വിപണി ചാഞ്ചാട്ടത്തിൽ; കൊച്ചിൻ ഷിപ്പ് യാർഡ്, ഓല നേട്ടത്തില്‍, രൂപ താഴോട്ട്
അദാനി ഗ്രൂപ്പ് ഓഹരികൾ ചെറിയ കയറ്റത്തില്‍
വിപണിയിലെ അനിശ്ചിതത്വം വ്യക്തമാക്കുന്ന ചാഞ്ചാട്ടമാണ് ഇന്നു രാവിലെ ഉണ്ടായത്. നേരിയ ഉയർച്ചയിൽ വ്യാപാരം തുടങ്ങിയ വിപണി പെട്ടെന്നു തന്നെ താഴ്ചയിലായി. പിന്നീട് തിരിച്ചു കയറി നേട്ടത്തിൽ എത്തിയെങ്കിലും വീണ്ടും നഷ്ടത്തിലായി.
നിഫ്റ്റി 24,204 ൽ വ്യാപാരം തുടങ്ങിയിട്ട് 24,268 വരെ കുതിച്ചു. പിന്നീട് 24,145 ലേക്കു വീണു. വീണ്ടും കയറി 24,222 എത്തിയിട്ട് താഴ്ന്നു നീങ്ങുന്നു. സെൻസെക്സും സമാന പാതയിലാണ്. വ്യാപാരം ഒരു മണിക്കൂർ പിന്നിടുമ്പോൾ രണ്ടു സൂചികകളും നഷ്ടത്തിലാണ്.
ബാങ്ക് നിഫ്റ്റിയും ചാഞ്ചാട്ടം തന്നെ. എഫ്എംസിജി, റിയൽറ്റി, ഓയിൽ - ഗ്യാസ്, ഹെൽത്ത് കെയർ, കൺസ്യൂമർ ഡ്യുറബിൾസ്, ഫാർമ, മെറ്റൽ, മീഡിയ എന്നിവ രാവിലെ നഷ്ടത്തിലായി. ഓട്ടോയും ഐടിയും ഉയർന്നു നീങ്ങുന്നു.
അദാനി ഗ്രൂപ്പ് ഓഹരികൾ ഇന്നു ചെറിയ കയറ്റം കാണിച്ചു. ഓസ്ട്രേലിയയിൽ ജിക്യുജി ഓഹരി നാലര ശതമാനം ഇടിവിലാണ്.
ഫെഡറൽ ബാങ്ക് ഫിനാൻഷ്യൽ സർവീസസ് ഓഹരി രാവിലെ 20 ശതമാനം കുതിച്ചു.
സെഡ് എഫ് കൊമേഴ്സ്യൽ ഓഹരി എട്ടു ശതമാനം ഇടിഞ്ഞു. കമ്പനിയുടെ അഞ്ചു ശതമാനത്തിലധികം ഓഹരി ബൾക്ക് വിപണിയിൽ കൈമാറിയ സാഹചര്യത്തിലാണത്.
വലിയ ചില കരാറുകൾ ലഭിച്ചത് ടാൽബ്രോസ് ഓട്ടോ കംപോണൻ്റ് ഓഹരിയെ 15 ശതമാനം ഉയർത്തി.
രാവിലെ അഞ്ചു ശതമാനത്തോളം കയറിയ കൊച്ചിൻ ഷിപ്പ് യാർഡ് പിന്നീടു നേട്ടം മൂന്നു ശതമാനമായി കുറച്ചു.
ഇലക്ട്രിക് സ്കൂട്ടറുകൾ അവതരിപ്പിച്ച ഓല ഇലക്ട്രിക് ഓഹരികൾ ആറു ശതമാനം വരെ ഉയർന്നു.
പുതിയ ഇലക്ട്രിക് വാഹന മാേഡലുകൾ നിരത്തിലിറക്കിയ മഹീന്ദ്ര ആൻഡ് മഹീന്ദ്ര രണ്ടു ശതമാനത്തോളം നേട്ടം ഉണ്ടാക്കി.
പ്രതീക്ഷയിലും മികച്ച റിസൽട്ടിൽ സീമൻസ് ഓഹരി അഞ്ചു ശതമാനം കുതിച്ചു.
രൂപ ഇന്നും ദുർബലമായി. ഡോളർ സൂചിക ഉയരുന്നതാണു കാരണം. ഡോളർ ആറു പൈസ കൂടി 84.39 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീട് 84.44 രൂപയായി.
സ്വർണം ഇന്നു രാവിലെ ലോകവിപണിയിൽ കാൽ ശതമാനം തിരിച്ചു കയറി. ഔൺസിന് 2640 ഡോളർ വരെ വില എത്തി. കേരളത്തിൽ ആഭരണ സ്വർണം പവന് 200 രൂപ വർധിച്ച് 56,840 രൂപയായി. സ്വർണവിലയ്ക്കൊപ്പം ഡോളർ നിരക്കും കൂടിയതാണു വർധനയ്ക്കു കാരണം.
ക്രൂഡ് ഓയിൽ വില താഴ്ന്നിട്ടു കയറുകയാണ്. ബ്രെൻ്റ് ഇനം 72.73 ഡോളർ വരെ താഴ്ന്നിട്ട് 72.87 ഡോളറിലേക്കു കയറി.