ബുള്ളുകള്‍ ആവേശം തുടരുന്നു, വില്‍പനസമ്മര്‍ദം വര്‍ധിച്ചു, വിദേശികള്‍ വീണ്ടും വാങ്ങുന്നു; ക്രൂഡ് ഓയില്‍ കയറ്റത്തില്‍

മിക്ക ഏഷ്യന്‍ വിപണികളും ഇന്നു തുടക്കത്തില്‍ ഉയര്‍ന്നിട്ടു താഴോട്ടു നീങ്ങി

Update: 2024-07-05 02:21 GMT

ക്ലോസിംഗില്‍ 80,000 കടന്നു സെന്‍സെക്‌സും 24,300 കടന്നു നിഫ്റ്റിയും റെക്കോഡ് കുറിച്ച ഇന്നലെ വില്‍പന സമ്മര്‍ദം ശക്തമായിരുന്നു. ഉയര്‍ന്ന നിലവാരത്തില്‍ നിന്നു നിഫ്റ്റി 99 സെന്‍സെക്‌സ് 342 പോയിന്റ് താഴ്ന്നു ക്ലോസ് ചെയ്യേണ്ടി വന്നത് അതു മൂലമാണ്. ലാഭമെടുക്കാനുള്ള വില്‍പന ഇന്നും തുടരും, ഒപ്പം ബുള്ളുകളുടെ ബലത്തില്‍ വിപണി ഉയരുകയും ചെയ്യും. ഇന്നലെ യു.എസ് വിപണി അവധിയായിരുന്നു. ഇന്ന് ഏഷ്യന്‍ വിപണികള്‍ നേട്ടത്തില്‍ തുടങ്ങിയിട്ടു താഴ്ചയിലേക്കു മാറി. ഇന്ത്യന്‍ വിപണിയുടെയും തുടക്കം മാന്ദ്യത്തിലാകും.

ഡെറിവേറ്റീവ് വിപണിയില്‍ ഗിഫ്റ്റ് നിഫ്റ്റി വ്യാഴാഴ്ച രാത്രി 24,358.5ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 24,355 വരെ താണു. ഇന്ത്യന്‍ വിപണി ഇന്ന് ദുര്‍ബലമായി വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.

വിദേശ വിപണികള്‍

യൂറോപ്യന്‍ വിപണികള്‍ വ്യാഴാഴ്ചയും ഉയര്‍ന്നു. ബ്രിട്ടീഷ് തെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടി വന്‍വിജയം നേടുമെന്നാണ് എക്‌സിറ്റ് പോള്‍ കാണിക്കുന്നത്. ഇതു വിപണി നേരേത്തേ കണക്കാക്കിയതാണ്. ഫ്രാന്‍സില്‍ ഞായറാഴ്ച രണ്ടാംഘട്ട വോട്ടിംഗ് നടക്കും. യുഎസ് വിപണികള്‍ക്ക് ഇന്നലെ അവധി ആയിരുന്നു.

മിക്ക ഏഷ്യന്‍ വിപണികളും ഇന്നു തുടക്കത്തില്‍ ഉയര്‍ന്നിട്ടു താഴോട്ടു നീങ്ങി. ദക്ഷിണ കാെറിയന്‍ സൂചിക ഒരു ശതമാനം ഉയര്‍ന്നു.

ഇന്ത്യന്‍ വിപണി

ഇന്ത്യന്‍ വിപണി വ്യാഴാഴ്ചയും റെക്കോര്‍ഡ് ഉയരത്തില്‍ വ്യാപാരം തുടങ്ങി. പിന്നീടു വില്‍പന സമ്മര്‍ദത്തില്‍ താഴോട്ടു പോന്ന് നേരിയ ഉയര്‍ച്ചയില്‍ ക്ലോസ് ചെയ്തു.
ഇന്‍ട്രാഡേയില്‍ നിഫ്റ്റി 24,401 സെന്‍സെക്‌സ് 80,392.64 വരെ എത്തി. സെന്‍സെക്‌സ് ഇതാദ്യമായി 80,000 നു മുകളില്‍ ക്ലോസ് ചെയ്തു.

സെന്‍സെക്‌സ് 62.87 പോയിന്റ് (0.08%) കയറി 80,049.67ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 15.65 പോയിന്റ് (0.06%) കൂടി 24,302.15ല്‍ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 0.03% (14.45 പോയിന്റ്) ഉയര്‍ന്ന് 53,103.70ല്‍ ക്ലോസ് ചെയ്തു.

മിഡ് ക്യാപ് സൂചിക 0.58 ശതമാനം കയറി 56,618.60ലും സ്‌മോള്‍ ക്യാപ് സൂചിക 0.49% ഉയര്‍ന്ന് 18,792.95ലും ക്ലോസ് ചെയ്തു.

ഐടി, ഫാര്‍മ, ഹെല്‍ത്ത് കെയര്‍, ഓട്ടോ മേഖലകളാണ് ഇന്നലെ വിപണിയെ താങ്ങിനിര്‍ത്തിയത്.

വിദേശനിക്ഷേപകര്‍ വ്യാഴാഴ്ച ക്യാഷ് വിപണിയില്‍ 2575.85 കോടിയുടെ ഓഹരികള്‍ വാങ്ങി. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 2375.18 കോടി രൂപയുടെ ഓഹരികള്‍ വിറ്റു. ലാഭമെടുക്കല്‍ തുടരുമെങ്കിലും വിപണി ഇന്നും ഉയരുമെന്നു നിക്ഷേപകര്‍ കരുതുന്നു. നിഫ്റ്റി 24,500 എത്തുന്നതാണ് ഇനി ബുള്ളുകളുടെ ലക്ഷ്യം.

ഇന്നു സൂചികയ്ക്ക് 24,280ലും 24,250ലും പിന്തുണ ഉണ്ട്. 24,375ലും 24,405ലും തടസം ഉണ്ടാകാം.

എച്ച്ഡിഎഫ്‌സി ബാങ്ക് ഒന്നാം പാദത്തില്‍ വായ്പാ വിതരണം 14.9 ശതമാനം വര്‍ധിപ്പിച്ചു. ബാങ്കിലെ നിക്ഷേപങ്ങള്‍ 16.5 ശതമാനം കൂടി. വായ്പ-നിക്ഷേപ അനുപാതം 106ല്‍ നിന്നു 105 ശതമാനമായി കുറഞ്ഞു. എച്ച്ഡിഎഫ്‌സി ലിമിറ്റഡിന്റെ ലയനഫലം ഒഴിവാക്കിയുള്ള കണക്കാണിത്.

റെയ്മണ്ട് ലിമിറ്റഡ് റിയല്‍ എസ്റ്റേറ്റ് ഉപകമ്പനിയെ മാതൃകമ്പനിയില്‍ നിന്നു വേര്‍പെടുത്തി ലിസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചു.

കരാറുകളുടെ ബലത്തില്‍ കൊച്ചിന്‍ ഷിപ്പ് യാര്‍ഡും മസഗോണ്‍ ഡോക്കും ഇന്നലെയും കുതിച്ചു.

ഐടിഡി സിമന്റേഷനില്‍ നിന്നു വിദേശ പ്രമോട്ടര്‍ കമ്പനി പിന്മാറും എന്ന റിപ്പോര്‍ട്ട് ഓഹരിയെ 20 ശതമാനം താഴ്ത്തി.

യുഎസില്‍ അവധി ആയതിനാല്‍ സ്വര്‍ണം നാമമാത്ര മാറ്റം കാണിച്ച് അവസാനിച്ചു. ഔണ്‍സിന് 2356.80 ഡോളറില്‍ സ്വര്‍ണം ക്ലോസ് ചെയ്തു. ഇന്നു രാവിലെ 2,359 ഡോളറിലേക്കു കയറി.

കേരളത്തില്‍ സ്വര്‍ണവില ഇന്നലെ പവന് 520 രൂപ കൂടി 53,600 രൂപയില്‍ എത്തി.

വെള്ളിവില ഔണ്‍സിന് 30.47 ഡോളറിലാണ്. കേരളത്തില്‍ വെള്ളി കിലോഗ്രാമിനു 97,000 രൂപയില്‍ എത്തി.

ഡോളര്‍ സൂചിക വ്യാഴാഴ്ച 105.13 ലേക്കു താഴ്ന്നു ക്ലോസ് ചെയ്തു. ഇന്നു രാവിലെ സൂചിക 105.11ലേക്കു താണു.

രൂപ ഇന്നലെ അല്‍പം ബലപ്പെട്ടു. ഡോളര്‍ നാലു പൈസ താഴ്ന്ന് 83.49 രൂപയില്‍ ക്ലോസ് ചെയ്തു.

ക്രൂഡ് ഓയില്‍ കാര്യമായ മാറ്റമില്ലാതെ തുടരുന്നു. ബ്രെന്റ് ഇനം വ്യാഴാഴ്ച 87.43 ഡോളറില്‍ അവസാനിച്ചു. ഇന്നു രാവിലെ 87.50 ഡോളറിലേക്കു കയറി. ഡബ്‌ള്യുടിഐ ഇനം 84. 03 ഡോളറിലും യുഎഇയുടെ മര്‍ബന്‍ ക്രൂഡ് 87.44 ഡോളറിലുമാണ്.

വ്യാവസായിക ലോഹങ്ങള്‍ ഇന്നലെ ഭിന്ന ദിശകളിലായി. ചെമ്പ് 1.08 ശതമാനം കയറി ടണ്ണിന് 9726.05 ഡോളറില്‍ എത്തി. അലൂമിനിയം 0.82 ശതമാനം താഴ്ന്നു ടണ്ണിന് 2527.83 ഡോളറായി. സിങ്കും ലെഡും ടിന്നും ഉയര്‍ന്നു. നിക്കല്‍ താഴ്ന്നു.

ക്രിപ്റ്റാേ കറന്‍സികള്‍ കുത്തനേ താഴ്ന്നു. ബിറ്റ്‌കോയിന്‍ 57,250 നു താഴെയാണ്. ഈഥര്‍ 3,100 ഡോളറിനു താഴെയായി. ചില ക്രിപ്‌റ്റോകള്‍ 15 ശതമാനം വരെ ഇടിഞ്ഞു. പലിശ കുറയ്ക്കല്‍ വൈകും എന്നതാണു കാരണം.

വിപണിസൂചനകള്‍
(2024 ജൂലൈ 04, വ്യാഴം)

സെന്‍സെക്‌സ് 30 80,049.67 +0.08%

നിഫ്റ്റി50 24,302.15 +0.06%

ബാങ്ക് നിഫ്റ്റി 53,103.70 +0.03%

മിഡ് ക്യാപ് 100 56,618.60 +0.58%

സ്‌മോള്‍ ക്യാപ് 100 18,792.95 +0.49%

ഡൗ ജോണ്‍സ് 30 39,308.00 0.00%

എസ് ആന്‍ഡ് പി 500 5537.02 0.00%

നാസ്ഡാക് 18,188.30 0.00%

ഡോളര്‍($) ₹ 83.49 - ₹ 0.04
ഡോളര്‍ സൂചിക 105.13 -0.27

സ്വര്‍ണം (ഔണ്‍സ്) $2356.80 +$00.20

സ്വര്‍ണം (പവന്‍) ₹ 53,600 +?520
ക്രൂഡ് (ബ്രെന്റ്) ഓയില്‍ $87.43 +$00.09
Tags:    

Similar News