മാന്ദ്യഭീതിയിൽ പാശ്ചാത്യ വിപണികൾ; വിദേശ സൂചനകൾ നെഗറ്റീവ്; ഡോളർ താഴുന്നു, സ്വർണം കയറുന്നു
ഇന്ന് കുതിപ്പിന് തട വീഴുമോ? കണക്കുകൾ പുറത്ത് കാട്ടുന്ന ഇരുണ്ട വശങ്ങൾ. സ്വർണ്ണം എങ്ങോട്ട്?
തുടർച്ചയായ എട്ടാം ദിവസവും വിപണി ഉയർന്നു. സെൻസെക്സും നിഫ്റ്റിയും പുതിയ ഉയരങ്ങൾ കുറിച്ചു. അവിടെ നിന്നു താഴ്ന്നിട്ടാണെങ്കിലും ക്ലോസിംഗും റിക്കാർഡിലായിരുന്നു. ഇന്ത്യൻ വിപണി തിരുത്തൽ സൂചനകളൊന്നും നൽകാതെ മുന്നാേട്ടു പായുകയാണ്. എന്നാൽ പാശ്ചാത്യ വിപണികൾ അൽപം പിന്നോട്ടടിക്കുകയാണ്.
ആഗോള വിപണികളിലെ ഉത്സാഹം കുറയുന്നതാണ് ഇന്നലെ കണ്ടത്.. യുഎസ് വിപണി അൽപം താഴ്ചയിലാണ് അവസാനിച്ചത്. ടെക്നോളജി ഓഹരികൾ നയിക്കുന്ന നാസ്‌ഡാക് മാത്രമാണു കയറിയത്. ഓസ്ട്രേലിയയിലെ എഎസ് എക്സ് 200 സൂചിക ഇന്നു താഴ്ചയിലാണ്. ഏഷ്യൻ വിപണികൾ ഒരു ശതമാനത്തിലധികം താഴ്ചയോടെയാണു വ്യാപാരം തുടങ്ങിയത്. ചൈനീസ് വിപണി ഇന്നു ചെറിയ താഴ്ചയിൽ വ്യാപാരം തുടങ്ങി.
യുഎസ് തൊഴിൽ, തൊഴിലില്ലായ്മ കണക്കുകൾ ഇന്നു വരും. വിപണിയുടെ നിഗമനം മാന്ദ്യ സൂചനകൾ നൽകുന്നവയാകും ആ കണക്കുകൾ എന്നാണ്. ആ ഭീതിയാണു വിപണികൾ പ്രകടിപ്പിക്കുന്നത്. 2023 സമ്പദ് ഘടനയ്ക്കും വിപണിക്കും ക്ഷീണകാലമാകുമെന്നാണു വിലയിരുത്തൽ. പാശ്ചാത്യരുടെ ഈ വിലയിരുത്തൽ ഇന്ത്യയടക്കം വികസ്വര രാജ്യങ്ങൾക്കും ബാധകമാകും.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജി എക്സ് നിഫ്റ്റി ഇന്നലെ 18,964-ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ സൂചിക താഴ്ന്ന് 18,925-ലെത്തി. ഇന്ത്യൻ വിപണി ചെറിയ താഴ്ചയോടെ വ്യാപാരം തുടങ്ങാം എന്നാണ് ഇതിലെ സൂചന.
ഇന്നലെ രാവിലെ സെൻസെക്സ് 63,583 വരെയും നിഫ്റ്റി 18,887.6 വരെയും എത്തിയ ശേഷം താഴുകയായിരുന്നു. ഉയർന്ന നിലയിൽ നിന്നു 300-ഓളം പോയിൻ്റ് താഴ്ന്നാണു സൂചിക ക്ലോസ് ചെയ്തത്. സെൻസെക്സ് 184.54 പോയിൻ്റ് (0.29%) ഉയർന്ന് 63,284.19-ലും നിഫ്റ്റി 54.15 പോയിൻ്റ് (0.29%) ഉയർന്ന് 18,812.5 ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ 0.62 ശതമാനം നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. ഓയിൽ - ഗ്യാസ്, വാഹന, എഫ്എംസിജി ഓഹരികൾ മാത്രമാണ് ഇന്നലെ താഴ്ചയിലായത്. ഐടി മേഖല വലിയ കുതിപ്പ് നടത്തി. നിഫ്റ്റി ഐടി സൂചിക 2.5 ശതമാനം ഉയർന്നു. ഇടത്തരം ഐടി കമ്പനികൾ നാലു മുതൽ ഒൻപതു വരെ ശതമാനം നേട്ടമുണ്ടാക്കി. വലിയ ഐടി കമ്പനികൾ ഒന്നര മുതൽ മൂന്നു വരെ ശതമാനം ഉയർന്നു. മെറ്റൽ ഓഹരികളും ഇന്നലെ വലിയ നേട്ടത്തിലായി.
വിപണി ബുളളിഷ് മനാേഭാവം കൈവിട്ടിട്ടില്ലെന്നു ബ്രോക്കറേജുകൾ കണക്കാക്കുന്നു. എന്നാൽ ഒരു ബെയറിഷ് മനോഭാവത്തിലാണു ക്ലോസിംഗ് എന്നു സാങ്കേതിക വിശകലന വിദഗ്ധർ പറയുന്നു. നിഫ്റ്റിക്ക് 18,785-ലും 18,715 ലും പിന്തുണയുണ്ട്. ഉയരുമ്പോൾ 18,865-ലും 18,935-ലും തടസങ്ങൾ ഉണ്ട്.
കഴിഞ്ഞ ദിവസം വലിയ നിക്ഷേപം നടത്തിയ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ഇന്നലെ വലിയ വിൽപനക്കാരായി. 1565.23 കോടിയുടെ ഓഹരികൾ അവർ വിറ്റു. അതേസമയം സ്വദേശി ഫണ്ടുകൾ 2664.98 കോടിയുടെ ഓഹരികൾ വാങ്ങി. നവംബറിൽ വിദേശികൾ 22,546.34 കോടിയുടെ നിക്ഷേപം നടത്തിയപ്പോൾ സ്വദേശസ്ഥാപനങ്ങൾ 6301.62 കോടിയുടെ വിൽപനക്കാരായി.
ക്രൂഡ് ഓയിൽ വില ഉയർന്നു തന്നെ നിൽക്കുന്നു. 87.12 ഡോളറിലാണ് ബ്രെൻ്റ് ഇനം ക്രൂഡ് ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്. ഇന്നു രാവിലെ വില 86.88 ഡോളറിലേക്കു താണു. ഞായറാഴ്ച ഒപെക് പ്ലസ് രാജ്യങ്ങൾ ജനുവരിയിലെ ഉൽപ്പാദനം എത്ര കുറയ്ക്കണം എന്നു തീരുമാനിക്കും.
വ്യാവസായിക ലോഹങ്ങൾ ചെറിയ തോതിലേ ഉയർന്നുള്ളൂ. ചൈനയിൽ കോവിഡ് നിയന്ത്രണങ്ങൾ കുറയ്ക്കും എന്ന നിഗമനം മുഴുവൻ ശരിയായില്ല. വ്യവസായ മേഖലകളിലെ നിയന്ത്രണം നീക്കൽ ഭാഗികമാണ്.
സ്വർണം ആഴ്ചകൾക്കു ശേഷം 1800 ഡോളറിനു മുകളിലെത്തി. യുഎസ് പലിശ വർധനയുടെ തോതും വേഗവും കുറയും എന്ന നിഗമനമാണു സ്വർണത്തെ ഉയർത്തിയത്. 1774-ൽ നിന്ന് 1804 ഡോളറിൽ എത്തിയ വില ഇന്നു രാവിലെ അൽപം താണു. 1797-1799 ഡോളറിലാണു രാവിലെ വ്യാപാരം.
കേരളത്തിൽ സ്വർണം പവന് ഇന്നലെ 160 രൂപ വർധിച്ച് 39,000 രൂപയായി. ഇന്നു വില വീണ്ടും കൂടുമെന്നാണു സൂചന.
രൂപ ഇന്നലെ രാവിലെ വലിയ കുതിപ്പ് നടത്തിയെങ്കിലും അതു നിലനിർത്താനായില്ല. 80.97 രൂപ വരെ താഴ്ന്ന ഡോളർ തിരിച്ചു കയറി 81.21 രൂപയിൽ ക്ലോസ് ചെയ്തു. തലേന്ന് 81.42 രൂപയായിരുന്നു.
ഡോളർ സൂചിക താഴ്ച തുടർന്നു. 104.73 ലാണു സൂചിക ഇന്നലെ ക്ലോസ് ചെയ്തത്. ഇന്നു രാവിലെ അൽപം ഉയർന്ന് 104.86 ആയി. ജാപ്പനീസ് യെൻ 135 ലേക്കു കയറി. ബ്രിട്ടിഷ് പവൻ 1.22 ഡോളറിലേക്ക് ഉയർന്നു. യൂറാേ 1.05 ഡോളർ ആയി.
വളർച്ചക്കണക്കുകളിൽ ദൗർബല്യം ഏറെ
സാമ്പത്തിക മേഖലയെ സംബന്ധിച്ച് ഒറ്റനോട്ടത്തിൽ ഭദ്രതയും വളർച്ചയും കാണിക്കുന്ന കണക്കുകളാണ് ഇന്നലെ പുറത്തുവന്നത്. ഒപ്പം അത്ര ഭദ്രമല്ലാത്ത കണക്കുകളും നിഗമനങ്ങളും ഉണ്ടായി. നവംബറിലെ ഫാക്ടറി ഉൽപാദന (പിഎംഐ) സൂചിക മൂന്നു മാസത്തെ ഉയർന്ന നിലയിൽ എത്തി. നവംബറിലെ വാഹന വിൽപന മികച്ച നിലയിലായി. ജിഎസ്ടി പിരിവ് 11 ശതമാനം വർധിച്ച് 1.45 ലക്ഷം കോടിയായി. ഇതേ സമയം തൊഴിലില്ലായ്മ നിരക്ക് 7.7 ശതമാനത്തിൽ നിന്ന് എട്ടു ശതമാനത്തിലേക്കു കയറി. റിസർവ് ബാങ്ക് വാർഷിക വളർച്ച പ്രതീക്ഷ താഴ്ത്തുമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യുഎസ് ഓഹരി വിപണി 2023-ൻ്റെ ആദ്യ പകുതിയിൽ 12 ശതമാനം ഇടിയുമെന്ന ജെപി മോർഗൻ ഗ്രൂപ്പിൻ്റെ റിപ്പോർട്ട് ഇന്ത്യയെ നേരിട്ടു ബാധിക്കുന്നതല്ലെങ്കിലും ഇന്ത്യൻ വിപണിയുടെ ഗതി സംബന്ധിച്ച സൂചന നൽകുന്നതാണ്.
രണ്ടാം പാദ ജിഡിപി കണക്കിൽ ഫാക്ടറി ഉൽപാദനവും ഖനനവും കുറഞ്ഞതു നിസാരമല്ല. ഒക്ടോബറിൽ കാതൽ മേഖല നാമമാത്ര വർധനയേ കാണിച്ചുള്ളൂ. നവംബറിലെ മനുഫാക്ചറിംഗ് പിഎംഐ ഉയർന്നതായി കാണിക്കുമ്പോഴും മറ്റു ചില കണക്കുകൾ പൊരുത്തപ്പെടുന്നില്ല. നവംബറിൽ എഫ്എംസിജി വിൽപന 15 ശതമാനം കുറഞ്ഞതായി കമ്പനികൾ പറയുന്നു. ടിവി, സമാർട് ഫോൺ നിർമാണം 30 ശതമാനം കുറച്ചു. കാതൽ മേഖലയുടെ വളർച്ച 0.1 ശതമാനം മാത്രമായിരുന്നു.
നവംമ്പറിലെ ജിഎസ്ടി പിരിവിലെ 11 ശതമാനം വർധന ഉൽപന്നങ്ങളുടെയും സേവനങ്ങളുടെയും വിലക്കയറ്റത്തോളം വരുന്നില്ല. ഒക്ടോബറിലെ നികുതി പിരിവിനേക്കാൾ കുറവാണ് നവംബറിലേത്.
ഇതെല്ലാം സാമ്പത്തിക വളർച്ചയിൽ ദുർബല ഘടകങ്ങൾ കൂടി വരുന്നതായി കാണിക്കുന്നു. അതു കൊണ്ടാണു 2022-23 ലെ വളർച്ച പ്രതീക്ഷ താഴ്ത്താൻ റിസർവ് ബാങ്ക് ആലോചിക്കുന്നത്. ഏഴു ശതമാനം ആണു സെപ്റ്റംബറിൽ റിസർവ് ബാങ്ക് എത്തിയ നിഗമനം. വർഷാരംഭത്തിൽ 7.5 ശതമാനത്തിനു മുകളിലായിരുന്നു പ്രതീക്ഷ. ഇത് ആദ്യം 7.2 ശതമാനമാക്കി. പിന്നീട് ഏഴും. ഇനിയും താഴ്ത്തിയാൽ ഐഎംഫ്, ലോകബാങ്ക് നിഗമനങ്ങളുടെ സമീപമെത്തും റിസർവ് ബാങ്കിൻ്റേത്.