കുതിക്കാൻ വഴി കാണാതെ വിപണി; വിദേശ സൂചനകൾ പോസിറ്റീവായില്ല; വിൽപന പ്രതിമാസ റെക്കോർഡ് കടന്നു; സ്വർണം മുന്നോട്ട്

ഹ്യുണ്ടായ് ഐ.പി.ഒക്ക്‌ പ്രതികരണം ദുർബലം

Update:2024-10-17 07:36 IST

IMAGE: CANVA

കുതിച്ചു കയറാൻ കാരണങ്ങൾ കിട്ടാതെ വിപണി നീങ്ങുന്നു. രണ്ടാം പാദ റിസൽട്ടുകൾ ഒട്ടും ആവേശകരമല്ല. ബജാജ് ഓട്ടോയുടെ ലാഭം കുറഞ്ഞതും മറ്റും ചെറിയ കാര്യമല്ല. ബാങ്കുകളുടെ രണ്ടാം പാദ റിസൽട്ടുകൾ വിപണിയുടെ പ്രതീക്ഷകളിലും കുറവാകും എന്നു ഭീതിയുണ്ട്. ഐടി യിലും പ്രതീക്ഷ കുറവായി. സെപ്റ്റംബറിലെ കയറ്റുമതി നാമമാത്രമായി വർധിച്ചതു കാര്യമായ ആശ്വാസം പകരുന്നില്ല. ഇറക്കുമതി കുറഞ്ഞതു മൂലം വാണിജ്യകമ്മി കുറഞ്ഞു.

ഇന്നലെ യുഎസ് വിപണി ഉയർന്നു റെക്കോർഡ് കുറിച്ചെങ്കിലും ഇന്നു ഫ്യൂച്ചേഴ്സ് താഴ്ചയിലാണ്. ഏഷ്യൻ വിപണികളിൽ ജപ്പാൻ ഇടിവിലായി. ക്രൂഡ് ഓയിൽ താഴ്ചയിൽ നിന്ന് അൽപം കയറി. സ്വർണം കുതിപ്പ് തുടരുകയാണ്. ഡോളർ സൂചിക 103.50 നു മുകളിലായതു രൂപയ്ക്കു തിരിച്ചടിയാകാം.

ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി ബുധനാഴ്ച രാത്രി 25,070 ൽ ക്ലാേസ് ചെയ്തു. ഇന്നു രാവിലെ 25,030 ലേക്കു താഴ്ന്നു. ഇന്ത്യൻ വിപണി ഇന്നു ചെറിയ നഷ്ടത്തിൽ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.

വിദേശ വിപണി 

യൂറോപ്യൻ വിപണികൾ ബുധനാഴ്ചയും ഇടിഞ്ഞു. ആഡംബര വസ്തുക്കൾ വിൽക്കുന്ന എൽവിഎംഎച്ചിൻ്റെ വിൽപന ചെെനയിലടക്കം കുറയുന്നു എന്നു വെളിപ്പെടുത്തിയത് ഓഹരിയെ നാലു ശതമാനം ഇടിച്ചു. ചിപ് നിർമാണ കമ്പനികളും താഴ്ന്നു. ബ്രിട്ടീഷ് ഭക്ഷ്യവിതരണ കമ്പനി ടേയ്റ്റ് ആൻഡ് ലൈലിനെ ഏറ്റെടുക്കാൻ ഒരു പ്രൈവറ്റ് ഇക്വിറ്റി ശ്രമിക്കുന്നത് ഓഹരിയെ 8.3 ശതമാനം ഉയർത്തി.

യൂറോപ്യൻ കേന്ദ്ര ബാങ്കിൻ്റെ പണനയ അവലോകനം ഇന്നു പ്രഖ്യാപിക്കും. ഈ വർഷത്തെ മൂന്നാമത്തെ പലിശ കുറയ്ക്കലിനാണു ബാങ്ക് ഒരുങ്ങുന്നത്.

യുഎസ് വിപണികൾ ഇന്നലെ തിരിച്ചു കയറി. ഡൗ ജോൺസ് റെക്കോർഡ് ഉയരത്തിൽ എത്തി. പ്രതീക്ഷയിലും മികച്ച മൂന്നാം പാദ റിസൽട്ട് മോർഗൻ സ്റ്റാൻലിയെ 6.5 ശതമാനം ഉയർത്തി. മികച്ച റിസൽട്ടിൽ യുനൈറ്റഡ് എയർലൈൻസ് 12.4 ശതമാനം കുതിച്ചു.

ഡൗ ജോൺസ് സൂചിക ബുധനാഴ്ച 337.28 പോയിൻ്റ് (0.79%) ഉയർന്ന് 43,077.70 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 27.21 പോയിൻ്റ് (0.47%) നേട്ടത്തോടെ 5842.47-ൽ അവസാനിച്ചു. നാസ്ഡാക് സൂചിക 51.49 പോയിൻ്റ് (0.28%) കയറി 18,367.08 ൽ ക്ലോസ് ചെയ്തു.

യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു രാവിലെ താഴ്ചയിലാണ്. ഡൗ 0.13 ഉം എസ് ആൻഡ് പി 0.23 ഉം നാസ്ഡാക് 0.33 ഉം ശതമാനം താഴ്ന്നു നിൽക്കുന്നു.

യുഎസ് 10 വർഷ കടപ്പത്രങ്ങളുടെ വില, 4.026 ശതമാനം നിക്ഷേപനേട്ടം കിട്ടുന്ന നിലയിലേക്കു കയറി.

ഏഷ്യൻ വിപണികൾ ഇന്നു ഭിന്ന ദിശകളിലാണ്. ജാപ്പനീസ് വിപണി രാവിലെ നാമമാത്രമായി ഉയർന്നിട്ടു താഴ്ചയിലേക്കു മാറി. ഓസ്ട്രേലിയൻ വിപണി ഒരു ശതമാനം കുതിച്ചു. ചൈനയിലെ പാർപ്പിട മേഖലയ്ക്കു പുതിയ പാക്കേജ് പ്രഖ്യാപിക്കുന്നതിലാണു നിക്ഷേപക ശ്രദ്ധ. ചൈനീസ് വിപണി തുടക്കത്തിൽ കയറി.

ഇന്ത്യൻ വിപണി 

ഇന്ത്യൻ വിപണി ബുധനാഴ്ച ചെറിയ നഷ്ടത്തോടെ വ്യാപാരം ആരംഭിച്ചു. പിന്നീടു ചാഞ്ചാട്ടത്തിനു ശേഷം വലിയ നഷ്ടത്തിലേക്കു മാറി. അവസാന മണിക്കൂറിൽ റിലയൻസും മറ്റും തിരിച്ചു കയറിയതിനാൽ നഷ്ടം കുറഞ്ഞു ക്ലാേസ് ചെയ്തു.

കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരി ഇന്നലെ അഞ്ചു ശതമാനം ഇടിഞ്ഞു. ഷിപ്പ് യാർഡിൻ്റെ അഞ്ചു ശതമാനം ഓഹരികളുടെ ഓഫർ ഫോർ സെയിൽ വിൽപന തുടങ്ങി. ഓഹരിക്ക് 1540 രൂപയാണു തറവില. റീട്ടെയിൽ നിക്ഷേപകർക്ക് ഇന്ന് അംപക്ഷിക്കാം. നല്ല സ്വീകരണമാണ് ഓഹരിക്കു ലഭിക്കുന്നത്.

ഹ്യുണ്ടായ് മോട്ടോർ ഇന്ത്യയുടെ ഐപിഒ രണ്ടു ദിവസം പിന്നിടുമ്പോൾ 42 ശതമാനം അപേക്ഷകളേ ലഭിച്ചിട്ടുള്ളു. ഇന്നാണ് അപേക്ഷിക്കാനുളള അവസാനദിനം. 27,000 ൽ പരം കോടി രൂപ സമാഹരിച്ച് രാജ്യത്തെ ഏറ്റവും വലിയ ഐപിഒ ആകാൻ ഉദ്ദേശിച്ചിരുന്നതാണ് ഹ്യുണ്ടായ്.

ബിഎസ്ഇ ലിമിറ്റഡ് ഓഹരി ഇന്നലെ 5.41 ശതമാനം ഇടിഞ്ഞു. വിദേശ ബ്രോക്കറേജ് ജെഫറീസ് ഓഹരിയെ ഡൗൺ ഗ്രേഡ് ചെയ്തതാണു കാരണം. വില 27 ശതമാനം ഇടിയുമെന്നാണ് അവരുടെ വിലയിരുത്തൽ.

അസറ്റ് മാനേജ്മെൻ്റ് കമ്പനികൾക്ക് ഇന്നലെ നല്ല ദിവസമായി. അവയുടെ ഓഹരികൾ അഞ്ചു മുതൽ 12 വരെ ശതമാനം കയറി.

സൗത്ത് ഇന്ത്യൻ ബാങ്ക് ഓഹരി ഇന്നലെ 6.5 ശതമാനം ഉയർന്നു. ബാങ്കിൻ്റെ അറ്റാദായം 18 ശതമാനം വർധിച്ച് 325 കോടി രൂപയിൽ എത്തി. ബാങ്കിൻ്റെ സി ഡി അനുപാതവും മികച്ചതായി. ഫെഡറൽ ബാങ്ക് ഓഹരി ഇന്നലെ 2.12 ശതമാനം താഴ്ന്നു.

ബുധനാഴ്ച വിദേശ നിക്ഷേപകർ ക്യാഷ് വിപണിയിൽ 3435.94 കോടി രൂപയുടെ അറ്റവിൽപന നടത്തി. ഒക്ടോബറിൽ വിദേശികളുടെ വിൽപന 67,310.80 കോടി രൂപയായി. വിദേശി വിൽപനയിൽ ഇതു റെക്കോർഡ് ആണ്. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 2256.29 കോടി രൂപയുടെ അറ്റവാങ്ങൽ നടത്തി.

ബുധനാഴ്ച എൻഎസ്ഇയിൽ 1423 ഓഹരികൾ ഉയർന്നപ്പോൾ 1370 ഓഹരികൾ താണു. ബിഎസ്ഇയിൽ 1995 എണ്ണം കയറി, 1987 എണ്ണം താഴ്ന്നു.

ഇന്നലെ സെൻസെക്സ് 318.76 പാേയിൻ്റ് (0.39%) താഴ്ന്ന് 81,501.36 ൽ ക്ലാേസ് ചെയ്തു. നിഫ്റ്റി 86.05 പോയിൻ്റ് (0.34%) കുറഞ്ഞ് 24,971.30 ൽ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 104.95 പോയിൻ്റ് (0.20%) താഴ്ന്ന് 51,801.05 ൽ ക്ലാേസ് ചെയ്തു.

മിഡ് ക്യാപ് സൂചിക 0.24 ശതമാനം താണ് 59,451.85 ൽ ക്ലോസ് ചെയ്തപ്പോൾ സ്മോൾ ക്യാപ് സൂചിക 0.01% കൂടി 19,304.90 ൽ വ്യാപാരം അവസാനിപ്പിച്ചു.

വിപണിയിൽ ബുള്ളുകൾ വീണ്ടും ദുർബലരായി. നിഫ്റ്റി 25,000 ൽ നിർത്താനും കഴിഞ്ഞില്ല.

ഇന്നു നിഫ്റ്റിക്ക് 24,920 ലും 24,880 ലും പിന്തുണ ഉണ്ട്. 25,060 ഉം 25,100 ഉം തടസങ്ങളാകും.

സ്വർണം കയറ്റം തുടരുന്നു

നവംബറിൽ പലിശ കാൽ ശതമാനം കുറയ്ക്കും എന്ന പ്രതീക്ഷ ശക്തമായതാേടെ സ്വർണം കയറ്റം തുടർന്നു. ബുധനാഴ്ച ഔൺസിന് 2685 ഡോളറിനടുത്തു വരെ ഉയർന്ന ശേഷം സ്വർണം 2675.20 ഡോളറിൽ ക്ലോസ് ചെയ്തു. സെപ്റ്റംബർ 26 ലെ 2685.42 ഡോളറാണു സ്വർണത്തിൻ്റെ റെക്കോർഡ് വില. ഇന്നു രാവിലെ സ്വർണം 2678 ഡോളറിലേക്കു കയറി. ഡോളർ സൂചിക ഉയർന്നിട്ടും സ്വർണം കയറ്റം തുടരുന്നത് നിക്ഷേപകർ സ്വർണത്തിലേക്കു തിരിച്ചു വരുന്നതു കൊണ്ടാണ്. അവധിവില 2700 ഡോളറിനു മുകളിൽ എത്തി.

കേരളത്തിൽ സ്വർണവില ഇന്നലെ 360 രൂപ വർധിച്ച് പവന് 57,120 രൂപ എന്ന റെക്കോർഡിൽ എത്തി. വില ഇന്നും ഗണ്യമായി കൂടും.

വെള്ളിവില കയറി ഔൺസിന് 31. 65 ഡോളർ ആയി.

ഡോളർ കൂടുതൽ ഉയർന്നു. ഡോളർ സൂചിക ബുധനാഴ്ച 103.59 ൽ ക്ലാേസ് ചെയ്തു. ഇന്നു രാവിലെ സൂചിക 103.51 ലേക്കു താണു.

ഇന്ത്യൻ രൂപ ഇന്നലെയും അൽപം മെച്ചപ്പെട്ടു. ഡോളർ നാലു പൈസ താഴ്ന്ന് 84.00 രൂപയിൽ ക്ലോസ് ചെയ്തു. രൂപ ഇന്നു വീണ്ടും സമ്മർദത്തിലാകും.

ക്രൂഡ് ഓയിൽ വില കാര്യമായ മാറ്റമില്ലാതെ തുടരുന്നു. ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ ബുധനാഴ്ച 74.22 ഡോളറിലാണു ക്ലോസ് ചെയ്തത്. ഇന്നു രാവിലെ 74.63 ഡോളറിലേക്കു കയറി. ഡബ്ല്യുടിഐ ഇനം 70.81 ഉം യുഎഇയുടെ മർബൻ ക്രൂഡ് 74.39 ഉം ഡോളറിലാണ്.

ക്രിപ്റ്റാേ കറൻസികൾ വീണ്ടും ഉയർന്നു. ബിറ്റ്കോയിൻ 67,700 ഡോളറിനു മുകളിലായി. ഈഥർ 2615 ഡോളർ വരെ എത്തി.

നിക്കൽ ഒഴികെയുള്ള വ്യാവസായിക ലോഹങ്ങൾ ബുധനാഴ്ച ഉയർന്നു. ചെമ്പ് 0.18 ശതമാനം കയറി ടണ്ണിന് 9418.77 ഡോളറിൽ എത്തി. അലൂമിനിയം 0.66 ശതമാനം ഉയർന്ന് ടണ്ണിന് 2584.00 ഡോളർ ആയി. ലെഡ് 2.84 ഉം ടിൻ 1.80 ഉം സിങ്ക് 2.47 ഉം ശതമാനം ഉയർന്നു. നിക്കൽ 0.55 ശതമാനം താഴ്ന്നു.

വിപണിസൂചനകൾ

(2024 ഒക്ടോബർ 16, ബുധൻ)

സെൻസെക്സ് 30 81,501.36 -0.39%

നിഫ്റ്റി50 24,971.30 -0.34%

ബാങ്ക് നിഫ്റ്റി 51,801.05 -0.20%

മിഡ് ക്യാപ് 100 59,451.85 -0.24%

സ്മോൾ ക്യാപ് 100 19,304.90 +0.01%

ഡൗ ജോൺസ് 30 43,077.70

+0.79%

എസ് ആൻഡ് പി 500 5842.47 +0.47%

നാസ്ഡാക് 18,367.08 -1.01%

ഡോളർ($) ₹84.00 -₹0.04

ഡോളർ സൂചിക 103.59 +0.29

സ്വർണം (ഔൺസ്) $2675.20 +$12.30

സ്വർണം (പവൻ) ₹57,120 +₹360

ക്രൂഡ് (ബ്രെൻ്റ്) ഓയിൽ $74.22 -$00.03

Tags:    

Similar News