ആശങ്കയായി വിലക്കയറ്റവും റിലയൻസിൻ്റെ ക്ഷീണവും; ബുള്ളുകൾക്ക്‌ വെല്ലുവിളി; സ്വര്‍ണം താഴ്ന്നു, ക്രിപ്‌റ്റോകള്‍ക്ക് കുതിപ്പ്‌

ക്രൂഡ് ഓയിൽ വില ഇടിഞ്ഞു; കാർവിൽപനയിലും മാന്ദ്യം

Update:2024-10-15 07:28 IST

IMAGE: CANVA

വിദേശ വിപണികൾ കുതിപ്പിലാണെങ്കിലും ഇന്ത്യൻ വിപണി ഇന്നു നെഗറ്റീവ് വാർത്തകളുമായാണു വ്യാപാരം തുടങ്ങുന്നത്. റിലയൻസിൻ്റെ അറ്റാദായം കുറഞ്ഞതും ചില്ലറ വിലക്കയറ്റം പ്രതീക്ഷയിലധികം കൂടിയതും വിപണി മനോഭാവത്തെ ബാധിക്കും. എങ്കിലും ബുള്ളുകൾ പ്രതീക്ഷ കൈവിട്ടിട്ടില്ല. ഇന്നലെ വിപണിയിലെ സ്ഥാനം തിരിച്ചു പിടിച്ച ബുള്ളുകൾ അതു നിലനിർത്താമെന്ന വിശ്വാസത്തിലാണ്. ക്രൂഡ് ഓയിൽ വില ഇടിഞ്ഞതാണ് ഏക ആശ്വാസ ഘടകം.

ചില്ലറവിലക്കയറ്റം കൂടും എന്നു കരുതിയെങ്കിലും 5.5 ശതമാനം കയറ്റം നിരീക്ഷകരുടെ നിഗമനങ്ങളിൽ ഉണ്ടായിരുന്നില്ല. ഒൻപതു മാസത്തിനിടയിലെ ഏറ്റവും കൂടിയ നിലയാണു സെപ്റ്റംബറിലേത്. ഓഗസ്റ്റിൽ 3.7 ശതമാനമായിരുന്നു ചില്ലറ വിലക്കയറ്റം. ഭക്ഷ്യവിലകളാണു കയറ്റത്തിനു മുന്നിൽ. ഭക്ഷവിലകൾ 9.2 ശതമാനം കൂടി. ഓഗസ്റ്റിൽ അത് 5.7 ശതമാനമായിരുന്നു.

മൊത്തവിലക്കയറ്റവും വർധിച്ചു. ഓഗസ്റ്റിലെ 1.3 ൽ നിന്ന് സെപ്റ്റംബറിൽ 1.8 ശതമാനത്തിലേക്ക്. ഭക്ഷ്യവില വർധന 3.1 ൽ നിന്ന് 11.5 ശതമാനം ആയി. ഉരുളക്കിഴങ്ങ് 78.1 ശതമാനം,ഉള്ളി 78.8 ശതമാനം, പച്ചക്കറികൾ 48.7 ശതമാനം എന്നിങ്ങനെ കയറി.

ഒക്ടോബറിലും ചില്ലറവിലക്കയറ്റം ഉയർന്നു നിൽക്കും എന്നാണ് മൊത്തവിലയിലെ നീക്കങ്ങൾ കാണിക്കുന്നത്.

റിലയൻസ് ഇൻഡസ്ട്രീസ് വരുമാനത്തിൽ വർധന ഇല്ലാതെയും ലാഭത്തിൽ കുറവ് കാണിച്ചുമാണു രണ്ടാം പാദ റിസൽട്ട് പ്രസിദ്ധീകരിച്ചത്. ഓയിൽ ടു കെമിക്കൽസ് ബിനനസിൽ വരുമാനവും ലാഭവും ഗണ്യമായി കുറഞ്ഞു. റീട്ടെയിലിൽ വരുമാനം കൂടിയില്ല. ടെലികോമിൽ ആളോഹരി വരുമാനം കൂടി. ഡിജിറ്റൽ സേവന മേഖലയിൽ ലാഭം 15 ശതമാനം വർധിച്ചു. വരുന്ന പാദത്തിലും കാര്യമായ മാറ്റം പ്രതീക്ഷിക്കാനില്ല ഇത് ഓഹരിയെ താഴ്ത്തി നിർത്തും.

കാർ കമ്പനികൾ ഈ ധനകാര്യവർഷം വിൽപന കുറയുമോ എന്ന ആശങ്കയിലായി. കമ്പനികളിൽ നിന്ന് കാറുകൾ എടുക്കുന്നതിനു ഡീലർമാർ മടിക്കുകയാണ്. ടൂവീലർ, ത്രീ വീലർ വിൽപനയിലും മാന്ദ്യമാണ്.

ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി തിങ്കളാഴ്ച രാത്രി 25,271 ൽ ക്ലാേസ് ചെയ്തു. ഇന്നു രാവിലെ 25,232 ലേക്കു താഴ്ന്നു. ഇന്ത്യൻ വിപണി ഇന്നു ചെറിയ നേട്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.

വിദേശ വിപണി 

യൂറോപ്യൻ വിപണികൾ തിങ്കളാഴ്ച നല്ല നേട്ടത്തിൽ അവസാനിച്ചു. യൂറോപ്യൻ കേന്ദ്ര ബാങ്കിൻ്റെ പണനയ അവലോകനം വ്യാഴാഴ്ച പ്രഖ്യാപിക്കും. ഈ വർഷത്തെ മൂന്നാമത്തെ പലിശ കുറയ്ക്കൽ അന്നു പ്രഖ്യാപിക്കും എന്നാണു നിഗമനം. ഡിസംബറിലും പലിശ കുറച്ച് കുറഞ്ഞ പലിശ മൂന്നു ശതമാനം ആക്കും എന്നു വിപണികൾ കരുതുന്നു.

യുഎസ് വിപണികൾ ഇന്നലെ കുതിച്ച് ഡൗ ജോൺസും എസ് ആൻഡ് പിയും റെക്കോർഡ് ഉയരത്തിൽ എത്തി. ഡൗ ഇതാദ്യമായി 43,000 കടന്നു. വിശകലനങ്ങളെല്ലാം തന്നെ ബുള്ളിഷ് ആണ്. എസ് ആൻഡ് പി സൂചിക അടുത്ത വർഷം മധ്യത്തോടെ 6200 കടക്കും എന്നാണു യുബിഎസ് വിലയിരുത്തൽ. എൻവിഡിയ ഓഹരി റെക്കോർഡ് ഉയരത്തിൽ എത്തി. ആപ്പിളിൻ്റെ തൊട്ടു പിന്നിൽ വിപണിമൂല്യവും എത്തിച്ചു.

ഡൗ ജോൺസ് സൂചിക തിങ്കളാഴ്ച 201.36 പോയിൻ്റ് (0.47%) ഉയർന്ന് 43,065.22 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 44.82 പോയിൻ്റ് (0.77%) കയറി 5859.85-ൽ അവസാനിച്ചു. നാസ്ഡാക് സൂചിക 159.75 പോയിൻ്റ് (0.87%) ഉയർന്ന് 18,502.69 ൽ ക്ലോസ് ചെയ്തു.

യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു രാവിലെ നേട്ടത്തിലാണ്. ഡൗ 0.14 ഉം എസ് ആൻഡ് പി 0.09 ഉം നാസ്ഡാക് 0.07 ഉം ശതമാനം കയറി നിൽക്കുന്നു.

യുഎസ് 10 വർഷ കടപ്പത്രങ്ങളുടെ വില, 4.085 ശതമാനം നിക്ഷേപനേട്ടം കിട്ടുന്ന നിലയിലേക്കു കയറി.

ഏഷ്യൻ വിപണികൾ ഇന്നു കയറ്റത്തിലാണ്. ജാപ്പനീസ് വിപണി രാവിലെ ഒരു ശതമാനം കയറി.

ഇന്ത്യൻ വിപണി 

ഇന്ത്യൻ വിപണി തിങ്കളാഴ്ച ചെറിയ നേട്ടത്തോടെ വ്യാപാരം ആരംഭിച്ചിട്ടു കൂടുതൽ ഉയർന്നു ക്ലാേസ് ചെയ്തു. ബാങ്ക്, ധനകാര്യ, ഐടി, റിയൽറ്റി ഓഹരികൾ വിപണിയെ ഉയർത്തി. വിപ്രോ, ടെക് മഹീന്ദ്ര, എച്ച്ഡിഎഫ്സി ലൈഫ് തുടങ്ങിയവ നേട്ടത്തിനു മുന്നിൽ നിന്നു. ഒഎൻജിസി, മാരുതി, ടാറ്റാ സ്റ്റീൽ തുടങ്ങിയവ താഴോട്ടു വലിച്ചു.

ബോണസ് ഇഷ്യു പ്രതീക്ഷിക്കുന്ന വിപ്രോ 4.24 ശതമാനം നേട്ടത്തിൽ അവസാനിച്ചു.

ഫെഡറൽ ബാങ്ക് ഓഹരി 5.31ശതമാനം കുതിച്ച് 197.50 രൂപയിൽ ക്ലോസ് ചെയ്തു. മോട്ടിലാൽ ഓസ്വാൾ ഓഹരിക്ക് 230 രൂപ ലക്ഷ്യവിലയിട്ട് വാങ്ങൽ ശിപാർശ നൽകി.

ടാറ്റാ കെമിക്കൽസ് ഓഹരി 7.11 ശതമാനം താഴ്ന്നു. ബ്രോക്കറേജുകൾ വാങ്ങൽ എപാർശ നൽകിയെങ്കിലും തലേന്നു വലിയ നേട്ടം ഉണ്ടാക്കിയ ബന്ധൻ ബാങ്ക് ഓഹരി ഇന്നലെ 4.78 ശതമാനം ഇടിവിലായി.

രണ്ടാം പാദ ബിസിനസ്, ലാഭ വളർച്ചകൾ നിരാശപ്പെടുത്തിയതിനാൽ ഡി മാർട്ട് റീട്ടെയിൽ ചെയിൻ നടത്തുന്ന അവന്യു സൂപ്പർ മാർട്ട് ഓഹരി എട്ടര ശതമാനം ഇടിഞ്ഞു. അനാലിസ്റ്റുകൾ ഓഹരിയുടെ റേറ്റിംഗ് താഴ്ത്തി. ഓൺ

ലൈൻ വ്യാപാരികളിൽ നിന്നുള്ള മത്സരത്തിൽ ഡി മാർട്ട് ദുർബലമാകുന്നു എന്നാണു വിലയിരുത്തൽ.

കരൺ ജോഹറിൻ്റെ ധർമ പ്രാെഡക്ഷൻസിനെ സ്വന്തമാക്കാനുള്ള സരിഗമ ഇന്ത്യയുടെ ശ്രമങ്ങൾക്കു റിലയൻസിൻ്റെ നീക്കം തടസമായി. റിലയൻസ് ധർമയെ വാങ്ങും എന്നാണു പുതിയ റിപ്പോർട്ട്. ഇതേ തുടർന്നു സരിഗമ ഓഹരി 6.38 ശതമാനം ഇടിഞ്ഞു.

മിഡ് ക്യാപ്, സ്മോൾ ക്യാപ് ഓഹരികൾ കുറഞ്ഞ തോതിലേ ഉയർന്നുള്ളു.

തിങ്കളാഴ്ച വിദേശ നിക്ഷേപകർ ക്യാഷ് വിപണിയിൽ 3731.59 കോടി രൂപയുടെ അറ്റവിൽപന നടത്തി. ഈ മാസം ഇതുവരെ അവരുടെ വിൽപന 62,126.15 കോടി രൂപയായി. സ്വദേശിഫണ്ടുകളും സ്ഥാപനങ്ങളും കൂടി 2278.09 കോടി രൂപയുടെ അറ്റവാങ്ങൽ നടത്തി.

തിങ്കളാഴ്ച എൻഎസ്ഇയിൽ 1433 ഓഹരികൾ ഉയർന്നപ്പോൾ 1382 ഓഹരികൾ താണു. ബിഎസ്ഇയിൽ 2044 എണ്ണം കയറി, 2011 എണ്ണം താഴ്ന്നു.

ഇന്നലെ സെൻസെക്സ് 561.69 പാേയിൻ്റ് (0.73%) കയറി 81,973.05 ൽ ക്ലാേസ് ചെയ്തു. നിഫ്റ്റി 163.70 പോയിൻ്റ് (0.66%) ഉയർന്ന് 25,127.95 ൽ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 644.60 പോയിൻ്റ് (1.26%) കുതിച്ച് 51,816.90 ൽ ക്ലാേസ് ചെയ്തു.

മിഡ് ക്യാപ് സൂചിക 0.43 ശതമാനം കയറി 59,465.45 ൽ ക്ലോസ് ചെയ്തപ്പോൾ സ്മോൾ ക്യാപ് സൂചികയും 0.43% ഉയർന്ന് 19,090.55 ൽ വ്യാപാരം അവസാനിപ്പിച്ചു.

വിപണിയിൽ ബുള്ളുകൾ തിരിച്ചു കയറി. പ്രാരംഭ തടസമേഖല മറികടന്നതിനാൽ 25,200-25,300 ലെ തടസം അതിജീവിക്കാൻ വിപണിക്ക് ഈ ദിവസങ്ങളിൽ കഴിയും എന്നാണു വിലയിരുത്തൽ. പിന്നീട് 25,500-25,600 ആകും സമ്മർദമേഖല.

ഇന്നു നിഫ്റ്റിക്ക് 25,050 ലും 24,010 ലും പിന്തുണ ഉണ്ട്. 25,160 ഉം 25,190 ഉം തടസങ്ങളാകും.

സ്വർണം താഴ്ന്നു

ഡോളർ കരുത്തു നേടുന്ന സാഹചര്യത്തിൽ സ്വർണം താഴ്ന്നു.

തിങ്കളാഴ്ച എട്ടു ഡോളർ കുറഞ്ഞ് ഔൺസിന് 2649.70 ഡോളറിൽ സ്വർണം ക്ലോസ് ചെയ്തു. ഇന്നു രാവിലെ 2650 ഡോളറിലേക്കു കയറി.

കേരളത്തിൽ സ്വർണവില ഇന്നലെ പവന് 56,960 രൂപ എന്ന റെക്കോർഡിൽ തുടർന്നു.

വെള്ളിവില കയറിയിറങ്ങിയ ശേഷം ഔൺസിന് 31.23 ഡോളർ ആയി.

പലിശ കുറയ്ക്കൽ സാവകാശമേ നടക്കൂ എന്ന ധാരണയിൽ ഡോളർ കയറുകയാണ്. ഡോളർ സൂചിക തിങ്കളാഴ്ച 103.30 ൽ ക്ലാേസ് ചെയ്തു. ഇന്നു രാവിലെ സൂചിക 103.20 ലേക്കു താഴ്ന്നു.

ഇന്ത്യൻ രൂപ തിങ്കളാഴ്ച കയറാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഡോളർ ഇറങ്ങിക്കയറിയ ശേഷം 84.06 രൂപയിൽ തന്നെ ക്ലോസ് ചെയ്തു. ഇന്നും രൂപ ദുർബലമാകാം.

ക്രൂഡ് ഓയിൽ വില അഞ്ചു ശതമാനത്തിലധികം താഴ്ന്നു. ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ തിങ്കളാഴ്ച 75.34 ഡോളറിലാണു ക്ലോസ് ചെയ്തത്. ഇന്നു രാവിലെ 75.45 ഡോളറിലേക്കു കയറി. ഡബ്ല്യുടിഐ ഇനം 71.76 ഉം യുഎഇയുടെ മർബൻ ക്രൂഡ് 75.37 ഉം ഡോളറിലാണ്.

ക്രിപ്റ്റാേ കറൻസികൾ വീണ്ടും കുതിച്ചു കയറി. ബിറ്റ്കോയിൻ അഞ്ചര ശതമാനം ഉയർന്ന് 66,100 ഡോളറിനു മുകളിലായി. ഈഥർ 7.3 ശതമാനം കുതിച്ച് 2635 ഡോളർ വരെ എത്തി.

ചൈനയുടെ ഉത്തേജന പ്രഖ്യാപനം പ്രതീക്ഷപോലെ വരാത്തതിനാൽ തിങ്കളാഴ്ച വ്യാവസായിക ലോഹങ്ങൾ താഴ്ന്നു. ചെമ്പ് 0.73 ശതമാനം കുറഞ്ഞ് ടണ്ണിന് 9526.31 ഡോളറിൽ എത്തി. അലൂമിനിയം 1.47 ശതമാനം നഷ്ടത്തിൽ ടണ്ണിന് 2593.85 ഡോളർ ആയി. ലെഡ് 1.31 ഉം നിക്കൽ 1. 60 ഉം ടിൻ 1.96 ഉം സിങ്ക് 1.42 ഉം ശതമാനം ഉയർന്നു.

വിപണിസൂചനകൾ

(2024 ഒക്ടോബർ 14, തിങ്കൾ)

സെൻസെക്സ് 30 81,973.05 +0.73%

നിഫ്റ്റി50 25,127.95 +0.66%

ബാങ്ക് നിഫ്റ്റി 51,816.90 +1.26%

മിഡ് ക്യാപ് 100 59,465.45 +0.43%

സ്മോൾ ക്യാപ് 100 19,090.55 +0.43%

ഡൗ ജോൺസ് 30 43,065.20

+0.47%

എസ് ആൻഡ് പി 500 5859.85 +0.77%

നാസ്ഡാക് 18,502.70 +0.87%

ഡോളർ($) ₹84.06 +₹0.00

ഡോളർ സൂചിക 103.30 +0.41

സ്വർണം (ഔൺസ്) $2649.70 -$08.00

സ്വർണം (പവൻ) ₹56,960 +₹00

ക്രൂഡ് (ബ്രെൻ്റ്) ഓയിൽ $75. 34 -$03.70

Tags:    

Similar News