പ്രതീക്ഷ നിലനിർത്തി ബുള്ളുകൾ; പലിശ കുറയുമെന്നു റിസർവ് ബാങ്കിൻ്റെ സൂചന; യുഎസ്, ഏഷ്യൻ കുതിപ്പുകളിൽ ശുഭസൂചന

സ്വര്‍ണം, ക്രൂഡ് ഓയില്‍, ക്രിപ്‌റ്റോകള്‍ താഴ്ചയില്‍

Update:2024-10-10 07:37 IST

IMAGE: CANVA

തലേന്നത്തെ നേട്ടം നിലനിർത്താൻ ഇന്ത്യൻ വിപണിക്ക് ഇന്നലെ കഴിഞ്ഞില്ല. എങ്കിലും കയറ്റം തുടരാനാകും എന്ന പ്രതീക്ഷയിലാണു ബുള്ളുകൾ. ആഗാേള സൂചനകളും കയറ്റത്തിന് അനുകൂലമാണ്. ചൈനീസ് ഉത്തേജക പാക്കേജിലെ ആവേശം കുറഞ്ഞു കാണുന്നത് വിദേശ നിക്ഷേപകരുടെ വിൽപന സമ്മർദം കുറയ്ക്കും എന്ന പ്രതീക്ഷ നൽകുന്നു. പശ്ചിമേഷ്യയിലെ യുദ്ധഭീതിയും കുറഞ്ഞുവരുന്നു.

ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി ബുധനാഴ്ച രാത്രി 25,188 ൽ ക്ലാേസ് ചെയ്തു. ഇന്ന് 25,215 ലേക്കു കയറി. പിന്നീട് അൽപം താഴ്ന്നു. ഇന്ത്യൻ വിപണി ഇന്നും നേട്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.

വിദേശ വിപണി 

യൂറോപ്യൻ വിപണികൾ ബുധനാഴ്ച ഒരു ശതമാനത്തോളം ഉയർന്നു.

യുഎസ് വിപണികൾ ബുധനാഴ്ച റെക്കോർഡ് തകർത്തു മുന്നേറി. യുദ്ധഭീതി മാറ്റിവച്ച വിപണിയിൽ ടെക്നോളജി ഓഹരികളും കുതിച്ചു.

ഡൗ ജോൺസ് സൂചിക ബുധനാഴ്ച 431.63 പോയിൻ്റ് (1.03%) ഉയർന്ന് റെക്കോർഡ് ഉയരമായ 42,512.00 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 40.91 പോയിൻ്റ് (0.71%) നേട്ടത്തോടെ 5792.04 എന്ന റെക്കോർഡിൽ അവസാനിച്ചു. നാസ്ഡാക് സൂചിക 108.70 പോയിൻ്റ് (0.60%) കയറി 18,291.62 ൽ ക്ലോസ് ചെയ്തു.

യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു രാവിലെ ചെറിയ താഴ്ചയിലാണ്. ഡൗ 0.03 ഉം എസ് ആൻഡ് പി 0.07 ഉം നാസ്ഡാക് 0.12 ഉം ശതമാനം താഴ്ന്നു നിൽക്കുന്നു.

യുഎസ് 10 വർഷ കടപ്പത്രങ്ങളുടെ വില, 4.07 ശതമാനം നിക്ഷേപനേട്ടം കിട്ടുന്ന നിലയിലേക്കു താഴ്ന്നു.

ചെെന ഒഴികെയുള്ള ഏഷ്യൻ വിപണികൾ ഇന്നും കയറ്റത്തിലാണ്. ജാപ്പനീസ് വിപണിയിൽ നിക്കൈ 0.60 ശതമാനം ഉയർന്നു. ഉത്തേജക പാക്കേജുകളെ തുടർന്ന് 10 ദിവസം വലിയ കുതിപ്പ് നടത്തിയ ഷാങ് ഹായ് വിപണി ഇന്നലെ 7.05 ശതമാനം ഇടിഞ്ഞു. രണ്ടാഴ്ച കൊണ്ട് 30 ശതമാനം കയറിയ ഹോങ് കോങ് വിപണി ഇന്നലെ 1.7 ശതമാനം താഴ്ന്നു.

ഇന്ത്യൻ വിപണി 

ഇന്ത്യൻ വിപണി ബുധനാഴ്ച ഉത്സാഹത്തോടെ ആരംഭിച്ചിട്ടു പണനയത്തെ തുടർന്നു കൂടുതൽ കയറി. പക്ഷേ ആ നേട്ടം നിലനിർത്താനായില്ല. ചാഞ്ചാട്ടങ്ങൾക്കു ശേഷം വിപണിയിലെ മുഖ്യ സൂചികകൾ ചെറിയ നഷ്ടത്തിൽ അവസാനിച്ചു. എന്നാൽ മിഡ്, സ്മോൾ ക്യാപ് സൂചികകൾ മികച്ച നേട്ടം കുറിച്ചു.

റിയൽറ്റിയും ഫാർമയും ഹെൽത്ത് കെയറും ഓട്ടാേയും ഇന്നലെ നല്ല നേട്ടം ഉണ്ടാക്കി. എഫ്എംസിജി മേഖല വലിയ നഷ്ടത്തിലായി. ഐടിസി മൂന്നു ശതമാനവും ഹിന്ദുസ്ഥാൻ യൂണിലീവർ 1.45 ശതമാനവും ഇടിഞ്ഞു.

ബുധനാഴ്ച വിദേശ നിക്ഷേപകർ 4562.71 കോടി രൂപയുടെ അറ്റവിൽപന നടത്തി. ഈ മാസം ആറു ദിവസം കൊണ്ട് അവരുടെ വിൽപന 49,305.29 കോടി രൂപയായി. സ്വദേശിഫണ്ടുകളും സ്ഥാപനങ്ങളും കൂടി ഇന്നലെ 3508.61 കോടി രൂപയുടെ അറ്റവാങ്ങൽ നടത്തി.

ബുധനാഴ്ച എൻഎസ്ഇയിൽ 1910 ഓഹരികൾ ഉയർന്നപ്പോൾ 882 ഓഹരികൾ താണു. ബിഎസ്ഇയിൽ 2654 എണ്ണം കയറി, 1317 എണ്ണം താഴ്ന്നു.

ഇന്നലെ സെൻസെക്സ് 167.71 പാേയിൻ്റ് (0.21%) താഴ്ന്ന് 81,467.10 ൽ ക്ലാേസ് ചെയ്തു. നിഫ്റ്റി 31.20 പോയിൻ്റ് (0.12%) നഷ്ടത്തോടെ 24,981.95 ൽ അവസാനിച്ചു. ബാങ്ക് നിഫ്റ്റി വലിയ ചാഞ്ചാട്ടത്തിനു ശേഷം 14.00 പോയിൻ്റ് (0.03%) കുറഞ്ഞ് 51,007.00 ൽ ക്ലാേസ് ചെയ്തു.

മിഡ് ക്യാപ് സൂചിക 0.97 ശതമാനം കയറി 59,102.65 ലും സ്മോൾ ക്യാപ് സൂചിക 1.33% കുതിച്ച് 18,864.60 ലും വ്യാപാരം അവസാനിപ്പിച്ചു.

വിപണിയിൽ ബുള്ളുകൾ തിരിച്ചു വന്നെങ്കിലും വിൽപനസമ്മർദം കുറഞ്ഞിട്ടില്ല എന്ന് ഇന്നലത്തെ വ്യാപാരം തെളിയിച്ചു. 25,300- 25,350 മേഖല മറി കടന്നാലേ ബുൾ മുന്നേറ്റത്തിലേക്കു വിപണി മാറൂ. ഇന്നു നിഫ്റ്റിക്ക് 24,945 ലും 24,875 ലും പിന്തുണ ഉണ്ട്. 25,165 ഉം 25,235 ഉം തടസങ്ങളാകും.

പലിശ നിരക്കു കുറയ്ക്കും എന്നു സൂചിപ്പിച്ചു പണനയം

റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് നടത്തിയ പണനയ പ്രഖ്യാപനം അപ്രതീക്ഷിത കാര്യങ്ങൾ ഒന്നും ഉൾക്കൊണ്ടില്ല. റീപോ നിരക്ക് 6.5 ശതമാനം തുടരും. ബാങ്കുകൾ പലിശ നിരക്കിൽ മാറ്റം വരുത്തുകയില്ല എന്നർഥം. പണനയ സമീപനം നിഷ്പക്ഷം (ന്യൂട്രൽ) ആക്കിയതു താമസിയാതെ റീപോ നിരക്ക് കുറയ്ക്കാം എന്ന സൂചന നൽകുന്നു.

ഈ ധനകാര്യ വർഷത്തെ ജിഡിപി വളർച്ച നിഗമനം 7.2 ശതമാനത്തിൽ നിലനിർത്തി. ഒന്നാം പാദത്തിൽ 6.7 ശതമാനം ആയിരുന്നു വളർച്ച. സെപ്റ്റംബറിൽ അവസാനിച്ച രണ്ടാം പാദത്തിൽ ഏഴു ശതമാനം വളർച്ചയേ കേന്ദ്ര ബാങ്ക് പ്രതീക്ഷിക്കുന്നുള്ളു. നേരത്തേ 7.2% പ്രതീക്ഷിച്ചതാണ്. മൂന്നാം പാദ വളർച്ച നിഗമനം 7.3%-ൽ നിന്ന് 7.4% ആക്കി. നാലാം പാദത്തിലേത് 7.2%ൽ നിന്ന് 7.4 ശതമാനമാക്കി. അടുത്ത ധനകാര്യ വർഷം ഒന്നാം പാദത്തിൽ 7.3% ആകുമെന്നാണു പ്രതീക്ഷ.

വിലക്കയറ്റ പ്രതീക്ഷ 4.5 ശതമാനം നിലനിർത്തി. എന്നാൽ രണ്ടാം പാദ വിലക്കയറ്റ നിഗമനം 4.1 ശതമാനം നിലനിർത്തി. മൂന്നാം പാദത്തിലേത് 4.7 ൽ നിന്നു 4.8 ശതമാനമാക്കി. നാലാം പാദ വിലക്കയറ്റം 4.3 ൽ നിന്നു 4.2 ശതമാനമായി കുറയുമെന്നു കണക്കാക്കുന്നു.

സ്വർണം താഴ്ചയിൽ

സ്വർണം ഇന്നലെയും താഴ്ന്നു. ഔൺസിന് 2608.70 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 2610 ഡോളറിലേക്കു കയറി. പലിശ കുറയ്ക്കൽ സാവധാനമേ നടക്കൂ എന്ന് ഫെഡ് മിനിറ്റ്സ് വ്യക്തമാക്കിയതും ഡോളർ നിരക്ക് ഉയർന്നതുമാണു സ്വർണത്തെ താഴ്ത്തുന്നത്. ഒക്ടോബർ ഒന്നിന് 2660.49 ഡോളറിലായിരുന്ന സ്വർണം ഇന്ന് 1.95 ശതമാനം താഴ്ചയിലാണ്.

കേരളത്തിൽ സ്വർണവില ഇന്നലെ പവന് 560 രൂപ കുറഞ്ഞ് 56,240 രൂപയായി. ഇന്നും വില കുറയും.

വെള്ളിവില താഴ്ന്ന് ഔൺസിന് 30.45 ഡോളർ ആയി താഴ്ന്നു.

പലിശ കുറയ്ക്കൽ സാവകാശമേ നടക്കൂ എന്നതു ഡോളറിനെ ഉയർത്തി. ഡോളർ സൂചിക ബുധനാഴ്ച 102.93 ൽ ക്ലാേസ് ചെയ്തു. ഇന്നു രാവിലെ സൂചിക 102.89 ലേക്കു താഴ്ന്നു.

ഇന്ത്യൻ രൂപ ബുധനാഴ്ച ചെറിയ നേട്ടത്തിനു ശേഷം തലേ ദിവസത്തെ നിരക്കിൽ അവസാനിച്ചു. ഡോളർ 83.96 രൂപയിൽ ക്ലോസ് ചെയ്തു.

ക്രൂഡ് ഓയിൽ വില ഇന്നലെ അൽപം താണു. ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ 76.58 ഡോളറിൽ ക്ലോസ് ചെയ്തു. എന്നാൽ ഇന്നു രാവിലെ 77.02 ഡോളറിലായി. ഡബ്ല്യുടിഐ ഇനം 73.67 ഉം യുഎഇയുടെ മർബൻ ക്രൂഡ് 77.08 ഉം ഡോളറിലാണ്. യുഎസിലെ

ഫ്ലാേറിഡ മേഖലയിൽ മിൽട്ടൺ ചുഴലിക്കാറ്റ് വീശുന്നത് ആ മേഖലയിലെ എണ്ണ ഖനനത്തിനും റിഫൈനറികൾക്കും കുഴപ്പം ഉണ്ടാക്കുമെന്ന ഭീതിയിലാണു കയറ്റം.

ക്രിപ്റ്റാേ കറൻസികൾ താഴ്ന്നു. ഡോളർ കയറിയതും പലിശ കുറയ്ക്കൽ വൈകുന്നതുമാണ് കാരണം. ബിറ്റ്കോയിൻ 60,600 ഡോളറിനു താഴെയായി. ഈഥർ 2370 ഡോളറിനു താഴെ എത്തി.

ചൈനീസ് വളർച്ച കുറയുമെന്ന മുന്നറിയിപ്പിനെ തുടർന്ന് വ്യാവസായിക ലോഹങ്ങൾ ഇന്നലെയും ഇടിഞ്ഞു. ചെമ്പ് 0.68 ശതമാനം താഴ്ന്നു ടണ്ണിന് 9529.66 ഡോളറിൽ എത്തി. അലൂമിനിയം 1.1 ശതമാനം ഇടിഞ്ഞ് ടണ്ണിന് 2540.92 ഡോളർ ആയി. ലെഡ് 1.65 ഉം സിങ്ക് 2.66 ഉം നിക്കൽ 0.86 ഉം ടിൻ 1.73 ഉം ശതമാനം താഴ്ന്നു.

വിപണിസൂചനകൾ

(2024 ഒക്ടോബർ 09, ബുധൻ)

സെൻസെക്സ് 30 81,467.10 -0.21%

നിഫ്റ്റി50 24,981.95 -0.12%

ബാങ്ക് നിഫ്റ്റി 51,007.00 -0.03%

മിഡ് ക്യാപ് 100 59,102.65 +0.97%

സ്മോൾ ക്യാപ് 100 18,864.60 +1.33%

ഡൗ ജോൺസ് 30 42,512.00

+1.03%

എസ് ആൻഡ് പി 500 5792.04 +0.71%

നാസ്ഡാക് 18,291.62 +0.60%

ഡോളർ($) ₹83.96 ₹0.00

ഡോളർ സൂചിക 102.93 +0.38

സ്വർണം (ഔൺസ്) $2608.70 -$13.50

സ്വർണം (പവൻ) ₹56,240 -₹560

ക്രൂഡ് (ബ്രെൻ്റ്) ഓയിൽ $76.58 -$00.60

Tags:    

Similar News