ഇന്ത്യന്‍ ഓഹരി സൂചികകള്‍ പുതിയ വ്യാപാര ആഴ്ചയ്ക്ക് നഷ്ടത്തോടെയാണ് തുടക്കം കുറിച്ചത്. കാളകളും കരടികളും ഇഞ്ചോടിച്ച് മത്സരിച്ച് അവസാനം സൂചികകളെ നഷ്ടത്തിലേക്ക് തന്നെ പൂര്‍ണമായും വലിച്ചിട്ടു. കുറഞ്ഞ വിലയില്‍ വാങ്ങാനും ഉയര്‍ന്ന വിലയില്‍ ലാഭമെടുക്കാനും നിക്ഷേപകര്‍ ഒരുപോലെ ശ്രമം തുടങ്ങിയതോടെ വലിയ ചാഞ്ചാട്ടത്തിലായിരുന്നു വിപണി ദിവസം മുഴുവന്‍.
സെന്‍സെക്‌സിന്റെ ഇന്നത്തെ യാത്ര മുഴുവന്‍ ചുവപ്പു വരയിലായിരുന്നു. വ്യാപാരം അവസാനിപ്പിക്കുമ്പോള്‍ 0.05 ശതമാനം ഇടിഞ്ഞ് സെന്‍സെക് 79,960.38ലെത്തി. നിഫ്റ്റിയും മൂന്ന് പോയിന്റ് ഇടിഞ്ഞ് 24,320.55ല്‍ വ്യാപാരം അവസാനിപ്പിച്ചു.
ഇന്ത്യന്‍ വിപണിയിലെ വമ്പന്‍മാരായ ഐ.ടി.സി, റിലയന്‍സ്, ഇന്‍ഫോസിസ് തുടങ്ങിയവ സൂചികകളെ മുന്നോട്ട് നയിച്ചെങ്കിലും എച്ച്.ഡി.എഫ്.സി ബാങ്കും ടൈറ്റനും ടി.സി.എസും ചേര്‍ന്ന് ശക്തമായി പിന്നോട്ടു വലിക്കുകയായിരുന്നു. അതേ സമയം സ്‌മോള്‍, മിഡ് ക്യാപ് ഓഹരികള്‍ അവയുടെ അപ്രമാദിത്തം തുടര്‍ന്നു. ചെറുകിട നിക്ഷേപകര്‍ പണമൊഴുക്കുന്നത് തുടര്‍ന്നതാണ് ഇവയ്ക്ക് കരുത്തായത്.
ജൂലൈ 23ലെ കേന്ദ്ര ബജറ്റിനെ കുറിച്ചുള്ള പ്രതീക്ഷകളും യു.എസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറയ്ക്കുന്നതിനെ കുറിച്ചുള്ള ഊഹാപോഹങ്ങളുമാണ് ഇനി വിപണിയെ നയിക്കുകയെന്ന് നിരീക്ഷകര്‍ പറയുന്നു.
രൂപയിന്ന് ഡോളറിനെതിരെ ഒരു പൈസ ഇടിഞ്ഞ് 83.50 രൂപയിലെത്തി.
വിവിധ സൂചികകളുടെ പ്രകടനം
വിശാല വിപണിയില്‍ നിഫ്റ്റി എഫ്.എം.സി.ജി, ഓയില്‍ ആന്‍ഡ് ഗ്യാസ്, ഐ.ടി സൂചികകളാണ് മുന്നേറ്റം കാഴ്ചവച്ചത് ബാങ്കി സൂചികകളെല്ലാം തന്നെ ഇടിവിലായിരുന്നു. നിഫ്റ്റി പി.എസ്.യു ബാങ്ക്, കണ്‍സ്യൂമര്‍ ഡ്യൂറബ്ള്‍സ് സൂചികകള്‍ യഥാക്രമം 1.60 ശതമാനം, 1.28 ശതമാനം നഷ്ടമുണ്ടാക്കി.
ഇന്ന് ബി.എസ്.ഇയില്‍ 4,169 ഓഹരികള്‍ വ്യാപാരം നടത്തി. ഇതില്‍ 1,798 ഓഹരികള്‍ക്ക് മാത്രമാണ് കരകയറാനായത്. 2,261 ഓഹരികള്‍ നഷ്ടത്തിന്റെ കുത്തൊഴുക്കില്‍പെട്ടു. 110 ഓഹരികളുടെ വില മാറിയില്ല. 422 ഓഹരികള്‍ ഇന്ന് 52 ആഴ്ചയിലെ ഉയര്‍ന്ന വില തൊട്ടു. 29 ഓഹരികള്‍ താഴ്ന്ന വിലയും.
ആറ് വീതം ഓഹരികളിന്ന് അപ്പര്‍ സര്‍ക്യൂട്ടിലും ലോവര്‍ സര്‍ക്യൂട്ടിലുമുണ്ട്.
നിഫ്റ്റി ബാക്ക് തുടര്‍ച്ചയായ രണ്ടാം വ്യാപാര ദിനത്തിലും ഇടിവിലാണ്. 176 പോയിന്റ് ഇടിഞ്ഞ് 52,484ലെത്തി. കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, ഫെഡറല്‍ ബാങ്ക് എന്നിവ പച്ചയില്‍ അവസാനിപ്പിച്ചപ്പോള്‍ പി.എന്‍.ബി, ഐ.ഡി.എഫ്.സി ഫസ്റ്റ്, ബാങ്ക് ഓഫ് ബറോഡ, എ.യു സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ഓഹരികള്‍ വില്‍പ്പന സമ്മര്‍ദ്ദത്തില്‍പെട്ടു.
ഐ.ടി.സി, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, നെസ്‌ലെ എന്നിവയുടെ മികച്ച പ്രകടനം എഫ്.എം.സി.ജി സൂചികകളെ നേട്ടത്തിലാക്കി.
റിലയന്‍സ് ഓഹരികളിന്ന് 3,217.90 രൂപയെന്ന പുതു റെക്കോഡിട്ടു. മൂന്നാം ദിനമാണ് റിലയന്‍സ് ഓഹരികളുടെ മുന്നേറ്റം.
നേട്ടത്തിന്റെ ചുളം വിളിയുമായി റെയില്‍ ഓഹരികള്‍
ഓഹരി വിപണിയില്‍ പൊതുവേ ചാഞ്ചാട്ടമായിരുന്നെങ്കിലും റെയില്‍ ഓഹരികള്‍ ഇന്നും അസാധ്യ പ്രകടനമാണ് കാഴ്ചവച്ചത്. ഇര്‍കോണ്‍ ഇന്റര്‍നാഷണല്‍, ആര്‍.വി.എന്‍,എല്‍, ഐ.ആര്‍.എഫ്.സി എന്നിവ വ്യാപാരം തുടങ്ങിയപ്പോള്‍ തന്നെ കുതിച്ചുയര്‍ന്നു. 15 ശതമാനം വരെ ഓഹരികളിൽ മുന്നേറ്റമുണ്ടായി. ഐ.ആര്‍.സി.ടി.സി ഓഹരികള്‍ രണ്ട് ശതമാനത്തോളം ഉയര്‍ന്നു. ആര്‍.വി.എന്‍.എല്‍ ഓഹരി വില ഇന്ന് 12 ശതമാനം ഉയര്‍ന്നതോടെ പുതിയ ഉയരവും തൊട്ടു. റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവിന്റെ പ്രസ്താവനയാണ് ഇന്ന് റെയില്‍ ഓഹരികളെ മുന്നേറ്റത്തിലാക്കിയത്. 2,500 പുതിയ ജനറല്‍ പാസഞ്ചര്‍ കോച്ചുകളും 10,000 അഡീഷണല്‍ കോച്ചുകളും അവതരിപ്പിക്കാന്‍ പദ്ധതിയുണ്ടെന്ന് മന്ത്രി പറഞ്ഞു. കൂടാതെ 50 പുതിയ അമൃത് ഭാരത് ട്രെയിനുകളുടെയും ഹൈ സ്പീഡ് ലക്ഷ്വറി ട്രെയിന്‍ സര്‍വീസുകളുടെ ഉത്പാദനത്തെ കുറിച്ചുള്ള പ്രഖ്യാപനവും ഓഹരികളെ ഉയര്‍ത്തി. റെയില്‍വേ അടിസ്ഥാന സൗകര്യ വികസനത്തിന് കേന്ദ്ര ബജറ്റില്‍ പ്രത്യേക ഊന്നല്‍ നല്‍കുമെന്ന സൂചനകളും ഓഹരികളില്‍ പ്രതിഫലിച്ചു.
15.57 ശതമാനം ഉയര്‍ന്ന റെയില്‍ വികാസ് നിഗം ലിമിറ്റഡാണ് ഇന്ന് നിഫ്റ്റി 200ലെ താരം. കേരളം ആസ്ഥാനമായുള്ള പൊതുമേഖല വളം നിര്‍മാണ കമ്പനിയായ ഫെര്‍ട്ടിലൈസേഴ്‌സ് ആന്‍ഡ് കെമിക്കല്‍സ് ട്രാവന്‍കൂര്‍ (ഫാക്ട്) 10 ശതമാനം ഉയര്‍ന്ന് രണ്ടാം സ്ഥാനത്തെത്തി. പേയ്ടിഎമ്മിന്റെ മാതൃ കമ്പനിയായ വണ്‍ 97 കമ്മ്യൂണിക്കേഷന്‍സ് 8.34 ശതമാനവും ഇന്ത്യന്‍ റെയില്‍വേ ഫിനാന്‍സ് കോര്‍പ്പറേഷന്‍ 7.58 ശതമാനവും ഐ.ആര്‍.എഫ്.സി 4.83 ശതമാനവും നേട്ടത്തോടെ നിഫ്റ്റി നേട്ടക്കാരിലെ ആദ്യ അഞ്ചില്‍ ഇടംപിടിച്ചു.
ആക്‌സിസ് സെക്യൂരിറ്റീസ് 'ബൈ' സ്റ്റാറ്റസ് നല്‍കിയത് ഇന്ന് ഡോംസ് ഇന്‍ഡസ്ട്രീസ് ഓഹരികളെ 5 ശതമാനത്തോളം ഉയര്‍ത്തി. ഓഹരി വിലയില്‍ 18 ശതമാനത്തോളം വര്‍ധനയാണ് ആക്‌സിസ് സെക്യൂരിറ്റീസ് പ്രവചിക്കുന്നത്. കഴിഞ്ഞ ഡിസംബറില്‍ ലിസ്റ്റ് ചെയ്ത ഓഹരി ഇക്കാലയളവിനുള്ളഇല്‍ 69 ശതമാനത്തോളം ഉയര്‍ന്നിട്ടുണ്ട്.
പേയ്ടിഎം ഓഹരികളും ഇന്ന് നേട്ടം തുടര്‍ന്നു. എട്ട് ശതമാനത്തോളമാണ് ഓഹരിയുടെ ഉയര്‍ച്ച.
ജി.ഇ പവറിന് എന്‍.ടി.സിയില്‍ നിന്ന് 1.87 കോടിയുടെ കരാര്‍ ലഭിച്ചതിന്റെ പിന്‍ബലത്തില്‍ ഓഹരി 8.28 ശതമാനം ഉയര്‍ന്നു. രാജസ്ഥാനില്‍ നിന്ന് 412.5 മെഗാവാട്ട് സോളാര്‍ പ്രോജക്ടിന് കരാര്‍ നേടിയ വാരി റിന്യൂവബ്ള്‍ ടെക്‌നോളജീസ് അഞ്ച് ശതമാനം ഉയര്‍ന്നു.
ഏപ്രില്‍-ജൂണ്‍ ത്രൈമാസത്തില്‍ കുറഞ്ഞ വില്‍പ്പന വളര്‍ച്ച കാണിച്ചത് ടൈറ്റന്‍ ഓഹരികളെ ഇന്ന് നാല് ശതമാനത്തോളം താഴ്ത്തി. ജെ.പി മോര്‍ഗന്‍ ടൈറ്റന്‍ കമ്പനിയെ ഓവര്‍വെയിറ്റ് എന്ന റേറ്റിംഗില്‍ നിന്നും ന്യൂട്രല്‍ എന്ന റേറ്റിംഗിലേക്ക് ഡൗണ്‍ഗ്രേഡും ചെയ്തു. മോര്‍ഗന്‍ സ്റ്റാന്‍ലിയും, ഗോള്‍ഡ്മാന്‍ സാച്‌സും റേറ്റിംഗ് മാറ്റിയിട്ടുണ്ട്.
എ.യു സ്‌മോള്‍ ഫിനാന്‍സ് ബാങ്കാണ് ഇന്ന് 4.10 ശതമാനവുമായി നഷ്ടക്കണക്കില്‍ നിഫ്റ്റിയില്‍ ആദ്യ സ്ഥാനത്ത് ഇടം പിടിച്ചത്. ബാങ്ക് ഓഫ് ബറോഡ, ഒബ്‌റോയി റിയല്‍റ്റി, പെര്‍സിസ്റ്റന്റ് സിസ്റ്റംസ്, യെസ് ബാങ്ക് തുടങ്ങിയ ഓഹരികളും മൂന്ന് ശതമാനത്തിലധികം നഷ്ടവുമായി നഷ്ടത്തില്‍ മുന്നിലുണ്ട്.
കേരള താരമായി ഫാക്ട്
ചുരുക്കം ഓഹരികള്‍ മാത്രമാണ് ഇന്ന് കേരളത്തില്‍ നിന്ന് നേട്ടത്തിലെത്തിയത്. ഭൂരിഭാഗം ഓഹരികളും നഷ്ടം രുചിച്ചു.
ഇടവേളയ്ക്ക് ശേഷം വീണ്ടും ഉയര്‍ച്ചയുടെ പാത പിടിച്ച ഫാക്ട് ആണ് ഇന്നത്തെ താരം. ഓഹരി വില ഇന്ന് 10 ശതമാനം കുതിച്ചതോടെ കമ്പനിയുടെ വിപണി മൂല്യം 72,207 കോടി രൂപയായി. മുത്തൂറ്റ് ഫിനാൻസിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി കേരളത്തിലെ ഏറ്റവും വിപണി മൂല്യമുള്ള കമ്പനികളുടെ പട്ടികയില്‍ ഫാക്ട് രണ്ടാം സ്ഥാനത്തെത്തി. കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡാണ് 73,890 കോടി രൂപയുമായി വിപണി മൂല്യത്തില്‍ ഒന്നാമത്.
ആലുവയില്‍ എടയാറിലുള്ള ലോജിസ്റ്റിക് പാര്‍ക്ക് ആസ്തികള്‍ വില്‍ക്കാനൊരുങ്ങുന്ന വാര്‍ത്തകളിന്ന്
സെല്ല സ്‌പേസ് ഓഹരികളെ അഞ്ച് ശതമാനം അപ്പര്‍ സര്‍ക്യൂട്ടിലെത്തിച്ചു. 93.85 കോടി രൂപയ്ക്കാണ് വില്‍പ്പന.
പുതുതായി ബി.എസ്.യില്‍ ലിസ്റ്റ് ചെയ്ത ആഡ് ടെക് സിസ്റ്റംസ് ഇന്നും 5 ശതമാനം അപ്പര്‍ സര്‍ക്യൂട്ടിലാണ്. ഓഹരി വില 141.18 രൂപയിലെത്തി. പ്രൈം ഇന്‍ഡസ്ട്രീസ് ഓഹരികളിന്ന് 9.98 ശതമാനം ഉയര്‍ന്നു.
കേരള ഓഹരികളുടെ ഇന്നത്തെ പ്രകടനം
മികച്ച പ്രവര്‍ത്തനക്കണക്കുകളുടെ പിന്‍ബലത്തില്‍ ഫെഡറല്‍ ബാങ്ക് ഓഹരി ഇന്നും ഒരു ശതമാനത്തിലധികം നേട്ടത്തിലാണ്. ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, കേരള ആയുര്‍വേദ, പി.ടി.എല്‍ എന്റര്‍പ്രൈസസ്, യൂണിറോയല്‍ മറൈന്‍ എക്‌സ്‌പോര്‍ട്‌സ്, വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ്, വണ്ടര്‍ലാ ഹോളിഡേയ്‌സ് എന്നിവയാണ് ഇന്ന് നേട്ടത്തിലായ കേരള ഓഹരികള്‍.
ഈസ്‌റ്റേണ്‍ ട്രെഡ്‌സ്, സി.എസ്.ബി ബാങ്ക്, ഹാരിസണ്‍സ് മലയാളം, പ്രൈമ അഗ്രോ എന്നിവയാണ് എന്ന് നഷ്ടത്തില്‍ മുന്നേ നടന്ന മറ്റ് കേരള ഓഹരികള്‍.