വിപണി മനോഭാവം ദുർബലം; ഹ്യുണ്ടായ് ലിസ്റ്റിംഗ് നിർണായകം; യുഎസിൽ പലിശ കുറയ്ക്കൽ വെെകുമെന്ന് ആശങ്ക; ഏഷ്യൻ വിപണികൾ ഇടിവിൽ

കയറിയിറങ്ങി ക്രൂഡ് ഓയില്‍, ഡോളറിന് കുതിച്ച് കയറ്റം, റെക്കോര്‍ഡ് തൊട്ട് സ്വര്‍ണം, ക്രിപ്‌റ്റോകള്‍ക്ക് ക്ഷീണം

Update:2024-10-22 07:48 IST

IMAGE: CANVA

ഓഹരിവിപണി താഴോട്ടുള്ള വലിയ സമ്മർദം അതിജീവിക്കാൻ പറ്റാതെ നിൽക്കുന്നു. ഉയരാൻ പ്രേരകമായ ഒന്നും സംഭവിക്കുന്നില്ല. ഇന്നു രാവിലെ ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ ലിസ്റ്റ് ചെയ്യുമ്പോൾ ദൗർബല്യം കണ്ടാൽ അതു വിപണിക്കു തിരിച്ചടിയാകും. ഇന്നലെ പാശ്ചാത്യ വിപണികളും ഇന്നു രാവിലെ ഏഷ്യൻ വിപണികളും താഴ്ന്നത് നെഗറ്റീവ് സൂചനയാണു നൽകുന്നത്. വിദേശ നിക്ഷേപകരുടെ വിൽപന നിർത്തില്ലാതെ തുടരുകയാണ്. യുഎസ് ഡോളർ ഉയരുന്നതും വിപണിയെ ദുർബലമാക്കുന്നു.

ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി തിങ്കളാഴ്ച രാത്രി 24,806 ൽ ക്ലാേസ് ചെയ്തു. ഇന്നു രാവിലെ 24,795 ലേക്കു താഴ്ന്നു. ഇന്ത്യൻ വിപണി ഇന്നു നേരിയ നേട്ടത്തിൽ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.

വിദേശ വിപണി 

യൂറോപ്യൻ വിപണികൾ തിങ്കളാഴ്ച നഷ്ടത്തിൽ അവസാനിച്ചു. ജർമൻ, ഫ്രഞ്ച് സൂചികകൾ ഒരു ശതമാനം വീതം ഇടിഞ്ഞു.

യുഎസ് വിപണികൾ തിങ്കളാഴ്ച ഭിന്ന ദിശകളിലായി. പലിശ കുറയ്ക്കൽ വൈകുമെന്ന സൂചന ഫെഡ് ഗവർണർമാരിൽ നിന്ന് ഉണ്ടാകുന്നതു വിപണിയെ നിരാശപ്പെടുത്തി. ഡൗ സൂചിക 0.8 ശതമാനവും എസ് ആൻഡ് പി സൂചിക 0.18 ശതമാനവും താഴ്ന്നു. നാസ്ഡാക് അൽപം ഉയർന്നു. എൻവിഡിയയും ആപ്പിളും റെക്കോർഡ് തിരുത്തി ഉയർന്നതാണ് നാസ്ഡാകിനെ കയറ്റിയത്. എൻവിഡിയ 4.14 ശതമാനം ഉയർന്നു. വിപണിമൂല്യം ആപ്പിളിനു തൊട്ടു, പിന്നിൽ 3.52 ലക്ഷം കോടി ഡോളർ വരെ എത്തി.

ഡൗ ജോൺസ് സൂചിക തിങ്കളാഴ്ച 344.31 പോയിൻ്റ് (0.80%) താഴ്ന്ന് 42,931.60 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 10.69 പോയിൻ്റ് (0.18%) കുറഞ്ഞ് 5853.98-ൽ അവസാനിച്ചു. നാസ്ഡാക് സൂചിക 50.45 പോയിൻ്റ് (0.27%) കയറി 18,540.01 ൽ ക്ലോസ് ചെയ്തു.

യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു രാവിലെ ചെറിയ നഷ്ടത്തിലാണ്. ഡൗ 0.12 ഉം എസ് ആൻഡ് പി 0.17 ഉം നാസ്ഡാക് 0.26 ഉം ശതമാനം താഴ്ന്നു നിൽക്കുന്നു.

യുഎസ് 10 വർഷ കടപ്പത്രങ്ങളുടെ വില, 4.19 ശതമാനം നിക്ഷേപനേട്ടം കിട്ടുന്ന നിലയിലേക്ക് ഇടിഞ്ഞു.

ഏഷ്യൻ വിപണികൾ ഇന്നു രാവിലെ വലിയ താഴ്ചയിലാണ്. ജപ്പാനിലും ഓസ്ട്രലിയയിലും ദക്ഷിണ കൊറിയയിലും വിപണികൾ 1.25 ശതമാനത്തിലധികം താണു. ചൈനീസ് വിപണിയും താഴ്ന്നാണു തുടങ്ങിയത്.

ഇന്ത്യൻ വിപണി 

ഇന്ത്യൻ വിപണി തിങ്കളാഴ്ച നേട്ടത്തിൽ വ്യാപാരം ആരംഭിച്ചിട്ടു നഷ്ടത്തിലേക്കു നീങ്ങി. ഇടയ്ക്കു തിരിച്ചു കയറാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. മിഡ് ക്യാപ്, സ്മോൾ ക്യാപ് ഓഹരികളാണു വലിയ ഇടിവിലായത്. രണ്ടു സൂചികകളും ഒന്നര ശതമാനം നഷ്ടം കാണിച്ചു.

ഐടി, എഫ്എംസിജി, ഓയിൽ - ഗ്യാസ്, റിയൽറ്റി, മീഡിയ,മെറ്റൽ, പൊതുമേഖലാ ബാങ്ക്, സ്വകാര്യ ബാങ്ക്, ഹെൽത്ത് കെയർ, ഫാർമ തുടങ്ങിയവ വലിയ താഴ്ചയിലായി. വാഹനമേഖല മാത്രമാണ് നേട്ടം കുറിച്ചത്.

ടാറ്റാ കൺസ്യൂമർ പ്രാെഡക്ട്സ് 10 ശതമാനം വരെ ഇടിഞ്ഞിട്ട് 7.08 ശതമാനം ഇടിവിലാണു ക്ലോസ് ചെയ്തത്. രണ്ടാം പാദ റിസൽട്ട് പ്രതീക്ഷയിലും വളരെ താഴെയായതിനെ തുടർന്ന് ബ്രോക്കറേജുകൾ ഓഹരിയുടെ ലക്ഷ്യവില താഴ്ത്തി.

ഐടിയിൽ കോഫോർജ് 5.55 ഉം പെർസിസ്റ്റൻ്റ് 4.54 ഉം എംഫസിസ് 3.77 ഉം ശതമാനം ഇടിഞ്ഞു.

റിയൽറ്റിയിൽ ഗോദ്റെജ്, ഫീനിക്സ്, ശോഭ, ലോധ, പ്രസ്റ്റീജ് തുടങ്ങിയവ രണ്ടു ശതമാനത്തിലധികം നഷ്ടത്തിലായി.

തിങ്കളാഴ്ച വിദേശ നിക്ഷേപകർ ക്യാഷ് വിപണിയിൽ 2261.83 കോടി രൂപയുടെ അറ്റവിൽപന നടത്തി. ഇതോടെ ഈ മാസം വിദേശികളുടെ വിൽപന 82,479.73 കോടി രൂപയായി. പ്രതിമാസ വിദേശിവിൽപനയിൽ ഇതു റെക്കോർഡ് ആണ്. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി ഇന്നലെ 3225.91 കോടി രൂപയുടെ അറ്റവാങ്ങൽ നടത്തി. അവരുടെ പ്രതിമാസ നിക്ഷേപം 77,402.11 കോടിയിൽ എത്തി.

തിങ്കളാഴ്ച എൻഎസ്ഇയിൽ 697 ഓഹരികൾ ഉയർന്നപ്പോൾ 2128 ഓഹരികൾ താണു. ബിഎസ്ഇയിൽ 1102 എണ്ണം കയറി, 2948 എണ്ണം താഴ്ന്നു.

ഇന്നലെ സെൻസെക്സ് 73.48 പാേയിൻ്റ് (0.09%) താഴ്ന്ന് 81,151.27 ൽ ക്ലാേസ് ചെയ്തു. നിഫ്റ്റി 72.95 പോയിൻ്റ് (0.29%) നഷ്ടത്തിൽ 24,781.10 ൽ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 131.50 പോയിൻ്റ് (0.25%) താഴ്ന്ന് 51,962.70 ൽ ക്ലാേസ് ചെയ്തു.

മിഡ് ക്യാപ് സൂചിക 1.66 ശതമാനം ഇടിഞ്ഞ് 57,677.70 ൽ ക്ലോസ് ചെയ്തപ്പോൾ സ്മോൾ ക്യാപ് സൂചിക 1.47% താഴ്ന്ന് 18,797.40 ൽ വ്യാപാരം അവസാനിപ്പിച്ചു.

വിപണി ഉയരാൻ മാർഗം കാണാതെയാണ് നീങ്ങുന്നത്. 24,700 നു താഴേക്ക് വിപണി എത്തിയാൽ 24,500 ആകും പിന്തുണ മേഖല. നിഫ്റ്റിക്ക് ഇന്ന് 24,700 ഉം 24,625 ഉം പിന്തുണ നൽകാം. 24,930 ഉം 25,000 ഉം തടസങ്ങളാകും.

സര്‍വ്വകാല ഉയരം തൊട്ട് സ്വര്‍ണം

യുഎസ് പലിശനയം, സർക്കാർ കടമെടുപ്പ് എന്നിവയെപ്പറ്റിയുള്ള അനിശ്ചിതത്വവും പരസ്പരവിരുദ്ധമായ നിഗമനങ്ങളും സ്വർണത്തെ തിങ്കളാഴ്ച സർവകാല ഉയരത്തിൽ എത്തിച്ചിട്ടു താഴ്ത്തി. കമലാ ഹാരിസ് പ്രസിഡൻ്റ് ആയാൽ കമ്മി വർധിപ്പിക്കുമെന്നും അത് അനിവാര്യമായും പലിശ ഉയർത്തുമെന്നും ഏറെപ്പേർ കരുതുന്നു. അവർ ഡോളർ വില കയറ്റുകയും യുഎസ് കടപ്പത്രങ്ങളുടെ വില ഇടിക്കുകയും ചെയ്യുന്നു. അതാണു രാവിലെ ഔൺസിന് 2741 ഡോളർ വരെ ഉയർന്ന സ്വർണവില പിന്നീടു കുത്തനേ താഴാൻ കാരണം. തിങ്കളാഴ്ച സ്വർണം ഔൺസിന് 2719.90 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ ഏഷ്യൻ വ്യാപാരത്തിൽ വില 2729 ഡോളറിലേക്കു കയറി. ഡിസംബർ അവധിവില 2755 ഡോളർ വരെ എത്തിയിട്ടു താഴ്ന്നു.  

കേരളത്തിൽ സ്വർണവില തിങ്കളാഴ്ച 160 രൂപ വർധിച്ച് 58,400 രൂപ എന്ന റെക്കോർഡിൽ എത്തിച്ചു. ഇനിയും കയറ്റം പ്രതീക്ഷിക്കാം.

വെള്ളിവില ഔൺസിനു 34 ഡോളർ കടന്നിട്ടു താഴ്ന്ന് 33.85 ഡോളറിൽ നിൽക്കുന്നു.

ഡോളർ തിങ്കളാഴ്ച കുതിച്ചു കയറി. ഡോളർ സൂചിക 104.01 ൽ ക്ലാേസ് ചെയ്തു. ഇന്നു രാവിലെ 103.95 ആണ്.

ഇന്ത്യൻ രൂപ തിങ്കളാഴ്ചയും പിടിച്ചു നിന്നു. ഡോളർ മാറ്റമില്ലാതെ 84.07 രൂപയിൽ ക്ലോസ് ചെയ്തു. റിസർവ് ബാങ്ക് വിപണിയിൽ വലിയ ഇടപെടൽ നടത്തുന്നുണ്ട്.

ക്രൂഡ് ഓയിൽ വില കയറിയിറങ്ങി. ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ തിങ്കളാഴ്ച ഒന്നര ശതമാനം ഉയർന് 74.29 ഡോളറിലാണു ക്ലോസ് ചെയ്തത്. ഇന്നു രാവിലെ 73.94 ലേക്കു താഴ്ന്നു. ഡബ്ല്യുടിഐ ഇനം 70.27 ഉം യുഎഇയുടെ മർബൻ ക്രൂഡ് 73.99 ഉം ഡോളറിലാണ്.

ക്രിപ്റ്റാേ കറൻസികൾ താഴ്ന്നു. ബിറ്റ്കോയിൻ 67,450 ഡോളറിലാണ്. ഈഥർ 2645 ഡോളർ വരെ താണു.

ചൈന ഇന്നലെ പലിശ കുറച്ചെങ്കിലും മിക്ക വ്യാവസായിക ലോഹങ്ങളും താഴുകയാണു ചെയ്തത്. ചെമ്പ് 0.87 ശതമാനം താണു ടണ്ണിന് 9420.59 ഡോളറിൽ എത്തി. അലൂമിനിയം 0.21 ശതമാനം ഉയർന്ന് ടണ്ണിന് 2595.50 ഡോളർ ആയി. ടിൻ 0.32 ഉം നിക്കൽ 0.38 ഉം ലെഡ് 0.83 ഉം ശതമാനം താഴ്ന്നു. സിങ്ക് 1.33 ശതമാനം കയറി.

വിപണിസൂചനകൾ

(2024 ഒക്ടോബർ 21, തിങ്കൾ)

സെൻസെക്സ് 30 81,151.27 -0.09%

നിഫ്റ്റി50 24,781.10 -0.29%

ബാങ്ക് നിഫ്റ്റി 51,962.70 -0.25%

മിഡ് ക്യാപ് 100 57,677.70 -1.66%

സ്മോൾ ക്യാപ് 100 18,797.40 +0.06%

ഡൗ ജോൺസ് 30 42,931.60

-0.80%

എസ് ആൻഡ് പി 500 5853.98 -0.18%

നാസ്ഡാക് 18,540.01 +0.27%

ഡോളർ($) ₹84.07 ₹0.00

ഡോളർ സൂചിക 104.01 +0.52

സ്വർണം (ഔൺസ്) $2719.90 -$01.90

സ്വർണം (പവൻ) ₹58,400 +₹ 160

ക്രൂഡ് (ബ്രെൻ്റ്) ഓയിൽ $74.29. +$01.26

Tags:    

Similar News