വിലസൂചികയില്‍ തട്ടി വിപണിക്ക് നഷ്ടക്കച്ചവടം, ധനലക്ഷ്മി ബാങ്കിനും സ്‌കൂബിഡേക്കും കുതിപ്പ്

ഫെഡ് നിരക്ക് കുറക്കുമെന്ന പ്രതീക്ഷയില്‍ ഐ.ടി ഓഹരികള്‍ക്ക് മുന്നേറ്റം

Update:2024-12-12 18:23 IST
പുറത്തുവരാനിരിക്കുന്ന ഉപഭോക്തൃ വില സൂചിക (Consumer Price Index)യില്‍ നിക്ഷേപകര്‍ മുന്‍കരുതലെടുത്തതോടെ ഓഹരി വിപണിയില്‍ നഷ്ടക്കച്ചവടം. അമേരിക്കന്‍ ഫെഡ് നിരക്കുകള്‍ കുറക്കുമെന്ന പ്രതീക്ഷയില്‍ ഐ.ടി കമ്പനികളുടെ ഓഹരികള്‍ മാത്രമാണ് പിടിച്ചുനിന്നത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, സ്വകാര്യ ബാങ്കുകളായ ഐ.സി.ഐ.സി.ഐ ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക്, കോട്ടക് മഹീന്ദ്ര ബാങ്ക് എന്നീ ഓഹരികളുടെ മോശം പ്രകടനവും വിപണിയെ ചുവപ്പിലെത്തിച്ചു. 0.38 ശതമാനം ഇടിഞ്ഞ് 24,548.70 പോയിന്റിലാണ് ഇന്ന് നിഫ്റ്റിയിലെ വ്യാപാരം അവസാനിപ്പിച്ചത്. സെന്‍സക്‌സ് 0.29 ശതമാനം ഇടിഞ്ഞ് 81,289 പോയിന്റെന്ന നിലയിലും കച്ചവടം നിറുത്തി. നിഫ്റ്റി മിഡ്ക്യാപ് 0.46 ശതമാനവും നിഫ്റ്റി സ്‌മോള്‍ക്യാപ് ഏതാണ്ട് ഒരു ശതമാനവും നഷ്ടത്തിലായി.

വിജയക്കുതിപ്പ് തുടര്‍ന്ന് ഐ.ടി ഓഹരികള്‍

അടുത്ത ആഴ്ച യു.എസ് ഫെഡറല്‍ റിസര്‍വ് നിരക്കുകള്‍ കുറച്ചേക്കുമെന്ന പ്രതീക്ഷയില്‍ തുടര്‍ച്ചയായ നാലാം ദിവസവും ഇന്ത്യന്‍ ഐ.ടി ഓഹരികള്‍ നേട്ടത്തിലേക്ക് കുതിച്ചു.

 

ഇന്‍ട്രാഡേയില്‍ ഐ.ടി സ്‌റ്റോക്കുകള്‍ ഇതാദ്യമായി 46,000 പോയിന്റെന്ന കടമ്പ കടന്നു. 45,701 പോയിന്റെന്ന നിലയിലാണ് വ്യാപാരാന്ത്യം ഐ.ടി സെക്ടറുള്ളത്. യു.എസ് ഫെഡ് നിരക്കുകള്‍ 25 ബേസിസ് പോയിന്റ് കുറക്കുമെന്നാണ് അനുമാനം. വിശാല വിപണിയിലേക്ക് വന്നാല്‍ ഐ.ടിയും മെറ്റലും ഒഴികെയുള്ളവയെല്ലാം ഇന്ന് നഷ്ടത്തിലായി. 2.29 ശതമാനം നഷ്ടവുമായി നിഫ്റ്റി മീഡിയയാണ് നഷ്ടക്കച്ചവടത്തില്‍ മുന്നില്‍ നിന്നത്. എഫ്.എം.സി.ജി, പി.എസ്.ഇ, സി.പി.എസ്.ഇ, പി.എസ്.യു ബാങ്ക്, എനര്‍ജി, ഇന്‍ഫ്രാ, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് എന്നിവ 0.50 ശതമാനത്തോളം ഇടിഞ്ഞു.

ലാഭക്കണക്കും നഷ്ടക്കണക്കും

ഇന്ന് നിഫ്റ്റിയില്‍ വ്യാപാരത്തിനെത്തിയ 50 ഓഹരികളില്‍ 34 എണ്ണവും ചുവപ്പിലെത്തി. 10,000 കോടി രൂപക്ക് കൊക്കക്കോളയുടെ 40 ശതമാനം ഓഹരികള്‍ വാങ്ങുമെന്ന് അറിയിച്ച ജൂബിലന്റ് ഭാരതി ഗ്രൂപ്പാണ് ഇന്നത്തെ നഷ്ടക്കണക്കില്‍ മുന്നിലുള്ളത്.

 

5.20 ശതമാനം ഇടിഞ്ഞ ഓഹരികള്‍ 671 രൂപയെന്ന നിലയിലെത്തി. മൊബൈല്‍ ടവറുകള്‍ നിര്‍മിച്ചു നല്‍കുന്ന ഇന്‍ഡസ് ടവേഴ്‌സ് കമ്പനിയുടെ ഓഹരിയും ഇന്ന് കുത്തനെയിടിഞ്ഞു. 4.49 ശതമാനം നഷ്ടം നേരിട്ട കമ്പനിയുടെ ഓഹരിവില 343.45 രൂപയായി. 52 ആഴ്ചത്തെ ഉയര്‍ന്ന നിലയിലെത്തിയ ശേഷം മള്‍ട്ടി ബാഗര്‍ ഡിഫന്‍സ് ഓഹരിയായ ഭാരത് ഹെവി ഇലക്ട്രിക്കല്‍സും ഇന്ന് നഷ്ടക്കണക്കില്‍ ഇടം നേടി. വ്യാപാരാന്ത്യം 3.72 ശതമാനം ഇടിഞ്ഞ് 244.25 രൂപയെന്ന നിലയിലാണ് ഓഹരികള്‍. കണ്ടെയ്‌നര്‍ കോര്‍പറേഷന്‍ ഓഫ് ഇന്ത്യ, ബയോകോണ്‍ എന്നീ കമ്പനികളും ഇന്ന് നഷ്ടത്തിന്റെ പട്ടികയിലാണ്.
രാവിലെ പതിഞ്ഞ താളത്തില്‍ തുടങ്ങിയ അദാനി ഗ്രീന്‍ എനര്‍ജി, അദാനി പവര്‍, അദാനി എനര്‍ജി സൊല്യൂഷന്‍സ് എന്നിവര്‍ അവസാന ബെല്ലടിച്ചപ്പോള്‍ നേട്ടത്തിലായി.

 

അദാനി ഗ്രീന്‍ എനര്‍ജി 6.38 ശതമാനവും അദാനി പവര്‍ 3.52 ശതമാനവും അദാനി എനര്‍ജി സൊല്യൂഷന്‍സ് 3.42 ശതമാനവും കുതിച്ചു. ബ്രോക്കറേജ് സ്ഥാപനമായ മോത്തിലാല്‍ ഓസ്‌വാള്‍ 'ബൈ' റേറ്റിംഗ് നല്‍കിയതിനെ തുടര്‍ന്ന് മാക്‌സ് ഹെല്‍ത്ത് കെയര്‍ ഓഹരികളും ഇന്ന് നേട്ടത്തിലായി. 3.36 ശതമാനം കയറിയ ഓഹരി വില 1,170.25 രൂപയിലെത്തി. ബ്രോക്കറേജ് സ്ഥാപനങ്ങള്‍ മികച്ച പ്രകടനം പ്രവചിച്ചതോടെ ഇന്ന് മുത്തൂറ്റ് ഫിനാന്‍സ് ഓഹരികളും നേട്ടത്തിലായി.

കേരള കമ്പനികള്‍

ധനലക്ഷ്മി ബാങ്ക്, പ്രൈമ ഇന്‍ഡസ്ട്രീസ്, സ്‌കൂബി ഡേ എന്നീ കമ്പനികളുടെ ഓഹരികള്‍ ഇന്ന് അഞ്ച് ശതമാനത്തിന് മുകളില്‍ നേട്ടമുണ്ടാക്കി. കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഇന്ന് 0.75 ശതമാനം നേട്ടത്തിലാണ്. ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസ്, ജി.ടി.എന്‍ ടെക്‌സ്റ്റൈല്‍സ്, ഹാരിസണ്‍ മലയാളം, കേരള ആയുര്‍വേദ, മണപ്പുറം ഫിനാന്‍സ്, പോപ്പീസ് കെയര്‍, വെസ്റ്റേണ്‍ ഇന്ത്യ പ്ലൈവുഡ്‌സ്, യൂണിറോയല്‍ മറൈന്‍ എക്‌സ്‌പോര്‍ട്ടേഴ്‌സ്, വെര്‍ടെക്‌സ് സെക്യുരിറ്റീസ് എന്നിവരും ഇന്ന് ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

 

അതേസമയം, വണ്ടര്‍ലാ ഹോളിഡേഴ്‌സ്, വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ്, ടോളിന്‍സ് ടയേഴ്സ്, സൗത്ത് ഇന്ത്യ ബാങ്ക്, സഫ സിസ്റ്റംസ് ആന്‍ഡ് ടെക്‌നോളജീസ്, പ്രൈമ അഗ്രോ, പോപ്പുലര്‍ വെഹിക്കിള്‍സ് ആന്‍ഡ് സര്‍വീസ്, മുത്തൂറ്റ് മൈക്രോഫിന്‍, മുത്തൂറ്റ് മൈക്രോഫിന്‍, കല്യാണ്‍ ജുവലേഴ്‌സ്, സി.എസ്.ബി ബാങ്ക് തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ ഇന്ന് നഷ്ടത്തിലാണ് വ്യാപാരം നിറുത്തിയത്.
Tags:    

Similar News