വീണ്ടും ആശങ്കകൾ; വിദേശ സൂചനകൾ നെഗറ്റീവ്; വളർച്ച കുറയുമെന്നു ലോകബാങ്ക്; ക്രൂഡ് വീണ്ടും കയറി; ഡോളർ സൂചിക ഉയരുന്നു

ഈ കാര്യങ്ങൾ ഓഹരി വിപണിയുടെ മുന്നേറ്റത്തിന് തടസ്സമാകും;ക്രൂഡും ലോഹങ്ങളും കുതിക്കുന്നു;ലോക ബാങ്കും ഐ എം എഫും പറയുന്ന നിറമില്ലാത്ത കണക്കുകൾ

Update:2022-10-07 08:48 IST

ആശങ്കകളും അനിശ്ചിതത്വങ്ങളും വീണ്ടും വിപണിയെ ഉലയ്ക്കുന്നു. ഇന്ത്യയുടെ ജിഡിപി വളർച്ച 6.5 ശതമാനത്തിലേക്കു താഴുമെന്ന ലോകബാങ്ക് നിഗമനവും വിപണിയെ വിഷമിപ്പിക്കും. ക്രൂഡ് ഓയിൽ വില 94 ഡോളർ കടന്നു. നൂറു ഡോളറിനു മുകളിലേക്കാണു ക്രൂഡ് വില പോകുന്നത്. ഇന്ത്യക്ക് പ്രശ്നങ്ങൾ വളർത്തുന്നതാണ് ഈ വിലക്കുതിപ്പ്.

യുഎസ് വിപണി സൂചികകൾ ഇന്നലെ ഒരു ശതമാനത്തിലധികം താഴുകയും പിന്നീട് ഫ്യൂച്ചേഴ്സ് നഷ്ടം കാണിക്കുകയും ചെയ്തു. ഇന്നു രാവിലെ ഏഷ്യൻ വിപണികൾ ഒരു ശതമാനത്തോളം താണു. പിന്നീടു നഷ്ടം കുറച്ചു. ഹാങ് സെങ് സൂചികയും ഒരു ശതമാനം താഴ്ചയിലാണ്. ഇതെല്ലാം ഇന്ന് ഇന്ത്യൻ വിപണിയുടെ മുന്നേറ്റത്തിനു തടസമാകും.

സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി ഇന്നലെ 17,323-ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ സൂചിക 17,263 വരെ താഴ്ന്നിട്ട് 17,302 ലേക്കു കയറി. വീണ്ടും താണു. ഇന്ത്യൻ വിപണി ഇന്നു രാവിലെ ചെറിയ ചാഞ്ചാട്ടത്തിലാകും എന്നാണ് ഇതു നൽകുന്ന സൂചന.

വ്യാഴാഴ്ച നേട്ടത്തോടെ വ്യാപാരമാരംഭിച്ച ഇന്ത്യൻ വിപണി പിന്നീടു ചാഞ്ചാട്ടങ്ങളിലായി. ഒടുവിൽ ചെറിയ നേട്ടത്തോടെ മുഖ്യ സൂചികകൾ ക്ലോസ് ചെയ്തു. യൂറോപ്യൻ വിപണി നഷ്ടത്തോടെ വ്യാപാരം നടത്തുകയും യുഎസ് ഫ്യൂച്ചേഴ്സ് താഴ്ചയിലാകുകയും ചെയ്തതാണ് ഇന്ത്യൻ സൂചികകളെ നഷ്ടത്തിൻ്റെ വക്കിലെത്തിച്ചത്.

സെൻസെക്സ് ഇന്നലെ 58,579-നും 58, 173.4 നുമിടയിൽ കയറിയിറങ്ങി. നിഫ്റ്റി 17,316-നും 17,429-നുമിടയിൽ ചാഞ്ചാടി. സെൻസെക്സ് 156.63 പോയിൻ്റ് (0.27%) നേട്ടത്തിൽ 58,222.1 ലും നിഫ്റ്റി 57.5 പോയിൻ്റ് (0.33%) ഉയർന്ന് 17,331.8 ലും ക്ലോസ് ചെയ്തു. വിശാല വിപണി കുറേക്കൂടി നേട്ടത്തിലായിരുന്നു. മിഡ് ക്യാപ് സൂചിക 1.26 ശതമാനവും സ്മോൾ ക്യാപ് സൂചിക 1.24 ശതമാനവും ഉയർന്നു. മെറ്റൽ (3.25%), മീഡിയ (2.73%), റിയൽറ്റി (2.08%), ഐടി (1.57%) തുടങ്ങിയ മേഖലകളാണ് ഇന്നു നേട്ടത്തിനു മുന്നിൽ നിന്നത്. എഫ്എംസിജി, ഫാർമ, ഹെൽത്ത് കെയർ മേഖലകൾ താഴോട്ടു പോയി.

ഇന്നലെ വിദേശ നിക്ഷേപകർ ക്യാഷ് വിപണിയിൽ 279.01 കോടിയുടെ ഓഹരികൾ വാങ്ങി.സ്വദേശി ഫണ്ടുകൾ 43.92 കോടിയുടെ ഓഹരികൾ വിറ്റു.

നെഗറ്റീവ് സൂചനകളോടെയാണ് വ്യാപാരം അവസാനിച്ചത്. നിഫ്റ്റി 17,400-17,500 മേഖലയിൽ സമാഹരണത്തിനുള്ള ഒരുക്കത്തിലാണ്. ഇന്നു നിഫ്റ്റിക്ക് 17,285-ലും 17,240-ലും സപ്പോർട്ട് കാണുന്നു. ഉയരുമ്പോൾ 17,400-ഉം 17,475-ഉം തടസങ്ങളാകും.

ക്രൂഡ് വില 100 ഡോളറിൽ എത്തുമെന്ന്

ക്രൂഡ് ഓയിൽ വില സാവധാനം കയറുകയാണ്. ബ്രെൻ്റ് ഇനം വീപ്പയ്ക്കു 100 ഡോളറിലേക്ക് ഈയാഴ്ചകളിൽ എത്തുമെന്നാണു മോർഗൻ സ്റ്റാൻലിയും മറ്റും പ്രവചിക്കുന്നത്. എണ്ണ കയറ്റുമതി രാജ്യങ്ങളുടെ സംഘടനയും (ഒപെക്) മിത്ര രാജ്യങ്ങളും ചേർന്ന് പ്രതിദിന ഉൽപാദനം 20 ലക്ഷം വീപ്പ കുറയ്ക്കും എന്നാണു തീരുമാനിച്ചത്. ആഗോള വിപണിയിലെ ക്രൂഡ് ലഭ്യതയിൽ രണ്ടു ശതമാനം കുറവാണ് ഇതുവഴി ഉണ്ടാകുക. ഇതിൻ്റെ പേരിൽ വില എട്ടു ശതമാനം കയറുമെന്നാണു മോർഗൻ സ്റ്റാൻലിയുടെ നിഗമനം. സെപ്റ്റംബർ ഒടുവിൽ 82 ഡോളറിലെത്തിയ ബ്രെൻ്റ് വില ഇപ്പോൾ 14 ശതമാനം കയറി 94 ഡോളറിലാണ്.

ഒപെക് പ്ലസ് രാജ്യങ്ങൾക്ക് നിലവിലെ ഉൽപാദനലക്ഷ്യം തന്നെ എത്താൻ പറ്റുന്നില്ലെന്നും വെട്ടിക്കുറയ്ക്കൽ പ്രായോഗികമായി എട്ടു ലക്ഷം വീപ്പയിൽ കൂടുതൽ വരില്ലെന്നും കരുതുന്നവർ ഉണ്ട്. അതെന്തായാലും വില കയറ്റത്തിലാണ്. ഇന്നലെ ബ്രെൻ്റ് വില 93.48 ഡോളറിൽ നിന്ന് 94.51ലേക്കു കയറി. പിന്നീട് അൽപം താഴ്ന്നു.

 ലോഹങ്ങൾ കയറ്റത്തിൽ

വ്യാവസായിക ലോഹങ്ങൾ കുതിപ്പു തുടരുകയാണ്. മാന്ദ്യഭീതിയിൽ നിന്നു മാറി നിൽക്കുകയാണു മെറ്റൽ വ്യാപാരികൾ. ആവശ്യത്തിനനുസരിച്ചു ലഭ്യത വർധിക്കുന്നില്ല എന്നതാണു പ്രശ്നം. മഹാമാരി തുടങ്ങിയ ശേഷം ലോഹ വ്യവസായത്തിൽ മൂലധന നിക്ഷേപം കാര്യമായി നടന്നിട്ടില്ല. മാന്ദ്യം ഹ്രസ്വവും ലഘുവും ആകുമെന്നു മെറ്റൽ വ്യാപാര മേഖല ഇപ്പോൾ കരുതുന്നു. ചെമ്പുവില ടണ്ണിന് 7744 ഡോളറിലേക്കും അലൂമിനിയം വില 2363 ഡോളറിലേക്കും കയറി. ലെഡ് നാലു ശതമാനം കുതിപ്പോടെ 2000-നു മുകളിലായി.

സ്വർണം ചാഞ്ചാട്ടത്തിലാണ്. പലിശ നിരക്ക്, യുഎസ് സർക്കാർ കടപ്പത്രവില, ഓഹരി വില, ഡോളർ സൂചിക എന്നിവയെല്ലാം വിലയെ സ്വാധീനിക്കുന്നു. ഇന്നലെ 1706-1727 ഡോളർ മേഖലയിൽ വില കയറിയിറങ്ങി. ഇന്നു രാവിലെ 1711-1713 ഡോളറിലാണു വ്യാപാരം.

ഡോളർ ഇന്നലെ 81.88 രൂപയിലേക്കു കയറി. മുൻ ദിവസത്തേക്കാൾ 36 പൈസ അധികം. ക്രൂഡ് ഓയിൽ വിലക്കയറ്റമാണ് രൂപയെ ദുർബലമാക്കുന്നത്.

ഇതിനിടെ ഡോളർ വീണ്ടും കരുത്തുകൂട്ടി. 110 ഡോളറിനടുത്തേക്കു താഴ്ന്ന ഡോളർ സൂചിക ഇന്നലെ 112.26 ലെത്തിയാണു 6 ക്ലാസ് ചെയ്തത്. ഇന്നു രാവിലെ 112.25 ലാണു സൂചിക.

ശ്രദ്ധ തൊഴിൽ കണക്കിൽ

അമേരിക്കൻ വിപണി ഇന്നു പുറത്തു വരുന്ന തൊഴിൽ കണക്കുകളെയാണ് ഉറ്റുനോക്കുന്നത്. തൊഴിൽ വർധന തുടരുകയും തൊഴിലില്ലായ്മ വർധിക്കാതിരിക്കുകയും ചെയ്താൽ പലിശവർധന ഇപ്പോഴത്തെ തോതിൽ തുടരും. അതു വിപണിയെ തളർത്തും. മറിച്ചായാൽ ഓഹരികൾ കുതിക്കും. അടുത്തയാഴ്ച വരുന്ന ചില്ലറ വിലക്കയറ്റ കണക്കും വിപണിക്കു നിർണായകമാണ്. വിലക്കയറ്റം കുറയുന്ന സൂചന കാണിച്ചില്ലെങ്കിൽ ഓഹരികൾ ഇടിയും.

ഇന്ത്യൻ ജിഡിപി വളർച്ച 6.5 ശതമാനമായി കുറയുമെന്നു ലോകബാങ്ക്

ഈ ധനകാര്യ വർഷം ഇന്ത്യയുടെ ജിഡിപി വളർച്ച 6.5 ശതമാനമായി കുറയുമെന്ന് ലോകബാങ്ക്. വളർച്ച സംബന്ധിച്ച ബാങ്കിൻ്റെ മൂന്നാമത്തെ വിലയിരുത്തലാണിത്. ഏപ്രിലിൽ എട്ടു ശതമാനം പ്രതീക്ഷ വച്ചത് ജൂണിൽ 7.5 ശതമാനമായി കുറച്ചു. അതാണ് ഇപ്പോൾ വീണ്ടും കുറച്ചത്. കഴിഞ്ഞ ധനകാര്യ വർഷം 8.7 ശതമാനം വളർച്ച ഉണ്ടായിരുന്നു. അടുത്ത (2023-24) ധനകാര്യ വർഷം ഏഴു ശതമാനവും 2024-25-ൽ 6.1 ശതമാനവും വളർച്ചയാണു ലോകബാങ്ക് കണക്കാക്കുന്നത്.

ഐഎംഎഫിൻ്റെ പുതിയ വിലയിരുത്തൽ അടുത്തയാഴ്ച ഉണ്ടാകും. റിസർവ് ബാങ്ക് ഏതാനും ദിവസം മുമ്പ് 2022-23 ലെ വളർച്ച പ്രതീക്ഷ ഏഴു ശതമാനമായി കുറച്ചിരുന്നു. ഏപ്രിലിൽ 7.5 ഉം ജൂലൈയിൽ 7.2 ഉം ആയിരുന്നു റിസർവ് ബാങ്കിൻ്റെ നിഗമനം. ഏഷ്യൻ വികസന ബാങ്ക് (എഡിബി) ഇപ്പോൾ ഏഴു ശതമാനം വളർച്ചയാണു പ്രതീക്ഷിക്കുന്നത്.

ഏഴു ശതമാനം വളർച്ച സാധ്യമാകും എന്ന പ്രതീക്ഷ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി.അനന്ത നാഗേശ്വരനും പ്രകടിപ്പിച്ചു.

ആഗാേള വളർച്ചപ്രതീക്ഷ വീണ്ടും കുറയ്ക്കാൻ ഐഎംഎഫ്

അടുത്ത വർഷത്തെ (2023 കലണ്ടർ വർഷം) ആഗാേള വളർച്ചപ്രതീക്ഷ വീണ്ടും കുറയ്ക്കുമെന്ന് ഐഎംഎഫ് മാനേജിംഗ് ഡയറക്ടർ ക്രിസ്റ്റലീന ജോർജിയേവ. അടുത്തയാഴ്ച പുതിയ പ്രതീക്ഷ പുറത്തുവിടും. മാന്ദ്യസാധ്യത പരിഗണിച്ചാണിത്.

2023-ലെ വളർച്ച പ്രതീക്ഷ കഴിഞ്ഞ ജൂലൈയിൽ 70 ബേസിസ് പോയിൻ്റ് കുറച്ച് 2.9 ശതമാനമാക്കിയിരുന്നു. 2022-ലേത് അപ്പോൾ 40 ബേസിസ് പോയിൻ്റ് താഴ്ത്തി 3.2 ശതമാനവുമാക്കി.

ആഗോള സമ്പത്തിൻ്റെ മൂന്നിലൊന്നു കൈയാളുന്ന രാജ്യങ്ങളിൽ തുടർച്ചയായ രണ്ടു പാദങ്ങളിൽ ജിഡിപി ചുരുങ്ങുമെന്നു ജോർജിയേവ പറഞ്ഞു. ജിഡിപി ചുരുങ്ങാത്തപ്പോഴും ജനങ്ങൾക്കു മാന്ദ്യം പോലെ തോന്നും. ഉയർന്നു നിൽക്കുന്ന വിലക്കയറ്റവും ചുരുങ്ങുന്ന വരുമാനവുമാണ് ആ അവസ്ഥ ഉണ്ടാക്കുന്നത്. മൂന്നു വർഷം കൊണ്ട് ആഗാേള ജിഡിപിയിൽ നാലു ലക്ഷം കോടി ഡോളറിൻ്റെ കുറവാണ് ഐഎംഎഫ് കണക്കാക്കുന്നത്.

സേവന മേഖലയുടെ വളർച്ച കുറഞ്ഞു

സെപ്റ്റംബറിൽ രാജ്യത്തെ സേവന മേഖലയുടെ വളർച്ച കാണിക്കുന്ന സർവീസസ് പിഎംഐ ആറു മാസത്തെ താഴ്ന്ന നിലയിലായി. ഓഗസ്റ്റിൽ 57.2 ആയിരുന്ന സൂചിക സെപ്റ്റംബറിൽ 54.3 ആയി. വിലക്കയറ്റം മുതൽ സർക്കാർ നയങ്ങൾ വരെ ഈ കുറവിനു കാരണമാണെന്ന് സർവേ നടത്തിയ എസ് ആൻഡ് പി ഗ്ലോബൽ പറഞ്ഞു. വളർച്ചക്കുറവ് തൊഴിൽ വളർച്ചയെയും ബാധിച്ചതായി അവർ വിലയിരുത്തി.

സെപ്റ്റംബറിലെ ഫാക്ടറി ഉൽപാദന പിഎംഐയും കുറഞ്ഞിരുന്നു. ഓഗസ്റ്റിലെ 56.2 - ൽ നിന്ന് 55.1 ലേക്ക്.

സേവന മേഖലയും ഫാക്ടറി ഉൽപാദന മേഖലയും കൂടിയുള്ള സംയുക്ത പിഎംഐ സെപ്റ്റംബറിൽ 55.1 ആയി കുറഞ്ഞു. ഓഗസ്റ്റിൽ അത് 56.2 ആയിരുന്നു.

ബ്രിക്ക് വർക്ക് റേറ്റിംഗ്സ്അടച്ചുപൂട്ടാൻ സെബി

ബ്രിക്ക് വർക്ക് റേറ്റിംഗ്സ് എന്ന റേറ്റിംഗ് ഏജൻസിയെ അടച്ചുപൂട്ടാൻ സെബി (സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ) ഉത്തരവിട്ടു. ഭൂഷൺ സ്റ്റീൽ അടക്കമുള്ള കമ്പനികളുടെ റേറ്റിംഗിലും മറ്റും ഉണ്ടായ വലിയ വീഴ്ചകളെ തുടർന്നാണ് ഈ കടുത്ത നടപടി. റിസർവ് ബാങ്കുമായി സഹകരിച്ച് സെബി നടത്തിയ അന്വേഷണത്തിനൊടുവിലാണു തീരുമാനം. റേറ്റിംഗിൽ വേണ്ടത്ര ശ്രദ്ധയോ കഴിവോ ബ്രിക്ക് വർക്ക് പുലർത്തിയിട്ടില്ലെന്നു സെബി വിലയിരുത്തി.

കനറാ ബാങ്ക് പ്രൊമോട്ടറും പങ്കാളിയുമായ ഏജൻസിയാണു ബ്രിക്ക് വർക്ക്. രാജ്യത്ത് സെബി അംഗീകാരം ലഭിച്ച ഏഴ് ഏജൻസികളിൽ ഒന്നാണിത്.

Tags:    

Similar News