അടിച്ചു കയറി ഐ.ആര്‍.എഫ്.സിയും ഇര്‍കോണും , ബിസിനസ് വളര്‍ച്ചയില്‍ തളര്‍ന്ന് ടൈറ്റന്‍, പേയ്ടിഎം വീണ്ടും കുതിപ്പില്‍

പ്രതിരോധ ഓഹരികളും മുന്നേറ്റം തുടരുന്നു

Update:2024-07-08 11:16 IST

Image Created with Meta AI

വിപണി ഇന്നു രാവിലെ ചാഞ്ചാട്ടത്തിലായി. താഴ്ന്നു വ്യാപാരം തുടങ്ങിയ ശേഷം ആദ്യം തിരിച്ചു കയറി. പിന്നീടു കൂടുതല്‍ താഴ്ന്നു. വീണ്ടും നഷ്ടം കുറച്ചു. ഉയര്‍ച്ചയില്‍ വില്‍പന സമ്മര്‍ദം കൂടുകയും വില താഴുകയുമാണ്.

ബാങ്ക് നിഫ്റ്റി ഇന്നും താഴ്ചയിലാണ്. ഐ.ടി സൂചിക കാര്യമായ മാറ്റമില്ലാതെ നില്‍ക്കുന്നു.
പ്രതിരോധ, റെയില്‍വേ ഓഹരികള്‍ ഇന്നും കുതിപ്പ് തുടര്‍ന്നു. ആര്‍.വി.എന്‍.എല്‍ 11 ശതമാനവും ഇര്‍കോണ്‍ ആറും ഐ.ആര്‍.എഫ്.സി എട്ടും റൈറ്റ്‌സ് മൂന്നും ശതമാനം ഉയര്‍ന്നു. കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് അഞ്ചും ഭാരത് ഡൈനാമിക്‌സ് മൂന്നും ഭാരത് ഇലക്ട്രോണിക്‌സ് മൂന്നും ഭാരത് എര്‍ത്ത് മൂവേഴ്‌സ് അഞ്ചും ശതമാനം കയറി.
ഒന്നാം ക്വാര്‍ട്ടര്‍ ബിസിനസ് മെച്ചമായതിനെ തുടര്‍ന്നു മാരികോ ഓഹരി ആറു ശതമാനം ഉയര്‍ന്നു. ജെ.എല്‍.ആര്‍ കാറുകളുടെ വില്‍പനയില്‍ നല്ല കുതിപ്പ് ഉണ്ടായത് ടാറ്റാ മോട്ടോഴ്‌സ് ഓഹരിയെ രണ്ടു ശതമാനത്തിലധികം ഉയര്‍ത്തി.
പുതിയ ഓര്‍ഡറുകളുടെ ബലത്തില്‍ മാന്‍ ഇന്‍ഡസ്ട്രീസ് എട്ടു ശതമാനം വരെ കയറി. ഒന്നാം പാദ ബിസിനസ് ഒറ്റയക്ക വളര്‍ച്ച മാത്രം കാണിച്ച സാഹചര്യത്തില്‍ ടൈറ്റന്‍ ഓഹരി അഞ്ചു ശതമാനം ഇടിഞ്ഞു. പേയ്ടിഎം ഓഹരികള്‍ ഇന്ന് ഏഴു ശതമാനം ഉയര്‍ച്ചയിലാണ്. ഒരു മാസം കൊണ്ട് ഓഹരി 20 ശതമാനം കയറി.
രൂപ, സ്വർണം, ഡോളർ 
രൂപ ഇന്നു തുടക്കത്തില്‍ നേട്ടം ഉണ്ടാക്കി. ഡോളര്‍ നാലു പൈസ കുറഞ്ഞ് 83.44 രൂപയില്‍ ഓപ്പണ്‍ ചെയ്തു. സ്വര്‍ണം ലോക വിപണിയില്‍ ഓണ്‍സിനു 2,383 ഡോളറിലാണ്. കേരളത്തില്‍ സ്വര്‍ണം പവന് 160 രൂപ കുറഞ്ഞ് 53,960 രൂപയായി. ക്രൂഡ് ഓയില്‍ വില അല്‍പം കുറഞ്ഞു. ബ്രെന്റ് ഇനം 86.4 ഡോളര്‍ ആയി.
Tags:    

Similar News