യുഎസിൽ ആവേശം തുടരുന്നു, ഇന്ത്യയിൽ അനിശ്ചിതത്വം; ചില്ലറ വിലക്കയറ്റം ഏഴു ശതമാനത്തിനടുത്ത്; കമ്പനികൾക്ക് ലാഭം കുറയുന്നു
ക്രൂഡും സ്വർണവും ഇടിയുന്നു; ക്രിപ്റ്റോകൾ കുതിച്ചു പായുന്നു
ട്രംപ് വിജയത്തിൻ്റെ ആവേശം വിടാൻ യുഎസ് വിപണി ഉദ്ദേശിക്കുന്നില്ല. സൂചികകൾ പുതിയ ഉയരങ്ങൾ കീഴടക്കുകയാണ്. യൂറാേപ്പും ഉയരുന്നു. എന്നാൽ ഏഷ്യൻ വിപണികൾ കരുതലോടെയാണു നീങ്ങുന്നത്. ചൈനീസ് വ്യവസായ മേഖല ഉണർവിലായിട്ടില്ല. യുഎസ്-ചൈന ചുങ്കപ്പോര് ഏതു രീതിയിലാകും എന്ന ആശങ്ക എല്ലാ രാജ്യങ്ങളിലും ഉണ്ട്.
ഇന്ത്യയിലെ ചില്ലറ വിലക്കയറ്റ കണക്ക് ഇന്നു വൈകുന്നേരം പുറത്തുവിടും. ഒക്ടോബറിലെ വിലക്കയറ്റം ഏഴു ശതമാനത്തിനടുത്താകും എന്നാണു വിലയിരുത്തൽ. സെപ്റ്റംബറിൽ 5.5 ശതമാനം ആയിരുന്നു. പച്ചക്കറി വിലയാണ് വില്ലൻ.
ക്രൂഡ് ഓയിലും സ്വർണവും ഇടിയുകയാണ്. ഡോളർ കയറുന്നതാണു കാരണം.
ട്രംപ് ക്രിപ്റ്റോ കറൻസികൾക്ക് അംഗീകാരം നൽകുമെന്ന മോഹത്തിൽ അവ കുതിക്കുകയാണ്. ബിറ്റ്കോയിൻ 90,000 ഡോളറിനടുത്തായി. ഇനിയും കുതിക്കും.
ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി തിങ്കളാഴ്ച രാത്രി 24,226 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 24,222 ലേക്കു താഴ്ന്നു. ഇന്ത്യൻ വിപണി ഇന്നു കാര്യമായ മാറ്റമില്ലാതെ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.
വിദേശ വിപണി
തിങ്കളാഴ്ച യൂറോപ്യൻ വിപണികൾ ഉയർന്നു ക്ലോസ് ചെയ്തു. രാഷ്ട്രീയ അനിശ്ചിതത്വത്തിലായ ജർമനിയിൽ ഡാക്സ് സൂചിക 1.21 ശതമാനം ഉയർന്നു.
യുഎസ് വിപണി കയറ്റം തുടരുകയാണ്. ട്രംപ് വിജയത്തിനു ശേഷം ഓരോ ദിവസവും സൂചികകൾ റെക്കോർഡ് കടക്കുന്നു. ഇന്നലെ ഡൗ ജോൺസ് സൂചിക 44,000 നു മുകളിലും എസ് ആൻഡ് പി 500 സൂചിക 6000 നു മുകളിലും ക്ലോസ് ചെയ്തു.
ട്രംപിൻ്റെ മിത്രമായ ഇലോൺ മസ്കിൻ്റെ ടെസ്‌ല ഓഹരി ഇന്നലെ ഒൻപതു ശതമാനം ഉയർന്നു. അഞ്ചു ദിവസം കൊണ്ട് ഓഹരി കയറിയതു 41 ശതമാനം.
ഡൗ ജോൺസ് സൂചിക തിങ്കളാഴ്ച 304.14 പോയിൻ്റ് (0.69%) കയറി 44,293.13 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 5.81 പോയിൻ്റ് (0.10%) ഉയർന്ന് 6001.35 ൽ അവസാനിച്ചു. നാസ്ഡാക് സൂചിക 11.99 പോയിൻ്റ് (0.06%) കയറ്റത്തോടെ 19,298.76 ൽ ക്ലോസ് ചെയ്തു.
യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു താഴ്ചയിലാണ്. ഡൗ 0.08 ഉം എസ് ആൻഡ് പി 0.07 ഉം നാസ്ഡാക് 0.04 ഉം ശതമാനം താഴ്ന്നു നിൽക്കുന്നു.
യുഎസ് 10 വർഷ കടപ്പത്രങ്ങളുടെ വില 4.332 ശതമാനം നിക്ഷേപനേട്ടം കിട്ടുന്ന നിലയിലേക്ക് താഴ്ന്നു.
ഏഷ്യൻ വിപണികൾ ഇന്നു ഭിന്ന ദിശകളിലാണ്. ജപ്പാനിലെ നിക്കെെ സൂചിക അരശതമാനത്തിലധികം ഉയർന്നു. ദക്ഷിണ കൊറിയൻ സൂചിക 1.25 ശതമാനം താഴ്ന്നു. ഓസ്ട്രേലിയൻ വിപണിയും താഴോട്ടാണ്.
ഇന്ത്യൻ വിപണി
അനിശ്ചിതത്വം തുടരുന്നുവെന്നു വ്യക്തമാക്കി ഇന്ത്യൻ വിപണി ഇന്നലെ ഫ്ലാറ്റ് ആയി ക്ലാേസ് ചെയ്തു. സെൻസെക്സ് നാമമാത്രമായി ഉയർന്നപ്പോൾ നിഫ്റ്റി നാമമാത്രമായി താഴ്ന്നു. ഐടി, ബാങ്ക്, ധനകാര്യ ഓഹരികളാണ് തിങ്കളാഴ്ച നേട്ടം ഉണ്ടാക്കിയത്. മറ്റെല്ലാ മേഖലകളും താഴ്ചയിലായി.
വിശാലവിപണി താഴോട്ടായിരുന്നു. ബിഎസ്ഇയിൽ 1488 ഓഹരികൾ ഉയർന്നപ്പോൾ 2637 ഓഹരികൾ ഇടിഞ്ഞു. എൻഎസ്ഇയിൽ 899 എണ്ണം ഉയർന്നു, 1962 എണ്ണം താഴ്ന്നു. മിഡ് ക്യാപ്, സ്മോൾ ക്യാപ് ഓഹരികൾ കൂടുതൽ താഴ്ചയിലായി.
രണ്ടാം പാദ റിസൽട്ടുകൾ പ്രതീക്ഷയിലും മോശമായി തുടരുന്നതും വിദേശ നിക്ഷേപകരുടെ നിരന്തരമായ വിൽപനയും ആണു വിപണിയെ താഴ്ത്തുന്നത്.
നിഫ്റ്റി 6.90 പോയിൻ്റ് (0.03%) കുറഞ്ഞ് 24,141.30 ൽ അവസാനിച്ചു. സെൻസെക്സ് 9.83 പോയിൻ്റ് (0.01%) ഉയർന്ന് 79,496.15 ൽ ക്ലോസ് ചെയ്തു. ബാങ്ക് നിഫ്റ്റി 0.61 ശതമാനം (315.55 പോയിൻ്റ്) കയറി 51,876.75 ൽ അവസാനിച്ചു. മിഡ് ക്യാപ് സൂചിക 0.88 ശതമാനം താഴ്ന്ന് 55,853.75 ലും സ്മോൾ ക്യാപ് സൂചിക 1.20 ശതമാനം ഇടിഞ്ഞ് 18,225.15 ലും ക്ലോസ് ചെയ്തു.
ഫെഡറൽ ബാങ്ക് ഓഹരി 208.20 രൂപ എന്ന റെക്കോർഡ് കുറിച്ചിട്ട് 207.95 രൂപയിൽ ക്ലോസ് ചെയ്തു.
കിറ്റെക്സ് ഗാർമെൻ്റ്സ് ഓഹരി 656.80 രൂപ വരെ കയറിയിട്ട് താഴ്ന്ന് 627 രൂപയിൽ ക്ലോസ് ചെയ്തു.
കൊച്ചിൻ ഷിപ്പ് യാർഡ് 3.32 ശതമാനം ഇടിഞ്ഞ് 1400 രൂപയ്ക്കു തൊട്ടുതാഴെ അവസാനിച്ചു.
സ്വർണവിലയിലെ ചാഞ്ചാട്ടങ്ങളെ തുടർന്നു താഴ്ന്ന മുത്തൂറ്റ് ഒരു ശതമാനവും മണപ്പുറം നാലു ശതമാനവും കയറി.
രണ്ടാം പാദ റിസൽട്ട് മോശമായതിനെ തുടർന്ന് യുപിഎൽ, ഏഷ്യൻ പെയിൻ്റ്സ്, ബൽറാംപുർ ചീനി എന്നിവ എട്ടു ശതമാനത്തിലധികം ഇടിഞ്ഞു. ആരതി ഇൻഡസ്ട്രീസ് ഇടിവ് തുടർന്നു.
മികച്ച റിസൽട്ടിൽ പവർ ഫിനാൻസ് കോർപറേഷനും ഷിപ്പിംഗ് കോർപറേഷനും കുതിച്ചു. ബെംഗളൂരുവിലെ ബയോളജിക്സ് യൂണിറ്റിന് യുഎസ് എഫ്ഡിഎ യുടെ അംഗീകാരം ലഭിച്ചതിനെ തുടർന്നു ബയോകോൺ ഓഹരി എട്ടര ശതമാനം ഉയർന്നു.
ഇന്നലെ ആറു ശതമാനം താഴ്ന്ന ബ്രിട്ടാനിയയുടെ അറ്റാദായം 9.4 ശതമാനം കുറഞ്ഞു. വരുമാന വളർച്ച 4.5 ശതമാനം മാത്രമാണ്.
ഹിൻഡാൽകോ 78 ശതമാനം അറ്റാദായ വളർച്ച ഉള്ള രണ്ടാം പാദ റിസൽട്ട് ഇന്നലെ വൈകുന്നേരം പുറത്തുവിട്ടു. അലൂമിനിയം വിലയിലെ കയറ്റമാണു കാരണം.
നികുതിയിലെ ലാഭം ഒഎൻജിസിക്ക് അറ്റാദായം 17 ശതമാനം വർധിപ്പിക്കാൻ സഹായിച്ചു.
തിങ്കളാഴ്ച വിദേശ നിക്ഷേപകർ ക്യാഷ് വിപണിയിൽ 2306.88 കോടി രൂപയുടെ അറ്റ വിൽപന നടത്തി. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 2026.63 കോടി രൂപയുടെ ഓഹരികൾ വാങ്ങി.
വിപണിയിൽ തിരുത്തൽ അവസാനിക്കുന്നില്ല. നിഫ്റ്റിയുടെ പിന്തുണ നില 24,000- 23,800 ൽ തുടരുന്നു. പ്രതിരോധം 24,500 ൽ നിന്ന് 24,300 ലേക്കു താഴ്ന്നു. നിഫ്റ്റിക്ക് ഇന്ന് 24,035 ഉം 23,960 ഉം പിന്തുണ നൽകാം. 24,290 ഉം 24,365 ഉം തടസങ്ങളാകും.
സ്വർണം വീണ്ടും ഇടിയുന്നു
ട്രംപിൻ്റെ വിജയത്തെ തുടർന്നു താഴോട്ടു നീങ്ങുന്ന സ്വർണം വീണ്ടും ഇടിവിലായി. ഡോളർ സൂചിക കുതിച്ചു കയറുന്നതനുസരിച്ച് സ്വർണം താഴുകയാണ്. ഇന്നലെ 2.4 ശതമാനം ഇടിഞ്ഞു സ്വർണം. ഔൺസിന് 64.60 ഡോളർ താഴ്ന്ന് 2620.10 ഡോളറിൽ ക്ലാേസ് ചെയ്തു. ഇന്നു രാവിലെ വില 2619 ഡോളറിലേക്കു താഴ്ന്നു.
കേരളത്തിൽ സ്വർണവില തിങ്കളാഴ്ച പവന് 440 രൂപ കുറഞ്ഞ് 57,760 രൂപയായി. ഇന്നു വില കൂടുതൽ ഇടിയും.
വെള്ളി വില ഇന്നലെ രണ്ടു ശതമാനത്തിലധികം കുറഞ്ഞ് ഔൺസിന് 30.64 ഡോളറിൽ എത്തി.
കറൻസി വിപണിയിൽ ഡോളർ വീണ്ടും കയറ്റത്തിലാണ്. ഡോളർ സൂചിക തിങ്കളാഴ്ച 0.51 ശതമാനം കയറി 105.54 ൽ ക്ലാേസ് ചെയ്തു. ഇന്നു രാവിലെ സൂചിക 105.52 ലാണ്.
ഡോളർ കയറ്റത്തിനിടയിലും രൂപ പിടിച്ചു നിൽക്കുന്നുണ്ട്. ഡോളർ ഇന്നലെ ഒരു പൈസ മാത്രം കയറി 84.39 രൂപ എന്ന റെക്കോർഡിൽ ക്ലോസ് ചെയ്തു. റിസർവ് ബാങ്ക് വിപണിയിൽ ജാഗ്രതയോടെ നിലവിലുണ്ട്. ചൈനയടക്കമുള്ള വ്യാപാര പങ്കാളികളുടെ കറൻസി നീക്കങ്ങൾക്ക് ആനുപാതികമായാണ് ഇന്ത്യൻ രൂപയെ ഇപ്പോൾ നീക്കുന്നത്.
ക്രൂഡ് ഓയിൽ വില വീണ്ടും താഴോട്ടാണ്. പശ്ചിമേഷ്യൻ സംഘർഷം ശാന്തമാകും എന്ന ധാരണയും ചെെനീസ് ഡിമാൻഡ് ഉയരാത്തതും ആണു കാരണം. ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ 261 ശതമാനം താഴ്ന്ന് 71.94 ഡോളറിൽ ക്ലാേസ് ചെയ്തു. ഇന്നു രാവിലെ 71.83 ഡോളറിലേക്കു താണു. ഡബ്ല്യുടിഐ ഇനം 68.23 ഉം യുഎഇയുടെ മർബൻ ക്രൂഡ് 71.15 ഉം ഡോളറിൽ നിൽക്കുന്നു.
ട്രംപ് വിജയിച്ചതോടെ കുതിച്ചു കയറിയ ക്രിപ്റ്റാേ കറൻസികൾ ഇന്നലെ ശരാശരി 12 ശതമാനം കയറി. ബിറ്റ്കോയിൻ 89,174.06 ഡോളർ എന്ന റെക്കോർഡ് കുറിച്ചു. പിന്നീട് അൽപം താഴ്ന്നു. ഒരാഴ്ച കൊണ്ട് 30 ശതമാനം കയറ്റമാണു ബിറ്റ് കോയിന് ഉണ്ടായത്. ട്രംപ് ഭരണത്തിൻ്റെ ആരംഭ കാലത്തുതന്നെ ബിറ്റ്കോയിൻ രണ്ടു ലക്ഷം ഡോളർ കടക്കും എന്നാണു പ്രവചനങ്ങൾ. ക്രിപ്റ്റോ കറൻസികൾക്കു പ്രോത്സാഹനം നൽകാൻ ട്രംപ് ഭരണകൂടം തയാറാണ്. ഈഥർ 3372 ഡോളറിലെത്തിയിട്ട് അൽപം താഴ്ന്നു.
വ്യാവസായിക ലോഹങ്ങൾ ഇടിവ് തുടരുകയാണ്. ഡോളറിൻ്റെ കരുത്താണു കാരണം. ചെമ്പ് 1.24 ശതമാനം താഴ്ന്ന് ടണ്ണിന് 9187.29 ഡോളറിൽ എത്തി. അലൂമിനിയം 1.29 ശതമാനം കുറഞ്ഞു ടണ്ണിന് 2586.35 ഡോളർ ആയി. ഉം ലെഡ് 0.60 ഉം നിക്കൽ 1.20 ഉം ശതമാനം താഴ്ന്നു. സിങ്ക് 0.86 ഉം ടിൻ 0.86 ഉം ശതമാനം ഉയർന്നു.
വിപണിസൂചനകൾ
(2024 നവംബർ 11, തിങ്കൾ)
സെൻസെക്സ് 30 79,496.15 +0.01%
നിഫ്റ്റി50 24,141.30 -0.03%
ബാങ്ക് നിഫ്റ്റി 51,876.75 +0.61%
മിഡ് ക്യാപ് 100 55,853.75 -0.88%
സ്മോൾ ക്യാപ് 100 18,225.15 -1.20%
ഡൗ ജോൺസ് 44,293.13 +0.69%
എസ് ആൻഡ് പി 6001.35 +0.10%
നാസ്ഡാക് 19,298.76 +0.06%
ഡോളർ($) ₹84.39 +₹0.01
ഡോളർ സൂചിക 105.54 +0.54
സ്വർണം (ഔൺസ്) $2620.10 -$64.60
സ്വർണം (പവൻ) ₹57,760 -₹440
ക്രൂഡ് (ബ്രെൻ്റ്) ഓയിൽ $71.94 -$01.93