39,999 രൂപക്ക് ഇ.വി! ആക്ടിവക്ക് ഒരു മുഴം മുമ്പേയെറിഞ്ഞ് ഓല, ഓഹരി വിപണിയിലും കുതിപ്പ്

മൂന്ന് മാസത്തിനിടെ 41 ശതമാനത്തോളം ഇടിഞ്ഞ ശേഷമാണ് ഓല ഓഹരികളുടെ കുതിപ്പ്‌

Update:2024-11-27 12:51 IST

image credit :OLA , Canva

ഹോണ്ടയുടെ ഇലക്ട്രിക് ബൈക്കിന്റെ ലോഞ്ചിന് മുന്നോടിയായി നാല് ഇ.വി മോഡലുകള്‍ പുറത്തിറക്കി ഓല. 39,999 രൂപക്കും 49,999 രൂപക്കും ലഭിക്കുന്ന ഗിഗ്, ഗിഗ് + എന്നിവക്ക് പുറമെ എസ് വണ്‍ ഇസഡ്, എസ് വണ്‍ ഇസഡ് പ്ലസ് എന്നിങ്ങനെ നാല് മോഡലുകളാണ് കഴിഞ്ഞ ദിവസം കമ്പനി ഇന്ത്യന്‍ വിപണിയിലിറക്കിയത്. പിന്നാലെ ഓഹരി വിപണിയിലും കുതിപ്പ്. വാഹനം അടുത്ത വര്‍ഷം വിപണിയിലെത്തും. 499 രൂപ കൊടുത്താല്‍ വാഹനം ബുക്ക് ചെയ്യാം.

ഓല എസ് വണ്‍ ഇസഡും ഗിഗും

ഓണ്‍ലൈന്‍ ഡെലിവറി പോലുള്ള ഗിഗ് ജോലിക്കാരെ ഉദ്ദേശിച്ചാണ് ഓല ഗിഗ് സീരിസിലെ വണ്ടികള്‍ നിരത്തിലെത്തിച്ചിരിക്കുന്നത്. ഇതിന് പുറമെ ആക്ടിവ ഇ.വിയെ വെട്ടാന്‍ എസ് 1 ഇസഡ് സീരീസും കമ്പനി അവതരിപ്പിച്ചു. 59,999 രൂപക്ക് ലഭിക്കുന്ന വാഹനം നിലവിലുള്ള എസ് 1 സീരീസിന് പകരക്കാരനാകുമെന്നാണ് സൂചന. ഓല സി.ഇ.ഒ ഭവീഷ് അഗര്‍വാളും പറയുന്നത് ഇക്കാര്യം തന്നെയാണ്. ഇന്ത്യയിലെ ഗിഗ് മേഖലയില്‍ ജോലി ചെയ്യുന്നവരുടെ എണ്ണം ഒരു കോടി കവിയുമെന്നാണ് കണക്ക്. എന്നാല്‍ ഇവര്‍ കൂടിയ വിലക്ക് വാങ്ങുന്ന ഗുണമേന്മയില്ലാത്ത വാഹനങ്ങളാണ് ഉപയോഗിക്കുന്നത്. ഇതിന് പരിഹാരമായാണ് പുതിയ മോഡലുകളെന്നാണ് ഭവീഷ് അഗര്‍വാള്‍ പറയുന്നത്.

പോക്കറ്റിലൊതുങ്ങുന്ന ഗിഗ്

ഒറ്റച്ചാര്‍ജില്‍ 112 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ കഴിയുന്ന ഗിഗിന്റെ ടോപ് സ്പീഡ് മണിക്കൂറില്‍ 25 കിലോമീറ്ററാണ്. 1.5 കിലോവാട്ട് അവറിന്റെ ബാറ്ററി പാക്കാണുള്ളത്. ഇത് മതിയാകാത്തവര്‍ക്ക് രണ്ട് ബാറ്ററി ഉപയോഗിക്കാവുന്ന ഗിഗ്+ മോഡലും ഓല അവതരിപ്പിച്ചു. 49,999 രൂപയാണ് വാഹനത്തിന്റെ എക്‌സ് ഷോറൂം വില. ഒരു ബാറ്ററിയില്‍ 81 കിലോമീറ്ററും ഇരട്ട ബാറ്ററി പാക്കില്‍ 157 കിലോമീറ്ററും റേഞ്ച് ലഭിക്കും. മണിക്കൂറില്‍ 45 കിലോമീറ്ററാണ് ടോപ് സ്പീഡ്. ഇനി ബാറ്ററിക്ക് പണം കൊടുക്കാന്‍ ഇല്ലെങ്കില്‍ വാടകക്ക് എടുക്കാന്‍ കഴിയുന്ന ബാറ്ററി ആസ് എ സര്‍വീസ് സൗകര്യവും ലഭ്യമാണ്. നിലവില്‍ വിപണിയിലുള്ള യുലു വിന്‍, കൈനെറ്റിക് ഗ്രീന്‍ സ്വിംഗ് ബിഗ്ബി , ഒകിനാവ ആര്‍ 30 തുടങ്ങിയ മോഡലുകളോടാകും ഗിഗിന്റെ മത്സരം. ഏതാണ്ട് സമാനമായ വിലയില്‍ ഒരേ രീതിയിലുള്ള പ്രകടനം കാഴ്ച വെക്കുന്ന മോഡലുകളാണിത്.

എസ് വണ്‍ ഇസഡ് സീരീസ് സീന്‍ മാറ്റുമോ?

അര്‍ബന്‍ കമ്യൂട്ടേഴ്‌സ്, വിദ്യാര്‍ത്ഥികള്‍, മുതിര്‍ന്ന പൗരന്മാര്‍ എന്നിവരെ ഉദ്ദേശിച്ചാണ് 59,999 രൂപ എക്‌സ്‌ഷോറൂം വിലയില്‍ എസ് വണ്‍ ഇസഡെത്തുന്നത്. 1.5 കിലോ വാട്ട് അവര്‍ ശേഷിയുള്ള റിമൂവബിള്‍ ബാറ്ററി പാക്കാണ് വാഹനത്തിലുള്ളത്. ഇളക്കിയെടുത്ത് ഓഫീസിലോ വീട്ടിലോ ഉള്ള സാധാരണ പ്ലഗ് പോയിന്റില്‍ ചാര്‍ജ് ചെയ്യാന്‍ കഴിയുമെന്നതാണ് പ്രത്യേകത. ഒറ്റചാര്‍ജില്‍ 146 കിലോമീറ്റര്‍ വരെ റേഞ്ച് ലഭിക്കും. 64,999 രൂപ എക്‌സ് ഷോറൂം വിലയിലാണ് ഓല എസ് വണ്‍ ഇസഡ് + മോഡല്‍ ലഭിക്കുക.

വിപണിയില്‍ അടിച്ചുകയറി ഓല

അതേസമയം, പുതിയ മോഡലുകള്‍ ഇറക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ ഓഹരി വിപണിയില്‍ ഓല ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡ് അടിച്ചുകയറി. ഒറ്റദിവസം കൊണ്ട് 13 ശതമാനത്തോളമാണ് കമ്പനിയുടെ ഓഹരി വില കുതിച്ചത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ കമ്പനിയുടെ ഓഹരി വില 41 ശതമാനത്തോളം ഇടിഞ്ഞിരുന്നു. 77.70 രൂപയില്‍ ഇന്നത്തെ വ്യാപാരം ആരംഭിച്ച ഓഹരികള്‍ പിന്നീട് പടിപടിയായി ഉയരുകയായിരുന്നു. നിലവില്‍ 83 രൂപയിലാണ് ഓഹരികളുടെ വ്യാപാരം നടക്കുന്നത്.
Tags:    

Similar News