വിപണിയിൽ ചാഞ്ചാട്ടം, അദാനി ഗ്രൂപ്പ് ഓഹരികള്‍ നഷ്ടത്തില്‍, റിലയൻസ് പവർ നേട്ടത്തില്‍; രൂപ ദുർബലം
ഐ.ടി ഓഹരികള്‍ക്ക് മുന്നേറ്റം, ഐ.ടി സൂചിക 1.3 ശതമാനം ഉയർന്നു
താഴ്ന്നു വ്യാപാരം തുടങ്ങിയ വിപണി ചാഞ്ചാട്ടം തുടരുന്നു. മുഖ്യസൂചികകൾ കൂടുതൽ സമയം നേട്ടത്തിൽ ആയിരുന്നെങ്കിലും നല്ല മുന്നേറ്റത്തിനുള്ള കരുത്ത് കാണിച്ചില്ല. കഴിഞ്ഞ ദിവസങ്ങളിൽ നിന്നു വ്യത്യസ്തമായി ഉയരുന്ന ഓഹരികളേക്കാൾ കൂടുതൽ താഴുന്നവയായി.
അദാനി ഗ്രൂപ്പ് കമ്പനികൾ ഇന്നു താഴ്ചയിലാണ്.
യുഎസിൽ ടെക്നോളജി ഓഹരികൾ കുതിച്ചതിൻ്റെ ചുവടുപിടിച്ച് ഐടി കമ്പനികൾ ഇന്നു രാവിലെ മുന്നേറി. ഐടി സൂചിക 1.3 ശതമാനം ഉയർന്നു.
ബൾക്ക് ഇടപാടിൽ മൂന്നു ശതമാനം ഓഹരി കൈമാറ്റം നടന്നതിനെ തുടർന്ന് ന്യൂലാൻഡ് ലാബ്സ് ആറു ശതമാനം ഇടിഞ്ഞു.
ഗുജറാത്തിലെ ഫാക്ടറിയിൽ വലിയ അഗ്നിബാധ ഉണ്ടായതിനെ തുടർന്ന് ഗോപാൽ സ്നായ്ക്സ് ഓഹരി 10 ശതമാനം ഇടിവിലായി.
നുവാമ വെൽത്തിലെ തങ്ങളുടെ ഓഹരി മുഴുവൻ എഡൽവൈസ് ഗ്രൂപ്പ് വിറ്റതിനെ തുടർന്ന് ഓഹരി അഞ്ചു ശതമാനം താഴ്ന്നു. 30 ലക്ഷം ഓഹരികൾ, ഒന്നിന് 7025 രൂപ വച്ച്, 2100 കോടി രൂപയ്ക്കു കൈമാറി.
വലിയ സോളർ പവർ പ്രോജക്ട് കരാർ ലഭിച്ച റിലയൻസ് പവർ അഞ്ചു ശതമാനം കുതിച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ അഞ്ചു ശതമാനം വീതം കയറിയ കിറ്റെക്സ് ഗാർമെൻ്റ്സ് ഇന്നു രാവിലെ മൂന്നര ശതമാനം ഉയർന്നു.
രൂപ ഇന്ന് അൽപം ദുർബലമായി. ഡോളർ ഒരു പെെസ കയറി 84.84 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീട് 84.88 രൂപ എന്ന റെക്കോർഡിലേക്ക് ഡോളർ കയറി.
സ്വർണം ഇന്നു രാവിലെ ലോകവിപണിയിൽ താഴ്ന്ന് ഔൺസിന് 2710 ഡോളറിൽ എത്തി. കേരളത്തിൽ ആഭരണ സ്വർണം പവനു വില മാറ്റമില്ലാതെ 58,280 രൂപയിൽ തുടർന്നു.
ക്രൂഡ് ഓയിൽ അൽപം കയറി. ബ്രെൻ്റ് ഇനം വീപ്പയ്ക്ക് 73.65 ഡോളർ വരെ എത്തി.