യുഎസും യൂറോപ്പും സാമ്പത്തിക മാന്ദ്യത്തിലാകുമ്പോൾ ഐടി കമ്പനികളുടെ മൂല്യനിർണയം 27 ശതമാനം വരെ ഇടിയുമെന്ന ക്രെഡിറ്റ് സ്വീസ് റിപ്പോർട്ടാണു വിപണിയെ ഉലച്ചത്. നിഫ്റ്റി ഐടി 3.14 ശതമാനം ഇടിഞ്ഞു. ഐടി വമ്പന്മാരും മിഡ് ക്യാപ്പുകളുമെല്ലാം കുത്തനേ താണു. തങ്ങളുടെ വാർഷിക വരുമാന വളർച്ച പ്രതീക്ഷയുടെ താഴെത്തട്ടിലേ എത്തൂ എന്ന എച്ച് സി എൽ ടെക്‌നോളജീസ് മാനേജ്മെന്റിന്റെ അറിയിപ്പ് സ്ഥിതി കൂടുതൽ മോശമാക്കി. എച്ച്സിഎൽ ഓഹരി 6.7 ശതമാനം ഇടിവിലാണ് ക്ലോസ് ചെയ്തത്. മറ്റ് ഐടി ഓഹരികളുടെ വീഴ്ച ഇങ്ങനെ:

എംഫസിസ് 4.0%

ടെക് മഹീന്ദ്ര 3.6%

പെർസിസ്റ്റന്റ് 3.6%

എൽ ആൻഡ് ടി

മൈൻഡ്ട്രീ 3.6%

ഇൻഫോസിസ് 3.1%

കോഫോർജ് 2.8%

വിപ്രോ 2.4%

ടി സി എസ് 1.8 %

പിഎസ് യു ബാങ്ക് സൂചിക 1.77 ശതമാനവും മെറ്റൽ സൂചിക 1.12 ശതമാനവും റിയൽറ്റി 1.5 ശതമാനവും ഓയിൽ - ഗ്യാസ് മേഖല1.1 ശതമാനവും താഴ്ന്നു.

വിദേശ നിക്ഷേപകർ 158.01 കോടി രൂപയുടെ ഓഹരികൾ ക്യാഷ് വിപണിയിൽ വിറ്റു. സ്വദേശി ഫണ്ടുകൾ 501.63 കോടിയുടെ ഓഹരികൾ വാങ്ങി. കഴിഞ്ഞയാഴ്ച വിദേശികൾ 4306 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ സ്വദേശി ഫണ്ടുകൾ 3712 കോടിയുടെ നിക്ഷേപം നടത്തി.


ക്രൂഡ് താഴ്ചയിൽ, ലോഹങ്ങൾ ഭിന്ന ദിശകളിൽ


ക്രൂഡ് ഓയിൽ വില താഴ്ന്നാണു കഴിഞ്ഞയാഴ്ച ക്ലോസ് ചെയ്തത്. ബ്രെന്റ് ഇനം വീപ്പയ്ക്ക് 76.1 ഡോളറായിരുന്നു. ഒപെക് തങ്ങൾക്കുള്ള ക്വോട്ട മുഴുവനും ഉൽപാദിപ്പിച്ചില്ല. പ്രതിദിന ഉൽപാദനം 3.1 ലക്ഷം വീപ്പ കുറവായിരുന്നു. ഉപരോധം മൂലം റഷ്യയും ഉൽപാദനം കുറച്ചു. എന്നിട്ടും വില താഴുന്നതു വിപണിയിൽ ഡിമാൻഡ് കുറയുന്നു എന്നു തന്നെയാണ് കാണിക്കുന്നത്.

വ്യാവസായിക ലോഹങ്ങൾ ഭിന്നദിശകളിലാണ്. വ്യാവസായിക പ്രാധാന്യം കൂടുതലുള്ള ചെമ്പിനും അലൂമിനിയത്തിനും വില കുറഞ്ഞു. നിക്കൽ, സിങ്ക്, ടിൻ, ലെഡ് തുടങ്ങിയവ ഉയർന്നു. ഇരുമ്പയിരും നല്ല നേട്ടത്തിലായി. ചെമ്പ് രണ്ടു ശതമാനം ഇടിഞ്ഞ് 8500 ഡോളറിനു താഴെയായി. അലൂമിനിയം ടണ്ണിന് 2500 ഡോളററിനു താഴെ എത്തി. ഇരുമ്പയിര് ആഴ്ചകൾക്കു ശേഷം 110 ഡോളറിനു മുകളിലെത്തി.

സ്വർണം വീണ്ടും 1800 ഡോളറിനു മുകളിൽ കയറിയിട്ടു താഴ്ന്നാണു ക്ലോസ് ചെയ്തത്. 1807.4 ഡോളർ വരെ കയറിയ സ്വർണം 1797-99ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 1791- 1793 ഡോളറിലാണു സ്വർണം. ഈയാഴ്ച യുഎസ് ഫെഡ് കഴുകൻ നയം തുടർന്ന് പലിശ ഇനിയും ഗണ്യമായി കൂട്ടുമെന്നു പ്രഖ്യാപിച്ചാൽ സ്വർണം ഇടിയുമെന്നാണു വിലയിരുത്തൽ.

കേരളത്തിൽ സ്വർണം പവന് ശനിയാഴ്ച 120 രൂപ വർധിച്ച് 39,920 രൂപയായി.

രൂപ വെള്ളിയാഴ്ച അൽപം നേട്ടമുണ്ടാക്കി. ഡോളർ 15 പൈസ നഷ്ടത്തിൽ 82.27 രൂപയിൽ ക്ലോസ് ചെയ്തു. തലേ ആഴ്ച ഡോളർ 81.32 രൂപയിലായിരുന്നു.

ഡോളർ സൂചിക 104.93 ൽ ക്ലോസ് ചെയ്തു. തന്നു രാവിലെ 105.3 ലേക്കു കയറി.

നിർണായക കണക്കുകളും തീരുമാനവും കാത്തു വിപണി

വിലക്കയറ്റവും പലിശ നിരക്കും വിപണികളെ നിയന്ത്രിക്കുന്ന ആഴ്ചയാണ് ഇന്നു തുടങ്ങുന്നത്. തിങ്കളാഴ്ച വൈകുന്നേരം ഇന്ത്യയിലെ ചില്ലറവിലക്കയറ്റ നിരക്ക് അറിവാകും. പിന്നാലെ യുകെയിലെയും അമേരിക്കയിലെയും നിരക്കുകളും. ബുധനാഴ്ച രാത്രി യുഎസ് ഫെഡ് പലിശ തീരുമാനം പ്രഖ്യാപിക്കും.

നവംബറിലെ ചില്ലറവിലക്കയറ്റം 6.4 ശതമാനമാകും എന്നാണു ധനകാര്യ വിദഗ്ധരുടെ നിഗമനം. ഒക്ടോബറിൽ 6.77 ശതമാനമായിരുന്നു. നവംബറിൽ പ്രതീക്ഷിക്കുന്നത് ഒൻപതു മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണ്. അങ്ങനെയായാൽ പോലും വിലക്കയറ്റത്തിന്റെ ഉയർന്ന പരിധിയായ ആറിനു മുകളിലാകും നവംബറിലെ വിലക്കയറ്റം. ഒക്ടോബർ - ഡിസംബർ ത്രൈമാസത്തിലേക്കു റിസർവ് ബാങ്ക് പ്രതീക്ഷിക്കുന്നത് 6.6 ശതമാനം വിലക്കയറ്റമാണ്.

യുഎസിലെ നവംബർ ചില്ലറ വിലക്കയറ്റ കണക്ക് ചൊവ്വാഴ്ചയാണു വരിക. ഒക്ടോബറിൽ അവിടെ 7.7 ശതമാനമായിരുന്നു വിലക്കയറ്റം. അതിൽ നിന്നു ഗണ്യമായ മാറ്റം പ്രതീക്ഷിക്കുന്നില്ല. നവംബറിലെ മൊത്തവിലക്കയറ്റം 7.4 ശതമാനമായിരുന്നു. 7.2 ശതമാനമായി കുറയുമെന്നു കരുതിയെങ്കിലും അങ്ങനെ നടന്നില്ല. ചില്ലറ വിലക്കയറ്റവും പ്രതീക്ഷ തെറ്റിച്ചാൽ യുഎസ് ഫെഡ് പലിശ വർധിപ്പിക്കലിന്റെ തോത് കുറയ്ക്കാൻ മടിക്കും. അത് ഓഹരികളെ താഴ്ത്തും.

പിറ്റേന്നു ഫെഡ് തീരുമാനം വരും. പലിശഗതി സംബന്ധിച്ചു ഫെഡ് ചെയർമാൻ ജെറോം പവൽ പറയുന്നതു വിപണിയുടെ തുടർഗതി നിർണയിക്കും. ഇന്ത്യൻ വിപണിയെയും അതു സ്വാധീനിക്കും.


ക്രെഡിറ്റ് സ്വീസ് പറഞ്ഞതും ഐടി കമ്പനികളും

ക്രെഡിറ്റ് സ്വീസ് ഇന്ത്യൻ ഐടി കമ്പനികളുടെ ഉയർന്ന മൂല്യനിർണയം നിലനിൽക്കില്ല എന്നു വിലയിരുത്തിയതു വെള്ളിയാഴ്ച വിപണിയെ വല്ലാതെ ഉലച്ചു. മറ്റു മേഖലകളെ അപേക്ഷിച്ച് ഐടിക്ക് ഉയർന്ന മൂല്യനിർണയമാണു നൽകിയിട്ടുള്ളത്. കോവിഡിനു മുൻപുള്ള ഒരു വർഷത്തെ അപേക്ഷിച്ച് 34 ശതമാനം പ്രീമിയം നിലവാരത്തിലാണ് ഐടി ഇപ്പോൾ. നിഫ്റ്റിക്കു 11 ശതമാനം മാത്രം പ്രീമിയമേ ഉള്ളൂ.

യുഎസിലെ എസ് ആൻഡ് പി സൂചികയും എസ് ആൻഡ് പി ഐടി സൂചികയും 10 ശതമാനത്തിൽ താഴെ മാത്രം പ്രീമിയത്തിലാണ്. ഈ സാഹചര്യം തന്നെ ഐടി ഓഹരികളുടെ വിലയിടിവിനു വഴി തെളിക്കുന്നതാണ്. എച്ച്സിഎൽ 20-ഉം ഇൻഫോസിസും വിപ്രാേയും 15-ഉം ടിസിഎസ് എട്ടും ശതമാനം തിരുത്തപ്പെടും എന്നും ക്രെഡിറ്റ് സ്വീസ് അഭിപ്രായപ്പെട്ടു.

ജാപ്പനീസ് ബ്രോക്കറേജ് നൊമുറയും ഐടി കമ്പനികളുടെ അമിതവിലയിൽ അഭിപ്രായ വ്യത്യാസം പ്രകടിപ്പിച്ചിരുന്നു.

ഈ വർഷം (ജനുവരി ഒന്നു മുതൽ ഡിസംബർ ഒൻപതു വരെ) നിഫ്റ്റി 6.6 ശതമാനം ഉയർന്നപ്പോൾ നിഫ്റ്റി ഐടി 24.6 ശതമാനം ഇടിയുകയാണുണ്ടായത്. പ്രധാന ഐടി കമ്പനികൾക്ക് ഇക്കാലയളവിൽ വന്ന ഇടിവ് ഇങ്ങനെ:

വിപ്രോ 45.16%

എച്ച്സിഎൽ 22.35%

ഇൻഫോസിസ് 17.29%

ടിസിഎസ് 13.82%

മുൻനിരയിലുള്ള മിഡ് ക്യാപ് ഐടി കമ്പനികളുടെ ഓഹരിവിലയിലെ ഇടിവ് ഇപ്രകാരം:

സെൻസാർ ടെക് 57%

ബിർല സോഫ്റ്റ് 46%

എംഫസിസ് 41%

ടെക് മഹീന്ദ്ര 40%

എൽ ആൻഡ് ടി മൈൻഡ് ട്രീ 40%

കോഫോർജ് 35%

പെർസിസ്റ്റന്റ് 19%


മുന്നിൽ കാണാം നിക്ഷേപാവസരം

ഐടി കമ്പനികളുടെ ഇപ്പോഴത്തെ നിലയിൽ നിന്ന് ഇനിയും ഗണ്യമായി താഴാനുണ്ടെന്നാണു വിലയിരുത്തലുകളുടെ ചുരുക്കം. അതിനൊരു മറുവശമുണ്ട്. പാശ്ചാത്യ രാജ്യങ്ങൾ മാന്ദ്യത്തിലാകുന്ന സാഹചര്യത്തിലാണ് ഇവയുടെ വിലത്തകർച്ച. മാന്ദ്യം ദീർഘകാലം നിൽക്കണമെന്നില്ല. ഒന്നോ രണ്ടോ െ

ത്രൈമാസം കഴിയുമ്പോൾ തിരിച്ചു കയറ്റം തുടങ്ങും. അപ്പോൾ ഐടി മേഖലയും ഉണരും. താഴ്ചയുടെ ഘട്ടത്തിൽ ഐടി ഓഹരികൾ വാങ്ങുന്നവർക്കു തിരിച്ചു കയറ്റത്തിൽ നല്ല നേട്ടം കൊയ്യാം.

മാന്ദ്യം വന്നില്ലെങ്കിലും ഈ താഴ്ചയിൽ വാങ്ങിവയ്ക്കുന്നതു നേട്ടം നൽകും. താഴ്ചയ്ക്കു ശേഷം സാമ്പത്തിക മേഖല ഉയരുന്നതു കണക്കാക്കി ഓഹരികൾ തിരിച്ചു കയറുമല്ലോ. എന്നും വിപരീതചിന്താഗതിക്കാരെ വിപണി അനുഗ്രഹിച്ചിട്ടേ ഉള്ളൂ.

Tags:    

Similar News