വിലക്കയറ്റ കണക്കുകള്‍ നിര്‍ണായകം; വിപണിക്ക് ആവേശക്കുറവ്; ക്രൂഡ് ഓയിലും സ്വർണവും താഴോട്ട്; 81,000 കടന്ന് ബിറ്റ് കോയിൻ
കമ്പനി ഫലങ്ങളും നിർണായകമാകും; വിലക്കയറ്റം കുതിക്കുമെന്ന് ആശങ്ക
ചില്ലറ വിലക്കയറ്റ കണക്കുകൾ പുറത്തു വരുന്ന ഈയാഴ്ചയിലേക്ക് ആവേശത്തോടെയല്ല വിപണി പ്രവേശിക്കുന്നത്. വിദേശ നിക്ഷേപകർ വിൽപന തുടരുകയാണ്. ചൊവ്വാഴ്ച വരുന്ന ചില്ലറ വിലക്കയറ്റ കണക്ക് സമീപകാലത്തെ ഏറ്റവും കൂടിയ വിലക്കയറ്റ നിരക്കാകും കാണിക്കുക. അന്നു തന്നെ വരുന്ന വ്യവസായ ഉൽപാദന സൂചിക കാര്യമായ കയറ്റം കാണിക്കാനിടയില്ല. ബുധനാഴ്ച യുഎസ് വിലക്കയറ്റ കണക്ക് വരും. വ്യാഴാഴ്ച ഇന്ത്യയുടെ മൊത്തവിലക്കയറ്റ കണക്കും വിദേശവ്യാപാര കണക്കും വരുന്നുണ്ട്.
ബ്രിട്ടാനിയ, ഹിൻഡാൽകോ, ഒഎൻജിസി എന്നിവ ഇന്നു രണ്ടാം പാദ റിസൽട്ടുകൾ പുറത്തു വിടും. വിപണിക്ക് ക്ഷീണം പകരാവുന്ന റിസൽട്ടുകളാണു പ്രതീക്ഷിക്കാവുന്നത്.
കഴിഞ്ഞയാഴ്ച വരെ പുറത്തു വന്ന 1353 കമ്പനികളുടെ റിസൽട്ട് അപഗ്രഥിച്ചപ്പോൾ ലാഭം 0.6 ശതമാനം കുറഞ്ഞതായി കണ്ടു. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ 47.4 ശതമാനം ലാഭ വർധന കാണിച്ചവയാണ് ഈ കമ്പനികൾ. ഒന്നാം പാദത്തിൽ 1.6 ശതമാനം ലാഭവർധനയും ഉണ്ടായിരുന്നു. വിപണിയുടെ തിരുത്തൽ തുടരാം എന്നാണ് ഇതു സൂചിപ്പിക്കുന്നത്.
ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി വെള്ളിയാഴ്ച രാത്രി 24,117 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 24,130 ലേക്കു കയറി. ഇന്ത്യൻ വിപണി ഇന്നു നഷ്ടത്തിൽ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.
വിദേശ വിപണി
വെള്ളിയാഴ്ച യൂറോപ്യൻ വിപണികൾ താഴ്ന്നു ക്ലോസ് ചെയ്തു. ജർമനിയിൽ ചാൻസലർ ഒലാഫ് ഷോൾസ് സഖ്യകക്ഷി നേതാവായ ധനമന്ത്രിയെ പുറത്താക്കിയതോടെ മന്ത്രിസഭയ്ക്കു നിലനിൽപ് ബുദ്ധിമുട്ടായി. മാന്ദ്യത്തിൻ്റെ വക്കിൽ നിൽക്കുന്ന ജർമനി തെരഞ്ഞെടുപ്പിലേക്കു നീങ്ങുന്നു എന്നാണു വിലയിരുത്തൽ.
വെള്ളിയാഴ്ചയും യുഎസ് വിപണി ട്രംപ് വിജയത്തിലെ ആഘോഷം തുടർന്നു. ഡൗ ജോൺസ് സൂചിക ആദ്യമായി 44,000 നു മുകളിൽ കയറി. 44,157.29 എന്ന റെക്കോർഡ് കുറിച്ചു. എസ് ആൻഡ് പി 500 സൂചിക 6000 കടന്ന് 6012.25 എന്ന റെക്കോർഡും കുറിച്ചു. നാസ്ഡാക് 19,318.76 എന്ന റെക്കോർഡ് വരെ എത്തി.
കഴിഞ്ഞ ആഴ്ച ഡൗ 4.61 ഉം എസ് ആൻഡ് പി 4.66 ഉം നാസ്ഡാക് 5.74 ഉം ശതമാനം ഉയർന്നു. സ്മോൾ ക്യാപ് ഓഹരികളുടെ റസൽ 2000 സൂചിക 8.57 ശതമാനം കുതിച്ചു.
ട്രംപിൻ്റെ മിത്രമായ ഇലോൺ മസ്കിൻ്റെ ടെസ്‌ല ഓഹരി വെള്ളിയാഴ്ച എട്ടു ശതമാനം ഉയർന്നു. കമ്പനിയുടെ വിപണിമൂല്യം രണ്ടു വർഷത്തിനു ശേഷം വീണ്ടും ഒരു ലക്ഷം കോടി ഡോളർ കടന്നു. ലോകത്തിലെ ഏറ്റവും സമ്പന്നനായ മസ്കിൻ്റെ കമ്പനി കഴിഞ്ഞയാഴ്ച 30 ശതമാനം കയറി.
ഡൗ ജോൺസ് സൂചിക വെള്ളിയാഴ്ച 259.65 പോയിൻ്റ് (0.59%) കയറി 43,988.89 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 22.44 പോയിൻ്റ് (0.38%) ഉയർന്ന് 5995.54 ൽ അവസാനിച്ചു. നാസ്ഡാക് സൂചിക 17.32 പോയിൻ്റ് (0.09%) കയറ്റത്തോടെ 19,286.78 ൽ ക്ലോസ് ചെയ്തു.
യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു കയറ്റത്തിലാണ്. ഡൗ 0.10 ഉം എസ് ആൻഡ് പി 0.19 ഉം നാസ്ഡാക് 0.33 ഉം ശതമാനം ഉയർന്നു നിൽക്കുന്നു.
യുഎസ് 10 വർഷ കടപ്പത്രങ്ങളുടെ വില 4.306 ശതമാനം നിക്ഷേപനേട്ടം കിട്ടുന്ന നിലയിലേക്ക് കയറി.
ഏഷ്യൻ വിപണികൾ ഇന്നു താഴ്ചയിലാണ്. ജപ്പാനിലെ നിക്കെെ സൂചിക രാവിലെ 0.20 ശതമാനം ഉയർന്നിട്ടു നഷ്ടത്തിലേക്കു മാറി. ചൈനയിൽ വിലക്കയറ്റം വീണ്ടും കുറവായത് വിപണികളിൽ ആശങ്ക പരത്തുന്നു.
ഇന്ത്യൻ വിപണി
ഇന്ത്യൻ വിപണി തുടർച്ചയായ രണ്ടാം ദിവസവും താഴോട്ടു പോയി. രണ്ടാം പാദ റിസൽട്ടുകൾ പ്രതീക്ഷയിലും മോശമായി തുടരുന്നതും വിദേശ നിക്ഷേപകരുടെ നിരന്തരമായ വിൽപനയും കാരണമായി.
നവംബർ ഒന്നിനും എട്ടിനുമിടയിലെ ആറു വ്യാപാര ദിവസങ്ങൾ കൊണ്ടു വിദേശികൾ 19,994 കോടി രൂപയുടെ ഓഹരികൾ ക്യാഷ് വിപണിയിൽ വിറ്റു. ഐപിഒകളിൽ നിക്ഷേപിച്ചതു കിഴിച്ചാൽ 13,401 കോടിയുടെ അറ്റ വിൽപന. ഒക്ടോബറിലെ 1,13,859 കോടി രൂപയുടെ വിൽപനയ്ക്കു പിന്നാലെയാണിത്.
നിഫ്റ്റി 51.15 പോയിൻ്റ് (0.21%) കുറഞ്ഞ് 24,148.20 ൽ അവസാനിച്ചു. സെൻസെക്സ് 55.47 പോയിൻ്റ് (0.07%) നഷ്ടത്തോടെ 79,486.32 ൽ ക്ലോസ് ചെയ്തു. ബാങ്ക് നിഫ്റ്റി 0.68 ശതമാനം (355.30 പോയിൻ്റ്) താഴ്ന്ന് 51,561.20 ൽ അവസാനിച്ചു. മിഡ് ക്യാപ് സൂചിക 1.33 ശതമാനം ഇടിഞ്ഞ് 56,352.00 ലും സ്മോൾ ക്യാപ് സൂചിക 1.70 ശതമാനം താഴ്ന്ന് 18,445.60 ലും ക്ലോസ് ചെയ്തു.
ഐടി, എഫ്എംസിജി, ഹെൽത്ത് കെയർ, ഫാർമ, കൺസ്യൂമർ ഡ്യൂറബിൾസ് മേഖലകളാണ് വെള്ളിയാഴ്ച ഉയർന്നത്. റിയൽറ്റി, പി എസ് യു ബാങ്ക്, ഓയിൽ - ഗ്യാസ്, മെറ്റൽ, മീഡിയ, ധനകാര്യ മേഖലകൾ വിപണിയെ താഴ്ത്തി.
ഫെഡറൽ ബാങ്ക് ഓഹരി 207.93 രൂപ എന്ന റെക്കോർഡ് കുറിച്ചിട്ട് അൽപം താഴ്ന്നു ക്ലോസ് ചെയ്തു.
കിറ്റെക്സ് ഗാർമെൻ്റ്സ് ഓഹരി രണ്ടര ശതമാനം കയറി 635 രൂപയിൽ ക്ലോസ് ചെയ്തു.
കൊച്ചിൻ ഷിപ്പ് യാർഡ് അഞ്ചു ശതമാനം ഇടിഞ്ഞ് 1447.65 രൂപയിൽ അവസാനിച്ചു.
സ്വർണവിലയിലെ ചാഞ്ചാട്ടങ്ങളെ തുടർന്നു മുത്തൂറ്റ്, മണപ്പുറം ഓഹരികൾ താഴ്ന്നു.
വെള്ളിയാഴ്ച വിദേശ നിക്ഷേപകർ ക്യാഷ് വിപണിയിൽ 3404.04 കോടി രൂപയുടെ അറ്റ വിൽപന നടത്തി. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 1748.44 കോടി രൂപയുടെ ഓഹരികൾ വാങ്ങി.
വിപണിയിൽ തിരുത്തൽ തുടരുകയാണ്. നിഫ്റ്റിയുടെ പിന്തുണ നില 24,000- 23,800 ആണ്. അതു നിലനിർത്തിയില്ലെങ്കിൽ 23,500 ലാകും പിന്തുണ. നിഫ്റ്റിക്ക് ഇന്ന് 24,085 ഉം 24,035 ഉം പിന്തുണ നൽകാം. 24, 25 ഉം 24,295 ഉം തടസങ്ങളാകും.
സ്വർണം താഴ്ന്നു തന്നെ
ട്രംപിൻ്റെ വിജയത്തെ തുടർന്നു തുടക്കത്തിൽ ഇടിഞ്ഞ സ്വർണം വ്യാഴാഴ്ച തിരിച്ചു കയറിയെങ്കിലും വെള്ളിയാഴ്ച വീണ്ടും താഴ്ന്നാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഡോളർ വീണ്ടും കുതിച്ചു കയറിയതാണു സ്വർണത്തെ താഴ്ത്തിയത്. യുഎസ് ഫെഡ് പലിശ കാൽ ശതമാനം കുറച്ചെങ്കിലും ഡോളറിൻ്റെ കയറ്റം തുടർന്നു.
വെള്ളിയാഴ്ച സ്വർണം ഔൺസിന് 22.40 ഡോളർ താഴ്ന്ന് 2684.70 ഡോളറിൽ ക്ലാേസ് ചെയ്തു. ഇന്നു രാവിലെ വില വീണ്ടും താഴ്ന്ന് 2677 ഡോളറിലായി.
കേരളത്തിൽ സ്വർണവില വെള്ളിയാഴ്ച പവന് 680 രൂപ കൂടി 58,280 രൂപയായി. ശനിയാഴ്ച വില 80 രൂപ കുറഞ്ഞ് 58,200 രൂപയിൽ നിൽക്കുന്നു.
വെള്ളി വില കുറഞ്ഞ് ഔൺസിന് 31.31 ഡോളറിൽ എത്തി.
കറൻസി വിപണികൾ വീണ്ടും കോളിളക്കത്തിലാണ്. ഡോളർ സൂചിക വെള്ളിയാഴ്ച 0.55 ശതമാനം കയറി105.00 ൽ ക്ലാേസ് ചെയ്തു. ഇന്നു രാവിലെ സൂചിക 104.96 ലാണ്.
ഡോളർ കയറ്റം തുടർന്നപ്പോൾ രൂപ ദുർബല നിലയിൽ തുടർന്നു. ഡോളർ ഒരു പൈസ കയറി 84.38 രൂപ എന്ന റെക്കോർഡിൽ ക്ലോസ് ചെയ്തു.
ക്രൂഡ് ഓയിൽ വില താഴ്ന്നാണു വാരാന്ത്യത്തിലേക്കു കടന്നത്. പശ്ചിമേഷ്യൻ സംഘർഷം ശാന്തമാകും എന്ന വിലയിരുത്തലാണു കാരണം. ചെെനീസ് ഡിമാൻഡ് ഉയരുന്നുമില്ല. ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ രണ്ടു ശതമാനം താഴ്ന്ന് 73.87 ഡോളറിൽ ക്ലാേസ് ചെയ്തു. ഇന്നു രാവിലെ 73.59 ഡോളറിലേക്കു താണു. ഡബ്ല്യുടിഐ ഇനം 70.01 ഉം യുഎഇയുടെ മർബൻ ക്രൂഡ് 72.92 ഉം ഡോളറിൽ നിൽക്കുന്നു.
ട്രംപ് വിജയിച്ചതോടെ കുതിച്ചു കയറിയ ക്രിപ്റ്റാേ കറൻസികൾ വാരാന്ത്യത്തിൽ ആറു ശതമാനം കൂടി ഉയർന്നു. ബിറ്റ്കോയിൻ 80,000 ഡോളർ കടന്നു. 81,067.48 ഡോളർ എന്ന റെക്കോർഡ് കുറിച്ചു. പിന്നീട് താഴ്ന്ന് 80,800 നടുത്തായി. ബിറ്റ്കോയിൻ വില ഈ മാസം 90,000 കടക്കും എന്ന ഊഹത്തിലുളള ഡെറിവേറ്റീവ് പൊസിഷനുകളിൽ 280 കോടി ഡോളർ ഓപ്പൺ ഇൻ്ററസ്റ്റ് ബെറ്റുകളാണു വാരാന്ത്യത്തിൽ ഉണ്ടായിരുന്നത്. ട്രംപ് ഭരണത്തിൻ്റെ ആരംഭ കാലത്തു ബിറ്റ്കോയിൻ രണ്ടു ലക്ഷം ഡോളർ കടക്കും എന്നാണു പ്രവചനങ്ങൾ. ഈഥർ 3250 ഡോളറിലെത്തിയിട്ട് അൽപം താഴ്ന്നു.
വെള്ളിയാഴ്ച ഡോളർ വീണ്ടും കയറിയതിനെ തുടർന്ന് വ്യാവസായിക ലോഹങ്ങൾ ഇടിവിലായി. ചെമ്പ് 2.36 ശതമാനം വീണു ടണ്ണിന് 9302.45 ഡോളറിൽ എത്തി. അലൂമിനിയം 2.75 ശതമാനം താഴ്ന്നു ടണ്ണിന് 2620.25 ഡോളർ ആയി. ടിൻ 0.19 ഉം ലെഡ് 0.32 ഉം നിക്കൽ 0.94 ഉം സിങ്ക് 3.15 ഉം ശതമാനം കാഴ്ചയിലായി.
വിപണിസൂചനകൾ
(2024 നവംബർ 08, വെള്ളി)
സെൻസെക്സ് 30 79,486.32 -0.07%
നിഫ്റ്റി50 24,148.20 -0.21%
ബാങ്ക് നിഫ്റ്റി 51,561.20 -0.68%
മിഡ് ക്യാപ് 100 56,352.00 -1.33%
സ്മോൾ ക്യാപ് 100 18,445.60 -1.70%
ഡൗ ജോൺസ് 43,988.99 +0.59%
എസ് ആൻഡ് പി 5995.54 +0.38%
നാസ്ഡാക് 19,286.78 +0.09%
ഡോളർ($) ₹84.38 +₹0.01
ഡോളർ സൂചിക 105.00 +0.49
സ്വർണം (ഔൺസ്) $2684.70 -$22.40
സ്വർണം (പവൻ) ₹58,280 +₹680
(ശനി) ₹58,200 -₹80
ക്രൂഡ് (ബ്രെൻ്റ്) ഓയിൽ $73.87 -$01.68