യുദ്ധഭീതിയും ക്രൂഡ് വിലക്കയറ്റവും വിപണിക്കു ഭീഷണി; വിദേശികൾ വീണ്ടും ചൈനയിലേക്ക്, ക്രൂഡ് 78 ഡോളറിനടുത്ത്

യു.എസ് തൊഴില്‍ കണക്കുകള്‍ ഇന്ന് പുറത്തു വരും, വിപണി ഉറ്റുനോക്കുന്നു

Update:2024-10-04 07:51 IST

IMAGE: CANVA

യുദ്ധഭീതി, ക്രൂഡ് ഓയിൽ വിലക്കയറ്റം, വിദേശികളുടെ പിന്മാറ്റം - വിപണിക്കു തിരുത്തലിലേക്കു നീങ്ങാൻ വേണ്ടത്ര വിഷയങ്ങൾ ഉണ്ട്. എങ്കിലും തിരിച്ചു കയറ്റാൻ സംഘടിത ശ്രമങ്ങൾ ഉണ്ടാകുമെന്നു വിശ്വസിക്കാനാണു ബുള്ളുകൾക്കു താൽപര്യം. ഇന്നലെ രണ്ടു ശതമാനത്തിലധികം ഇടിഞ്ഞ വിപണിയിൽ ഇനിയും ചോരപ്പുഴ ഉണ്ടാകില്ലെന്നു പറയാൻ പറ്റാത്തതാണു സാഹചര്യം. രണ്ടാഴ്ച മുൻപത്തെ റെക്കോർഡ് നിലയിൽ നിന്നു സെൻസെക്സും നിഫ്റ്റിയും നാലു ശതമാനം വീതം താഴ്ന്നു നിൽക്കുമ്പോൾ റീട്ടെയിൽ നിക്ഷേപകരും മ്യൂച്വൽ ഫണ്ടുകളും വാങ്ങലുകാരാകുമെന്ന പ്രതീക്ഷയാണ് ബുള്ളുകൾക്കുള്ളത്. എന്നാൽ ചൈന കൂടുതൽ ഉത്തേജക പദ്ധതികൾ പ്രഖ്യാപിക്കുമെന്ന സൂചന ഇന്ത്യൻ വിപണിയിൽ നിന്നു വിദേശ ഫണ്ടുകളെ കൂടുതലായി പുറത്തേക്കു നയിക്കും എന്ന ആശങ്കയും ഉണ്ട്. ഈ അനിശ്ചിതത്വങ്ങൾക്കു നടുവിലാണ് ഇന്നു വാരാന്ത്യവ്യാപാരം നടക്കുക. ക്രൂഡ് ഓയിൽ വില 78 ഡോളറിലേക്കു നീങ്ങുകയാണ്. അതു രൂപയ്ക്കും ഭീഷണിയാണ്.

ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി വ്യാഴാഴ്ച രാത്രി 25,433 ൽ ക്ലാേസ് ചെയ്തു. ഇന്ന് 25,405 ലേക്കു താണിട്ട് 25,440ലേക്കു കയറി. ഇന്ത്യൻ വിപണി ഇന്നു ചെറിയ നഷ്ടത്തിൽ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.

വിദേശ വിപണി 

യൂറോപ്യൻ വിപണികൾ വ്യാഴാഴ്ച ഒരു ശതമാനത്തിലധികം താഴ്ന്നു. വാഹന കമ്പനികൾക്കാണു കൂടുതൽ തിരിച്ചടി.

യുഎസ് വിപണികൾ വ്യാഴാഴ്ചയും ഇടിഞ്ഞു. ഇന്നു പുറത്തു വരുന്ന സെപ്റ്റംബറിലെ യുഎസ് തൊഴിൽ കണക്കിലാണു വിപണിയുടെ ശ്രദ്ധ. 1,50,000 പുതിയ തൊഴിലവസരങ്ങൾ ഉണ്ടായിരിക്കും എന്നാണു നിഗമനം. ഓഗസ്റ്റിൽ 1.42 ലക്ഷം ആയിരുന്നു തൊഴിലില്ലായ്മ നിരക്ക് 4.2 ശതമാനത്തിൽ തുടരും എന്നും കരുതപ്പെടുന്നു. ക്രൂഡ് ഓയിൽ വില അഞ്ചു ശതമാനത്തിലധികം ഉയർന്നതും വിപണിയെ ബാധിച്ചു. യുഎസ് തുറമുഖസമരം ഇന്നലെ അവസാനിച്ചത് ആശ്വാസമായി.

ഡൗ ജോൺസ് സൂചിക വ്യാഴാഴ്ച 184.93 പോയിൻ്റ് (0.44%) താഴ്ന്ന് 42,011.59 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 9.60 പോയിൻ്റ് (0.17%) നഷ്ടത്തോടെ 5699.94 ൽ അവസാനിച്ചു. നാസ്ഡാക് സൂചിക 6.65 പോയിൻ്റ് (0.04%) താഴ്ന്ന് 17,918.48 ൽ ക്ലോസ് ചെയ്തു.

യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു രാവിലെ അൽപം ഉയർന്നു. ഡൗ 0.05 ഉം എസ് ആൻഡ് പി 0.03 ഉം നാസ്ഡാക് 0.05 ഉം ശതമാനം ഉയർന്നു നിൽക്കുന്നു.

യുഎസ് 10 വർഷ കടപ്പത്രങ്ങളുടെ വില 3.844 ശതമാനം നിക്ഷേപനേട്ടം കിട്ടുന്ന നിലയിലേക്കു താഴ്ന്നു.

ഏഷ്യൻ വിപണികൾ ഇന്നും താഴ്ചയിലാണ്. ജാപ്പനീസ് വിപണി ആദ്യം കയറിയിട്ട് പിന്നീടു താണു. ഓസ്ട്രേലിയൻ വിപണി ഒരു ശതമാനത്തിലധികം ഇടിഞ്ഞു. ക്രൂഡ് ഓയിൽ വിലക്കയറ്റവും യുദ്ധഭീതിയും ആണു തകർച്ചയ്ക്കു പിന്നിൽ.

ഇന്ത്യൻ വിപണി 

ഇന്ത്യൻ വിപണി വ്യാഴാഴ്ച വലിയ പതനത്തിലായി. രാവിലെ നഷ്ടത്തിൽ വ്യാപാരം തുടങ്ങിയ ശേഷം നിരന്തരം താഴ്ന്ന് മുഖ്യ സൂചികകൾ രണ്ടു ശതമാനത്തിലധികം ഇടിഞ്ഞു. വിപണിമൂല്യം 9.8 ലക്ഷം കോടി രൂപ നഷ്ടപ്പെടുത്തിയ തകർച്ച ഓഗസ്റ്റ് അഞ്ചിനു ശേഷമുള്ള വലിയ പതനമായി.

വിദേശനിക്ഷേപകർ ചൈനയിൽ നിക്ഷേപിക്കാനായി പണം പിൻവലിക്കുകയാണ്. രണ്ടാഴ്ച കൊണ്ട് ചൈനീസ് വിപണി 30 ശതമാനത്താേളം ഉയർന്നിട്ടുണ്ട്. മൂന്നു ദിവസം കൊണ്ട് 26,879 കോടി രൂപയുടെ ഓഹരികൾ വിദേശ നിക്ഷേപകർ ഇന്ത്യൻ വിപണിയിൽ വിറ്റഴിച്ചു. ഇന്നലെ അവർ 15,243.27 കോടി രൂപയുടെ അറ്റവിൽപന നടത്തി. ഇന്നലെ സ്വദേശിഫണ്ടുകളും സ്ഥാപനങ്ങളും കൂടി 12,913.96 കോടി രൂപയുടെ അറ്റവാങ്ങൽ നടത്തി.

മിഡ് ക്യാപ്, സ്മോൾ ക്യാപ് ഓഹരികളും വലിയ ഇടിവിലായി. എല്ലാ വ്യവസായ മേഖലകളും നഷ്ടം കാണിച്ചു. റിയൽറ്റിയാണു തകർച്ചയ്ക്കു മുന്നിൽ.

ചൊവ്വാഴ്ച എൻഎസ്ഇയിൽ 638 ഓഹരികൾ ഉയർന്നപ്പോൾ 2201 ഓഹരികൾ താണു. ബിഎസ്ഇയിൽ 1107 എണ്ണം കയറി, 2881 എണ്ണം താഴ്ന്നു.

വ്യാഴാഴ്ച സെൻസെക്സ് 1769.19 പാേയിൻ്റ് (2.10%) ഇടിഞ്ഞ് 82,497.10 ൽ ക്ലാേസ് ചെയ്തു. നിഫ്റ്റി 546.80 പോയിൻ്റ് (2.12%) നഷ്ടത്തോടെ 25,250.10 ൽ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 1077.40 പോയിൻ്റ് (2.04%) നഷ്ടത്തോടെ 51,845.20 ൽ ക്ലാേസ് ചെയ്തു.

മിഡ് ക്യാപ് സൂചിക 2.21 ശതമാനം ഇടിഞ്ഞ് 59,024.70 ലും സ്മോൾ ക്യാപ് സൂചിക 1.96% താഴ്ന്ന് 18,952.60 ലും വ്യാപാരം അവസാനിപ്പിച്ചു.

സെപ്റ്റംബർ 27 ലെ ഉയർന്ന നിലയിൽ നിന്നു നാലു ശതമാനം താഴ്ചയിലാണു മുഖ്യ സൂചികകൾ ഇപ്പോൾ. തുടർച്ചയായ നാലു ദിവസം ഇടിഞ്ഞ വിപണി ഇന്നും താഴുകയാണെങ്കിൽ തിരുത്തൽ വല്ലതാകാൻ സാധ്യത ഉണ്ട്. 25,000 നു താഴോട്ടു നിഫ്റ്റി വീണാൽ വിൽപന സമ്മർദം വർധിക്കും. യുദ്ധഭീതിയും ഡെറിവേറ്റീവ് വ്യാപാരത്തിനു വരുന്ന നിയന്ത്രണങ്ങളും വിദേശികളുടെ വിറ്റൊഴിയലും ചേർന്നുണ്ടാകുന്ന വിപണിതകർച്ച പിടിച്ചു നിർത്താൻ ആഭ്യന്തര ഫണ്ടുകളും ധനകാര്യ സ്ഥാപനങ്ങളും ശ്രമിക്കും എന്ന പ്രതീക്ഷയിലാണ് ബുള്ളുകൾ.

ഇന്നു നിഫ്റ്റിക്ക് 25,215 ലും 25,120 ലും പിന്തുണ ഉണ്ട്. 25,530 ഉം 25,625 ഉം തടസങ്ങളാകും.

സ്വർണം കയറി

ലാഭമെടുക്കലിനെ തുടർന്ന് ഇന്നലെ താഴ്ന്ന സ്വർണം ഇന്നു രാവിലെ ഉയരാനുള്ള ശ്രമത്തിലാണ്. വ്യാഴാഴ്ച സ്വർണം 2656.50 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 2658.50 ഡോളറിലാണ്.

കേരളത്തിൽ സ്വർണവില വ്യാഴാഴ്ച 80 രൂപ കൂടി പവന് 56,880 രൂപ എന്ന റെക്കോർഡ് കുറിച്ചു.

വെള്ളിവില അൽപം കയറി ഔൺസിന് 32 ഡോളർ ആയി.

ഡോളർ വീണ്ടും കയറി. ഡോളർ സൂചിക വ്യാഴാഴ്ച 101.99 ൽ ക്ലാേസ് ചെയ്തു. ഇന്നു രാവിലെ സൂചിക 101.91 ലേക്കു താഴ്ന്നു.

ഇന്ത്യൻ രൂപ വീണ്ടും ദുർബലമായി. വ്യാഴാഴ്ച ഡോളർ 15 പെെസ കയറി 83.97 രൂപയിൽ ക്ലോസ് ചെയ്തു.

ക്രൂഡ് ഓയിൽ വില ഇന്നലെ അഞ്ചു ശതമാനം കയറി. ഇറാൻ്റെ എണ്ണ ഉൽപാദന കേന്ദ്രങ്ങളിൽ ഇസ്രയേൽ ആക്രമണം നടത്തുമെന്ന ആശങ്കയിലാണു വിലക്കയറ്റം. ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ ഇന്നലെ 77.65 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 77.56 ഡോളറിലാണ്. ഡബ്ല്യുടിഐ ഇനം 73.70 ഉം യുഎഇയുടെ മർബൻ ക്രൂഡ് 77.61 ഉം ഡോളറിലാണ്.

ക്രിപ്റ്റാേ കറൻസികൾ വീണ്ടും താണു. ബിറ്റ്കോയിൻ 60,500 ഡോളറിനു താഴെയായി. ഈഥർ 2360 ഡോളറിലായി.

വ്യാവസായിക ലോഹങ്ങൾ ഭിന്നദിശകളിലായി. ചെമ്പ് 1.59 ശതമാനം താഴ്ന്ന് ടണ്ണിന് 9785.25 ഡോളറിൽ എത്തി. അലൂമിനിയം 0.96 ശതമാനം കുറഞ്ഞ്ടണ്ണിന് 2633.54 ഡോളർ ആയി. സിങ്ക് 0.10 ഉം നിക്കൽ 1.06 ഉം ലെഡ് 0.07 ഉം ശതമാനം ഉയർന്നു. ടിൻ 1.30 ശതമാനം കുറഞ്ഞു.

വിപണിസൂചനകൾ

(2024 ഒക്ടോബർ 03, വ്യാഴം)

സെൻസെക്സ് 30 82,497.10 -2.10%

നിഫ്റ്റി50 25,250.10 -2.12%

ബാങ്ക് നിഫ്റ്റി 51,845.20 -2.04%

മിഡ് ക്യാപ് 100 59,024.70 -2.21%

സ്മോൾ ക്യാപ് 100 18,952.60 -1.96%

ഡൗ ജോൺസ് 30 42,011.59

-0.44%

എസ് ആൻഡ് പി 500 5699.94 -0.17%

നാസ്ഡാക് 17,918.48 -0.04%

ഡോളർ($) ₹83.97 +₹0.15

ഡോളർ സൂചിക 101.94 +0.26

സ്വർണം (ഔൺസ്) $2656.50 -$03.00

സ്വർണം (പവൻ) ₹56,880 +₹80

ക്രൂഡ് (ബ്രെൻ്റ്) ഓയിൽ $77.65 +$04.09

Tags:    

Similar News