വിപണികൾ ദുർബലം; ടെക് മേഖലയിലെ ആശങ്ക തുടരുന്നു; നിക്ഷേപക ശ്രദ്ധ വിദേശികളിൽ; രൂപയെ ഉയർത്താൻ റിസർവ് ബാങ്ക് ഇടപെടുമോ?
ഇന്ത്യൻ വിപണി ഇന്ന് എങ്ങനെ പ്രതികരിക്കും?; ടാറ്റാ സ്റ്റീലിലെ സംഭവ വികാസങ്ങൾ എന്തൊക്കെ?; രൂപയെ എങ്ങനെ താങ്ങി നിർത്തും?
ഒരു രാത്രി കഴിയുമ്പോൾ വിപണി തിരിച്ചു കയറും എന്ന പ്രതീക്ഷ പാളി. യുഎസ് ഫെഡ് പലിശ കൂട്ടിയതിനെ തുടർന്ന് ബുധനാഴ്ച താഴാേട്ടു പോയ വിപണികൾ വ്യാഴാഴ്ചയും താഴ്ചയിലായിരുന്നു. അതിൻ്റെ ചുവടുപിടിച്ചാണ് ഇന്നു വിപണികൾ പ്രവർത്തിക്കുക. രൂപയുടെ വലിയ ഇടിവും വിപണി ഗൗരവത്തോടെ കാണേണ്ടി വരും.
ഇന്നലെ വലിയ തകർച്ച ഒഴിവാക്കിയ ഇന്ത്യൻ വിപണി' അര ശതമാനം താഴ്ന്നു ക്ലോസ് ചെയ്തു. യുഎസ് ഫ്യൂച്ചേഴ്സ് നല്ല നേട്ടത്തിലായതിനെ തുടർന്ന് ഇടയ്ക്കു മുഖ്യസൂചികകൾ വലിയ തിരിച്ചു കയറ്റം നടത്തിയെങ്കിലും വീണ്ടും ഇടിഞ്ഞു. വിദേശ നിക്ഷേപകർ വിൽപനയ്ക്കു തിടുക്കം കൂട്ടിയത് ബാങ്ക്, ഐടി, ധനകാര്യ ഓഹരികളെ താഴ്ത്തി. ഐടി കമ്പനികളുടെ വരുമാനവും ലാഭവും വരും പാദങ്ങളിൽ കുറയുമെന്ന് ആക്സഞ്ചർ നൽകിയ മുന്നറിയിപ്പ് വിപണിയെ സ്വാധീനിക്കും.'
യൂറോപ്യൻ വിപണികൾ ഒന്നും ഒന്നരയും ശതമാനം താഴ്ന്നാണു ക്ലോസ് ചെയ്തത്. യുഎസ് വിപണിയിൽ ടെക് മേഖല കൂടുതൽ ദുർബലമായി. നാസ്ഡാക് 1.3 ശതമാനം താഴ്ന്നു. ഡൗ 0.35 ശതമാനം താഴ്ചയിലായപ്പോൾ എസ് ആൻഡ് പി 0.84 ശതമാനം ഇടിഞ്ഞു. യുഎസ് ഫ്യൂച്ചേഴ്സും താഴ്ചയിലാണ്.
ഇന്നു രാവിലെ ഏഷ്യൻ വിപണികൾ ചെറിയ താഴ്ചയിലാണ്. മൂന്നു ദശകത്തിനു ശേഷം യെന്നിൻ്റെ തകർച്ച പിടിച്ചു നിർത്താൻ ബാങ്ക് ഓഫ് ജപ്പാൻ ഇന്നലെ നടത്തിയ ശ്രമം പരാജയപ്പെട്ടു. യെൻ വീണ്ടും താണു. ജപ്പാനിലെ വിപണി ഇന്ന് അവധിയാണ്. ദക്ഷിണ കൊറിയയിലും ഹോങ് കോങ്ങിലും വിപണികൾ താഴ്ന്നാണു നീങ്ങുന്നത്. എന്നാൽ ചൈനയിലെ ഷാങ്ഹായ് സൂചിക ഉയർന്നു വ്യാപാരം തുടങ്ങി.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജി എക്സ് നിഫ്റ്റി ഇന്നലെ 17,566- ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ ഉയർന്ന് 17,575 ലെത്തി. ഇന്ത്യൻ വിപണി ഇന്ന് ചെറിയ താഴ്ചയിൽ തുടങ്ങും എന്നാണ് ഇതിലെ സൂചന.
ഇന്നലെ ഇന്ത്യൻ വിപണി വലിയ തകർച്ചയിൽ നിന്നു തുടക്കത്തിലേ മാറി നിന്നു. ഇടയ്ക്കു മുഖ്യസൂചികകൾ നേട്ടത്തിലേക്കു കടക്കാൻ തുനിഞ്ഞതുമാണ്. പക്ഷേ വീണ്ടും താഴ്ചയിലായി. സെൻസെക്സ് 337.06 പോയിൻ്റ് (0.57%) താഴ്ന്ന് 59,119.72 ലും നിഫ്റ്റി 88.58 പോയിൻ്റ് (0.5%) താഴ്ന്ന് 17,629.8 ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 0.32 ശതമാനവും സ്മോൾ ക്യാപ് സൂചിക 0.47 ശതമാനവും ഉയർന്നാണു വ്യാപാരം അവസാനിപ്പിച്ചത്. മീഡിയ, എഫ്എംസിജി, കൺസ്യൂമർ ഡ്യുറബിൾസ്, കാപ്പിറ്റൽ ഗുഡ്സ്, ഫാർമ, വാഹന, മെറ്റൽ മേഖലകൾ നേട്ടം കാണിച്ചു. ബാങ്ക്, ധനകാര്യ, ഹെൽത്ത്, ഐടി, ഓയിൽ, റിയൽറ്റി മേഖലകൾ താഴ്ന്നു.
ഇന്നലെ വിദേശ നിക്ഷേപകർ 2509.55 കോടി രൂപയുടെ ഓഹരികൾ വിറ്റു. സ്വദേശി ഫണ്ടുകൾ 263.07 കോടി രൂപയുടെ നിക്ഷേപം നടത്തി.
നിഫ്റ്റിക്ക് ഇന്ന് 17,530-ലും 17,440-ലും സപ്പാേർട്ട് ഉണ്ട്. ഉയരുമ്പോൾ 17,725-ലും 17,815-ലും തടസം നേരിടാം.
ക്രൂഡ് ഓയിൽ വില ഇന്നലെയും ചെറിയ മേഖലയിൽ കയറിയിറങ്ങി. ബ്രെൻ്റ് ഇനം ക്രൂഡ് 90.33 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 90.77 ലേക്കു കയറി.
വ്യാവസായിക ലോഹങ്ങളും ചെറിയ കയറ്റിറക്കങ്ങളിലാണ്. ചെമ്പ് 7739 ഡോളറിലേക്കു താണപ്പോൾ അലൂമിനിയം 2231-ലേക്കു കയറി.
സ്വർണം സുരക്ഷിത നിക്ഷേപം എന്ന സ്ഥാനം ഉറപ്പിക്കാനുള്ള ശ്രമത്തിലാണ്. ഇന്നലെ 1686 ഡോളർ വരെ കയറിയിട്ട് 1667-ലേക്ക് തിരിച്ചിറങ്ങി. ഇന്നു രാവിലെ സ്വർണം 1673-1674 ഡോളറിലാണു വ്യാപാരം.
കേരളത്തിൽ സ്വർണം പവന് 160 രൂപ വർധിച്ച് 36,800 രൂപയായി.
രൂപ ഇന്നലെ സമീപകാലത്തെ ഏറ്റവും വലിയ പ്രതിദിന തകർച്ച നേരിട്ടു. ഡോളർ 80.28 രൂപയിൽ ഓപ്പൺ ചെയ്ത് 80.86 രൂപയിൽ ക്ലോസ് ചെയ്തു. 1.1 ശതമാനം വീഴ്ചയാണു രൂപയ്ക്കുണ്ടായത്. റിസർവ് ബാങ്ക് വലിയ ഇടപെടൽ നടത്തിയതായി സൂചനയില്ല. ഇന്നു ബാങ്ക് ഇടപെട്ടാൽ ഡോളർ 80.4 രൂപയിലേക്കു താഴുമെന്നു പ്രതീക്ഷയുണ്ട്.
ലോക വിപണിയിൽ ഡോളർ സൂചിക ഇന്നലെ 111.81 വരെ കയറിയിട്ട് 111.35 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ സൂചിക 111.2 ആയി.
ഏഴ് കമ്പനികൾ ടാറ്റാ സ്റ്റീലിൽ ലയിപ്പിക്കും
ടാറ്റാ ഗ്രൂപ്പിലെ മെറ്റൽ കമ്പനികളായ ടാറ്റാ മെറ്റാലിക്സ്, ടിആർഎഫ്, ടാറ്റാ സ്റ്റീൽ മൈനിംഗ് തുടങ്ങി ഏഴു ഗ്രൂപ്പ് കമ്പനികളെ ടാറ്റാ സ്റ്റീലിൽ ലയിപ്പിക്കാൻ കമ്പനികളുടെ ബോർഡുകൾ തീരുമാനിച്ചു. ടാറ്റാ സ്റ്റീൽ ഓഹരിക്കു പോസിറ്റീവ് ആയ സംഭവ വികാസമാണിത്. ടാറ്റാ സ്റ്റീൽ ലോംഗ്, ഇന്ത്യൻ സ്റ്റീൽ ആൻഡ് വയർ, ടിൻപ്ലേറ്റ് എന്നിവയും മാതൃ കമ്പനിയിൽ ലയിക്കും.
ടിആർഎഫ് ഓഹരിവില ഈയിടെ ഇരട്ടിച്ചിരുന്നു. ഒരു വർഷത്തിനകം 175 ശതമാനം ഉയർച്ച ഈ ഓഹരിക്കുണ്ടായി. ഇന്നലെ 375 രൂപയിലെത്തി ഓഹരിവില.
കുറേക്കാലമായി താഴോട്ടു നീങ്ങിയിരുന്ന ടാറ്റാ മെറ്റാലിക്സ് ഓഹരി ഇന്നലെ 800 രൂപയിലാണ്.
ആഗാേളനുകം ഇല്ലാതെയോ ഇന്ത്യ നീങ്ങുന്നത്?
ഇന്ത്യൻ വിപണി വിദേശ വിപണികളിൽ നിന്നു വ്യത്യസ്തമായി നീങ്ങും, മറ്റിടങ്ങളിൽ വിൽപന നടത്തുമ്പോഴും ഇവിടെ നിക്ഷേപം വർധിപ്പിക്കും എന്നൊക്കെ ഒരു വിഭാഗം പ്രചരിപ്പിക്കുന്നുണ്ട്. ഇന്ത്യൻ കമ്പനികൾക്കു വിദേശ വിപണികളിലെ വിൽപന കുറവാണെതു ശരിയാണ്. അതു പക്ഷേ ബലമല്ല, ദൗർബല്യമാണ്. എന്നല്ലാതെ രാജ്യത്തിൻ്റെ സമ്പദ്ഘടന ആഗാേള സമ്പദ്ഘടനയുടെ നുകത്തിൽ നിന്നു മാറി സഞ്ചരിക്കുന്നു എന്നു പറയുന്നത് വസ്തുതയല്ല.
വിദേശ നിക്ഷേപകരുടെ സമീപനമാണു വിപണിയെ ശക്തമായി സ്വാധീനിക്കുന്നത് എന്ന് ഇന്നലെയും തെളിഞ്ഞു. വിദേശികൾ വിൽപന കൂട്ടിയപ്പോൾ ഓഹരിവിലകൾ ഇടിഞ്ഞു. ഇന്നലെ യുഎസ് വിപണിയുടെ ഫ്യൂച്ചേഴ്സ് നീങ്ങുന്നതനുസരിച്ചാണ് ഇന്ത്യൻ വിപണിയും നീങ്ങിയത്. നുകം മാറ്റം (ഡീ കപ്ളിംഗ്) ബിസിനസിലല്ല, വാചകത്തിൽ മാത്രമാണെന്നു ചുരുക്കം. ഇന്ധന ആവശ്യത്തിൻ്റെ 90 ശതമാനവും ഇറക്കുമതി ചെയ്യുന്ന, സേവന കയറ്റുമതിയിൽ മുൻ നിരയിൽ നിൽക്കുന്ന, ജിഡിപിയുടെ 21.4 ശതമാനം കയറ്റുമതിയിൽ നിന്നു നേടുന്ന ഒരു രാജ്യം ആഗോള നുകം മാറ്റുന്നു എന്നു പറയുന്നതിൽ വലിയ വൈരുധ്യവും ഉണ്ട്.
രൂപയുടെ ഇടിവ് ചിന്താവിഷയം
ഇന്ത്യൻ വിപണിക്കു രൂപയുടെ ഇടിവും കണക്കിലെടുക്കേണ്ടതുണ്ട്. കുറേ കാലത്തേക്കു ഡോളർ 81.00- 82.00 രൂപ മേഖലയിൽ ആകും എന്നാണ് വിദേശനാണയ വിപണിയിലെ വിദഗ്ധർ പറയുന്നത്. അത്രയും താഴുന്നതിനെ റിസർവ് ബാങ്കും അനുകൂലിക്കുന്നുവെന്നാണു വിലയിരുത്തൽ.
ഓഹരികളിൽ ചിലർ പ്രതീക്ഷിക്കുന്ന തിരുത്തലും രൂപയുടെ കാര്യത്തിൽ കണക്കാക്കുന്ന ഇടിവും 2013-ലേതുപാേലെ വിപണിയെ പരിഭ്രാന്തമാക്കുന്നില്ല. രൂപയുടെ നിരക്കിൽ ഒരു ശതമാനത്തിലധികം തകർച്ച ഇന്നലെ ഉണ്ടായപ്പോഴും എങ്ങും വേവലാതി ദൃശ്യമായില്ല. റിസർവ് ബാങ്ക് ഡോളർ വിറ്റു രൂപയെ ഉയർത്താൽ തത്രപ്പാട് കാണിച്ചുമില്ല. ജൂലൈയിലും ഓഗസ്റ്റിലും ഡോളർ 80 കടന്നപ്പോൾ റിസർവ് ബാങ്ക് വലിയ ഇടപെടൽ നടത്തിയിരുന്നു. സ്പോട്ട് വിപണിയിലും ഫ്യൂച്ചേഴ്സിലും ഡോളർ ഇറക്കി. ഡോളർ 80- നു മുകളിൽ ക്ലോസ് ചെയ്യാതിരിക്കാൽ അന്നൊക്കെ റിസർവ് ബാങ്ക് ശ്രദ്ധിച്ചു. ഇന്നലെ അതൊന്നുമുണ്ടായില്ല. റിസർവ് ബാങ്ക് കാര്യമായി ഇടപെടുന്നില്ലെങ്കിൽ രൂപ താഴുന്നതിന് അനുകൂല സൂചനയായി വിപണി അതിനെ വ്യാഖ്യാനിക്കുമെന്നും അതു ഡോളറിനെ 82 രൂപയ്ക്കു മുകളിൽ എത്തിക്കുമെന്നും ചിലർ കണക്കാക്കുന്നു.
ക്രൂഡ് ഓയിൽ വില ഇനിയുള്ള ആഴ്ചകളിൽ താഴുമെന്നും പാശ്ചാത്യ മാന്ദ്യം ഉൽപന്ന വിലകളിൽ ഇടിവ് വരുത്തുമെന്നും ആണു വിപണിയുടെ വിലയിരുത്തൽ. അക്കാര്യങ്ങൾ രൂപയ്ക്ക് അനുകൂലമാണ്. വലിയ തകർച്ചയിലേക്കു പോകാതെ രൂപ 81.00- 82.00 രൂപ മേഖലയിൽ നിൽക്കുമെന്ന വിശ്വാസക്കാരുടെ പ്രധാന വാദം അതാണ്. ഒപ്പം ആവശ്യമെങ്കിൽ ശക്തമായി ഇടപെടാൻ തക്ക വിദേശനാണ്യശേഖരം റിസർവ് ബാങ്കിൻ്റെ പക്കൽ ഉള്ളതും അവർക്ക് ആശ്വാസമാണ്.
വഴുതിയാൽ പിടിച്ചു നിൽക്കാൻ പറ്റുമോ?
എന്നാൽ വഴുക്കൽ തുടങ്ങിയാൽ പിടിച്ചു നിൽക്കാൻ എളുപ്പമല്ല എന്നതു പോലെയാണു വിപണിയുടെ കാര്യം എന്നു മറ്റു ചിലർ ഭയപ്പെടുന്നു. റിസർവ് ബാങ്ക് ഇടപെടാത്തതു മുതലെടുത്തു രൂപയെ കൂടുതൽ വലിച്ചു താഴ്ത്താൻ ശ്രമം ഉണ്ടാകും. അപ്പോൾ ഡോളർ 82 രൂപയും കടന്നു പോകാം. ആ പോക്ക് പരിധിയിൽ നിൽക്കും എന്ന് ഉറപ്പു പറയാൻ പറ്റില്ല.
പ്രധാന 40 വ്യാപാര പങ്കാളികളുടെ കറൻസികളുമായി രൂപയെ തുലനം ചെയ്തു തയാറാക്കുന്ന റിയൽ ഇഫക്റ്റീവ് എക്സ്ചേഞ്ച് റേറ്റ് (ആർഇഇആർ) അനുസരിച്ച് രൂപ വേണ്ടതിലും നാലു ശതമാനം കൂടുതൽ ശക്തമാണ്. അതായത് നാലോ അഞ്ചോ ശതമാനം താഴുന്നതു കൊണ്ട് ദോഷമില്ല; കയറ്റുമതിക്കും മറ്റും ഗുണമേ ഉണ്ടാകൂ. കയറ്റുമതി കുറഞ്ഞു വരുന്ന ഈ കാലത്ത് അത്രയും താഴാൻ റിസർവ് ബാങ്ക് അനുവദിക്കും എന്നു കരുതുന്നവരും ഉണ്ട്.