ആവേശം തണുപ്പിക്കാന്‍ പുതിയ ആശങ്ക, ടെക് ഓഹരികള്‍ക്ക് ഇടിവ്, ക്രൂഡ് ഓയില്‍ വില 81 ഡോളര്‍ കടന്നു; ഏഷ്യന്‍ വിപണികള്‍ താഴ്ചയില്‍

ശനിയാഴ്ച ഇന്ത്യയുടെ ഒന്നാം പാദ ജിഡിപി കണക്കു പുറത്തുവരുന്നത് വിപണിയെ ബാധിക്കും

Update:2024-08-27 07:37 IST
ഇന്നലെ ഇന്ത്യന്‍ വിപണിക്ക് ആവേശകരമായ കയറ്റം ഉണ്ടായി. എന്നാല്‍ ആ ആവേശം ഇന്നു തുടരാന്‍ തടസങ്ങള്‍ വരുകയാണ്. പലിശക്കാര്യത്തിലെ അവ്യക്തത നീങ്ങിയപ്പോള്‍ വിപണികളില്‍ പുതിയ ആശങ്ക വളരുകയാണ്. ടെക്‌നോളജി കമ്പനികളുടെ വളര്‍ച്ച കുറയും എന്നതാണ് ആശങ്ക. ഇന്നലെ യുഎസ് വിപണിയില്‍ ടെക് ഓഹരികള്‍ ഇടിഞ്ഞു.

ഇന്ത്യന്‍ കമ്പനികളുടെ എഡിആര്‍ വ്യാപാരസമയത്തിനു ശേഷമുള്ള ഇടപാടുകളില്‍ ഒരു ശതമാനം വരെ താഴ്ന്നു. ഈ ആശങ്കയുടെ നിഴലിലാണ് ഇന്ന് ഇന്ത്യന്‍ വിപണി വ്യാപാരം തുടങ്ങുക. ഇന്നലെ ഇന്ത്യന്‍ വിപണിയില്‍ ഐടി കമ്പനികള്‍ മിന്നുന്ന പ്രകടനം നടത്തിയതാണ്.

ശനിയാഴ്ച ഇന്ത്യയുടെ ഒന്നാം പാദ ജിഡിപി കണക്കു പുറത്തുവരും. വളര്‍ച്ച ഏഴു ശതമാനത്തില്‍ താഴെയായിരിക്കും എന്നാണു പൊതു നിഗമനം. ഗവണ്‍മെന്റ് ചെലവ് കുറഞ്ഞതാണു പ്രധാന കാരണം. വളര്‍ച്ചക്കണക്ക് വിപണി മനോഭാവത്തെ പ്രതികൂലമായി ബാധിക്കാം.

ക്രൂഡ് ഓയില്‍ വില 81 ഡോളറിലേക്കു കയറിയതും വിപണിക്കു ക്ഷീണമാണ്. പശ്ചിമേഷ്യന്‍ സംഘര്‍ഷം വ്യാപകമാകുമെന്ന ഭയമാണു വിപണിക്ക്.

ഡെറിവേറ്റീവ് വിപണിയില്‍ ഗിഫ്റ്റ് നിഫ്റ്റി തിങ്കളാഴ്ച രാത്രി 25,036ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 25,015ലേക്കു താണിട്ട് 25,026 ലേക്കു കയറി. ഇന്ത്യന്‍ വിപണി ഇന്ന് താഴ്ന്നു വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.

വിദേശവിപണികള്‍

യൂറോപ്യന്‍ വിപണികള്‍ തിങ്കളാഴ്ച ചെറിയ നേട്ടത്തില്‍ അവസാനിച്ചു. പശ്ചിമേഷ്യന്‍ സംഘര്‍ഷം വ്യാപകമാകുമോ എന്ന ഭീതി വിപണിയില്‍ വളരുകയാണ്. യു.എസ് വിപണി തിങ്കളാഴ്ച ഉയര്‍ന്നു വ്യാപാരം തുടങ്ങിയിട്ടു ഭിന്നദിശകളില്‍ അവസാനിച്ചു. ഡൗ ജാേണ്‍സ് 41,420.05 എന്ന റെക്കോഡ് കുറിച്ചിട്ട് ചെറിയ നേട്ടത്തോടെ ക്ലോസ് ചെയ്തു. ക്ലോസിംഗും റെക്കോഡ് ആണ്.

എസ്ആന്‍ഡ്പിയും നാസ്ഡാകും നഷ്ടത്തില്‍ അവസാനിച്ചു. ടെക്‌നോളജി ഓഹരികളാണ് തകര്‍ച്ചയ്ക്കു മുന്നില്‍ നിന്നത്. ബുധനാഴ്ച റിസല്‍ട്ട് പ്രഖ്യാപിക്കാനിരിക്കുന്ന എന്‍വിഡിയ രണ്ടു ശതമാനം താഴ്ന്നു. കമ്പനിയുടെ സമീപകാലത്തെ മിന്നും പ്രകടനം ആവര്‍ത്തിക്കാന്‍ കഴിയുമോ എന്ന ആശങ്ക വിപണിക്കുണ്ട്. വ്യാപാര സമയത്തിനു ശേഷമുളള ഇടപാടുകളില്‍ എന്‍വിഡിയ അല്‍പം ഉയര്‍ന്നു.

വ്യാപാര സമയത്തിനു ശേഷം ആപ്പിള്‍ സിഎഫ്ഒ ലൂക്കാ മേയ്‌സ്ത്രിയെ മാറ്റുന്നതായി പ്രഖ്യാപിച്ചു. കമ്പനിയുടെ വൈസ് പ്രസിഡന്റ കെവന്‍ പരേഖ് ആണു പുതിയ സിഎഫ്ഒ. മേയ്‌സ്ത്രി കമ്പനിയില്‍ ഐടി, സെക്യൂരിറ്റി വിഭാഗങ്ങളുടെ ചുമതലയില്‍ തുടരും.

യുഎസ് 10 വര്‍ഷ കടപ്പത്രങ്ങളുടെ വില 3.815 ശതമാനം നിക്ഷേപനേട്ടം കിട്ടുന്ന നിലയിലേക്കു കുറഞ്ഞു.

തിങ്കളാഴ്ച ഡൗ ജോണ്‍സ് സൂചിക 65.44 പോയിന്റ് (0.16%) ഉയര്‍ന്ന് 41,240.52ല്‍ ക്ലോസ് ചെയ്തു. എസ്ആന്‍ഡ്പി 17.77 പോയിന്റ് (0.32%) താഴ്ന്ന് 5616.84ല്‍ അവസാനിച്ചു. നാസ്ഡാക് 152.03 പോയിന്റ് (0.85%) ഇടിഞ്ഞ് 17,725.76ല്‍ ക്ലോസ് ചെയ്തു.

യുഎസ് ഫ്യൂച്ചേഴ്‌സ് ഇന്നു താഴ്ചയിലാണ്. ഡൗ 0.10 ഉം എസ്ആന്‍ഡ്പി 0.15 ഉം നാസ്ഡാക് 0.16 ഉം ശതമാനം താഴ്ന്നു നില്‍ക്കുന്നു.

ഏഷ്യന്‍ വിപണികള്‍ ഇന്നു ഭിന്ന ദിശകളിലാണ്. ജപ്പാനില്‍ നിക്കൈയും ദക്ഷിണ കൊറിയയില്‍ കോസ്പിയും അര ശതമാനം വീതം ഇടിഞ്ഞു.

ഇന്ത്യന്‍ വിപണി

ഇന്ത്യന്‍ വിപണി തിങ്കളാഴ്ച നല്ല കുതിപ്പു നടത്തി. നിഫ്റ്റി 50 സൂചിക 25,000നു മുകളിലേക്കു തിരിച്ചു കയറി. മെറ്റല്‍, ഐടി, റിയല്‍റ്റി, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, ഓയില്‍-ഗ്യാസ് മേഖലകള്‍ വിപണിയെ ഉയര്‍ത്തി.

തിങ്കളാഴ്ച സെന്‍സെക്‌സ് 611.90 പോയിന്റ് (0.75%) ഉയര്‍ന്ന് 81,698.1.1ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 187.45 പോയിന്റ് (0.76%) നേട്ടത്തോടെ 25,010.60ല്‍ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 0.42% (214.65 പോയിന്റ്) കയറി 51,148.10ല്‍ ക്ലോസ് ചെയ്തു.

മിഡ് ക്യാപ് സൂചിക 0.64 ശതമാനം ഉയര്‍ന്ന് 58,931.15ലും സ്‌മോള്‍ ക്യാപ് സൂചിക 0.28% കയറി 19,132.25ലും വ്യാപാരം അവസാനിപ്പിച്ചു.

വിദേശനിക്ഷേപകര്‍ തിങ്കളാഴ്ച ക്യാഷ് വിപണിയില്‍ 483.36 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 1870.22 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി.

വിപണി ബുള്ളിഷ് ആയാണ് അവസാനിച്ചത്. എന്നാല്‍ നിഫ്റ്റിക്കു കയറ്റം തുടരാന്‍ തടസങ്ങള്‍ ഉയരുന്നുണ്ട്. യുഎസില്‍ ഇന്നലെ ടെക് ഓഹരികള്‍ ഇടിഞ്ഞതു വിപണിയെ ബാധിക്കും. ലണ്ടനില്‍ വ്യാവസായിക ലോഹങ്ങള്‍ക്കു വില കുറഞ്ഞതും നല്ല സൂചനയല്ല നല്‍കുന്നത്.

ഇന്നു നിഫ്റ്റി സൂചികയ്ക്ക് 24,910ലും 24,875ലും പിന്തുണ ഉണ്ട്. 25,040ലും 24,080ലും തടസം ഉണ്ടാകാം.

പേയ്ടിഎം ഐപിഒ നടത്തിയപ്പോള്‍ ഉണ്ടായ പാകപ്പിഴകളുടെ പേരില്‍ സ്ഥാപകന്‍ വിജയ് ശേഖര്‍ ശര്‍മയ്ക്കും മറ്റു ഡയറക്ടര്‍മാര്‍ക്കും സെബി ഷോ കോസ് നോട്ടീസ് നല്‍കി. ഓഹരി ഇന്നലെ ഒന്‍പതു ശതമാനം വരെ ഇടിഞ്ഞു. നോട്ടീസ് പുതിയ കാര്യം അല്ലെന്നു പറഞ്ഞു കമ്പനി നിസാരവല്‍ക്കരിച്ചു.

സ്വര്‍ണവും ക്രൂഡും കയറി

സ്വര്‍ണം റെക്കോഡ് നിലവാരത്തില്‍ കയറി ഇറങ്ങുകയാണ്. ഇന്നലെ ഔണ്‍സിന് 2,526 ഡോളര്‍ വരെ എത്തിയ വില ലാഭമെടുക്കലുകാരുടെ വില്‍പനയെ തുടര്‍ന്ന് 2518.60 ഡോളറില്‍ അവസാനിച്ചു. ഇന്നു രാവിലെ 2,512 ഡോളറിലാണ്.

ഡിസംബര്‍ അവധിവില ഔണ്‍സിന് 2,550 ഡോളറിലേക്കു കയറി. കേരളത്തില്‍ സ്വര്‍ണവില മാറ്റമില്ലാതെ പവന് 53,560 രൂപയില്‍ തുടര്‍ന്നു. വെള്ളിവില ഔണ്‍സിന് 29.79 ഡോളറാണ്.

ഡോളര്‍ സൂചിക തിങ്കളാഴ്ച ഉയര്‍ന്നു 100.85ല്‍ എത്തി. ഇന്നു രാവിലെ 100.91 ലേക്കു കയറി. രൂപ തിങ്കളാഴ്ച രാവിലെ മികച്ച നേട്ടം ഉണ്ടാക്കി. ഡോളര്‍ എട്ടു പൈസ കുറഞ്ഞ് 83.81 രൂപയില്‍ വ്യാപാരം തുടങ്ങി. എന്നാല്‍ ഉച്ചയ്ക്കു ശേഷം വിദേശത്തു ഡോളര്‍ സൂചിക കയറിയതാേടെ രൂപ നേട്ടം നഷ്ടപ്പെടുത്തി. 83.90 രൂപയില്‍ ഡോളര്‍ ക്ലോസ് ചെയ്തു.

ക്രൂഡ് ഓയില്‍ വീണ്ടും കുതിച്ചു കയറി. പശ്ചിമേഷ്യയില്‍ സംഘര്‍ഷം ശമിക്കുന്ന സൂചന ഇല്ലാത്തതാണു കാരണം. ബ്രെന്റ് ഇനം മൂന്നു ശതമാനം കയറി 81.43 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 81.12 ഡോളറിലേക്ക് താഴ്ന്നു. ഡബ്ല്യുടിഐ ഇനം 77.06 ഉം യുഎഇയുടെ മര്‍ബന്‍ ക്രൂഡ് 80.23 ഉം ഡോളറിലാണ്.

ക്രിപ്‌റ്റോ കറന്‍സികള്‍ തിങ്കളാഴ്ച അല്‍പം താഴ്ന്നു. ബിറ്റ്‌കോയിന്‍ 62,900 ഡോളര്‍ ആയി. ഈഥര്‍ 2,690 ഡോളറിലേക്കു താണു.


വിപണിസൂചനകള്‍
(2024 ഓഗസ്റ്റ് 26, തിങ്കള്‍ )

സെന്‍സെക്‌സ് 30 81,698.11 +0.75%

നിഫ്റ്റി50 25,010.60 +0.76%

ബാങ്ക് നിഫ്റ്റി 51,145.10 +0.42%

മിഡ് ക്യാപ് 100 58,931.15 +0.64%

സ്‌മോള്‍ ക്യാപ് 100 19,132.25 +0.28%

ഡൗ ജോണ്‍സ് 30 41,240.50 + 0.16%

എസ് ആന്‍ഡ് പി 500 5616.84 -0.32%

നാസ്ഡാക് 17,725.80 -0.85%

ഡോളര്‍($) ₹83.90 +?0.01

ഡോളര്‍ സൂചിക 100.85 +0.14

സ്വര്‍ണം (ഔണ്‍സ്) $2518.60 +$05.40

സ്വര്‍ണം (പവന്‍) ₹ 53,560 +?00

ക്രൂഡ് (ബ്രെന്റ്) ഓയില്‍ $81.43 +$02.41
Tags:    

Similar News