വിപണികൾ താഴുന്നു; യു.എസിലും ഏഷ്യൻ രാജ്യങ്ങളിലും തകർച്ച; ടെക് മേഖലക്ക്‌ വീണ്ടും തിരിച്ചടി; ക്രൂഡ് ഓയിൽ 75 ഡോളറിനു താഴെ

സ്വര്‍ണം വീണ്ടും കയറി, ഡോളര്‍ സൂചിക ഉയര്‍ന്നു തന്നെ

Update:2024-10-16 07:33 IST

IMAGE: CANVA

വിപണി വീണ്ടും താഴ്ചയിലേക്ക് നോക്കുകയാണ്. ക്രൂഡ് ഓയിൽ വില 75 ഡോളറിനു താഴെ ആയത് ഒഴികെ പോസിറ്റീവ് കാര്യങ്ങൾ ഒന്നുമില്ല. യുഎസിൽ ടെക്നോളജി മേഖല വീണ്ടും താഴാേട്ടു നീങ്ങി. ഒപ്പം മറ്റു മേഖലകളും. ഇന്നു രാവിലെ ഏഷ്യൻ വിപണികളും ഇടിവിലാണ്.

ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി ചൊവ്വാഴ്ച രാത്രി 25,054 ൽ ക്ലാേസ് ചെയ്തു. ഇന്നു രാവിലെ 25,032 ലേക്കു താഴ്ന്നു. ഇന്ത്യൻ വിപണി ഇന്നു ഗണ്യമായ നഷ്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.

വിദേശ വിപണി 

യൂറോപ്യൻ വിപണികൾ ചൊവ്വാഴ്ച ഇടിവിലായി. ഡച്ച് മെെക്രോചിപ് നിർമാണ കമ്പനി എഎസ്എംഎൽ മൂന്നാം പാദത്തിൽ നഷ്ടം വരുത്തിയതോടെ ഓഹരി 15 ശതമാനത്തിലധികം ഇടിഞ്ഞു. മറ്റു ടെക് ഓഹരികളും വീണു. സ്വീഡിഷ് ടെലികോം കമ്പനി എറിക്സൻ്റെ റിസൽട്ട് പ്രതീക്ഷയിലും മികച്ചതായി. ഓഹരി 10.8 ശതമാനം കയറി.

യൂറോപ്യൻ കേന്ദ്ര ബാങ്കിൻ്റെ പണനയ അവലോകനം നാളെ പ്രഖ്യാപിക്കും. ഈ വർഷത്തെ മൂന്നാമത്തെ പലിശ കുറയ്ക്കലിനാണു ബാങ്ക് ഒരുങ്ങുന്നത്. ഡിസംബറിലും പലിശ കുറച്ച് കുറഞ്ഞ പലിശ മൂന്നു ശതമാനം ആക്കും എന്നു വിപണികൾ കരുതുന്നു.

യുഎസ് വിപണികൾ ഇന്നലെ ഇടയ്ക്ക് ഉയർന്നെങ്കിലും വലിയ നഷ്ടത്തിൽ അവസാനിച്ചു. ചിപ് കമ്പനി എഎസ്എംഎൽ നഷ്ടം വരുത്തുകയും വരുമാന പ്രതീക്ഷ താഴ്ത്തുകയും ചെയ്തത് ടെക് മേഖലയെ വലിച്ചു താഴ്ത്തി. എൻവിഡിയ 4.7 ഉം എഎംഡി 5.2ഉം ശതമാനം ഇടിഞ്ഞു. ആപ്പിൾ മാത്രം കയറി. നാസ്ഡാകും എസ് ആൻഡ് പിയും വീണു.

ഇൻഷുറൻസ് കമ്പനി യുനൈറ്റഡ് ഹെൽത്ത് വരുമാന പ്രതീക്ഷ താഴ്ത്തിയത് ഡൗ സൂചികയെ താഴോട്ടു നയിച്ചു.

ആഡംബരവസ്തുക്കൾ വിൽക്കുന്ന എൽവിഎംഎച്ച് ചെെനയിലടക്കം ഡിമാൻഡ് കുറയുന്നു എന്നു വെളിപ്പെടുത്തിയത് ഓഹരിയെ ഏഴു ശതമാനം ഇടിച്ചു. സിറ്റി ഗ്രൂപ്പിൻ്റെ ലാഭം കുറഞ്ഞതോടെ ഓഹരി അഞ്ചു ശതമാനം താഴ്ന്നു. ഗോൾഡ്മാൻ സാക്സ് ലാഭം പ്രതീക്ഷയെ മറി കടന്നു, ഓഹരി ഉയർന്നു.

ഡൗ ജോൺസ് സൂചിക ചൊവ്വാഴ്ച 324.80 പോയിൻ്റ് (0.75%) താഴ്ന്ന് 42,740.42 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 44.59 പോയിൻ്റ് (0.76%) നഷ്ടത്തോടെ 5815.26-ൽ അവസാനിച്ചു. നാസ്ഡാക് സൂചിക 187.10 പോയിൻ്റ് (1.01%) ഇടിഞ്ഞ് 18,315.59 ൽ ക്ലോസ് ചെയ്തു.

യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു രാവിലെ ഭിന്ന ദിശകളിലാണ്. ഡൗ 0.02 ശതമാനം താഴ്ന്നു. എസ് ആൻഡ് പി 0.04 ഉം നാസ്ഡാക് 0.09 ഉം ശതമാനം കയറി നിൽക്കുന്നു.

യുഎസ് 10 വർഷ കടപ്പത്രങ്ങളുടെ വില, 4.041 ശതമാനം നിക്ഷേപനേട്ടം കിട്ടുന്ന നിലയിലേക്കു കയറി.

ഏഷ്യൻ വിപണികൾ ഇന്നു വലിയ താഴ്ചയിലാണ്. ജാപ്പനീസ് വിപണി രാവിലെ രണ്ടു ശതമാനം ഇടിഞ്ഞു. ചൈനയിലെ പാർപ്പിട മേഖലയ്ക്കു പുതിയ പുനരുജ്ജീവന പാക്കേജ് ഇന്നു പ്രഖ്യാപിക്കുന്നതിലാണു നിക്ഷേപക ശ്രദ്ധ. ചൈനീസ് വിപണിയും തുടക്കത്തിൽ ഒരു ശതമാനം ഇടിഞ്ഞു.

ഇന്ത്യൻ വിപണി 

ഇന്ത്യൻ വിപണി ചൊവ്വാഴ്ച ചെറിയ നേട്ടത്തോടെ വ്യാപാരം ആരംഭിച്ചിട്ടു നഷ്ടത്തിൽ ക്ലാേസ് ചെയ്തു. മെറ്റൽ, വാഹന, ഐടി, ഫാർമ കമ്പനികളുടെയും റിലയൻസ്, ബജാജ് ഫിനാൻസ്, എച്ച്ഡിഎഫ്സി ലൈഫ് തുടങ്ങിയവയുടെയും വീഴ്ച വിപണിയെ താഴ്ത്തി.

റിലയൻസ് ഓഹരി രണ്ടു ശതമാനത്തിലധികം ഇടിഞ്ഞു. പെട്രോ കെമിക്കൽ ബിസിനസിലെ ലാഭക്ഷമത കുറഞ്ഞു വരുന്നതിനൊപ്പം റീട്ടെയിലിൽ വളർച്ച കാണാത്തതും റിലയൻസിൻ്റെ കാര്യത്തിൽ ആശങ്ക ജനിപ്പിക്കുന്നു. ഓഹരി ഒന്നു രണ്ടു പാദങ്ങൾ കൂടി താഴ്ന്നു തുടരും എന്നാണു പല അനാലിസ്റ്റുകളും വിശ്വസിക്കുന്നത്. ലാഭകരമായ പുതിയ എന്തെങ്കിലും കടന്നു വരാതെ റിലയൻസ് എന്ന ഭീമന് കയറ്റം സാധിക്കില്ല എന്നാണു വിലയിരുത്തൽ.

റിയൽറ്റി സൂചിക ഇന്നലെ 2.05 ശതമാനം ഉയർന്നെങ്കിലും വിപണിയെ കയറ്റാൻ പര്യാപ്തമായില്ല.

ബോണസ് ഇഷ്യു പ്രതീക്ഷിക്കുന്ന വിപ്രോ ഇന്നലെ മൂന്നു ശതമാനം നഷ്ടത്തിൽ അവസാനിച്ചു.

ഫെഡറൽ ബാങ്ക് ഓഹരി ഇന്നലെ 199.81 രൂപ വരെ കയറിയിട്ട് ഒരു ശതമാനം നേട്ടത്തിലേക്കു താഴ്ന്ന് 198.50 രൂപയിൽ ക്ലോസ് ചെയ്തു. 230 രൂപ ലക്ഷ്യവില നിശ്ചയിച്ച് മോട്ടിലാൽ ഓസ്വാൾ വാങ്ങൽ ശിപാർശ നൽകിയ ശേഷം ഓഹരി ആറു ശതമാനത്തിലധികം ഉയർന്നു.

ഇടപാടുകാരുടെ എണ്ണം വർധിപ്പിച്ചതിനൊപ്പം ലാഭവും ലാഭമാർജിനും 40 ശതമാനത്തിലധികം ഉയർത്തിയ ഏഞ്ചൽ വൺ ബ്രോക്കിംഗ് ഓഹരി 20 ശതമാനം വരെ ഉയർന്നു.

കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരി ഇന്നലെ മൂന്നു ശതമാനം ഉയർന്ന് 1673 രൂപയിൽ ക്ലോസ് ചെയ്തു. ഗാർഡൻ റീച്ച് 4.41 ഉം മസഗോൺ ഡോക്ക് 2.91ഉം ശതമാനം ഉയർന്നു. ജൂലൈയിൽ 3000 രൂപയുടെ തൊട്ടടുത്തു വരെ കയറിയ കൊച്ചിൻ ഷിപ്പ് യാർഡിൻ്റെ അഞ്ചു ശതമാനം ഓഹരികൾ ഇന്നു മുതൽ ഓഫർ ഫോർ സെയിലിൽ വിൽക്കും. ഓഹരിക്ക് 1540 രൂപയാണു തറവില. റീട്ടെയിൽ നിക്ഷേപകർക്കു നാളെ അപേക്ഷിക്കാം.

ധർമ പ്രൊഡക്ഷൻസിനെ ഏറ്റെടുക്കാൻ ശ്രമിക്കുന്ന നെറ്റ് വർക്ക് 18 ഓഹരി പത്തു ശതമാനം ഉയർന്നു.

ഈയിടെ വലിയ കുതിപ്പു നടത്തിയ ബിഎസ്ഇ യെ വിദേശ ബ്രോക്കറേജ്

ജെഫറീസ് ഡൗൺ ഗ്രേഡ് ചെയ്തു. വില 27 ശതമാനം ഇടിയുമെന്നാണ് അവരുടെ വിലയിരുത്തൽ.

ഇന്നലെ സ്മോൾ ക്യാപ് ഓഹരി സൂചിക 1.11 ശതമാനം കുതിച്ചു കയറിയപ്പോൾ മിഡ് ക്യാപ് ഓഹരി സൂചിക 0.21 ശതമാനമേ ഉയർന്നുള്ളു.

ചൊവ്വാഴ്ച വിദേശ നിക്ഷേപകർ ക്യാഷ് വിപണിയിൽ 1748.71 കോടി രൂപയുടെ അറ്റവിൽപന നടത്തി. സ്വദേശിഫണ്ടുകളും സ്ഥാപനങ്ങളും കൂടി 1654.96 കോടി രൂപയുടെ അറ്റവാങ്ങൽ നടത്തി.

ചൊവ്വാഴ്ച എൻഎസ്ഇയിൽ 1383 ഓഹരികൾ ഉയർന്നപ്പോൾ 1389 ഓഹരികൾ താണു. ബിഎസ്ഇയിൽ 1986 എണ്ണം കയറി, 1983 എണ്ണം താഴ്ന്നു.

ഇന്നലെ സെൻസെക്സ് 152.93 പാേയിൻ്റ് (0.19%) താഴ്ന്ന് 81,820.12 ൽ ക്ലാേസ് ചെയ്തു. നിഫ്റ്റി 70.60 പോയിൻ്റ് (0.28%) കുറഞ്ഞ് 25,057.35 ൽ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 89.10 പോയിൻ്റ് (0.17%) ഉയർന്ന് 51,906.00 ൽ ക്ലാേസ് ചെയ്തു.

മിഡ് ക്യാപ് സൂചിക 0.2 ശതമാനം കയറി 59,593.25 ൽ ക്ലോസ് ചെയ്തപ്പോൾ സ്മോൾ ക്യാപ് സൂചിക 1.11% കുതിച്ച് 19,302.05 ൽ വ്യാപാരം അവസാനിപ്പിച്ചു.

വിപണിയിൽ ബുള്ളുകൾ ദുർബലരായി. നിഫ്റ്റി 25,000 നു മുകളിൽ നിന്നതു മാത്രമാണ് ആശ്വാസം.

ഇന്നു നിഫ്റ്റിക്ക് 25,015 ലും 24,965 ലും പിന്തുണ ഉണ്ട്. 25,170 ഉം 25,220 ഉം തടസങ്ങളാകും.

സ്വർണം കയറി

സ്വർണം വീണ്ടും കയറി. ചൊവ്വാഴ്ച ഔൺസിന് 13.20 ഡോളർ ഉയർന്ന് 2662.90 ഡോളറിൽ സ്വർണം ക്ലോസ് ചെയ്തു. ഇന്നു രാവിലെ 2662 ഡോളറിലേക്കു താഴ്ന്നു.

കേരളത്തിൽ സ്വർണവില ഇന്നലെ 200 രൂപ കുറഞ്ഞ് പവന് 56,760 രൂപ ആയി.

വെള്ളിവില കയറി ഔൺസിന് 31.42 ഡോളർ ആയി.

ഡോളർ ഉയർന്ന നിലയിൽ തുടരുന്നു. ഡോളർ സൂചിക ചാെവ്വാഴ്ച അൽപം താഴ്ന്ന് 103.26 ൽ ക്ലാേസ് ചെയ്തു. ഇന്നു രാവിലെ സൂചിക 103.24 ലേക്കു താഴ്ന്നു.

ഇന്ത്യൻ രൂപ ഇന്നലെ അൽപം മെച്ചപ്പെട്ടു. ഡോളർ രണ്ടു പൈസ താഴ്ന്ന് 84.04 രൂപയിൽ ക്ലോസ് ചെയ്തു. രൂപ ഇന്നു വീണ്ടും സമ്മർദത്തിലാകും.

ക്രൂഡ് ഓയിൽ വില കുറച്ചുകൂടി താഴ്ന്നു. ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ ചൊവ്വാഴ്ച 74.65 ഡോളറിലാണു ക്ലോസ് ചെയ്തത്. ഇന്നു രാവിലെ 74.57 ഡോളറിലേക്കു താഴ്ന്നു. ഡബ്ല്യുടിഐ ഇനം 70.94 ഉം യുഎഇയുടെ മർബൻ ക്രൂഡ് 74.15 ഉം ഡോളറിലാണ്.

ക്രിപ്റ്റാേ കറൻസികൾ വീണ്ടും ഉയർന്നു. ബിറ്റ്കോയിൻ 67,000 ഡോളറിനു മുകളിലായി. ഈഥർ അൽപം താണ് 2605 ഡോളർ വരെ എത്തി.

ചൈനീസ് ഉത്തേജനം വേണ്ടത്ര ആകാത്തതിനാൽ ചൊവ്വാഴ്ചയും വ്യാവസായിക ലോഹങ്ങൾ ഇടിഞ്ഞു. ചെമ്പ് 1.31 ശതമാനം കുറഞ്ഞ് ടണ്ണിന് 9401.40 ഡോളറിൽ എത്തി. അലൂമിനിയം 1.03 ശതമാനം നഷ്ടത്തിൽ ടണ്ണിന് 2567.08 ഡോളർ ആയി. ലെഡ് 1.32 ഉം നിക്കൽ 0.97 ഉം ടിൻ 1.89 ഉം സിങ്ക് 2.18 ഉം ശതമാനം താഴ്ന്നു.

വിപണിസൂചനകൾ

(2024 ഒക്ടോബർ 15, ചൊവ്വ)

സെൻസെക്സ് 30 81,820.12 -0.19%

നിഫ്റ്റി50 25,057.35 -0.28%

ബാങ്ക് നിഫ്റ്റി 51,906.90 +0.17%

മിഡ് ക്യാപ് 100 59,593.25 +0.21%

സ്മോൾ ക്യാപ് 100 19,302.05 +1.11%

ഡൗ ജോൺസ് 30 42,740.40

-0.75%

എസ് ആൻഡ് പി 500 5815.26 -0.76%

നാസ്ഡാക് 18,315.60 -1.01%

ഡോളർ($) ₹84.04 -₹0.02

ഡോളർ സൂചിക 103.26 -0.04

സ്വർണം (ഔൺസ്) $2662.90 +$13.20

സ്വർണം (പവൻ) ₹56,760 -₹200

ക്രൂഡ് (ബ്രെൻ്റ്) ഓയിൽ $74.25 -$01.09

Tags:    

Similar News