റെക്കോർഡുകൾ ലക്ഷ്യമിട്ടു കുതിപ്പ് തുടരാൻ ബുള്ളുകൾ; വിദേശ സൂചനകൾ പോസിറ്റീവ്; ക്രൂഡ് ഓയിൽ താഴുന്നു

25,000 നു മുകളിൽ റെക്കാേഡ് തിരുത്താൻ ഈയാഴ്ച കഴിയും എന്നാണു പ്രതീക്ഷ

Update:2024-08-19 08:03 IST
പോസിറ്റീവ് സൂചനകളുമായാണു വിപണി ഇന്നു പുതിയ ആഴ്ചയ്ക്കു തുടക്കമിടുന്നത്. വെള്ളിയാഴ്ചത്തെ കുതിപ്പ് തുടരും എന്ന ആത്മവിശ്വാസം ബുള്ളുകൾ പ്രകടിപ്പിക്കുന്നുണ്ട്. 25,000 നു മുകളിൽ റെക്കാേർഡ് തിരുത്താൻ ഈയാഴ്ച കഴിയും എന്നാണു പ്രതീക്ഷ.
ഒരു മാസത്തെ തൊഴിൽ കണക്കു കാണിച്ചു മാന്ദ്യം വരുന്നേ എന്നു കരഞ്ഞവർക്കു മറുപടിയായി കഴിഞ്ഞ ആഴ്ചയിലെ വിവിധ സാമ്പത്തിക സൂചകങ്ങൾ. സാമ്പത്തിക തകർച്ചയില്ലാതെ വിലക്കയറ്റം ഒതുക്കാമെന്ന വിശ്വാസം ഉറച്ചു. വിപണികൾ കുതിച്ചു. എങ്കിലും എല്ലാം ശാന്തമാകുന്നു എന്നു വരുത്താൻ ചിലർ തയാറില്ല. ഈ വെള്ളിയാഴ്ച ജാക്സൺ ഹോളിൽ കേന്ദ്രബാങ്ക് ഗവർണർമാരുടെ സമ്മേളനത്തിൽ ഫെഡറൽ റിസർവ് മേധാവി ജെറോം പവൽ പലിശ കുറയ്ക്കൽ ഉറപ്പാണെന്നു പ്രഖ്യാപിക്കണമെന്നാണ് ഇപ്പാേൾ ചിലർ വാശിപിടിക്കുന്നത്. അതുണ്ടായില്ലെങ്കിൽ വിപണിയിൽ വിൽപന സമ്മർദം ഉണ്ടാകുമെന്ന് അവർ പറയുന്നു. എന്തായാലും കാര്യമായ പ്രതികൂലഘടകങ്ങളും വാർത്തകളും ഈയാഴ്ച പ്രതീക്ഷിക്കുന്നില്ല. ക്രൂഡ് ഓയിൽ വില കുറയുന്നതടക്കം മറ്റു ഘടകങ്ങളും അനുകൂലമാണ്.
ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി വെള്ളിയാഴ്ച രാത്രി 24,629 ൽ ക്ലാേസ് ചെയ്തു. ഇന്നു രാവിലെ 24,675 ലേക്കു കയറി. ഇന്ത്യൻ വിപണി ഇന്ന് ഉയർന്നു വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.

വിദേശ വിപണി

യൂറോപ്യൻ വിപണികൾ വെള്ളിയാഴ്ച ഉയർന്നു. ആഴ്ചയും നേട്ടത്തിൽ അവസാനിച്ചു. യുകെയിൽ വിലക്കയറ്റത്തിൽ കുറവു വന്നതും റീട്ടെയിൽ വിൽപന വർധിച്ചതും പൗണ്ട് സ്റ്റെർലിംഗിനു കരുത്തു കൂട്ടി.
യുഎസ് വിപണി വെള്ളിയാഴ്ചയും നേട്ടം കുറിച്ചു. മാന്ദ്യഭീതി അനാവശ്യമായി ചില അശുഭ കാംക്ഷികൾ പരത്തിയതാണെന്നും യുഎസ് സമ്പദ്ഘടന വളർച്ചയുടെ വഴിയിലാണെന്നും ബോധ്യം വളർന്നു. ഇതിൻ്റെ ഫലം സെപ്റ്റംബറിലെ പലിശ കുറയ്ക്കൽ കാൽ ശതമാനത്തിൽ ഒതുങ്ങും എന്നതാണ്.
വെള്ളിയാഴ്ച ഡൗ ജോൺസ് സൂചിക 96.70 പോയിൻ്റ് (0.24%) കയറി 40,659.76 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 11.03 പോയിൻ്റ് (0.20%) നേട്ടത്തിൽ 5554.25 ൽ അവസാനിച്ചു. നാസ്ഡാക് 37.22 പാേയിൻ്റ് (0.21%) ഉയർന്ന് 17,631.72 ൽ എത്തി.
യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു കയറ്റത്തിലാണ്. ഡൗ 0.10 ഉം എസ് ആൻഡ് പി 0.15 ഉം ശതമാനം നാസ്ഡാക് 0.25 ഉം ശതമാനം ഉയർന്നു നിൽക്കുന്നു.
ഇന്നു രാവിലെ ഏഷ്യൻ വിപണികൾ ചെറിയ താഴ്ചയിലാണ്. കഴിഞ്ഞ ആഴ്ചയിലെ കുതിപ്പിന് ഒരു തിരുത്തൽ എന്നാണ് ഈ താഴ്ചയെ കണക്കാക്കുന്നത്.

ഇന്ത്യൻ വിപണി

ഇന്ത്യൻ വിപണി വെള്ളിയാഴ്ച നല്ല നേട്ടത്തിൽ വ്യാപാരം തുടങ്ങി ചാഞ്ചാട്ടത്തിനു ശേഷം ഗണ്യമായി ഉയർന്നു ക്ലോസ് ചെയ്തു. മുൻ ദിവസങ്ങളിലെ ക്ഷീണം ഇതോടെ മറി കടന്നു.
കഴിഞ്ഞ ആഴ്ചയിൽ സെൻസെക്സ് 0.92 ശതമാനവും നിഫ്റ്റി 0.71 ശതമാനവും ഉയർന്നു. ഐടിയും കൺസ്യൂമർ ഡ്യുറബിൾസും റിയൽറ്റിയും ആണു കഴിഞ്ഞ ആഴ്ച വലിയ നേട്ടം ഉണ്ടാക്കിയ മേഖലകൾ.
വെള്ളിയാഴ്ച സെൻസെക്സ് 1330.96 പാേയിൻ്റ് (1.68%) കുതിച്ച് 80,436.84 ൽ ക്ലാേസ് ചെയ്തു. നിഫ്റ്റി 397.40 പോയിൻ്റ് (0.02%) കുത്തനേ കയറി 24,541.15 ൽ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 1.59% (789.60 പോയിൻ്റ്) ഉയർന്ന് 50,516.90 ൽ അവസാനിച്ചു.
മിഡ് ക്യാപ് സൂചിക 1.96 ശതമാനം (1108.95 പോയിൻ്റ്) കുതിച്ച് 57,656.00 ലും സ്മോൾ ക്യാപ് സൂചിക 1.93% കയറി 18,436.85 ലും വ്യാപാരം അവസാനിപ്പിച്ചു.
വിദേശനിക്ഷേപകർ വെള്ളിയാഴ്ച ക്യാഷ് വിപണിയിൽ 766.52 കോടി രൂപയുടെ ഓഹരികൾ വാങ്ങി. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 2606.18 കോടി രൂപയുടെ ഓഹരികൾ വാങ്ങി. ഓഗസ്റ്റിൽ ഇതുവരെ വിദേശികൾ 21,201 കോടി രൂപ വിപണിയിൽ നിന്നു പിൻവലിച്ചു. ജൂണിൽ 26,565 കോടിയും ജൂലൈയിൽ 32,365 കോടിയും നിക്ഷേപം നടത്തിയ സ്ഥാനത്താണ് ഈ പിൻവലിക്കൽ.
നിഫ്റ്റി 24,500 നു മുകളിൽ തുടർന്നാൽ 24,700 ൽ പ്രതിരോധം നേരിടും എന്നാണു വിലയിരുത്തൽ. എങ്കിലും ഇപ്പോഴത്തെ കുതിപ്പിന് 25,000 കടക്കാൻ കരുത്ത് ഉണ്ടെന്നു ബുള്ളുകൾ കരുതുന്നു.
ഇന്നു നിഫ്റ്റി സൂചികയ്ക്ക് 24,300 ലും 24,215 ലും പിന്തുണ ഉണ്ട്. 24,575 ലും 24,660 ലും തടസം ഉണ്ടാകാം.

സ്വർണം 2500 ഡോളറിനു മീതെ

മാന്ദ്യം ഉണ്ടാകില്ലെന്നും സെപ്റ്റംബറിൽ പലിശ കുറയ്ക്കൽ തുടങ്ങുമെന്നും ഉറപ്പായതു വെള്ളിയാഴ്ച സ്വർണത്തെ റെക്കോർഡ് ഉയരത്തിൽ എത്തിച്ചു. ഔൺസിന് 2512.40 വരെ ഉയർന്ന സ്വർണം 2508.70 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 2501 ഡോളറിലേക്കു താഴ്ന്നു.
കേരളത്തിൽ വെളളിയാഴ്ച സ്വർണവില പവന് 80 രൂപ കൂടി 52,520 രൂപയിൽ എത്തി. ആഗോള വിപണിയിലെ കയറ്റത്തെ തുടർന്നു ശനിയാഴ്ച പവന് 840 രൂപ ഉയർന്ന് 53,360 രൂപയായി. കസ്റ്റംസ് ഡ്യൂട്ടി കുറച്ച ശേഷമുള്ള ഏറ്റവും ഉയർന്ന വിലയാണിത്.
വെള്ളിവില ഔൺസിന് 29.01 ഡോളറിലേക്കു കയറി.
ഡോളർ സൂചിക വെള്ളിയാഴ്ച 102.46 ലേക്കു താണു ക്ലോസ് ചെയ്തു. ഇന്നു രാവിലെ 102.41 ആയി.
രൂപ വെള്ളിയാഴ്ച കാര്യമായ മാറ്റമില്ലാതെ ക്ലോസ് ചെയ്തു. ഡോളർ 83.94 രൂപയിൽ അവസാനിച്ചു.

ക്രൂഡ് ഓയിൽ

ക്രൂഡ് ഓയിൽ വാരാന്ത്യത്തിൽ താഴ്ന്നു. ഗാസാ സമാധാന ചർച്ചകളിൽ പുരോഗതി ഉണ്ടായതാണ് കാരണം. ബ്രെൻ്റ് ഇനം വെളളിയാഴ്ച രണ്ടു ശതമാനം കുറഞ്ഞ് 79.68 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 79.31 ഡോളറിലേക്ക് താണു. ഡബ്ല്യുടിഐ ഇനം 76. 28 ഉം യുഎഇയുടെ മർബൻ ക്രൂഡ് 78.25 ഉം ഡോളറിലാണ്.
അലൂമിനിയം ഒഴികെയുള്ള വ്യാവസായിക ലോഹങ്ങൾ വീണ്ടും ഇടിഞ്ഞു. ചെമ്പ് 1.26 ശതമാനം താണു ടണ്ണിന് 8937.00 ഡോളറിൽ എത്തി. അലൂമിനിയം 0.86 ശതമാനം കയറി ടണ്ണിന് 2365.50 ഡോളറായി. മറ്റു ലോഹങ്ങൾ രണ്ടു ശതമാനം വരെ താഴ്ന്നു.
ക്രിപ്റ്റാേ കറൻസികൾ വാരാന്ത്യത്തിൽ ഉയർന്നു. ബിറ്റ്കോയിൻ മൂന്നു ശതമാനം കയറി 60,000 ഡോളറിലെത്തി. ഈഥർ 2660 ഡോളറിലാണ്. ഇന്നു രാവിലെ ക്രിപ്റ്റോകൾ മൂന്നു ശതമാനത്തിലധികം ഇടിഞ്ഞു.

വിപണിസൂചനകൾ

(2024 ഓഗസ്റ്റ് 16, വെള്ളി)
സെൻസെക്സ് 30 80,436.84 +1.68%
നിഫ്റ്റി50 24,541.15 +1.65%
ബാങ്ക് നിഫ്റ്റി 50,516.90 +1.59%
മിഡ് ക്യാപ് 100 57,656.00 +1.96%
സ്മോൾ ക്യാപ് 100 18,436.85 +1.93%
ഡൗ ജോൺസ് 30 40,659.80
+0.24%
എസ് ആൻഡ് പി 500 5554.25 +0.20%
നാസ്ഡാക് 17,631.70 +0.21%
ഡോളർ($) ₹83.94 -₹0.01
ഡോളർ സൂചിക 102.46 -0.58
സ്വർണം (ഔൺസ്) $2508.70 +$51.40
സ്വർണം (പവൻ) ₹ 53,360 +₹840
ക്രൂഡ് (ബ്രെൻ്റ്) ഓയിൽ $79.68 -$01.36
Tags:    

Similar News