അനിശ്ചിതത്വം മാറുന്നില്ല; ശ്രദ്ധ വിലക്കയറ്റത്തിൽ; ടെക് കുതിപ്പിൽ നാസ്ഡാക് 20,000 കടന്നു; ഏഷ്യ മുന്നേറ്റത്തിൽ
ചില്ലറ വിലക്കറ്റ കണക്ക് ഇന്ന് വൈകീട്ട്; കയറ്റം തുടർന്ന് സ്വർണം
ഇന്ത്യൻ വിപണി അനിശ്ചിതത്വം കൈവിട്ടിട്ടില്ല. ഇന്നു വൈകുന്നേരം വരുന്ന ചില്ലറവിലക്കയറ്റ കണക്ക് ആശ്വാസം പകരുമോ എന്നാണ് വിപണി ഉറ്റുനോക്കുന്നത്. വിലക്കയറ്റം 5.5 ശതമാനത്തിനടുത്തു വരുകയാണെങ്കിൽ പോലും അടുത്ത മാസങ്ങളിലൊന്നും പലിശ കുറയുന്നതിനു സാധ്യത ഇല്ലെന്നു പലരും കരുതുന്നു. പുതിയ റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര ഇന്നലെ തൻ്റെ സമീപനത്തെപ്പറ്റി ഒരു സൂചനയും നൽകിയില്ല.
ടെക്നോളജി ഓഹരികൾ ഇന്നലെ യുഎസ് വിപണിയെ ഉയർത്തി. ഇന്ന് ഏഷ്യൻ വിപണികളും ഉയരുന്നുണ്ട്. ഇതെല്ലാം ഇന്ത്യൻ വിപണിയെ ഉത്സാഹിപ്പിക്കും എന്നാണു ബുള്ളുകളുടെ പ്രതീക്ഷ.
ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി ബുധനാഴ്ച രാത്രി 24,750 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ മാറ്റമില്ലാതെ നിൽക്കുന്നു. ഇന്ത്യൻ വിപണി ഇന്നും ചെറിയ നേട്ടത്തിൽ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.
വിദേശ വിപണി
ടെക്നോളജി ഓഹരികളുടെ കുതിപ്പിൽ യുഎസ് വിപണി ബുധനാഴ്ച കുതിച്ചു. ഡൗ ജോൺസ് സൂചിക അൽപം താഴ്ന്നപ്പോൾ എസ് ആൻഡ് പിയും നാസ്ഡാകും മികച്ച നേട്ടം ഉണ്ടാക്കി. നാസ്ഡാക് ആദ്യമായി 20,000 നു മുകളിൽ ക്ലോസ് ചെയ്തു. ആൽഫബെറ്റ്, ടെസ്‌ല, ആമസോൺ, മെറ്റ എന്നിവ ഇന്നലെ റെക്കോർഡ് ഉയരത്തിൽ ക്ലോസ് ചെയ്തു. ക്വാണ്ടം ചിപ്പ് ആൽഫബെറ്റിനു വലിയ മുന്നേറ്റം നൽകുമെന്നു വിപണി കരുതുന്നു. ടെസ്‌ലയും സ്പേസ് എക്സും കുതിച്ചതോടെ ഇലോൺ മസ്കിൻ്റെ സമ്പത്ത് 40,000 കോടി ഡോളർ കടന്നു.
നവംബറിലെ യുഎസ് ചില്ലറവിലക്കയറ്റ കണക്ക് പ്രതീക്ഷ പോലെ വന്നു. 2.7 ശതമാനം കയറ്റം. ഭക്ഷ്യ, ഇന്ധന വിലകൾ ഒഴിവാക്കിയുളള കാതൽ വിലക്കയറ്റം 3.3 ശതമാനം. അടുത്ത ബുധനാഴ്ച പലിശ കുറയ്ക്കുന്നതിനു തടസമാകാവുന്ന ഒന്നും ഇതിൽ ഇല്ലെന്നാണു വിപണിയുടെ വിലയിരുത്തൽ.
ഇന്നലെ ഡൗ ജോൺസ് സൂചിക 99.27 പോയിൻ്റ് (0.22%) താഴ്ന്ന് 44,148.56 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 49.28 പോയിൻ്റ് (0.82%) നേട്ടത്തോടെ 6084.19 ൽ അവസാനിച്ചു. നാസ്ഡാക് സൂചിക 347.65 പോയിൻ്റ് (1.77%) കുതിച്ച് 20,034.89 ൽ ക്ലോസ് ചെയ്തു.
യുഎസ് ഫ്യൂച്ചേഴ്സ് താഴ്ന്നു. ഡൗ 0.11 ഉം എസ് ആൻഡ് പി 0.10 ഉം നാസ്ഡാക് 0.15 ഉം ശതമാനം താഴ്ന്നു നിൽക്കുന്നു.
നിക്ഷേപനേട്ടം 4.27 ശതമാനം കിട്ടുന്ന നിലയിലേക്ക് യുഎസ് 10 വർഷ കടപ്പത്രങ്ങളുടെ വില വീണ്ടും കുറഞ്ഞു.
യൂറോപ്യൻ സൂചികകൾ തുടർച്ചയായ ഇന്നലെ ഉയർന്നു. യുഎസ് വിലക്കയറ്റ കണക്ക് യൂറോപ്പിനെയും തുണച്ചു.
ഏഷ്യൻ വിപണികൾ ഇന്നു നല്ല നേട്ടത്തിലാണ്. ജപ്പാനിൽ നിക്കൈ 1.7 ശതമാനം കുതിച്ചു.. ദക്ഷിണ കൊറിയയിൽ സൂചിക ഒരു ശതമാനം ഉയർന്നു.
ഇന്ത്യൻ വിപണി വീണ്ടും കയറിയിറങ്ങി
ബുധനാഴ്ചയും ഇന്ത്യൻ വിപണി നാമമാത്ര മാറ്റത്തോടെ വ്യാപാരം അവസാനിപ്പിച്ചു. തലേ വ്യാപാര ദിവസങ്ങൾ പോലെ മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ കൂടുതൽ നേട്ടം കുറിച്ചു. സെൻസെക്സ് 81,383 നും 81,742 നുമിടയിൽ കയറിയിറങ്ങി. നിഫ്റ്റി 24,583 മുതൽ 24,691 വരെ ചാഞ്ചാടി.
നിഫ്റ്റി ഇന്നലെ 31.75 പോയിൻ്റ് (0.13%) ഉയർന്ന് 24,641.80 ൽ അവസാനിച്ചു. സെൻസെക്സ് 16.09 പോയിൻ്റ് (0.02%) നേട്ടത്തോടെ 81,526.14 ൽ ക്ലോസ് ചെയ്തു. ബാങ്ക് നിഫ്റ്റി 0.35 ശതമാനം (186.35 പോയിൻ്റ്) താഴ്ന്ന് 53,391.35 ൽ അവസാനിച്ചു. മിഡ് ക്യാപ് സൂചിക 0.27 ശതമാനം കയറി 59,292.95 ലും സ്മോൾ ക്യാപ് സൂചിക 0.38 ശതമാനം ഉയർന്ന് 19,657.35 ലും ക്ലോസ് ചെയ്തു
വിദേശ നിക്ഷേപകർ ബുധനാഴ്ച വിൽപനക്കാരായി. അവർ ക്യാഷ് വിപണിയിൽ 1012.24 കോടി രൂപയുടെ അറ്റ വിൽപന നടത്തി. സ്വദേശി ഫണ്ടുകളും ധനകാര്യ സ്ഥാപനങ്ങളും കൂടി 2007.85 കോടി രൂപയുടെ അറ്റ വാങ്ങലും നടത്തി.
വിശാലവിപണിയിലെ കയറ്റ - ഇറക്ക അനുപാതം എൻഎസ്ഇയിൽ കയറ്റത്തിന് അനുകൂലമായി തുടരുന്നു. ബിഎസ്ഇയിൽ 2084 ഓഹരികൾ ഉയർന്നപ്പോൾ 1902 ഓഹരികൾ താഴ്ന്നു. എൻഎസ്ഇയിൽ 1510 എണ്ണം ഉയർന്നു, താഴ്ന്നത് 1309 എണ്ണം.
ബാങ്കുകളും മീഡിയയും ഇന്നലെ താഴ്ന്നു. എഫ്എംസിജി, കൺസ്യൂമർ ഡ്യൂറബിൾസ്, ഹെൽത്ത് കെയർ, വാഹന, ഐടി മേഖലകൾ ഉയർന്നു.
നിഫ്റ്റിക്കു നാലാം ദിവസവും 24,700 ലെ പ്രതിരോധം കടക്കാൻ പറ്റിയിട്ടില്ല. 24,500ലെ പിന്തുണയ്ക്കു മാറ്റമില്ല. നിഫ്റ്റിക്ക് ഇന്ന് 24,600 ലും 24,570 ലും പിന്തുണ കിട്ടാം. 24,680 ഉം 24,710 ഉം തടസങ്ങൾ ആകാം.
കമ്പനികൾ, വാർത്തകൾ
നുവാമ വെൽത്ത് മാനേജ്മെൻ്റിലെ 7.1 ശതമാനം ഓഹരി എഡൽ ഫിനാൻസും ഇക്യാപ് ഇക്വിറ്റീസും ബ്ലോക്ക് ഡീലിൽ വിൽക്കും. 6800 രൂപയാണു തറവില. 1734 കോടി രൂപയുടേതാകും ഇടപാട്.
ഗ്ലാൻഡ് ഫാർമയുടെ ഫൈറ്റോനാഡിയോൺ ഇൻജെക്ഷന് യുഎസ് എഫ്ഡിഎയുടെ അംഗീകാരം ലഭിച്ചു.
എൻഎച്ച്പിസിയുടെ 250 മെഗാവാട്ടിൻ്റെ റിന്യൂവബിൾ എനർജി പ്രോജക്ട് അക്മെ സോളർ ഹോൾഡിംഗ്സിനു ലഭിച്ചു.
റിലയൻസ് പവറിൻ്റെ ഉപകമ്പനി റിലയൻസ് ന്യൂ സൺടെക്കിന് സോളർ എനർജി കോർപറേഷനിൽ നിന്ന് 930 മെഗാവാട്ട് സോളർ പ്രോജക്ടിനും ബാറ്ററി സ്റ്റാേറേജ് സിസ്റ്റത്തിനും കോൺട്രാക്ട് ലഭിച്ചു.
ഇന്ത്യൻ ഓവർസീസ് ബാങ്കിന് 2013-14 അസസ്മെൻ്റ് വർഷത്തെ നികുതിയിൽ 808 കോടി രൂപ റീഫണ്ടായി ആദായ നികുതി വകുപ്പ് നൽകും.
പിസി ജ്വല്ലർ 5.17 കോടി ഓഹരികൾ 292 രൂപ വീതം വിലയ്ക്ക് കമ്പനിയുടെ വായ്പാ ദാതാക്കൾക്കു നൽകും.
ശ്രീറാം ഫിനാൻസ്, ശ്രീറാം ഹൗസിംഗ് ഫിനാൻസിലെ 84.44 ശതമാനം ഓഹരി 3929 കോടി രൂപയ്ക്ക് വാർബർഗ് പിൻകസിന് വിറ്റു.
കയറ്റം തുടർന്ന് സ്വർണം
സ്വർണവില കുതിപ്പ് തുടരുകയാണ്. ഇന്നലെ വ്യാപാരത്തിനിടെ ഔൺസിന് 2729.50 ഡോളർ എത്തിയിട്ടു താഴ്ന്ന് 2717.50 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 2714 ഡോളറിലേക്കു താഴ്ന്നു. ഫെബ്രുവരി അവധിവില 2756.70 ഡോളർ ആയി.
ഇന്നലെ വന്ന യുഎസ് ചില്ലറ വിലക്കയറ്റ കണക്ക് അടുത്തയാഴ്ച കാൽ ശതമാനം പലിശ കുറയ്ക്കാൻ ഫെഡറൽ റിസർവിനെ സഹായിക്കുന്നതാണെന്ന വ്യാഖ്യാനമാണ് വിപണിക്കുള്ളത്.
കേരളത്തിൽ ബുധനാഴ്ച സ്വർണവില പവന് 640 രൂപ കൂടി 58,280 രൂപയിൽ എത്തി. ഇന്നും വില ഗണ്യമായി കൂടും.
വെള്ളിവില ഔൺസിന് 31.85 ഡോളറിലേക്ക് താഴ്ന്നു.
രൂപയ്ക്ക് ആശ്വാസം
കറൻസി വിപണിയിൽ ഡോളർ ഇന്നലെയും കയറി. ഡോളർ സൂചിക 0.28 ശതമാനം കൂടി 106.71 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 106.58 ലേക്കു താഴ്ന്നു.
രൂപ ബുധനാഴ്ച അൽപം ശക്തിപ്പെട്ടു. ഡോളർ രണ്ടു പൈസ നഷ്ടത്തിൽ 84.83 രൂപയിൽ ക്ലാേസ് ചെയ്തു. നോൺ ഡെലിവറേബിൾ ഫോർവേഡ് (എൻഡിഎഫ്) വ്യാപാരത്തിൽ ഡോളർ 84.98 രൂപയായി.
ക്രൂഡ് ഓയിൽ വില വീണ്ടും കയറ്റത്തിലായി. റഷ്യൻ കയറ്റുമതി കുറയ്ക്കാൻ തക്ക വിധം ഉപരോധം ശക്തിപ്പെടുത്താൻ യൂറോപ്യൻ യൂണിയൻ തീരുമാനിച്ചതാണു കാരണം. ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ 73.64 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 73.58 ഡോളറിലേക്ക് താണു. ഡബ്ല്യുടിഐ ഇനം 70.32 ഉം യുഎഇയുടെ മർബൻ ക്രൂഡ് 73.28 ഉം ഡോളറിൽ നിൽക്കുന്നു.
ക്രിപ്റ്റോകൾ കുതിച്ചു
ലാഭമെടുക്കലിനുള്ള വിൽപന സമ്മർദം കുറഞ്ഞതോടെ ക്രിപ്റ്റോ കറൻസികൾ കുതിച്ചു കയറി. അഞ്ചു മുതൽ 10 വരെ ശതമാനം നേട്ടത്തിലാണു പലതും. ബിറ്റ് കോയിൻ വില 1,01,969 ഡോളർ വരെ എത്തിയിട്ട് അൽപം താഴ്ന്നു. ഈഥർ വില 3850 ഡോളറിൽ എത്തി.
വ്യാവസായിക ലോഹങ്ങൾ ഭിന്നദിശകളിലാണ്. ചെമ്പ് 0.27 ശതമാനം താഴ്ന്നു ടണ്ണിന് 9076.75 ഡോളറിൽ എത്തി. അലൂമിനിയം 0.01 ശതമാനം ഉയർന്നു ടണ്ണിന് 2609.25 ഡോളർ ആയി. സിങ്ക് 0.33 ഉം ലെഡ് 0.12 ഉം ശതമാനം താഴ്ന്നു. നിക്കൽ 0.63 ഉം ടിൻ 0.12 ഉം ശതമാനം ഉയർന്നു.
വിപണിസൂചനകൾ
(2024 ഡിസംബർ 11, ബുധൻ)
സെൻസെക്സ് 30 81,526.14 +0.02%
നിഫ്റ്റി50 24,641.80 +0.13%
ബാങ്ക് നിഫ്റ്റി 53,391.35 -0.35%
മിഡ് ക്യാപ് 100 59,292.95 +0.27%
സ്മോൾ ക്യാപ് 100 19,657.35 +0.38%
ഡൗ ജോൺസ് 44,148.56 -0.22%
എസ് ആൻഡ് പി 6084.19 +0.82%
നാസ്ഡാക് 20,034.89 +1.77%
ഡോളർ($) ₹84.83 -₹0.02
ഡോളർ സൂചിക 106.71 +0.31
സ്വർണം (ഔൺസ്) $2717.50 +$23.70
സ്വർണം(പവൻ) ₹58,280 +₹640
ക്രൂഡ് (ബ്രെൻ്റ്) ഓയിൽ $73.64 +$01.53