റെക്കോർഡിൽ നിന്നു റെക്കാേർഡിലേക്കു കയറാൻ വിപണി; സാമ്പത്തിക കണക്കുകൾ ആവേശം നൽകില്ല; ക്രൂഡ് ഓയിൽ വില താഴോട്ട്; സ്വർണ വിലയും താഴുന്നു

Update:2024-09-02 08:18 IST
യുഎസ് വിപണി വെള്ളിയാഴ്ച ചെറിയ നേട്ടത്തിൽ വ്യാപാരം തുടങ്ങിയിട്ടു നല്ല ഉയരത്തിൽ അവസാനിച്ചു. ഡൗ ജാേൺസ് റെക്കോർഡ് തിരുത്തിയപ്പോൾ എത്തിയപ്പോൾ എസ് ആൻഡ് പി തുടർച്ചയായ നാലാമത്തെ മാസം ഉയർന്നു ക്ലോസ് ചെയ്തു. ഫെഡറൽ റിസർവ് നിരീക്ഷിക്കുന്ന വിലക്കയറ്റ സൂചികയായ പേഴ്സണൽ കൺസംഷൻ എക്സ്പെൻഡിച്ചർ സൂചിക ജൂലെെയിൽ 2.5 ശതമാനമേ ഉയർന്നുള്ളു എന്നത് പലിശ കുറയ്ക്കൽ പ്രതീക്ഷ സ്ഥിരീകരിച്ചു.
ഓഗസ്റ്റിൽ ഡൗ1.8 ഉം എസ് ആൻഡ് പി 2.3 ഉം നാസ്ഡാക് 0.7 ഉം ശതമാനം ഉയർന്നു. മാസത്തിൻ്റെ തുടക്കത്തിൽ ഇവ 5.4 മുതൽ 10.7 വരെ ശതമാനം ഇടിഞ്ഞിട്ടാണു കയറിയത്.

വിദേശ വിപണി

വെള്ളിയാഴ്ച ഡൗ ജോൺസ് സൂചിക 228.03 പോയിൻ്റ് (0.55%) ഉയർന്ന് 41,563.08 എന്ന റെക്കോർഡിൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 56.44 പോയിൻ്റ് (1.01%) കയറി 5648.40 ൽ അവസാനിച്ചു. നാസ്ഡാക് 197.19 പാേയിൻ്റ് (1.13%) കുതിച്ച് 17,713.62 ൽ ക്ലോസ് ചെയ്തു.
യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു താഴ്ചയിലാണ്. ഡൗ 0.03 ഉം എസ് ആൻഡ് പി 0.08 ഉം നാസ്ഡാക് 0.10 ഉം ശതമാനം താഴ്ന്നു നിൽക്കുന്നു.
യുഎസ് 10 വർഷ കടപ്പത്രങ്ങളുടെ വില 3.909 ശതമാനം നിക്ഷേപനേട്ടം കിട്ടുന്ന നിലയിലേക്കു താഴ്ന്നു.
ഏഷ്യൻ വിപണികൾ ഇന്നു ഭിന്ന ദിശകളിലാണ്. ജപ്പാനിൽ നിക്കെെ അര ശതമാനം ഉയർന്നു. ചെെനീസ്, ഹോങ് കോങ് വിപണികൾ താഴ്ന്നു.

ഇന്ത്യൻ വിപണി

ഇന്ത്യൻ വിപണി വെള്ളിയാഴ്ച തുടക്കം മുതലേ കയറ്റത്തിലായിരുന്നു. സെൻസെക്സ് 82,637.03 എന്ന റെക്കോർഡ് നിലയിൽ വ്യാപാരം തുടങ്ങിയിട്ടു കുറേ താഴ്ന്നു ക്ലോസ് ചെയ്തു. നിഫ്റ്റി 25,249.70 ൽ വ്യാപാരം തുടങ്ങിയ ശേഷം 25,268.35 എന്ന റെക്കോർഡ് വരെ കയറി പിന്നീടു താഴ്ന്നു ക്ലോസ് ചെയ്തു. തുടർച്ചയായ 12-ാം ദിവസമാണു നിഫ്റ്റി ഉയരുന്നത്.
വെള്ളിയാഴ്ച സെൻസെക്സ് 231.16 പാേയിൻ്റ് (0.28%) ഉയർന്ന് 82,365.77ൽ ക്ലാേസ് ചെയ്തു. നിഫ്റ്റി 83.95 പോയിൻ്റ് (0.33%) നേട്ടത്തോടെ 25,235.90 ൽ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 0.39% (198.25 പോയിൻ്റ്) കയറി 51,351.00ൽ ക്ലാേസ് ചെയ്തു.
മിഡ് ക്യാപ് സൂചിക 0.68 ശതമാനം കയറി 59,286.65 ലും സ്മോൾ ക്യാപ് സൂചിക 0.48% ഉയർന്ന് 19,307.10 ലും വ്യാപാരം അവസാനിപ്പിച്ചു.
വിദേശനിക്ഷേപകർ വെള്ളിയാഴ്ച ക്യാഷ് വിപണിയിൽ 5318.14 കോടി രൂപയുടെ ഓഹരികൾ വാങ്ങി. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 3198.07 കോടി രൂപയുടെ ഓഹരികൾ വിറ്റു. കഴിഞ്ഞ ആഴ്ച വിദേശികൾ 19,139.76 കോടി രൂപയുടെ ഓഹരികളാണു വിറ്റത്. സ്വദേശി ഫണ്ടുകൾ 20,871.10 കോടിയുടെ ഓഹരികൾ വാങ്ങി.
വിപണി ബുള്ളിഷ് മനോഭാവത്തിലാണു ക്ലോസ് ചെയ്തത്. നിഫ്റ്റി 25,350-ലെ പ്രതിരോധം കടന്നാൽ 25,500-25,700 മേഖലയിലേക്കു കടക്കാം എന്നാണു പ്രതീക്ഷ.
ഇന്നു നിഫ്റ്റി സൂചികയ്ക്ക് 25,210 ലും 24,190 ലും പിന്തുണ ഉണ്ട്. 25,260 ലും 25,300 ലും തടസം ഉണ്ടാകാം.
സ്വർണവും ക്രൂഡ് ഓയിലും താഴ്ന്നു
സ്വർണം ലാഭമെടുക്കലിനെ തുടർന്നു ഗണ്യമായി താഴ്ന്നാണു വാരാന്ത്യത്തിലേക്കു പ്രവേശിച്ചത്. ശ്രമത്തിലാണ്. വെള്ളിയാഴ്ച ഔൺസിന് 2504.00 ഡോളറിൽ ക്ലോസ് ചെയ്തു. സ്വർണം ഇന്നു രാവിലെ 2498 ഡോളറിലാണ്. യുഎസ് മാന്ദ്യഭീതി മാറിയതും പേഴ്സണൽ കൺസംഷൻ എക്സ്പെൻഡിച്ചർ (പിസിഇ) സൂചിക 2.5 ശതമാനത്തിലേക്കു താഴ്ന്നതും പലിശ കുറയ്ക്കൽ ഉറപ്പാക്കി. ഈ സാഹചര്യത്തിലായിരുന്നു ലാഭമെടുക്കലുകാരുടെ വിൽപന സമ്മർദം.
ഡിസംബർ അവധിവില ഔൺസിന് 2535 ഡോളറിലേക്കു താഴ്ന്നു.
കേരളത്തിൽ സ്വർണവില വെള്ളി, ശനി ദിവസങ്ങളിൽ 80 രൂപ വീതം താഴ്ന്ന് പവന് 53,560 രൂപയിൽ എത്തി.
വെള്ളിവില ഔൺസിന് 28.83 ഡോളറിലേക്കു താഴ്ന്നു.
ഡോളർ സൂചിക വെള്ളിയാഴ്ച ഉയർന്ന് 101.70 ൽ ക്ലാേസ് ചെയ്തു. ഇന്നു രാവിലെ 101.72 ലേക്കു നീങ്ങി.
രൂപ വെള്ളിയാഴ്ച നേരിയ നേട്ടത്തിലായി. ഡോളർ ഒരു പെെസ താഴ്ന്ന് 83.86 രൂപയിൽ ക്ലോസ് ചെയ്തു.
ക്രൂഡ് ഓയിൽ വീണ്ടും താഴ്ചയിലായി. ലിബിയയിൽ നിന്നുള്ള എണ്ണ ലഭ്യതയുടെ തടസം നീങ്ങി. ബ്രെൻ്റ് ഇനം രണ്ടര ശതമാനം ഇടിഞ്ഞ് 76.93 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വില 76.35 ഡോളറിലേക്ക് താഴ്ന്നു. ഡബ്ല്യുടിഐ ഇനം 73.10 ഉം യുഎഇയുടെ മർബൻ ക്രൂഡ് 76.5.0 ഉം ഡോളറിലാണ്.
ക്രിപ്റ്റാേ കറൻസികൾ താഴ്ന്നു തുടരുന്നു. ബിറ്റ്കോയിൻ വാരാന്ത്യത്തിലെ 59,200 ഡോളറിൽ നിന്ന് തിങ്കളാഴ്ച 57,200 ൽ എത്തി. ഈഥർ 2425 ഡോളറിലേക്കു താഴ്ന്നു. ക്രിപ്റ്റോ ഫണ്ടുകളിൽ നിന്നു വലിയ പിന്മാറ്റം ഉണ്ട്.
വ്യാവസായിക ലോഹങ്ങൾ ഭിന്ന ദിശകളിലായിരുന്നു.ചെമ്പ് 1.08 ശതമാനം ഉയർന്നു ടണ്ണിന് 9214.25 ഡോളറിൽ എത്തി. അലൂമിനിയം 043 ശതമാനം താഴ്ന്ന് ടണ്ണിന് 2446.80 ഡോളർ ആയി. നിക്കൽ, സിങ്ക്, ലെഡ് എന്നിവ ഉയർന്നു. ടിൻ താഴ്ന്നു.
ജിഡിപി വളർച്ച കുറഞ്ഞതു ചെറിയ കാര്യമല്ല
ഏപ്രിൽ - ജൂൺ കാലയളവിലെ ഇന്ത്യയുടെ ജിഡിപി വളർച്ച 6.7 ശതമാനമായി കുറഞ്ഞു. ജനുവരി-മാർച്ചിൽ 7.8 ഉം കഴിഞ്ഞ വർഷം ഏപ്രിൽ - ജൂണിൽ 8.2 ഉം ശതമാനമായിരുന്നു വളർച്ച. കഴിഞ്ഞ ധനകാര്യ വർഷത്തെ 8.2 ശതമാനത്തിൽ നിന്ന് 1.5 ശതമാനം താഴ്ന്ന വളർച്ച നിരക്ക് അൽപം ആശങ്കാജനകമാണ്.
ഒന്നാം പാദത്തിലേക്കു റിസർവ് ബാങ്ക് പ്രതീക്ഷിച്ച വളർച്ച 7.1% വും മുഴുവർഷത്തേക്ക് 7.2 ശതമാനവും ആയിരുന്നു. അത് സാധ്യമാകും എന്നു റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞെങ്കിലും കേന്ദ്ര സർക്കാരിൻ്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവിന് ആ വിശ്വാസം ഇല്ല. 6.5 മുതൽ ഏഴു വരെ ശതമാനം വളർച്ചയാണ് വി. അനന്ത നാഗേശ്വരൻ ഇപ്പോൾ പ്രതീക്ഷിക്കുന്നത്.
തെരഞ്ഞെടുപ്പ് മൂലം കേന്ദ്ര സർക്കാരിൻ്റെ മൂലധനച്ചെലവ് കുറഞ്ഞതും പെരുമാറ്റച്ചട്ടം മൂലം പല തീരുമാനങ്ങളും വെെകിയതുമാണ് ജിഡിപി വളർച്ച കുറയാൻ കാരണം എന്ന് സർക്കാർ വിശദീകരിക്കുന്നു. പക്ഷേ അതത്ര വിശ്വസനീയ വിശദീകരണമല്ല. കാർഷികവളർച്ച 3.7ൽ നിന്നു രണ്ടു ശതമാനമായി കുറഞ്ഞത് ഉൽപാദനക്കുറവു കൊണ്ടു തന്നെയാണ്. സേവന മേഖലയുടെ വളർച്ച 10.7 ൽ നിന്ന് 7.2 ശതമാനമായി താണതിലും സർക്കാർ ചെലവിലെ കുറവ് മാത്രമല്ല പ്രതി. ധനകാര്യ, റിയൽ എസ്റ്റേറ്റ്, പ്രഫഷണൽ സേവന മേഖലകളുടെ വളർച്ച 12.6% ൽ നിന്ന് 7.1% ആയതിനും വിശദീകരണമില്ല. ജനുവരി-മാർച്ചിലെ ജിഡിപി തുകയിൽ നിന്ന് 7.6 ശതമാനം കുറവാണ് ഏപ്രിൽ - ജൂണിലേത് എന്നതും നൽകുന്ന സൂചന അത്ര നല്ലതല്ല.
വിപണിസൂചനകൾ
(2024 ഓഗസ്റ്റ് 30, വെള്ളി)
സെൻസെക്സ് 30 82,365.77 +0.28%
നിഫ്റ്റി50 25,235.90 +0.33%
ബാങ്ക് നിഫ്റ്റി 51,351.00 +0.39%
മിഡ് ക്യാപ് 100 59,286.65 +0.68%
സ്മോൾ ക്യാപ് 100 19,307.10 +0.48%
ഡൗ ജോൺസ് 30 41,563.08
+0.55%
എസ് ആൻഡ് പി 500 5648.40 +1.01%
നാസ്ഡാക് 17,113.43 +1.13%
ഡോളർ($) ₹83.86 -₹0.01
ഡോളർ സൂചിക 101.70 +0.36
സ്വർണം (ഔൺസ്) $2504.00 -$17.90
സ്വർണം (പവൻ) ₹ 53,560 -₹160
ക്രൂഡ് (ബ്രെൻ്റ്) ഓയിൽ $76.93 -$02.99
Tags:    

Similar News