പണനയം കാത്ത് വിപണി; പലിശവർധന തുടരുന്നതു നെഗറ്റീവ് ആകും; വിദേശികൾ വിൽപനയിൽ
ഇന്ന് വിപണിയെ സ്വാധീനിക്കുന്ന കാര്യങ്ങൾ ഇവയാണ്;അഡാനി ഗ്രൂപ്പും നൈകായും പ്രൈകോളും;ലോഹങ്ങളിൽ വലിയ കുതിപ്പ്
വിപണികൾ വീണ്ടും ആശങ്കയിലേക്കു നീങ്ങി. ഇന്നലെ ഇന്ത്യൻ, ചൈനീസ് വിപണികൾ ചെറിയ തോതിൽ താഴ്ന്നപ്പോൾ യൂറോപ്പിലും യുഎസിലും വിപണികൾ മൂന്നു ശതമാനം വരെ ഇടിഞ്ഞു. ഇതിൻ്റെ തുടർച്ചയായി ഇന്ന് ഏഷ്യൻ വിപണികൾ രാവിലെ ഒന്നര ശതമാനത്തോളം താഴോട്ടു വീണു. സിംഗപ്പൂരിൽ എസ്ജി എക്സ് നിഫ്റ്റി താഴ്ചയിൽ നിന്നു കയറാൻ ശ്രമിക്കുന്നുണ്ട്.
റിസർവ് ബാങ്കിൻ്റെ പണനയ പ്രഖ്യാപനമാണ് ഇന്നു വിപണിയെ സ്വാധീനിക്കുന്ന പ്രധാന ആഭ്യന്തര സംഭവ വികാസം. രാവിലെ 10-നു ഗവർണർ ശക്തികാന്ത ദാസ് പണനയ കമ്മിറ്റി (എംപിസി) യുടെ തീരുമാനങ്ങൾ പ്രഖ്യാപിക്കും. റിസർവ് ബാങ്ക് റീപോ നിരക്ക് 5.4 ശതമാനത്തിൽ നിന്ന് 5.9 ശതമാനത്തിലേക്കു വർധിപ്പിക്കുന്നതാകും പ്രഖ്യാപനം എന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. വരും മാസങ്ങളിലെ പലിശ ഗതി സംബന്ധിച്ചു ഗവർണർ നൽകുന്ന സൂചനയിലാണു വിപണി ശ്രദ്ധിക്കുക. ഇനിയും കൂടുതൽ പലിശവർധനകൾ ഉണ്ടാകുമെന്നു ദാസ് പറയുന്നതിനെ വിപണി നെഗറ്റീവ് ആയി കണക്കാക്കിയേക്കാം. അമേരിക്കയിലും യൂറാേപ്യൻ യൂണിയനിലും കേന്ദ്രബാങ്കുകൾ പലിശ ഇനിയും ഗണ്യമായി കൂട്ടുമെന്നാണു പ്രഖ്യാപിച്ചിട്ടുള്ളത്. ഇന്ത്യയും അതേ വഴി നീങ്ങേണ്ടി വരും.
യുഎസ് വിപണി ഇന്നലെ തുടക്കം മുതൽ താഴ്ചയിലായിരുന്നു. ഡൗജോൺസ് 1.54 ശതമാനം താഴ്ന്നപ്പോൾ ടെക് ഓഹരികൾക്കു മുൻതൂക്കമുള്ള നാസ്ഡാക് 2.84 ശതമാനം ഇടിഞ്ഞു. പിന്നീടു ഫ്യൂച്ചേഴ്സ് വ്യാപാരത്തിൽ സൂചികകൾ കാൽ ശതമാനം ഉയർച്ചയിലായി.
ഏഷ്യൻ വിപണികൾ നല്ല താഴ്ചയിലാണു വ്യാപാരം തുടങ്ങിയത്. ജപ്പാനിലെ നിക്കെെ ഒന്നര ശതമാനം ഇടിഞ്ഞു. കൊറിയയിലും സൂചിക താഴെയാണ്. എന്നാൽ ചൈനയിൽ ഷാങ്ഹായ് സൂചിക കാൽ ശതമാനം നേട്ടത്തിൽ വ്യാപാരം തുടങ്ങി. ചൈനയിലെ പുതിയ മാനുഫാക്ചറിംഗ് പിഎംഐ 50.1 ആണ്.49.7 മാത്രമേ ഉണ്ടാകൂ എന്നു പ്രതീക്ഷിച്ച സ്ഥാനത്താണ് ഈ വളർച്ച. ഇത് വിപണിക്ക് ഉത്തേജനമായി. ചൈനീസ് കറൻസി യുവാൻ ഇന്നലെ ഒരു ശതമാനത്തോളം തിരിച്ചു കയറി. ഇന്നു രാവിലെയും ഡോളറുമായുള്ള താരതമ്യത്തിൽ യുവാൻ അൽപം നേട്ടം കാണിച്ചു.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജി എക്സ് നിഫ്റ്റി ഇന്നലെ 16,648 വരെ താഴ്ന്നിട്ട് 16,704-ൽ ക്ലാേസ് ചെയ്തു. ഇന്നു രാവിലെ വ്യാപാരം തുടങ്ങിയപ്പോൾ 16,778 ലേക്കു സൂചിക കയറി. ഇന്ത്യൻ വിപണി നേട്ടത്തോടെ വ്യാപാരം തുടങ്ങുമെന്നാണ് ഇതു നൽകുന്ന സൂചന.
നല്ല നേട്ടത്തിൽ തുടങ്ങി ക്രമമായി താഴാേട്ടു പോന്ന് നഷ്ടത്തിൽ കലാശിച്ച കഥയാണ് ഇന്നലത്തെ ഓഹരി വിപണിക്കു പറയാനുള്ളത്. രാവിലെ 400 പോയിൻ്റ് നേട്ടത്തിൽ ഓപ്പൺ ചെയ്ത സെൻസെക്സ് 57,166.14 വരെ കയറി. മൊത്തം 569 പോയിൻ്റ് നേട്ടം. പിന്നീടു താണ് 56,314.05 പോയിൻ്റ് വരെ എത്തി. സെപ്റ്റംബർ സീരീസ് ഡെറിവേറ്റീവുകളുടെ സെറ്റിൽമെൻ്റ് അല്ല വിപണി ഇടിയാൻ കാരണം. ഉച്ചയോടെ യുഎസ് ഫ്യൂച്ചേഴ്സ് വലിയ താഴ്ചയിലാണെന്നു വ്യക്തമായി. യൂറോപ്യൻ സൂചികകൾ ഇടിയുകയും ചെയ്തു. ഇതാണ് ഇന്ത്യൻ വിപണിയെ ഇടിച്ചിട്ടത്.
ഇന്നലെ സെൻസെക്സ് 188.32 പോയിൻ്റ് (0.33%) താഴ്ന്ന് 56,409.96 ലും നിഫ്റ്റി 40.5 പോയിൻ്റ് (0.24%) താഴ്ന്ന് 16,818.1 ലും ക്ലോസ് ചെയ്തു. ഇതോടെ ഏഴുദിവസം കൊണ്ടു സെൻസെക്സ് 3300 പോയിൻ്റ് (5.5%) താഴ്ചയിലായി. മിഡ് ക്യാപ് സൂചിക 0.4 ശതമാനവും സ്മോൾ ക്യാപ് സൂചിക 0.63 ശതമാനവും ഉയർന്നു.
വിൽപന തുടർന്നു വിദേശ നിക്ഷേപകർ
വിദേശ നിക്ഷേപകർ ഇന്നലെയും വലിയ തോതിൽ വിൽപനക്കാരായി 3599.42 കോടിയുടെ ഓഹരികളാണ് അവർ ഇന്നലെ ക്യാഷ് വിപണിയിൽ വിറ്റത്. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും 3161.73 കോടിയുടെ ഓഹരികൾ വാങ്ങി. കഴിഞ്ഞ ഏഴു വ്യാപാര ദിവസങ്ങൾ കൊണ്ടു വിദേശികൾ വിറ്റത് 200 കോടി ഡോളറിൻ്റെ (16,300 കോടി രൂപ) ഓഹരികളാണ്. ജൂലൈയിലും ഓഗസ്റ്റിലും ഗണ്യമായ നിക്ഷേപം നടത്തിയ വിദേശികൾ സെപ്റ്റംബർ ആദ്യ പകുതിയിലും വാങ്ങലുകാരായിരുന്നു. പിന്നീടാണു വിൽപനയിലേക്കു തിരിഞ്ഞത്. യുഎസ് ഫെഡ് പലിശവർധന തുടരും എന്നു പ്രഖ്യാപിച്ചതിനെ തുടർന്നായിരുന്നു ഇത്.
ഫാർമ, ഹെൽത്ത് കെയർ മീഡിയ, എഫ്എംസിജി, മെറ്റൽ, റിയൽറ്റി കമ്പനികളാണ് ഇന്നലെ കാര്യമായ നേട്ടമുണ്ടാക്കിയത്. പിഎസ് യു ബാങ്ക് സൂചിക 1.3 ശതമാനം ഉയർന്നെങ്കിലും സ്വകാര്യ ബാങ്കുകൾ വലിയ ഇടിവിലായതിനാൽ നിഫ്റ്റി ബാങ്ക് സൂചിക 0.3 ശതമാനം താണു. മറ്റു ധനകാര്യ കമ്പനികൾ, ഐടി മേഖല, വാഹന കമ്പനികൾ, ഓയിൽ - ഗ്യാസ് മേഖല, കൺസ്യൂമർ ഡ്യുറബിൾസ് തുടങ്ങിയവ താഴ്ചയിലായിരുന്നു.
വിപണി ബെയറിഷ് ആയാണു നീങ്ങുന്നതെന്നു സാങ്കേതിക വിശകലന വിദഗ്ധർ വിലയിരുത്തുന്നു. നിഫ്റ്റി 16,800-നു താഴെ ക്ലോസ് ചെയ്യാത്തതാണ് അവർ കാണുന്ന ആശ്വാസഘടകം. നിഫ്റ്റിക്ക് 16,730-ലും 16,640-ലും സപ്പോർട്ട് ഉണ്ടാകും.ഉയരുമ്പോൾ 16,970-ഉം 17,120-ഉം തടസ മേഖലകളാകും.
അഡാനി ഗ്രൂപ്പും നൈകായും പ്രൈകോളും
അഡാനി ഗ്രൂപ്പ് കമ്പനികൾ ചാഞ്ചാട്ടം തുടരുകയാണ്. ഇന്നലെ തുടക്കത്തിൽ നേട്ടത്തിലായിരുന്ന കമ്പനികൾ വൈകുന്നേരത്തോടെ നഷ്ടത്തിലായി. ചില കമ്പനികൾ ഏഴു ശതമാനം വരെ താണു. എന്നാൽ അഡാനി വിൽമർ, എസിസി, അംബുജ സിമൻ്റ് തുടങ്ങിയവ നേട്ടത്തിലായി. ഗംഗാ എക്സ്പ്രസ് വേ നിർമാണത്തിന് അഡാനി എൻ്റർപ്രൈസസ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്ന് 10,600 കോടിയുടെ വായ്പ തരപ്പെടുത്തിയിട്ടുണ്ട്. ഈയിടെ വാങ്ങിയ അംബുജ സിമൻ്റ്സിന് എസിസിയിലുള്ള ഓഹരി പണയപ്പെടുത്തിയും ഗ്രൂപ്പ് വായ്പ എടുത്തു. നേരത്തേ അംബുജ ഓഹരികൾ പണയപ്പെടുത്തി 97,000 കോടി രൂപയുടെ വായ്പ എടുത്തതാണ്.
ബോണസ് ഇഷ്യു നടത്തുമെന്ന അറിയിപ്പ് വന്നിട്ടും നൈക (എഫ്എസ്എൻ ഇ കൊമേഴ്സ് ) ഓഹരികളിൽ തണുപ്പൻ പ്രതികരണമേ ഉണ്ടായുള്ളു. രാവിലെ അഞ്ചു ശതമാനം നേട്ടത്തിൽ തുടങ്ങിയ ഓഹരി ഒടുവിൽ ഒരു ശതമാനം മാത്രം നേട്ടത്തിൽ ക്ലോസ് ചെയ്തു.
വാഹന അനുബന്ധ ഘടകങ്ങൾ നിർമിക്കുന്ന' പ്രൈകോൾ ഓഹരി ഇന്നലെ 20 ശതമാനത്തോളം ഉയർന്നു. ഒന്നാം പാദത്തിൽ ലാഭം ആറിരട്ടിയാക്കിയ കമ്പനിയിൽ നിന്നു നല്ല വാർത്ത പ്രതീക്ഷിക്കാമെന്ന് വിപണിയിൽ സംസാരമുണ്ട്.
ലോഹങ്ങളിൽ വലിയ കുതിപ്പ്
ക്രൂഡ് ഓയിൽ വില ഉയർന്നു തന്നെ നിൽക്കുന്നു. ഡിമാൻഡ് വർധിക്കുന്ന ശീതകാലത്തു വിപണിയിൽ ക്രൂഡ് ലഭ്യത കുറയുമെന്ന ആശങ്ക തന്നെയാണു കാരണം. ബ്രെൻ്റ് ഇനം ഇന്നലെ 90 ഡോളറിനു തൊട്ടടുത്ത് എത്തിയിട്ടു താഴ്ന്ന് 88.49-ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 88.51 ലേക്കു കയറി.
വ്യാവസായിക ലോഹങ്ങൾ വലിയ കുതിപ്പ് നടത്തിയ ദിവസമാണ് ഇന്നലെ. ലണ്ടൻ മെറ്റൽ എക്സ്ചേഞ്ച് റഷ്യൻ ലോഹങ്ങൾക്കു വിലക്ക് ഏർപ്പെടുത്തുന്നതിനെപ്പറ്റി പഠിക്കാൻ തുടങ്ങി എന്നു ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തതാണു കാരണം. ചെമ്പ്, അലൂമിനിയം, നിക്കൽ തുടങ്ങിയവയുടെ വലിയ ഉൽപാദകരാണു റഷ്യ. റഷ്യയെ മാറ്റി നിർത്തിയാൽ അവയുടെ വില റിക്കാർഡുകൾ മറികടന്നു കയറും എന്നുറപ്പാണ്. സാധ്യതാപഠനം തുടങ്ങുന്നത് ആലോചിക്കുന്നതു മാത്രമേ ഉള്ളൂ എന്ന് എക്സ്ചേഞ്ച് വിശദീകരിച്ചിട്ടുണ്ട്. ചെമ്പ് ഇന്നലെ മൂന്നു ശതമാനത്തിലേറെ കുതിച്ചിട്ട് 1.87 ശതമാനം നേട്ടത്തിൽ ടണ്ണിന് 7660 ഡോളറിൽ ക്ലോസ് ചെയ്തു. അലൂമിനിയം 2305 ഡോളർ വരെ കയറിയിട്ടു താണ് 3.85 ശതമാനം നേട്ടത്തിൽ 2197-ൽ ക്ലോസ് ചെയ്തു. നിക്കൽ 7.83 ശതമാനവും സിങ്ക് 6.5 ശതമാനവും ലെഡ്' 5.2 ശതമാനവും ഉയർന്നു. ബ്രിട്ടനിലെ വിവാദപരമായ നികുതിയിളവുകൾ സ്റ്റീൽ വില ഗണ്യമായി കൂടാൻ സഹായിച്ചു.
സ്വർണം ഉയർന്ന നിലവാരത്തിൽ കയറിയിറങ്ങി. 1666-ൽ നിന്ന് 1640 ഡോളർ വരെ താണ മഞ്ഞലോഹം ഇന്നു രാവിലെ 1663-1664 ഡോളറിലാണ്.
കേരളത്തിൽ സ്വർണം പവനു 480 രൂപ വർധിച്ച് 37,120 രൂപയായി.
നേട്ടം തുടരാതെ രൂപ
രൂപ ഇന്നലെ രാവിലെ നല്ല നേട്ടം കാണിച്ചെങ്കിലും അതു നില നിർത്താനായില്ല. ഡോളർ 81.61രൂപയിൽ നിന്ന് കയറി 81.86-ൽ ക്ലോസ് ചെയ്തു. തലേന്ന് 81.94 രൂപയിലായിരുന്നു ഡോളർ. ലോക വിപണിയിൽ ഡോളർ സൂചിക ഇന്നലെ വലിയ ചാഞ്ചാട്ടം കാണിച്ചു. 111.77 നും 113.79 നുമിടയിൽ സൂചിക കയറിയിറങ്ങി. ഒടുവിൽ 112.6 - ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ ഡോളർ സൂചിക 111.9 ലാണ്. രൂപയ്ക്കു നേട്ടം ഉണ്ടാകുമെന്നാണ് ഇതിൽ നിന്ന് അനുമാനിക്കാവുന്നത്. എങ്കിലും വിപണിയിൽ ദ്രുതഗതിയിൽ മാറ്റം പ്രതീക്ഷിക്കാം.