വിപണി ഉത്സാഹത്തിൽ; റിലയൻസ് ബോണസ് കുതിപ്പിനു സഹായിച്ചു; ജിഡിപി വളർച്ച ഇന്നറിയാം; യുഎസ് മാന്ദ്യഭീതി നീങ്ങുന്നു; സ്വർണം കയറി
റിലയൻസിൻ്റെ 1:1 ബോണസ് പ്രഖ്യാപനം ഇന്ത്യൻ വിപണിയെ തുടർച്ചയായ 11-ാം ദിവസവും ഉയർത്തി
റിലയൻസിൻ്റെ 1:1 ബോണസ് പ്രഖ്യാപനം ഇന്ത്യൻ വിപണിയെ തുടർച്ചയായ 11-ാം ദിവസവും ഉയർത്തി റെക്കോർഡ് തിരുത്തിച്ചു. വിദേശ വിപണികളുടെ നെഗറ്റീവ് സൂചനകൾ അവഗണിക്കാൻ കഴിഞ്ഞതും അതു കാെണ്ടാണ്. വിദേശ വിപണികൾ ഇന്നലെ കയറ്റത്തിലായത് ഇന്നും നേട്ടം തുടരാൻ ഇന്ത്യൻ വിപണിയെ സഹായിക്കും എന്നാണു പ്രതീക്ഷ. യുഎസിലെ മാന്ദ്യഭീതി അവസാനിപ്പിക്കുന്ന ജിഡിപി കണക്കും സഹായകമാണ്. ക്രൂഡ് ഓയിൽ വില വീണ്ടും 80 ഡോളറിലേക്ക് അടുക്കുകയാണെങ്കിലും വിപണിക്കു പരിഭ്രാന്തി ഇല്ല. ഉയർന്ന നിലവാരത്തിൽ വിൽപന സമ്മർദവും വർധിക്കും.
ജൂണിൽ അവസാനിച്ച പാദത്തിലെ ജിഡിപി കണക്ക് ഇന്നു വെെകുന്നേരം പുറത്തുവിടും. കഴിഞ്ഞ പാദത്തിലേക്കാൾ കുറവാകും വളർച്ച എന്നാണു നിഗമനം.
ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി വ്യാഴാഴ്ച രാത്രി 25,240 ൽ ക്ലാേസ് ചെയ്തു. ഇന്നു രാവിലെ 25,290 ലേക്കു കയറി. ഇന്ത്യൻ വിപണി ഇന്ന് ഉയർന്നു വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.
വിദേശ വിപണി
യൂറോപ്യൻ വിപണികൾ വ്യാഴാഴ്ച മികച്ച നേട്ടത്തിൽ അവസാനിച്ചു. ജർമൻ സൂചിക ഡാക്സ് റെക്കോർഡ് ഉയരത്തിൽ എത്തി. ജർമനിയിൽ ജിഡിപി വളർച്ച നെഗറ്റീവ് ആയെങ്കിലും വിലക്കയറ്റം രണ്ടു ശതമാനമായി കുറഞ്ഞത് ആശ്വാസമായി.
യുഎസ് വിപണി വ്യാഴാഴ്ച താഴ്ന്നു വ്യാപാരം തുടങ്ങിയിട്ടു ഭിന്ന ദിശകളിൽ അവസാനിച്ചു. ഡൗ ജാേൺസ് റെക്കോർഡ് ഉയരത്തിൽ എത്തിയപ്പോൾ എസ് ആൻഡ് പി മാറ്റമില്ലാതെയും നാസ്ഡാക് ചെറിയ നഷ്ടത്തിലും ക്ലോസ് ചെയ്തു. എൻവിഡിയ റിസൽട്ട് വിപണിയുടെ അമിത പ്രതീക്ഷയ്ക്കാെപ്പം വരാത്തതും ഭാവി വളർച്ചെയെപ്പറ്റി സംശയം ജനിച്ചതും നാസ്ഡാകിനു ക്ഷീണമായി. എൻവിഡിയ ഏഴു ശതമാനത്തോളം താണു. അതേസമയം ജിഡിപി വളർച്ച കൂടിയതും തൊഴിലില്ലായ്മാ അപേക്ഷകൾ കുറഞ്ഞതും യുഎസ് സമ്പദ്ഘടനയെപ്പറ്റി വിശ്വാസം വർധിപ്പിച്ചു. മാന്ദ്യം വരുന്നേ എന്ന മുറവിളികൾക്ക് മറുപടിയായി രണ്ടാം പാദത്തിലെ മൂന്നു ശതമാനം ജിഡിപി വളർച്ച.
വ്യാഴാഴ്ച ഡൗ ജോൺസ് സൂചിക 243.63 പോയിൻ്റ് (0.59%) ഉയർന്ന് 41,335.05 എന്ന റെക്കോർഡിൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 0.22 പോയിൻ്റ് (0.00%) കുറഞ്ഞ് 5591.96 ൽ അവസാനിച്ചു. നാസ്ഡാക് 39.60 പാേയിൻ്റ് (0.23%) താഴ്ന്ന് 17,516.43 ൽ ക്ലോസ് ചെയ്തു.
യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു നേട്ടത്തിലാണ്. ഡൗ 0.02 ഉം എസ് ആൻഡ് പി 0.12 ഉം നാസ്ഡാക് 0.21 ഉം ശതമാനം ഉയർന്നു നിൽക്കുന്നു.
യുഎസ് 10 വർഷ കടപ്പത്രങ്ങളുടെ വില 3.863 ശതമാനം നിക്ഷേപനേട്ടം കിട്ടുന്ന നിലയിലേക്കു താഴ്ന്നു.
ഏഷ്യൻ വിപണികൾ ഇന്നു രാവിലെ കയറ്റത്തിലാണ്. ജപ്പാനിൽ നിക്കെെ നാമമാത്രമായി താഴ്ന്നു വ്യാപാരം തുടങ്ങിയിട്ട് ഉയർന്നു. ഓസ്ട്രേലിയൻ സൂചിക അര ശതമാനത്തോളം കയറി.
ഇന്ത്യൻ വിപണി
ഇന്ത്യൻ വിപണി വ്യാഴാഴ്ച തുടക്കത്തിലെ ചാഞ്ചാട്ടത്തിനു ശേഷം കയറ്റത്തിലായിരുന്നു. നിഫ്റ്റി 25,192.90 വരെ കയറി പുതിയ റെക്കോർഡ് കുറിച്ചു. സെൻസെക്സ് 82,285.83 വരെ എത്തി റെക്കോർഡ് കുറിച്ചു. നിഫ്റ്റി തുടർച്ചയായ പതിനൊന്നാം ദിവസമാണു നേട്ടത്തോടെ ക്ലോസ് ചെയ്യുന്നത്.
വ്യാഴാഴ്ച സെൻസെക്സ് 349.05 പാേയിൻ്റ് (0.45%) ഉയർന്ന് 82,134.61ൽ ക്ലാേസ് ചെയ്തു. നിഫ്റ്റി 99.60 പോയിൻ്റ് (0.40%) നേട്ടത്തോടെ 25,151.85 ൽ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 0.02% (8.90 പോയിൻ്റ്) താഴ്ന്ന് 51,152.75 ൽ ക്ലാേസ് ചെയ്തു.
മിഡ് ക്യാപ് സൂചിക 0.44 ശതമാനം താഴ്ന്ന് 58,883.95 ലും സ്മോൾ ക്യാപ് സൂചിക 0.54% കുറഞ്ഞ് 19,214.55 ലും വ്യാപാരം അവസാനിപ്പിച്ചു.
വിദേശനിക്ഷേപകർ വ്യാഴാഴ്ച ക്യാഷ് വിപണിയിൽ 3259.56 കോടി രൂപയുടെ ഓഹരികൾ വാങ്ങി. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 2690.85 കോടി രൂപയുടെ ഓഹരികളും വാങ്ങി.
വിപണി ഇന്നലെ ബുള്ളിഷ് മനോഭാവത്തിലാണു ക്ലോസ് ചെയ്തത്. ഓഗസ്റ്റിലെ എഫ് ആൻഡ് ഒ കോൺട്രാക്റ്റുകൾ ക്ലോസ് ചെയ്തത് ഉയർന്ന നിലയിലായത് സെപ്റ്റംബർ സിരീസിനെപ്പറ്റി ആവേശം ജനിപ്പിക്കുന്നുണ്ട്. നിഫ്റ്റി 25,300-25,500 മേഖലയിലേക്കു നീങ്ങും എന്നാണു ബുള്ളുകളുടെ പ്രതീക്ഷ.
ഇന്നു നിഫ്റ്റി സൂചികയ്ക്ക് 25,050 ലും 24,950 ലും പിന്തുണ ഉണ്ട്. 25,200 ലും 25,300 ലും തടസം ഉണ്ടാകാം.
റിലയൻസിൻ്റെ ബോണസും വളർച്ചാ പദ്ധതികളും
റിലയൻസ് ഇൻഡസ്ട്രീസ് ഒന്നിന് ഒന്ന് അനുപാതത്തിൽ ബോണസ് ഓഹരി നൽകുമെന്ന് ഓഹരി ഉടമകളുടെ യോഗത്തിൽ ചെയർമാൻ മുകേഷ് അംബാനി അറിയിച്ചു. സെപ്റ്റംബർ അഞ്ചിലെ ബോർഡ് യോഗമാണ് കൂടുതൽ കാര്യങ്ങൾ തീരുമാനിക്കുക. ഇഷ്യു കഴിയുമ്പോൾ റിലയൻസ് ഓഹരിയുടെ വില പകുതിയോളമാകും.
ഇപ്പോൾ വിപണിമൂല്യത്തിൽ ലോകത്തു 45-ാം സ്ഥാനത്തുള്ള റിലയൻസ് സമീപഭാവിയിൽ ആദ്യ 30 -ൽ സ്ഥാനം പിടിക്കുമെന്ന് മുകേഷ് അവകാശപ്പെട്ടു. പുതിയ ഊർജ മേഖലയിൽ 75,000 കോടി രൂപ നിക്ഷേപിക്കും. ജാംനഗർ പുതിയ ഊർജ ഉൽപാദനത്തിലെ ആഗാേള തലസ്ഥാനമായി മാറും. പെട്രോകെമിക്കൽ പോലെ വലിയ ബിസിനസ് ആയി പുതിയ ഊർജം മാറും.
നിർമിതബുദ്ധി ഉപയോഗിച്ച് ഉൽപാദന പ്രക്രിയകൾ നവീകരിച്ചു വരികയാണ്. മീഡിയ രംഗത്തു ഗ്രൂപ്പ് വലിയ കുതിച്ചു ചാട്ടം നടത്തിയതും 5 ജി വഴി വിനോദ മേഖലയെ ഏകോപിപ്പിക്കുന്നതും അംബാനി വിവരിച്ചു.
സ്വർണം വീണ്ടും കയറി, ക്രൂഡ് ഓയിൽ ഉയരുന്നു
സ്വർണം റെക്കോർഡ് തിരുത്തുന്ന ശ്രമത്തിലാണ്. വ്യാഴാഴ്ച ഔൺസിന് 2521.90 ഡോളറിൽ ക്ലോസ് ചെയ്ത സ്വർണം ഇന്നു രാവിലെ 2520 ഡോളറിലാണ്. യുഎസ് മാന്ദ്യഭീതി മാറ്റിക്കൊണ്ടു ജിഡിപി, തൊഴിലില്ലായ്മ കണക്കുകൾ വന്നതു പലിശ കുറയ്ക്കൽ സാധ്യത വർധിപ്പിച്ചതു വിപണിയെ സഹായിച്ചു. ഇന്നു വരുന്ന പേഴ്സണൽ കൺസംഷൻ എക്സ്പെൻഡിച്ചർ (പിസിഇ) കണക്കും പലിശ കുറയ്ക്കലിനു സഹായകമാകും എന്നാണു പ്രതീക്ഷ. വില ഇനിയും കയറും എന്നാണു വിപണിയുടെ വിലയിരുത്തൽ.
ഡിസംബർ അവധിവില ഔൺസിന് 2555 ഡോളറിലേക്കു കയറി.
കേരളത്തിൽ സ്വർണവില ഇന്നലെ മാറ്റമില്ലാതെ പവന് 53,720 രൂപയിൽ തുടർന്നു.
വെള്ളിവില ഔൺസിന് 29.42 ലേക്കു കയറി.
ഡോളർ സൂചിക ബുധനാഴ്ച 101.34 വരെ കയറി. ഇന്നു രാവിലെ 101.36 ലേക്കു നീങ്ങി.
രൂപ ഇന്നലെ നേട്ടത്തിലായി. ഡോളർ എട്ടു പെെസ താഴ്ന്ന് 83.87 രൂപയിൽ ക്ലോസ് ചെയ്തു.
ക്രൂഡ് ഓയിൽ വീണ്ടും ഉയർന്നു. ലിബിയയിൽ നിന്നുള്ള എണ്ണ കയറ്റുമതിക്കു തടസം വന്നതാണു കാരണം. ബ്രെൻ്റ് ഇനം ഒന്നര ശതമാനം കയറി 79.94 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വില 80 ഡോളറിലേക്ക് എത്തി. ഡബ്ല്യുടിഐ ഇനം 76 ഉം യുഎഇയുടെ മർബൻ ക്രൂഡ് 78.90 ഉം ഡോളറിലാണ്.
ക്രിപ്റ്റാേ കറൻസികൾ താഴ്ന്നു നിൽക്കുന്നു. ക്രിപ്റ്റോകളിൽ നിന്നു വലിയ നിക്ഷേപകർ പണം പിൻവലിക്കുകയാണ്. ബിറ്റ്കോയിൻ 59,200 ഡോളറിനു താഴെയാണ്. ഈഥർ 2525 ഡോളറിലാണ്.
വ്യാവസായിക ലോഹങ്ങൾ ഭിന്ന ദിശകളിലായിരുന്നു.ചെമ്പ് 0.21 ശതമാനം താഴ്ന്നു ടണ്ണിന് 9115.85 ഡോളറിൽ എത്തി. അലൂമിനിയം1.08 ശതമാനം ഇടിഞ്ഞ് ടണ്ണിന് 2457.35 ഡോളർ ആയി. നിക്കൽ, സിങ്ക്, ടിൻ എന്നിവ ഉയർന്നു.
വിപണിസൂചനകൾ
(2024 ഓഗസ്റ്റ് 29, വ്യാഴം)
സെൻസെക്സ് 30 82,134.61 +0.43%
നിഫ്റ്റി50 25,151.95 +0.40%
ബാങ്ക് നിഫ്റ്റി 51,152.75 +0.02%
മിഡ് ക്യാപ് 100 58,883.95 -0.44%
സ്മോൾ ക്യാപ് 100 19,214.55 -0.54%
ഡൗ ജോൺസ് 30 41,335.05
+0.59%
എസ് ആൻഡ് പി 500 5591.96 -0.00%
നാസ്ഡാക് 17,516.43 -0.23%
ഡോളർ($) ₹83.87 -₹0.08
ഡോളർ സൂചിക 101.34 +0.25
സ്വർണം (ഔൺസ്) $2521.90 +$16.80
സ്വർണം (പവൻ) ₹ 53,720 +₹00
ക്രൂഡ് (ബ്രെൻ്റ്) ഓയിൽ $79.94 +$01.29